അവതാരിക
സി.പി.ശ്രീധരന്‍
മലയാളഭാഷയും സാഹിത്യവും ചിന്താദരിദ്രമാണെന്ന് ആവലാതിപ്പെടാത്തവര്‍ അഭ്യസ്തവിദ്യരുടെയിടയില്‍ ആരുമുണ്ടാവില്ല. ഇംഗ്ലീഷ് ഗ്രന്ഥങ്ങളും പത്രമാസികകളും പതിവായി വായിക്കുന്നവര്‍ക്കാകട്ടെ, ആ ദാരിദ്ര്യം പരമദയ നീയമായി തോന്നുകയും ചെയ്യും. സ്വതന്ത്രമായി ചിന്തിച്ചും ചിന്തിക്കുവാന്‍ പ്രേരിപ്പിക്കത്തക്കവിധത്തിലും ആധുനികവിജ്ഞാനങ്ങളുപയോഗപ്പെടുത്തി രചിക്കപ്പെടുന്ന ഗ്രന്ഥങ്ങള്‍ മലയാളത്തില്‍ കുറച്ചേയുള്ളൂ എന്നു പറയാന്‍ ശങ്കിക്കയേ വേണ്ട; കുറച്ചുപോയിട്ട്, വല്ലതും ഉണ്ടാകുന്നുണ്ടോ എന്നേ സംശയിക്കുവാനുള്ളൂ. ഏതെങ്കിലും മാനവീയപ്രശ്നങ്ങളെ ആമൂലാഗ്രം പരിശോധിച്ച് കെട്ടുറപ്പുള്ള അധ്യായങ്ങളില്‍ കോര്‍ത്തിണക്കി ഗ്രന്ഥരചനയുടെ ഉത്കൃഷ്ട സങ്കല്പ്പങ്ങളോടെ എഴുതപ്പെടുന്ന ഗ്രന്ഥങ്ങള്‍ മലയാളത്തില്‍ ആകസ്മിക സംഭവം മാത്രമായിരിക്കും.
മറ്റൊരു സവിശേഷതകൂടിയുണ്ട്. മലയാളത്തിലെ എഴുത്തുകാരെല്ലാം സാഹിത്യകാരന്മാരാണ്; അഥവാ. എഴുത്തുകാരായ എഴുത്തുകാര്‍ക്കൊക്കെ സാഹിത്യത്തെയും കലയെയും അനുബന്ധവിഷയങ്ങളെയുംകുറിച്ച് തിരിച്ചും മറിച്ചും എഴുതുകയും ചര്‍ച്ച നടത്തുകയും ചെയ്യുന്നതിലേ എപ്പോഴും താത്പര്യമുള്ളൂ. ജീവിതത്തിന്റെ അനന്തബഹുലങ്ങളായ തലങ്ങളെയും മുഖങ്ങളെയും രോഗങ്ങളെയും പ്രതിവിധികളെയും അസംഖ്യമസംഖ്യം ചിന്താപ്രസ്ഥാനങ്ങളെയുംകുറിച്ച് ധ്യാനൈകതാനമായി പുസ്തകരചനയിലേര്‍പ്പെടുവാന്‍ ഇവിടെ സാഹിത്യകാരന്മാര്‍ ശ്രമിക്കുന്നില്ല എന്നു പറയുന്നതിനേക്കാള്‍, അത്തരം പ്രശ്നങ്ങളും വിഷയങ്ങളുമെല്ലാം സാഹിത്യകാരന്മാര്‍ക്കന്യമാണെന്നു പറയുന്നതാവും സത്യം.
ഇനി സാഹിത്യകാരന്മാരല്ലാത്ത മറ്റു ചില ശാസ്ത്രജ്ഞന്മാരോ, ജ്ഞാനകുതുകികളോ എഴുതുന്ന ഗ്രന്ഥങ്ങളാകട്ടെ, അന്യഭാഷകളില്‍നിന്നോ കൃതികളില്‍ നിന്നോ പകര്‍ത്തിയതാവും: സ്വയം ചിന്തിച്ചുറച്ചുണ്ടാകുന്ന ആന്തരപ്രകാശം കാണാതെ, ദഹിക്കാതെ പകര്‍ത്തുന്ന ആശയങ്ങളുടെ സമാഹാരമായ അത്തരം ഗ്രന്ഥങ്ങള്‍ ആര്‍ക്കും രുചികരമായി ഭവിക്കു ന്നുമില്ല. മാത്രവുമല്ല, ഇത്തരം ഗ്രന്ഥങ്ങളെഴുതുന്നവര്‍ക്കുപോലും സാഹിത്യകാരന്മാരായി അറിയപ്പെടാനാണാഗ്രഹം.
തങ്ങളുടെ കൃതികള്‍ ഉള്‍ക്കൊള്ളുന്ന വിഷയത്തെക്കുറിച്ചു വിദഗ്ധാഭിപ്രായം പുറപ്പെടുവിക്കാന്‍ യോഗ്യരായ ചിന്തകരും പണ്ഡിതരും വിദഗ്ധരുമായി അറിയപ്പെടാന്‍ അവര്‍ക്കാഗ്രഹമില്ല. കാരണം, സ്വയമേവ അതിനു കഴിവില്ലാത്തതുതന്നെ. വായനയും പഠനവും ചിന്തനവും സ്വഭാവഘടനയായി മാറ്റാന്‍ കഴിയാത്തവര്‍ക്കു സുചിന്തിതങ്ങളായ സ്വതന്ത്രഗ്രന്ഥങ്ങള്‍ രചിക്കാന്‍ കഴിയുന്നതെങ്ങനെ? മലയാളഭാഷയിലെ ചിന്താദാരിദ്ര്യത്തിനു പ്രധാനകാരണമിതൊക്കെയാണെന്ന് ആര്‍ക്കും എളുപ്പം കണ്ടുപിടിക്കാവുന്നതേയുള്ളൂ. എം.പി.ബാലഗോപാല്‍ എഴുതിയ ‘വേറാക്കൂറ്’ ഈ പശ്ചാത്തലത്തില്‍ അത്യന്തം ആഹ്ലാദകരമായ ഒരു ശ്രമവും, വളരെ വിലപ്പെട്ട സംഭാവനയും,
അമൂല്യമായ നേട്ടവുമാണെന്ന് സമ്മതിക്കാന്‍ ഒട്ടും സംശയിക്കേണ്ട.. ആശയങ്ങളെക്കുറിച്ച് ഉറക്കെ ചിന്തിക്കുകയും ആഴത്തില്‍ പഠിക്കുകയും ജനാധിപത്യം. സോഷ്യലിസം, സ്വാതന്ത്യം, ദേശീയത്വം തുടങ്ങിയവയെക്കുറിച്ച് വായിക്കുകയും ചെയ്യുന്ന മൗനിയും കീര്‍ത്തിവിമുഖനുമായ ഒരു ഋഷിയാണ് ബാലഗോപാല്‍. കഴിഞ്ഞ മുപ്പതാണ്ടുകളായി നാനാതരം വേദികളിലും, സാംസ്‌കാരികവേദികളിലും, ബുദ്ധിജീവികളുടെ കളങ്ങളിലും സജീവമായി പങ്കെടുക്കുകയും, പ്രബന്ധങ്ങള്‍വഴിയും അഭിപ്രായപ്രകടനങ്ങള്‍ വഴിയും സ്വന്തം സംഭാവനകള്‍ ആ രംഗത്തര്‍പ്പിക്കുകയും ചെയ്ത ഒട്ടു വിനീതനായ ഒരു സുഹ്യത്തെന്ന നിലയില്‍, ബാലഗോപാല്‍ സഗൗരവവും നിരന്തരവുമായ വായനയെന്നോ പറയാവുന്ന പ്രകടിപ്പിച്ചുകൊണ്ട് പലരുടേയും ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
ഗ്രന്ഥവായനയില്‍ ധ്യാനലീനനായി കഴിയാറുള്ളതുകൊണ്ട്, പുറമെ ശാന്തനും കാണപ്പെടാറുള്ള ഒരാളാണ് അദ്ദേഹം. എന്നെങ്കിലും കനപ്പെട്ട സംഭാവന അദ്ദേഹത്തില്‍നിന്ന് ഉണ്ടാകുമെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ, അതിമ്മട്ടിലൊരു കൃതിയായിരിക്കുമെന്നു ഞാനോര്‍ത്തില്ല. നേരത്തെ പറഞ്ഞതുപോലെ, സാഹിത്യപരമോ, ശുദ്ധസംസ്‌കാരസംഭവയോ ആയ വിഷയങ്ങളിലും ചിന്തകളിലുമല്ല, രാഷ്ട്രീയ, സാമൂഹ്യമണ്ഡലളിലാണദ്ദേഹത്തിന് ആഭിമുഖ്യമെന്നേ ഞാന്‍ കരുതിയിരുന്നുള്ളൂ. ലോകസംസ്‌കാരം, സാഹിത്യം, ദര്‍ശനങ്ങള്‍, ചരിത്രം, ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലും മര്‍മഗ്രാഹിയായ ഒരു പണ്ഡിതനും ചിന്തകനുമാണ് ഗ്രന്ഥകാരനെന്ന് ‘വേറാക്കൂറ്’ തെളിയിക്കുന്നു.
ആധുനികകലകളുടെയും സാഹിത്യത്തിന്റെയും അടിസ്ഥാനവിഷയം: ‘അലിനേഷന്‍’ (അന്യത്വബോധം) വിശാലമായ അര്‍ഥത്തില്‍ സാംസ്‌ക്കാരം ഒരു മഹാപ്രശ്നമാണ്; നവീനനാഗരികതയുടെ സന്തതിയെന്നു നമുക്ക് ആ വിഷയത്തെ മറ്റൊരു തരത്തില്‍ വിശേഷിപ്പിക്കുകയും ചെയ്യാം. അലിനേഷന്‍ (Alienation) സാഹിത്യത്തേയും കലയേയും സംവാദമാക്കുന്ന വിഷയമല്ല, അവയില്‍ പ്രതിഫലിക്കുന്ന വിഷയമാണ്. സാമൂഹ്യവും സാമ്പത്തികവും മനഃശാസ്ത്രപരവും സാംസ്‌കാരികവുമായ പ്രശ്‌നം. അതിനാല്‍, ചരിത്രത്തിന്റെയും സമൂഹത്തിന്റെയും ജീവിതത്തിന്റെയും കയങ്ങളിലിറങ്ങി അന്വേഷിച്ചറിയേണ്ട വിഷയവുമാണ്. പ്രസ്തുത വിഷയത്തിന് ഇത്ര വ്യാപ്തിയും ആഴവും ഔന്നത്യവുമുണ്ടെന്ന്, അഥവാ ഇത്രയൊക്കെ കണക്കറ്റ തലങ്ങളുണ്ടെന്ന്, ഈ ഗ്രന്ഥം വായിക്കുന്നതുവരെ പലരും അറിഞ്ഞിരിക്കുകയില്ല.
കവിത, ആഖ്യാനം, തത്ത്വശാസ്ത്രം, മനഃശാസ്ത്രം, സാമൂഹ്യശാസ്ത്രം. ‘അലിനേറ്റ്’ എന്ന ക്രിയാപദത്തിന് അകറ്റുക, വേര്‍പെടുത്തുക തുടങ്ങി അര്‍ഥങ്ങളേ കാണു. ക്രിയാനാമത്തില്‍ പ്രത്യക്ഷപ്പെടുന്ന പ്രസ്തുത വാക്ക് ഒട്ടേറെ ശാഖകളില്‍ എത്ര തരത്തിലാണ് പ്രയോഗിച്ചിട്ടുള്ളതെന്നു കണ്ടുപിടിക്കാന്‍ പ്രയാസം. എത്ര തരത്തില്‍ പ്രയോഗിച്ചാലും, അവയുടെയൊക്കെ ആന്തരമായ പൊരുളില്‍ വലിയ വ്യത്യാസമില്ല. ‘അന്യഥാബോധം’ ‘ഏകാകിതാബോധം’ തുടങ്ങിയ നാനാഭാവങ്ങളില്‍ അറിയപ്പെടുന്നത് ഇതേ പദംതന്നെ. ഇപ്പോളിതാ തീരെ അപരിചിതമാവുന്ന വേറാക്കൂര്‍ എന്ന ഒരു പുതിയ പദം ബാലഗോപാല്‍ പ്രയോഗിച്ചിരിക്കുന്നു. വടക്കേ മലബാറിലെ വ്യവഹാരഭാഷയില്‍ സാധാരണമായി ഗ്രാമീണര്‍ ഇന്നും ഉപയോഗിച്ചുവരുന്ന ശക്തമായ പദമാണ് ‘വേറാക്കൂറ്’. അന്യനെപ്പോലെ, ആരാനെപ്പോലെ, പെരുമാറുന്നു എന്നു സൂചിപ്പിക്കുവാനാണ് ഈ വാക്കുപയോഗിക്കുന്നത്. ഒരു കുടുംബാംഗത്തോടോ, ബന്ധുവിനോടോ, അര്‍ഹതപ്പെട്ട രീതിയില്‍ പരിഗണന നല്‍കാതെ മാറ്റി നിര്‍ത്തി പക്ഷപാതിത്വം കാണിക്കുമ്പോള്‍, ഈ വാക്ക് വടക്കേ മലബാറുകാരുടെ നാക്കില്‍നിന്നു താനെ ഉതിര്‍ന്നുവീഴും. ഇങ്ങനെ ഒരു ബന്ധുവെ, ബന്ധുവല്ലെന്നു കണക്കാക്കി വേറിട്ടുനിര്‍ത്തി കുശുമ്പു കാട്ടുന്നതിനെയാണ് ഈ വാക്കു സൂചിപ്പിക്കുന്നത്. അലിനേഷന്റെ അര്‍ഥമായി അത്യത്വബോധമെന്ന മലയാളപദമുപയോഗിക്കുമ്പോള്‍ ആ മൂലപദത്തിന്റെ ശക്തിയും സാരവും ചോര്‍ന്നുപോകുന്നു. അന്യത്വബോധം, അതുണ്ടാകുന്ന വ്യക്തിയുടെ തോന്നലാണല്ലോ. ഇന്നത്തെ സമൂഹത്തില്‍ ഒരു വ്യക്തിക്കങ്ങനെ തോന്നുന്നതിനെ ഒരു വലിയ സാമൂഹികപ്രശ്നമായി കൊണ്ടുനടക്കുന്നതിലര്‍ഥമില്ല. മറിച്ച്, അങ്ങനെ ഒരു തോന്നല്‍ ഉണ്ടാകണമെങ്കില്‍ ആരെങ്കിലും അയാളെ അന്യനായി കണക്കാക്കേണ്ടതുണ്ട്.
സമൂഹം, ചരിത്രം, രാഷ്ട്രം, സംഘടന, സ്ഥാപനം എന്നിവയൊക്കെ അവയുടെ സ്ഥാപനത്തിലും പുരോഗതിയിലും നിലനില്പിലും പങ്കുവഹിച്ചവരോട് അന്യരോടെന്നപോലെ പെരുമാറുന്നുവെന്നതാണ് പ്രധാനം. മമത്വത്തോടെ ഓരോരുത്തനേയും സ്വന്തമായി കണക്കാക്കി ആദരിക്കയും സ്‌നേഹിക്കയും പോഷിപ്പിക്കയും ചെയ്യുന്ന ഒരു സ്ഥാപനമായി അവന്‍ ബന്ധപ്പെടുന്ന ഓഫീസും സംഘടനയും സമുഹവും രാഷ്ട്രവും മാറേണ്ടതുണ്ട്. അടിസ്ഥാനപരമായ ഈ മാനുഷികാംശം, (Human element) ഇവയ്ക്കു നഷ്ടപ്പെടുന്നു. പകരം, ഏതോ കൂറ്റന്‍ സത്വമായി ഇവ വളരുന്നു. വളരുന്തോറും വ്യക്തിബന്ധങ്ങള്‍, മാനുഷികബന്ധങ്ങള്‍, നശിക്കുന്നു. ഈ ബന്ധത്തിന്റെ കണ്ണി നഷ്ടപ്പെടുത്തുന്ന ബാഹ്യലോകവും ബഹിര്‍ സ്ഥാപനവും വ്യക്തികളിലുണ്ടാക്കുന്നതാണ് ഈ ബോധം. അതിനാല്‍ യഥാര്‍ഥത്തില്‍, ഒരാളിലുണ്ടാകുന്ന അകാരണമായ ഏകാകിതാബോധമോ, അന്യത്വരാധാര, അല്ല അലിനേഷന്‍ മറിച്ച്, അവനെ അകറ്റിനിര്‍ത്തുന്ന സാമൂ ഹ്യസത്വത്തിന്റെ ‘വേറാക്കൂറ്’ (അന്യന്മാരോടു കാണിക്കുന്ന ഭാവം) ആണ് പ്രശ്നം. കുറ്റക്കാരന്‍ വ്യക്തിയല്ല. സമൂഹവും അവനില്‍നിന്നു വേറിട്ടുനില്ക്കുന്നതെങ്കിലും അവന്റെ ജീവിതംകൊണ്ടു നിലകൊള്ളുന്നതും അവന്നവകാശപ്പെട്ടതുമായ സ്ഥാപനങ്ങളുമാണ് എന്നര്‍ഥം, അതിനാല്‍, അലിനേഷന് ”വേറാക്കൂറ്’ എന്ന മലയാളപദം കണ്ടെത്തിയ ഗ്രന്ഥകാരന്‍ ശക്തമായ ഒരു വാക്കുകൊണ്ടു സ്വന്തം ചിന്തയ്ക്കു പുതിയ ബിംബം വിളക്കിയിരിക്കുന്നു.
1985 ജൂണിലെ ‘ന്യൂയോര്‍ക്ക് പോസ്റ്റ് പത്രത്തില്‍ ജെയിംസ് എ. വെഷ്‌സലര്‍ വനിതാതടങ്കല്‍ കേന്ദ്രത്തിലെ ഒരു മുന്‍ അന്തേവാസി ചെയ്ത പ്രസ്താവനയെ ഈ വാക്കിന്റെ സമര്‍ഥനത്തിനുദ്ധരിക്കയുണ്ടായി ‘ഞങ്ങള്‍ക്ക് പുറത്തു സ്‌നേഹിതരുണ്ട്. ഞങ്ങള്‍ക്കു തിരിഞ്ഞുനോക്കാനുള്ള പാരമ്പര്യമുണ്ട്. പക്ഷേ, പെട്ടെന്ന് എല്ലാമായും ബന്ധം നഷ്ടപ്പെട്ടപോലെ ഒരു തോന്നല്‍. അപമാനവും നിസ്സഹായതയും ‘അലിനേഷന്‍’ എന്ന വികാരവും ഉളവാക്കുവാന്‍ വേണ്ടിയാണ് എല്ലാ നടപടികളുമെന്നു തോന്നുന്നു.
വ്യക്തിവാദം പരമോന്നത സീമയിലെത്തിയ കാലത്ത് ഇതേ വികാരത്തിന്റെ മൂര്‍ധന്യം ദര്‍ശിക്കാം; മതാധിപത്യത്തെ വെല്ലുവിളിച്ച് മനുഷ്യന്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ഉണ്ടായ ഈ വികാരത്തിന്റെ വേലിയേറ്റം കാരണം അംഗീകൃതമായ സമൂഹം തകര്‍ന്നതുകൊണ്ടാവാം, പിന്നീട് അധ്വാനം യന്ത്രവത്കരണത്തിന്നടിയറവെയ്ക്കപ്പെട്ടപ്പോള്‍ ഇതേപോലെ സംഭവിച്ചതാണ്. ഒന്നില്‍ വ്യക്തിയുടെ പരമപ്രമാണിത്തം; മറ്റേതില്‍ വ്യക്തിയുടെ നിസ്സാരത. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഏതുതരം ആധിപത്യത്തിന്റെ മുറുക്കത്തിലും മതപ്രഭുത്വം, ഭൂപ്രഭുത്വം, മുതലാളിത്തം എന്നിവയിലെന്നപോലെ കമ്യൂണിസ്റ്റ് സ്റ്റേറ്റിലും, മറ്റേതുതരം സര്‍വാധികാര സര്‍വശക്തിത്വത്തിലും അന്യത്വബോധം ബലപ്പെടുമെന്നാണനുഭവം.
സമൂഹവും വ്യക്തിയും തമ്മിലുള്ള സന്തുലിത ബന്ധത്തിലും സാംസ്‌കാരികമായ സമന്വയത്തിലും പ്രതിവിധി കണ്ടെത്തേണ്ടതാണ് ഈ പ്രശ്നം. സാമ്പത്തികങ്ങളായ ചൂഷണങ്ങളും സാമൂഹ്യമായ ഉച്ചനീചത്വങ്ങളും അവശേഷിക്കുന്നിടത്തോളം ഈ പ്രശ്നം ഗുരുതരമായി തുടരും.
എം.പി. ബാലഗോപാല്‍ ‘വേറാക്കൂറ്’ എന്ന ഗ്രന്ഥത്തില്‍ ലോകസംസ്‌കാരത്തിന്റെ ഗതിവിഗതികള്‍ വിടര്‍ത്തിക്കാട്ടി നാനാഭാഗങ്ങളില്‍നിന്നും ആഴത്തില്‍ വിഷയത്തിന്റെ മര്‍മം അനാവരണം ചെയ്യാന്‍ ശ്രമിക്കുകയാണ്. ടോയന്‍ബിയെപ്പോലെ വിശ്വോത്തര ചിന്തകന്മാരെയെല്ലാം ഈ ചിന്താപ്രസ്ഥാനത്തിനദ്ദേഹം കൂട്ടുപിടിക്കുകയും, സ്വന്തം നിഗമനങ്ങളെ ആലോചനാമധുരമായ രീതിയില്‍ അനാവരണം ചെയ്യുകയുമാണ്. മതവും സമ്പദ്ശാസ്ത്രവും മറ്റനേകം ശാസ്ത്രവിജ്ഞാനവും നാക്കിന്‍തുമ്പത്തെന്നപോലെ അദ്ദേഹം ഉദ്ധരിക്കുകയും ഉരുവിടുകയും ചെയ്യുന്നു. ലോകസാഹചര്യത്തില്‍നിന്ന് ഇന്ത്യയുടെ സാംസ്‌കാരിക പശ്ചാത്തലത്തില്‍ ഭാരതീയനെ നേരിടുന്ന പ്രശ്‌നമാക്കി അദ്ദേഹം അലിനേഷനെ രൂപാന്തരപ്പെടുത്തുന്നു. ഒടുവില്‍ ഭാരതീയമായ പ്രതിവിധിയും ചൂണ്ടിക്കാട്ടുന്നു. പ്രതിവിധി സമര്‍ഥിക്കുകയല്ല, തന്റെ വിശകലനപഠനത്തിന്റെ യുക്തിപൂര്‍വമായ പരിണാമമായി ആ പ്രതിവിധി നമ്മുടെ മുമ്പാകെ ചിന്തയില്‍ പ്രതിഫലിക്കുകയും പ്രത്യക്ഷപ്പെടുകയുമാണ്. പ്രതിഭാശക്തിയാല്‍ അനുഗൃഹീതനായ ഒരു ചിന്തകനല്ലാതെ ഇത്തരമൊരു സുചിന്തിത ്രഗന്ഥം സാംഗോപാംഗബന്ധുരമായി രചിക്കുവാന്‍ സാധിക്കുകയില്ല. ആധുനികമലയാള സാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയമായ, പരക്കെ ചര്‍ച്ച ചെയ്യപ്പെടേണ്ട, ഒരു ചിന്താസമ്പത്താണ് ‘വേറാക്കൂറ്.’ ബുദ്ധിശക്തിയെ വര്‍ഷങ്ങളായി പട്ടിണിക്കിട്ട മലയാളികള്‍ക്കിതാ ഒരു മികച്ച പോഷകാഹാരമെന്നു പറയാന്‍ മടിക്കേണ്ടതില്ല.
‘ആധുനികത’ ജീവിതത്തിന്റെയും വിജ്ഞാനത്തിന്റെയും സാഹിത്യകലകളുടെയും അനിവാര്യമുഖമായി മാറിക്കഴിഞ്ഞ സ്ഥിതിക്ക്, അതിന്റെ മൗലിക സ്വഭാവവും ഘടകവുമായ ഒരു വിഷയത്തെ ഇത്ര പ്രഗല്ഭമായി ചര്‍ച്ച ചെയ്തവതരിപ്പിച്ച വേറൊരു ഗ്രന്ഥം നമുക്കില്ല; മറ്റു ഭാരതീയഭാഷകളിലുമുണ്ടാവില്ല. പ്രബന്ധങ്ങള്‍ ധാരാളമുണ്ടാവും, ഏകാഗ്രഭദ്രമായ ഒരു വലിയ പുസ്തകം ഉണ്ടാവില്ല.
ബാലഗോപാല്‍ ഈ ഗ്രന്ഥത്തിലൂടെ മലയാളികളുടെ മുഴുവന്‍ അസൂയയ്ക്കും അഭിനന്ദനത്തിനും അവകാശിയായിരിക്കുന്നു. വ്യാപകമായി ഇതു ചര്‍ച്ചാവിഷയമാക്കണം; ചിന്താപരമായ ഒരു പ്രബുദ്ധതയ്ക്കും സാംസ്‌കാരി കമായ ഒരഴിച്ചുപണിക്കും സാമൂഹ്യമായ തിരുത്തലുകള്‍ക്കും പ്രേരകമായ ശക്തമായ ഒരുപാധിയെന്ന നിലയില്‍ കരുത്തുറ്റ ഈ ഗ്രന്ഥത്തെ ബഹുജനസമക്ഷം അവതരിപ്പിക്കാന്‍ എനിക്ക് അഭിമാനം തോന്നുന്നു.