Keralaliterature.com

സി.എം.എസ്. പ്രസ്സ്

    1821ല്‍ ബെഞ്ചമിന്‍ ബെയ്‌ലി എന്ന ഇംഗ്ലീഷുകാരനായ മിഷണറി സ്ഥാപിച്ച സി.എം.എസ്. പ്രസ്സ് കേരളത്തിലെ ആദ്യത്തെ മുദ്രണാലയമാണ്. കോട്ടയം ജില്ലയിലെ ചാലുകുന്നിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.ബെഞ്ചമിന്‍ ബെയ്‌ലി പരിഭാഷപ്പെടുത്തി, 1824ല്‍ ഇവിടെ അച്ചടിച്ച് പ്രസിദ്ധീകരിച്ച 'ചെറുപൈതങ്ങള്‍ക്ക ഉപകാരാര്‍ത്ഥം ഇംക്ലീശില്‍നിന്ന പരിഭാഷപ്പെടുത്തിയ കഥകള്‍' ആണ് കേരളത്തില്‍ അച്ചടിച്ച ആദ്യത്തെ മലയാള പുസ്തകം.1848ല്‍ പ്രസിദ്ധീകരണം ആരംഭിച്ച ആദ്യകാല വര്‍ത്തമാനപ്പത്രം ജ്ഞാനനിക്ഷേപം ഇവിടെയാണ് അച്ചടിച്ചത്.
    ക്രൈസ്തവ പാതിരിമാരുടെ നേതൃത്വത്തില്‍ മുദ്രണവിദ്യയിലൂടെയുള്ള വിജ്ഞാനവിതരണ സംരംഭങ്ങള്‍ നേരത്തെ തുടങ്ങിയെങ്കിലും കേരളത്തില്‍ അച്ചടി സാര്‍വജനീനമാകുന്നത് തിരുവിതാംകൂറിലും കൊച്ചിയിലും ദിവാനും റസിഡന്റുമായി സേവനം അനുഷ്ഠിച്ച കേണല്‍ മണ്‍റോയുടെ കാലത്താണ് (1810-19). ഇദ്ദേഹത്തിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് കോട്ടയത്ത് ചര്‍ച്ച് മിഷന്‍ സൊസൈറ്റി (സി.എം.എസ്.) ഒരു പ്രസ് സ്ഥാപിക്കുവാന്‍ തീരുമാനിച്ചത്. റവ. ബെഞ്ചമിന്‍ ബെയിലിയുടെ നേതൃത്വത്തില്‍ 1821ല്‍ സി.എം.എസ്. പ്രസ് സ്ഥാപിതമായി. അവിടെ സ്ഥാപിച്ച ആദ്യത്തെ പ്രസ്, എന്‍സൈക്‌ളോപീഡിയ ബ്രിട്ടാനിക്ക നോക്കി ബെയിലി സംവിധാനം ചെയ്തതാണ്. ഇതില്‍ മുദ്രണം ചെയ്യപ്പെട്ട കൃതികള്‍ ക്രമേണ പ്രചരിച്ചു തുടങ്ങി. ഈ പ്രസ്സിന്റെ പ്രാരംഭകാലപ്രവര്‍ത്തനങ്ങളുടെ സകല ചുമതലകളും വഹിച്ചിരുന്ന റവ. ബെയിലി തന്നെ. ബൈബിള്‍ തുടങ്ങിയ ക്രൈസ്തവഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്തും ശബ്ദകോശങ്ങള്‍ നിര്‍മിച്ചും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചു.
    അച്ചുകള്‍ നിര്‍മ്മിക്കാനും സംവിധാനം ചെയ്യാനും റവ. ബെയിലി ഒരു മരപ്പണിക്കാരനെയും രണ്ടു കൊല്ലന്‍മാരെയും പ്രസ്സില്‍ താമസിപ്പിച്ചിരുന്നു. അതുവരെയുണ്ടായിരുന്ന ചതുരവടിവ് ഉപേക്ഷിച്ച്് വട്ടത്തില്‍ മലയാളലിപികള്‍ക്ക് അച്ചു തയ്യാറാക്കാന്‍ തുടങ്ങിയതും ഇവിടെയാണ്. സംക്ഷേപവേദാര്‍ഥം മുദ്രണം ചെയ്യാന്‍ ഉപയോഗിച്ച ചതുരവടിവിലുള്ള അച്ചുകളുടെ എണ്ണം 1,128 ആണ്. മുംബൈയിലെ കൊറിയര്‍ പ്രസ്സിലും ഇത്തരം ചതുരവടിവിലുള്ള അച്ചുകളാണ് ഉപയോഗിച്ചിരുന്നത്. അച്ചുകളുടെ എണ്ണം അഞ്ഞൂറില്‍പരമായി കുറച്ചത് ബെയിലി ആണ്. ചതുരവടിവില്‍ വള്ളികള്‍ ( ി, ീ) വ്യഞ്ജനാക്ഷരങ്ങളോടു ചേര്‍ത്ത് മുകളിലായി കൊടുത്തിരുന്നു. അവ വേര്‍പെടുത്തിയതു മൂലമാണ് എണ്ണം കുറഞ്ഞു കിട്ടിയത്. 'നമ്മുടെ കര്‍ത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പുതിയ നിയമം മലയാഴ്മയില്‍ പരിഭാഷയാക്കപ്പെട്ടത്; കോട്ടയം ചര്‍ച്ച് മിശോന്‍ അച്ചില്‍ ബൈബിള്‍ സൊസൈറ്റിക്കുവേണ്ടി മിശിഹ സംവത്സരം 1829ല്‍ അച്ചടിക്കപ്പെട്ടു', എന്ന പരാമര്‍ശത്തില്‍നിന്ന് അക്കാലത്ത് മലയാളഗദ്യം നേടിയ നവചൈതന്യത്തെക്കുറിച്ചുള്ള തെളിവും ലഭിക്കുന്നു.1834ല്‍ സ്വാതിതിരുനാള്‍ രാമവര്‍മ തിരുവനന്തപുരത്ത് ആദ്യമായി ഗവണ്‍മെന്റ് പ്രസ് സ്ഥാപിച്ചു. അതുവരെ ഗവണ്‍മെന്റിനാവശ്യമായ സകല മുദ്രണജോലികളും കോട്ടയം സി.എം.എസ്. പ്രസ്സിലാണ് നടത്തിയത്.

Exit mobile version