ഇന്ത്യയില്‍ പ്രസിദ്ധീകരിക്കുന്ന ആധികാരിക ഗ്രന്ഥങ്ങളുടെ ഗ്രന്ഥസൂചിയാണിത്. ഇവ ഇംഗ്ലീഷിലും ഭാരതത്തിലെ അംഗീകൃതമായ 22 പ്രാദേശിക ഭാഷകളിലും പ്രസിദ്ധീകരിക്കുന്നു. കേന്ദ്ര ഗവണ്മെന്റിന്റെ കീഴിലുള്ള, കൊല്‍ക്കത്തയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ലൈബ്രറിയുടെ പരിധിയില്‍ വരുന്ന സെന്‍ട്രല്‍ റഫറന്‍സ് ലൈബ്രറിയാണ് 1958 മുതല്‍ നാഷണല്‍ ബിബ്ലിയോഗ്രഫി പ്രസിദ്ധീകരിച്ചുവരുന്നത്. 1954ല്‍ പാസ്സാക്കിയ 'ഡെലിവറി ഓഫ് ബുക്‌സ് (പബ്ലിക് ലൈബ്രറീസ്)' നിയമം അനുസരിച്ച് ഇന്ത്യയില്‍ പ്രസിദ്ധപ്പെടുത്തുന്ന എല്ലാ ഗ്രന്ഥങ്ങളുടെയും ഓരോ കോപ്പി നാഷണല്‍ ലൈബ്രറി ഉള്‍പ്പെടെയുള്ള നാല് ലൈബ്രറികള്‍ക്ക് അയച്ചുകൊടുക്കണം. വര്‍ത്തമാനപത്രങ്ങളെയും ആദ്യ ലക്കമൊഴിച്ചുള്ള ആനുകാലിക പ്രസിദ്ധീകരണങ്ങളെയും ഈ നിയമത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇപ്രകാരം ലഭിക്കുന്ന ഗ്രന്ഥങ്ങളുടെ വിവരണമാണ് ദേശീയ ഗ്രന്ഥസൂചിയില്‍ ഉള്‍പ്പെടുത്തുന്നത്.
ആദ്യം മൂന്നുമാസത്തിലൊരിക്കല്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയ ഗ്രന്ഥസൂചി 1963 മുതല്‍ മാസികയായി. ഈ മാസികകളുടെ ഓരോ വര്‍ഷത്തെയും സൂചികകള്‍ ഒരുമിച്ചുചേര്‍ത്ത് വാര്‍ഷിക വാല്യങ്ങളും പ്രസിദ്ധീകരിക്കുന്നു. 1977ല്‍ മുടങ്ങിയ പ്രസിദ്ധീകരണം 1984ല്‍ പുനരാരംഭിച്ചു. 1984-87, 1989-90 വര്‍ഷങ്ങളില്‍ മാസികകളുടെ സഞ്ചിത വാര്‍ഷിക വാല്യങ്ങളും തയ്യാറാക്കിയിട്ടുണ്ട്. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ പഞ്ചവത്സര ഇന്‍ഡെക്‌സുകളുടെ പ്രകാശനവുമുണ്ട്. 1972വരെ ദേശീയ ഗ്രന്ഥസൂചിക്ക് രണ്ട് ഭാഗങ്ങളുണ്ടായിരുന്നു. ഡ്യൂയി ഡെസിമല്‍ കഌസിഫിക്കേഷന്‍ നമ്പര്‍ അനുസരിച്ച് ഒരു പട്ടികയായി എല്ലാ ഭാഷകളുടെയും ഗ്രന്ഥവിവരങ്ങള്‍ സൂചികയില്‍ ചേര്‍ക്കുന്നു. ഗ്രന്ഥകര്‍ത്താവ്, ഗ്രന്ഥനാമം, പ്രസിദ്ധീകരണ വര്‍ഷം, സ്ഥലം, പ്രസാധകര്‍, മുദ്രണാലയത്തിന്റെ പേര്, വില, ബയന്റിങ് രീതി, വലിപ്പം, ചിത്രങ്ങളുടെ വിവരണം എന്നിവ നല്‍കിയിരിക്കുന്നു. ഗ്രന്ഥത്തിന്റെ ഭാഷയും വിലയും നല്‍കുന്നുണ്ട്. ഗ്രന്ഥനാമം, ഗ്രന്ഥവിഷയം, ഗ്രന്ഥകര്‍ത്താവ് എന്നിവയുടെ ഇന്‍ഡെക്‌സും ഉള്‍പ്പെടുത്തുന്ന. ഓരോ ഭാഷയിലും പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥങ്ങളുടെ സൂചിക അതതു ഭാഷകളില്‍ത്തന്നെ തയ്യാറാക്കുന്നുണ്ട്. ഇതിന്റെ പ്രസിദ്ധീകരണച്ചുമതല സംസ്ഥാന ഗവണ്മെന്റുകള്‍ക്കാണ്. മലയാളത്തെ സംബന്ധിച്ചിടത്തോളം ആദ്യമായി അച്ചടിച്ച മലയാളം കാറ്റലോഗോടുകൂടിയാണ് വാര്‍ഷിക വാല്യങ്ങള്‍ പ്രസിദ്ധീകരിച്ചത്. സെന്‍ട്രല്‍ റഫറന്‍സ് ലൈബ്രറിയാണ് വിവിധ ഭാഷാവാല്യങ്ങള്‍ തയ്യാറാക്കുന്നതെങ്കിലും അവയുടെ വിതരണച്ചുമതല സംസ്ഥാന ഗവണ്മെന്റുകള്‍ക്കാണ്. ദേശീയ ഗ്രന്ഥസൂചിയുടെ മലയാള വാല്യത്തിന്റെ 1000 കോപ്പികള്‍ പ്രധാന ഗ്രന്ഥശാലകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സൗജന്യമായി വിതരണം ചെയ്യുന്നു. തിരുവനന്തപുരം പബ്ലിക്ക് ലൈബ്രറിയുടെ ലൈബ്രേറിയനാണ് ഇതിന്റെ ചുമതല വഹിക്കുന്നത്.