മഹാകവി കുഞ്ചന്‍ നമ്പ്യാര്‍ പിറന്നുവീണു എന്ന കരുതപ്പെടുന്ന പാലക്കാട്ടെ കിള്ളിക്കുറിശ്ശി മംഗലത്തെ കലക്കത്ത് ഭവനം എറ്റെടുത്ത് 1975ലാണ് കേരള സര്‍ക്കാര്‍ ഒരു സ്മാരകം പണിതത്. ഇത് ഒരു ദേശീയ സ്മാരകമാണ്. 1957ല്‍ കിള്ളിക്കുറിശ്ശി മംഗലത്തുവച്ചാണ് ആദ്യത്തെ കുഞ്ചന്‍ ദിനം മേയ് അഞ്ചിന് ആഘോഷിച്ചത്.
കിള്ളിക്കുറിശ്ശിമംഗലത്തെ കുഞ്ചന്‍ സ്മാരക ലൈബ്രറിക്ക് 1958ല്‍ അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാട് ശിലയിട്ടു. കുഞ്ചന്‍ നമ്പ്യാരുടെ സാഹിത്യകൃതികള്‍ പ്രചരിപ്പിക്കാനും തുള്ളല്‍കൃതികള്‍ വിവര്‍ത്തനം ചെയ്യാനും തുള്ളല്‍ വേദിയില്‍ അവതരിപ്പിക്കാനും സ്‌കൂളൂകളില്‍ ഓട്ടന്‍തുള്ളല്‍ നടത്താനും സ്മാരകം പ്രവര്‍ത്തനം നടത്തുന്നു.
കുഞ്ചന്‍ സ്മാരക വായനശാല, കുഞ്ചന്‍ സ്മാരക സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും കുഞ്ചന്‍ ഉത്സവങ്ങള്‍ നടത്തുന്നു. കുഞ്ചന്‍ നമ്പ്യാര്‍ക്ക് അദ്ദേഹം ദീര്‍ഘകാലം ജീവിച്ച അമ്പലപ്പുഴയിലും ഒരു സ്മാരകമുണ്ട്.