കൊല്‍ക്കത്തയില്‍ ബെല്‍വഡീയര്‍ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ലൈബ്രറിയാണ് ഭാരതീയ ദേശീയ ഗ്രന്ഥശാല. പൊതുവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറിയാണിത്.
1835ല്‍ സ്ഥാപിക്കപ്പെട്ട കല്‍ക്കട്ട പബ്ലിക്ക് ലൈബ്രറിയാണ് ഇതിന്റെ മുന്നോടി. 1844ല്‍ ഗവര്‍ണര്‍ ജനറല്‍ മെറ്റ്കാഫിന്റെ ബഹുമാനാര്‍ത്ഥം നിര്‍മ്മിക്കപ്പെട്ട വിശാലമായ മന്ദിരത്തിലേക്ക് അത് മാറ്റി സ്ഥാപിച്ചു. ലോര്‍ഡ് കഴ്‌സന്റെ കാലത്തെ ഈസ്റ്റ് ഇന്ത്യാ കമ്പനി വക ലൈബ്രറിയും, ഡിപ്പാര്‍ട്ട്‌മെന്റല്‍ ലൈബ്രറികളും കൂട്ടിയോജിപ്പിച്ചുകൊണ്ട് 1903ല്‍ ഇംപീരിയല്‍ ലൈബ്രറി ഓഫ് ഇന്ത്യ എന്ന പേരില്‍ രൂപം കൊടുത്തു. ഇന്ത്യ സ്വതന്ത്രയായ ശേഷം 1948ല്‍ ഇതിനെ ഇന്ത്യയുടെ ദേശീയ ലൈബ്രറിയായി പ്രഖ്യാപിച്ചു. 1953 ഫെബ്രുവരി ഒന്നിനാണ് നാഷണല്‍ ലൈബ്രറി എന്ന് നാമകരണം ചെയ്തത്. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴിലെ ലൈബ്രറിയില്‍ വിദേശ ഭാഷകളിലെയും ഇന്ത്യയിലെ പ്രാദേശിക ഭാഷകളിലെയും പുസ്തകങ്ങളുണ്ട്.
ഹ്യൂമന്‍ റിസോഴ്‌സസ് മന്ത്രാലയത്തിനു കീഴിലുള്ള ഒരു ഡിപ്പാര്‍ട്ട്‌മെന്റ് ആയാണ് പ്രവര്‍ത്തനം.
1200 ജീവനക്കാരുള്ള മഹാഗ്രന്ഥാലയം റഫറന്‍സ് ലൈബ്രറിയാണ്. പാര്‍ലമെന്റംഗങ്ങളെ പോലെയുള്ളവര്‍ക്കേ അവിടെനിന്ന് പുസ്തകം പുറത്തേക്കു നല്‍കാറുള്ളൂ. അല്ലാത്തവര്‍ അവിടെയിരുന്ന് വായിക്കുകയും കുറിച്ചെടുക്കുകയും വേണം. ലൈബ്രറിയില്‍ 40 ലക്ഷത്തിലധികം പുസ്തകങ്ങളുണ്ട്. ഡെലിവറി ഓഫ് ബുക്ക്‌സ് & ന്യൂസ് പേപ്പേഴ്‌സ് ആക്ട് അനുസരിച്ച് ലഭിക്കുന്നവയും, വിലയ്ക്ക് വാങ്ങുന്നവയും, സംഭാവനയായി ലഭിക്കുന്നവയും, എക്‌സേഞ്ച് ആയി ലഭിക്കുന്നവയും, ഡെപ്പോസിറ്ററി അവകാശം അനുസരിച്ച് ലഭിക്കുന്നവയുമാണ് ഇവിടെത്തെ പുസ്തകങ്ങള്‍. ഭാരതീയ ഭാഷകളിലും വിദേശ ഭാഷകളിലും ഇംഗ്ലീഷിലുമുള്ള പുസ്തകങ്ങളുണ്ട്. ഇന്ത്യന്‍ നാഷണല്‍ ലൈബ്രറി യു.എന്‍.പ്രസിദ്ധീകരണങ്ങളുടെ ഒരു ഡെപ്പോസിറ്ററിയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.