പാത്തുമ്മയുടെ ആട്
(നോവല്‍)
വൈക്കം മുഹമ്മദ് ബഷീര്‍
വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രസിദ്ധമായ നോവല്‍. 1959ല്‍ പ്രസിദ്ധീകരിച്ച ഇതിന് ‘പെണ്ണുങ്ങളുടെ ബുദ്ധി’ എന്നൊരു പേരും ഗ്രന്ഥകര്‍ത്താവ് നിര്‍ദ്ദേശിച്ചിരുന്നു. മാനസികരോഗത്തിന് ചികില്‍ത്സയും വിശ്രമവുമായി വൈക്കത്തിനടുത്ത് തലയോലപറമ്പിലുള്ള തന്റെ കുടുംബവീട്ടില്‍ കഴിയുമ്പോഴാണ് എഴുതിയത്. ബഷീറിന്റെ അമ്മയും സഹോദരങ്ങളും അവരുടെ ഭാര്യമാരും കുട്ടികളും അടങ്ങുന്ന കൂട്ടുകുടുംബം ഒരു ചെറിയ വീട്ടില്‍ ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. അവിടെ നടക്കുന്ന ദൈനംദിന കാര്യങ്ങളാണിതിലെ പ്രതിപാദ്യം. ബഷീറിന്റെ സഹോദരി പാത്തുമ്മ വളര്‍ത്തുന്ന ആടും പ്രധാന കഥാപാത്രങ്ങളിലൊന്നാകുന്നു. ബഷീര്‍ കഥ പറയുന്നത് ദൃക്സാക്ഷി വിവരണം പോലെയാണ്.
നോവലിലെ പ്രധാന കഥാപാത്രമാണ് പാത്തുമ്മ. ബഷീറിന്റെ രണ്ട് സഹോദരിമാരില്‍ മൂത്തത് പാത്തുമ്മയാണ്. പാത്തുമ്മയ്ക്കും ഭര്‍ത്താവ് കൊച്ചുണ്ണിക്കും ഖദീജ എന്നൊരു മകളുണ്ട്. ബഷീറിന്റെ സഹോദരങ്ങളില്‍ തറവാട്ടില്‍നിന്ന് മാറിത്താമസിക്കുന്നത് പാത്തുമ്മ മാത്രമാണ്. എങ്കിലും എല്ലാ ദിവസവും രാവിലെത്തന്നെ മകളേയും കൂട്ടി അവര്‍ തറവാട്ടിലെത്തും. അവരുടെ വരവ് ഒരു ‘സ്റ്റൈലിലാണ്’ എന്നാണ് ബഷീര്‍ പറയുന്നത്. പാത്തുമ്മ എപ്പോഴും പറയുന്ന ഒരു വാചകമുണ്ട് ‘എന്റെ ആട് പെറട്ടെ , അപ്പൊ കാണാം’. പാത്തുമ്മക്ക് കാര്യമായ വിദ്യാഭ്യാസമൊന്നുമില്ല. എങ്കിലും കുടുംബത്തിന്റെ വളര്‍ച്ചക്ക് വേണ്ടി കഠിനാദ്ധ്വാനം ചെയ്യുന്ന ഒരു സ്ത്രീയാണവര്.
ഒരിക്കല്‍ പാത്തുമ്മയുടെ ആട് പെറ്റു. ആട്ടിന്‍ പാല് വിറ്റുകിട്ടുന്ന പണം കൊണ്ട് വീടിന്റെ വാതില്‍ നന്നാക്കുന്നതുള്‍പ്പെടെ പലതും ചെയ്യണമെന്നു പാത്തുമ്മ വിചാരിച്ചിരുന്നു. പക്ഷേ തന്റെ കുടുംബക്കാര്‍ക്കു വേണ്ടി ആടിന്റെ പാല് കൈക്കൂലിയായി പാത്തുമ്മക്ക് ഉപയോഗിക്കേണ്ടി വന്നു. ഒരിക്കല്‍ ബഷീറിനെ തന്റെ വീട്ടീലേക്ക് ക്ഷണിക്കുന്നു. പത്തിരിയും കരള്‍ വരട്ടിയതും നല്കി സല്ക്കരിക്കുന്നു. എന്നാല്‍ പാത്തുമ്മയുടെ മറ്റു സഹോദരങ്ങളായ അബ്ദുല്‍ ഖാദറിനും ഹനീഫക്കും ഇത് സഹിക്കാന്‍ പറ്റുന്നില്ല. പാത്തുമ്മായുടെ ഭര്‍ത്താവ് അവര്‍ക്കു കടപ്പെട്ടിരുന്ന പണത്തിന്റെ പേരില്‍ ഭര്‍ത്താവിനേയും പാത്തുമ്മായേയും മകള്‍ ഖദീജയേയും ഒന്നും രണ്ടും മൂന്നും പ്രതികളാക്കി കേസുകൊടുക്കുമെന്നും ആടിനെ ജപ്തിചെയ്യിക്കുമെന്നും സഹോദരങ്ങള്‍ ഭീഷണിപ്പെടുത്തി. അങ്ങനെയാണ് പാത്തുമ്മക്ക് ആട്ടുംപാല്‍ കൈക്കൂലിയായി കൊടുക്കേണ്ടി വന്നത്.
മലയാളത്തിലെ വളരെ ലളിതവും ജീവിതത്തെ സംബന്ധിച്ച് ഗഹനവുമായ ഒരു കൊച്ചുകൃതിയാണ് പാത്തുമ്മയുടെ ആട്.