ഒരു വടക്കന്‍ പാട്ടാണ് മതിലേരിക്കന്നി. മതിലേരിക്കന്നി, വേണാട് പൂങ്കുയിലോം കന്നി, ചൂരിയമണി കോവിലകം കന്നി എന്നിങ്ങനെ മൂന്നു കന്നികളുടെ കഥയാണിത്.സാധാരണ വടക്കന്‍ പാട്ടുകളില്‍ നിന്നും വ്യത്യസ്തമായി വീരം, കരുണം എന്നീ രസങ്ങള്‍ക്കൊപ്പം ശൃംഗാരവും മതിലേരിക്കന്നിയില്‍ സമന്വയിപ്പിക്കുന്നു. കടത്തനാടന്‍ ഗ്രാമ്യഭാഷയാണ്. ഇതൊരു ദുരന്തകാവ്യമാണ്. കോലത്തിരിയുടെ പടത്തലവനായ മതിലേരി വാഴുന്നവരുടെ പുത്രിയാണ് കന്നി. അവളെ വേണാടു വാഴുന്നവര്‍ വിവാഹം കഴിച്ചു. വിവാഹം കഴിഞ്ഞയുടനെ വേണാട്ടരചനു യുദ്ധത്തില്‍ പങ്കെടുക്കാനായി കന്നിയെ പിരിയേണ്ടി വരുന്നു. എന്നാല്‍ ഈ യുദ്ധത്തിന്റെ കാര്യമൊന്നും കന്നിയെ അറിയിച്ചിരുന്നില്ല. ഏറെ കൊല്ലം കാത്തിരുന്നിട്ടും തന്നെപ്പറ്റി തിരക്കാത്ത പതിയെപ്പറ്റി വിലപിക്കുന്ന കന്നിയോട് മതിലേരി വാഴുന്നവര്‍ കാര്യം പറയുന്നു. ഭര്‍ത്താവിനെ യുദ്ധത്തില്‍ സഹായിക്കാനായി പൊന്നന് എന്ന പേരില്‍ ആണ്‍വേഷം ധരിച്ചു കന്നി അവിടെയെത്തുന്നു. യുദ്ധം ജയിച്ച ശേഷം വേണാടില്‍ സസുഖം വാഴുന്ന പൊന്നനോട് തമ്പുരാന്റെ അനുജത്തിയായ പൂങ്കുയിലോം കന്നിക്ക് പ്രണയം തോന്നുന്നു. എന്നാല്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പൊന്നന് രാത്രിയില്‍ അവിടെ നിന്നും തിരികെ മതിലേരിയിലെത്തുന്നു. പൊന്നനേയും തിരക്കാം, ഒപ്പം തന്റെ ഭാര്യയേയും കാണാം എന്ന ചിന്തയില്‍ മതിലേരിയിലേക്കു പുറപ്പെടുന്ന തമ്പുരാനെ വഴിക്കുവച്ച് ചൂരിയമണി കോവിലകം കന്നി കാണുകയും അനുരാഗത്തിലാവുകയും ചെയ്യുന്നു. അദ്ദേഹത്തെ സ്വന്തമാക്കണം എന്ന ചിന്തയില്‍ പൂരം നോല്ക്കാനായി അവള് മതിലേരിയിലെത്തുന്നു. അവിടെയെത്തി മതിലേരിക്കന്നിക്കുള്ള പൂരത്തടയില് നഞ്ച് ചേര്‍ത്ത ശേഷം അവള് തിരികെ പോയി. വിഷമുള്ള അട തിന്ന കന്നി, തമ്പുരാന്റെ മടിയില്‍ കിടന്നു അന്ത്യശ്വാസം വലിക്കുന്നു. അപ്പോള്‍ മാത്രമാണ് വേണാട്ടരചന് കന്നിയും പൊന്നനും ഒരാളാണെന്നു തിരിച്ചറിയുന്നത്. പ്രിയതമയുടെ വേര്‍പാടില്‍ മനം നൊന്ത് തമ്പുരാനും ചങ്ക് പൊട്ടി മരിക്കുന്നു. ഇതാണ് കഥ.