നാടന്‍ കലകളെ സംരക്ഷിക്കുന്നതിനും പുനരുദ്ധരിക്കുന്നതിനും കേരള സര്‍ക്കാര്‍ കണ്ണൂര്‍ ആസ്ഥാനമായി 1995 ല്‍ സ്ഥാപിച്ച സ്വയംഭരണ സ്ഥാപനമാണ് കേരള ഫോക്ലോര് അക്കാദമി.ചിറക്കലില്‍ ചിറയുടെ കരയിലാണ് കേരള ഫോക്ലോര് അക്കാദമി കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.കേരള വാസ്തുകലാ മാതൃകയായ നാലുകെട്ട് രീതിയിലാണ് ആസ്ഥാനകേന്ദ്രം. ഫോക്ലോര് മ്യൂസിയം,ലൈബ്രറി,പ്രസിദ്ധീകരണ വിഭാഗം എന്നിവ ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു.നിരവധി തെയ്യക്കോലങ്ങളുടെ മാതൃകകള്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.സാംസ്കാരിക വകുപ്പിന്റെ കീഴില്‍ 1995 ജൂണ്‍ 28നാണ് 'കേരള ഫോക്ലോര് അക്കാദമി ' രൂപീകരിച്ചത്. നാടന്‍ കലകളെക്കുറിച്ചുള്ള പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുക, മാസികകള്‍ പ്രസിദ്ധപ്പെടുത്തുക, പഠനങ്ങള്‍ നടത്തുക, സെമിനാറുകളും പ്രഭാഷണങ്ങളും സംഘടിപ്പിക്കുക, കലാകാരന്മാരെ കണ്ടെത്തി പ്രോത്സാഹനവും ധനസഹായവും നല്‍കുക തുടങ്ങിയവയാണ് അക്കാദമിയുടെ പ്രധാന ചുമതല. ഫോക്ലോര് നിഘണ്ടുവിന്റെ പ്രസിദ്ധീകരണം, ഫോക്ലോര് എന്‍സൈക്ളോപീഡിയയുടെ പ്രസിദ്ധീകരണം എന്നിവയും ലക്ഷ്യങ്ങളാണ്.