Keralaliterature.com

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല

    മലയാള ഭാഷാ പ്രോത്സാഹനത്തിന് രൂപം കൊണ്ട കേരളത്തിലെ സര്‍വകലാശാലയാണ് തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളസര്‍വകലാശാല. 2012 നവംബര്‍ 1നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആണ് മലയാളസര്‍വകലാശാല ഉദ്ഘാടനം ചെയ്തത്. മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ ആണ്ആദ്യത്തെ വൈസ് ചാന്‍സലറായത്. സര്‍വകലാശാലയില്‍ ഭാഷാവിജ്ഞാനകോശം, സാഹിത്യ കോശം, കലാകോശം, പൈതൃക പഠനകോശം, വിജ്ഞാന പൈതൃക കോശം എന്നിങ്ങനെ അഞ്ച് പഠനവിഭാഗങ്ങളുണ്ട്. ഇവയുടെ കീഴില്‍ മലയാളഭാഷ, സാഹിത്യം, താരതമ്യസാഹിത്യം, പരിഭാഷ, രംഗപഠനം, ദൃശ്യകല, വാസ്തുവിദ്യ, സാംസ്‌കാരികപഠനം, മാധ്യമപഠനം, വിജ്ഞാനപൈതൃകം എന്നീ പഠനാലയങ്ങള്‍ തുടങ്ങും. മലയാളം ഭാഷാശാസ്ത്രം, കവിത, നോവല്‍, നാടകം, കേരളീയ രംഗകലകള്‍, കേരളീയ സംഗീതം, കേരളീയ ദൃശ്യകല, സാംസ്‌കാരിക നരവംശശാസ്ത്രം, കേരള സംസ്‌കാര പഠനം, കേരളപൈതൃകപഠനം, കേരളമാദ്ധ്യമ പഠനം എന്നിങ്ങനെ 12 വിഷയങ്ങളിലുള്ള ബിരുദാനന്തര ബിരുദകോഴ്‌സുകളുമുണ്ട്.

    ഭാഷാവിജ്ഞാനകോശം

    മറ്റു ഭാഷാചരിത്രങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ട് മലയാളഭാഷാ ചരിത്രത്തെ പഠിക്കുക, അതിന്റെ പ്രാചീനത നിശ്ചയിക്കുക, കംപ്യൂട്ടര്‍ സാങ്കേതിക വിദ്യക്കനുസരിച്ചുള്ള ലിപിപരിഷ്‌കരണം, ആധുനിക ശാസ്ത്ര വിഷയങ്ങള്‍ പഠിപ്പിക്കാനാവശ്യമായ പദസമുച്ചയനിര്‍മിതി എന്നിവ ഭാഷാ വിജ്ഞാനകോശത്തിന്റെ ലക്ഷ്യങ്ങളാണ്.

    സാഹിത്യപഠനകോശം

    മണ്‍മറഞ്ഞ എഴുത്തുകാരുടെ കൈയെഴുത്തുപ്രതികള്‍ സമാഹരിക്കുക, എഴുത്തുകാരുടെ ജീവിതവും സാഹിത്യവും ദൃശ്യരൂപത്തില്‍ രേഖപ്പെടുത്തുക, സാഹിത്യത്തിന്റെ വിപുലമായ മേഖലയില്‍ ഗവേഷണം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയ്ക്കാണ് സാഹിത്യപഠനകോശം മുന്‍ഗണനല്‍കുന്നത്. മലയാള സാഹിത്യത്തിലെ പ്രസ്ഥാനങ്ങള്‍ക്കു സമാനമായ അന്യഭാഷകളിലെ സാഹിത്യപ്രസ്ഥാനങ്ങളെ പരിചയപ്പെടുത്തുക, മലയാളത്തിലേക്കും പുറത്തേക്കുമുള്ള വിവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക, വിദേശ പ്രസാധകരുമായി ചേര്‍ന്ന് മലയാളകൃതികള്‍ക്ക് ആഗോളനിലവാരമുള്ള വിവര്‍ത്തനങ്ങള്‍ പ്രസിദ്ധീകരിക്കുക എന്നിവയും സാഹിത്യ പഠനകോശത്തിന്റെ ലക്ഷ്യങ്ങളാണ്.

    കലാകോശം

    കേരളീയ പരമ്പരാഗത കലകളുടെയും ക്ലാസിക്കല്‍ കലകളുടെയും അക്കാദമിക പഠനമാണ് കലാകോശം ലക്ഷ്യമിടുന്നത്. ഇവ ഡോക്യുമെന്റ് ചെയ്യുന്നതിനും മുന്‍ഗണന നല്‍കുന്നു.

    പൈതൃക പഠനകോശം

    കേരളത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ വളര്‍ച്ചയെക്കുറിച്ചുള്ള പഠനങ്ങള്‍ക്കാണ് പൈതൃകപഠനകോശം പ്രാധാന്യം കല്‍പ്പിക്കുന്നത്.

    വിജ്ഞാന പൈതൃക കോശം

    ഗണിതം, ആയുര്‍വേദം, ജ്യോതിഷം, ജ്യോതിശാസ്ത്രം, ഗോത്രവിജ്ഞാനം ഇവയെക്കുറിച്ചുള്ള പഠനം, ഇതിന്റെ പരിരക്ഷ, ആധുനികശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ ഇവയ്ക്കുള്ള സ്വീകാര്യതയെക്കുറിച്ചുള്ള പര്യാലോചനകള്‍ തുടങ്ങിയവയാണ് വിജ്ഞാനപൈതൃകകോശം ലക്ഷ്യമാക്കുന്നത്.

    രാജാരവിവര്‍മ, സ്വാതിതിരുനാള്‍, ഹെര്‍മന്‍ ഗുണ്ടര്‍ട്ട്, കുമാരനാശാന്‍, സി.വി. രാമന്‍പിള്ള എന്നിവരുടെ പേരിലുള്ള പഠന ചെയറുകളും സര്‍വകലാശാലയിലുണ്ടാകും.

വെബ്‌സൈറ്റ്     http://malayalamuniverstiy.edu.in/ml/

Exit mobile version