വേരുകള്‍
(നോവല്‍)
മലയാറ്റൂര്‍ രാമകൃഷ്ണന്
1967ല്‍ പ്രസിദ്ധീകരിച്ച മലയാറ്റൂര്‍ രാമകൃഷ്ണന്റെ ആത്മകഥാസ്പര്‍ശമുള്ള നോവലാണ് വേരുകള്‍. 1967ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡിന് ഈ കൃതി അര്‍ഹമായി.
കേരളത്തിലെ ഒരു തമിഴ് അയ്യര്‍ കുടുംബത്തിന്റെ കഥയാണ് വേരുകള്‍ പറയുന്നത്. രഘുവാണ് ഈ കഥയിലെ മുഖ്യകഥാപാത്രം. നഗരത്തില്‍ തനിക്കും കുടുംബത്തിനും താമസിക്കാന്‍ ഒരു വലിയ സൗധം പണിതുയര്‍ത്താന്‍ പണം ശേഖരിക്കുന്നതിനുവേണ്ടി തന്റെ വസ്തുക്കള്‍ വില്ക്കാന് രഘു നാട്ടിലേക്ക്
പോകുന്നു. തന്റെ ഭാര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് പൂര്‍ണമനസ്സോടെയല്ലെങ്കിലും രഘു വസ്തുക്കള്‍ വില്ക്കാന് തീരുമാനിക്കുന്നത്. എന്നാല്‍ നാട്ടില്‍ വളരെക്കാലത്തിനുശേഷം എത്തുന്ന അയാളുടെ മനസ്സിലേക്ക് പഴയകാല ഓര്‍മ്മകള്‍ കടന്നുവരുന്നു. ഒടുവില്‍ മനുഷ്യര്‍ക്കും മരങ്ങള്‍ക്കും വേരുകള്‍ മണ്ണിലാണ് എന്ന സത്യം മനസ്സിലാക്കിയ അയാള്‍ ഒന്നിനും വേണ്ടി തന്റെ വസ്തുക്കള്‍ വില്‍ക്കില്ല എന്ന ദൃഢനിശ്ചയത്തോടെ തിരിച്ചുപോകുന്നു.