തിരുവിതാംകൂര്‍ പ്രദേശത്ത് പ്രചാരത്തിലിരുന്ന ഒരു പ്രാചീനഗാനമാണ് അഞ്ചുതമ്പുരാന്‍ പാട്ട്. കൊല്ലവര്‍ഷം എട്ടാം ശതകത്തിന്റെ പൂര്‍വാര്‍ധത്തില്‍ ജീവിച്ചിരുന്ന ചില വേണാട്ടു രാജകുടുംബാംഗങ്ങള്‍ തമ്മിലുണ്ടായ അന്തഃഛിദ്രമാണ് ഇതിലെ പ്രതിപാദ്യം. സകലകലമാര്‍ത്താണ്ഡവര്‍മ, പലകലആദിത്യവര്‍മ, പരരാമര്‍, പരരാമാദിത്യര്‍, വഞ്ചി ആദിത്യവര്‍മ എന്നീ രാജാക്കന്‍മാരെ അധികരിച്ചുള്ള പാട്ടായതുകൊണ്ടാണ് ഇതിന് അഞ്ചുതമ്പുരാന്‍ പാട്ടെന്നു പേര്‍ വന്നതെന്ന് ഉള്ളൂര്‍ അഭിപ്രായപ്പെടുന്നു. ഈ പാട്ടില്‍ ചീരാട്ടുപോര്, മാടമ്പുകഥ, പെരുങ്കുളത്തുപോര്, ഏര്‍വാടിപ്പോര് എന്നിങ്ങനെ നാലുഭാഗങ്ങളുണ്ട്. (അഞ്ചു) തമ്പുരാക്കന്‍മാര്‍ക്കു തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലാതെ വന്നതിനാല്‍ രാജ്യത്ത് അസമാധാനം വര്‍ധിക്കുന്നതുകണ്ട് അവരെ രഞ്ജിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാജാവ് കഴക്കൂട്ടത്തുപിള്ളയ്ക്ക് ഒരു തിരുവെഴുത്തു കൊടുത്തയയ്ക്കുന്നു. അത് കൊണ്ടുപോകുന്ന രാജദൂതന്‍ ഇങ്ങനെ പാടുന്നു:
‘ ഉപ്പിടാകയും കടന്ത്
ഓലയമ്പലം കടന്ത്
ഉഴറി വഴി നടന്ത്
പപ്പനാവാ ചരണമെന്റ്
പാതിരിക്കരി കടന്ത്
പട്ടമേലായും കടന്ത്
പാങ്ങപ്പാറ തന്നില്‍ ചെന്ന്’