Keralaliterature.com

ജനസംസ്‌കൃതി, ഡല്‍ഹി

   1980 മുതല്‍ ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലുമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മലയാളികളുടെ സാമൂഹ്യ സാംസ്‌കാരിക സംഘടനയാണ് ജനസംസ്‌കൃതി. 22 ബ്രാഞ്ചുകളിലായി പതിനായിരത്തില്‍പരം അംഗങ്ങള്‍ ജനസംസ്‌കൃതിയില്‍ പ്രവര്‍ത്തിക്കുന്നു.ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ഒത്തുചേരുന്ന കലോത്സവമാണ് സര്‍ഗോത്സവം. ജനസംസ്‌കൃതി പരീക്ഷണാടിസ്ഥാനത്തിലാണ് ഈ പരിപാടി സംഘടിപ്പിച്ചതെങ്കിലും ഡല്‍ഹിമലയാളികളുടെ നല്ലരീതിയിലുള്ള സഹകരണം കൊണ്ട് ഈ പരിപാടി എല്ലാ വര്‍ഷവും നടത്തിവരുന്നൂ. സാംസ്‌കാരികമായ കലകളുടെ ഒരു ഉത്സവവും, മത്സരവുമാണ് ഇത്. ശാസ്ത്രീയ സംഗീതം, ലളിത സംഗീതം, സിനിമാഗാനങ്ങള്‍, മോഹിനിയാട്ടം, കുച്ചിപ്പുടി, ഭരതനാട്യം, പദ്യ പാരായണം, പ്രസംഗമത്സരം, നാടോടി നൃത്തം, കഥാരചന, ഉപന്യാസ രചന, കവിതാരചന, പ്രശ്‌നോത്തരി, തുടങ്ങിയ നാനാതരത്തിലുള്ള കലകളില്‍ 6 വയസ്സുമുതല്‍ 18 വയസ്സ് വരയുള്ള കുട്ടികള്‍ മത്സരിക്കുന്നു. മൊത്തം 23 മത്സരയിനങ്ങളിലായി രണ്ടായിരത്തോളം കുട്ടികള്‍ സര്‍ഗോത്സവത്തില്‍ പങ്കെടുക്കുന്നു. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നല്‍കുന്നു. സ്‌കൂള്‍ യുവജനോത്സവത്തിന്റെ മാതൃകയിലാണ് ഈ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്. എല്ലാ വിവേചനങ്ങള്‍ക്കും അതീതമായി കഴിഞ്ഞ നാലു വര്‍ഷമായി നടക്കുന്ന സര്‍ഗോത്സവം ഡല്‍ഹിയിലെ സാംസ്‌കാരിക മണ്ഡലത്തിലെ മികച്ച കൂട്ടായ്മയാണ്.
    കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇതിഹാസനേതാവ് എ.കെ.ജി.യുടെ (എ.കെ ഗോപാലന്‍) സ്മരണയ്ക്കായി ജനസംസ്‌കൃതി സംഘടിപ്പിക്കുന്ന പരിപാടിയാണ് എ.കെ.ജി. മെമ്മോറിയല്‍ ലക്ചര്‍. വര്‍ഷം തോറും നടത്തിവരുന്ന ഈ പരിപാടിയില്‍ സാമൂഹ്യസാംസ്‌കാരികരാഷ്ട്രീയ രംഗത്തുള്ള പ്രമുഖര്‍ പങ്കെടുക്കുകയും വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. ഡല്‍ഹിയില്‍ ജനിച്ചുവളര്‍ന്ന, മലയാളം എഴുതാനും വായിക്കാനും അറിയാത്ത കുട്ടികള്‍ക്കായാണ് ജനസംസ്‌കൃതി മലയാളം പഠനക്ലാസ്സുകള്‍ ആരംഭിക്കുന്നത്. ജനസംസ്‌കൃതിയുടെ 22 ബ്രാഞ്ചുകളില്‍ ഓരോരോ ബ്രാഞ്ചുകളിലായി ഈ ക്ലാസ്സുകള്‍ നടത്തിവരുന്നു. ശനി, ഞായര്‍ ദിവസങ്ങളിലായാണ് ഈ ക്ലാസ്സുകള്‍.

Exit mobile version