Keralaliterature.com

മലയാള പഴഞ്ചൊല്ലുകള്‍ (ഉ,ഊ,എ)

(പൈലോ പോള്‍ സമാഹരിച്ചതില്‍നിന്ന് തിരഞ്ഞെടുത്തത്)

 

 

ഉക്കണ്ടം എനിക്കും തേങ്ങാ മുല്ലപ്പള്ളിക്കും

ഉക്കത്തു പുണ്ണുള്ളവൻ ഊതൽ കടക്കുമൊ

ഉച്ചിവെച്ചകൈകൊണ്ടു ഉദകക്രിയ ചെയ്യരുത്

ഉച്ചെക്കു അരിയും കൊണ്ടു ചെന്നാലില്ലാത്തെടത്തു
പതിരായ്ക്കു നെല്ലും കൊണ്ടുചെന്നാലൊ

ഉടഞ്ഞശംഖു ഊത്തുകേൾക്കയില്ല

ഉടയൊനുടച്ചാൽ ഓട്ടിനും കൊള്ളാം

ഉടയോനെപിടിച്ചു കെട്ടുന്നകാലം

ഉടുക്കാവസ്ത്രം പുഴുതിന്നും

ഉടുപ്പാനില്ലാഞ്ഞാൽ എങ്ങിനെ അയലിന്മേലിടും

ഉണ്ട ഉണ്ണി ഓടിക്കളിക്കും,
ഉണ്ണാത്ത ഉണ്ണി ഇരുന്നു കളിക്കും

ഉണ്ടചോറു മറക്കരുത്

ഉണ്ടചോറ്റിൽ കല്ലിടരുത്

ഉണ്ട ചോറ്റിൽ കുണ്ടകുത്തരുത്

ഉണ്ടവനറിയാമൊ ഉണ്ണാത്തവന്റെവിശപ്പു

ഉണ്ടവനു പായ്(ഇടം) കിട്ടാഞ്ഞിട്ടു
ഉണ്ണാത്തവനു ഇല കിട്ടാഞ്ഞിട്ടു

ഉണ്ടാലെന്തിനു ഉറിയിൽ കണ്ണു

ഉണ്ടു മുഷിഞ്ഞവനൊടു ഉരുളയും
കണ്ടു മുഷിഞ്ഞവനൊടു കടവും വാങ്ങണം

ഉണ്ടെങ്കിലോണം പോലെ ഇല്ലെങ്കിൽ പട്ടിണി

ഉണ്ണാതെ ഏതുവീട്ടിലുംപോകാം,
ഉടുക്കാതെ ഒരു വീട്ടിലും വയ്യാ

ഉണ്ണിയെക്കണ്ടാൽ ഉരിലെ പഞ്ചം(പഞ്ഞം)അറിയാം

ഉണ്ണുമ്പോൾ ഓശാരവും
ഉറങ്ങുമ്പോൾ ആചാരവും ഇല്ല-

ഉണ്ണുമ്പോൾ കൊതിച്ചെങ്കിലെ ഉരുള കിട്ടു

ഉണ്മാൻ ഇല്ലാഞ്ഞാൽ വിത്തുകുത്തി ഉണ്ണുക;
ഉടുപ്പാൻ ഇല്ലാഞ്ഞാൽ പട്ടുടുക്ക

ഉണ്മാൻ കൊടുത്താൽ അമ്മാച്ചൻ
അല്ലെങ്കിൽ കുമ്മാച്ചൻ

ഉത്തമനു ഊശാന്താടി
മൂഢനു കാടും പടർപ്പും

ഉത്സാഹം ഉണ്ടെങ്കിൽ അത്താഴം ഉണ്ണാം

ഉത്സാഹം ഉണ്ടെങ്കിൽ ഉനനും ഊക്കനാം

ഉത്രാടം ഉച്ചയാകുമ്പോൾ
അച്ചിമാർക്കൊക്കെ വെപ്രാളം

 

ഉദകക്രിയ ചെയ്ത കൈകൊണ്ടു
ശേഷക്രിയയും ചെയ്യണമൊ

ഉന്തി കയറ്റിയാൽ ഊരിപ്പോരും

ഉന്തിത്തള്ളുന്ന അച്ചിക്കു
നിരങ്ങി അടുക്കുന്ന നായർ

ഉപകാരമില്ലാത്ത ഉലക്കെക്കു
രണ്ടു തലെക്കും ചുറ്റുകെട്ടുന്നതിനെക്കാൾ
തന്റെ കഴുത്തിൽ കല്ലു കെട്ടി
കിണറ്റിൽ ചാടി ചാകുന്നതു ഏറെ നല്ലതു

ഉപായം കൊണ്ടു കഷായം വെക്കുക

ഉപ്പിൽ ഇട്ടതു ഉപ്പിനെക്കാൾ പുളിക്കയില്ല

ഉപ്പിനോടുക്കുമൊ ഉപ്പിട്ടവട്ടി

ഉപ്പിരുന്ന കലവും ഉരുട്ടിരുന്ന മനവും പഴക്കത്തിനില്ല

ഉപ്പിരുന്ന പാത്രവും ഉപായം നിറഞ്ഞ
നെഞ്ചും ഉരുട്ടിപ്പൊട്ടിക്കാതെ താനെപൊട്ടും

ഉപ്പു തിന്നാൽ വെള്ളം (തണ്ണീർ)കുടിക്കും

ഉപ്പുപോലെ വരുമൊ ഉപ്പിലിട്ടതു

ഉപ്പുംവിറ്റു നടക്കുന്നവനു
കർപ്പൂരത്തിന്റെ വിലയറിയാമൊ

ഉരത്ത പാമ്പിനു ഉരത്ത വട

ഉരലിലിരുന്നാൽ ഉലക്ക കൊള്ളും

ഉരൽചെന്നു മദ്ദളത്തോടു അന്യായം

ഉരിനെല്ലുള്ളവനും ഓരേർ
പോത്തുള്ളവനും ഒപ്പം തിളച്ചാലോ

ഉരിനെല്ലൂരാൻ പോയിട്ടു
പത്തുപറ നെല്ലു പന്നി തിന്നു

ഉരിയ കൊടുത്തു ഊപ്പ വാങ്ങിക്കു
(കൊള്ളു)ന്നതിനേക്കാൾ നാഴി കൊടുത്തു
നല്ലതു വാങ്ങണം(കൊള്ളണം)

ഉരുട്ടിനും പിരട്ടിനും ഒടുക്കം ചിരട്ട

ഉരുട്ടും പിരട്ടും

ഉരുളുന്ന കല്ലേൽ പിരളുമൊ പായൽ

ഉരുളെക്കു ഉത്തരം പറയരുതു

ഉരുളെക്കു ഉപ്പെരി കൊടുക്കുന്നപ്രകാരം

ഉറക്കത്തിൽ കാലുപിടിച്ച പോലെ

526 ഉറക്കത്തിൽ പണിക്കത്വം ഇല്ല

ഉറക്കം വരാത്തതു കിടക്കയുടെ കുറ്റം

ഉറങ്ങുന്ന കുറുക്കൻ കോഴിയെ പിടിക്കയില്ല

ഉറങ്ങുന്നതും ഉപകാരത്തിലുറങ്ങണം

ഉറുമ്പു ഓണം കരുതുമ്പോലെ

ഉർവ്വശീശാപം ഉപകാരമായ് തീർന്നു

ഉള്ള കഞ്ഞിയിലും പാറ്റാ വീണു

ഉള്ളതിൽ പങ്കും ഓലക്കീറും

ഉള്ളതു പറഞ്ഞാൽ ഉറിയും ചിരിക്കും

ഉള്ളതെല്ലാറ്റിലും നല്ലതു വിദ്യയാം

ഉള്ളാപ്പൊളോണം പോലെ ഇല്ലാത്തപ്പോൾ പട്ടിണി

ഉള്ളി തൊലിച്ചതു പോലെ

ഉള്ളുരുക്കത്തിനു് ചികിത്സയില്ലാ

ഉഴിഞ്ഞെറിവാൻ നെല്ലുമരിയുമുണ്ടെങ്കിൽ
കണ്ടുപിടിപ്പാൻ ബാധയുമുണ്ടു

ഊക്കറിയാതെ തുള്ളിയാൽ ഊര രണ്ടുമുറി

ഊടും പാവും പോലെ

ഊട്ടിനു മുമ്പും ചൂട്ടിനു പിമ്പും

ഊട്ടുകേട്ട പട്ടർ, ആട്ടുകേട്ട പന്നി, എന്തൊരു പാച്ചൽ

ഊട്ടും കാണാം ഉപ്പും വിൽക്കാം

ഊണിനു രാജാവ്, ഊഴിയത്തിനു ചച്ചാപിച്ചാ

ഊനങ്ങൾ വന്നാൽ ഉപായങ്ങൾ വേണം

ഊന്നു കുലയ്ക്കുമോ വാഴ കുലയ്ക്കുമോ

ഊമരിൽ കൊഞ്ഞൻ സർവ്വജ്ഞൻ

ഊരിക്കുത്താൻ നേരമില്ലാഞ്ഞിട്ടു ഉറയോടെ കുത്തി

ഊരുണ്ടെങ്കിൽ ഉപ്പുവിറ്റും കഴിക്കാം

 

 

എച്ചിൽകുഴിയിലെ ചപ്പുപോലെ

എടുത്തപേറ്റിയെ മറക്കൊല്ലാ

എടുത്തുചാടിയ പൂച്ച എലിയെ പിടിക്കയില്ല

എട്ടാമത്തെ പെണ്ണെത്തിനോക്കുന്നെടം മുടിയും

എട്ടേട പൊട്ടേട

എണ്ണകാണുമ്പോൾ പുണ്ണുനാറും

എണ്ണമൊത്താല്പോരാ, വണ്ണവുമൊക്കണം

എണ്ണാഴിയുംതിന്നു ഏഴിയനെപ്പോലെ

എണ്ണി എണ്ണി കുറുകുന്നിതായുസ്സും,
മണ്ടിമണ്ടി കരേറുന്നു മോഹവും

എണ്ണിയപയറു അളക്കെണ്ടാ

എനിക്കു നിന്റെ ചൊല്ലും ചെലവുംഅല്ലല്ലോ

എനം എനത്തിൽ ചേരും,
എരണ്ട വെള്ളത്തിൽ ചേരും

എന്തുചെയ്തു പണ്ടുള്ളോർ
എന്നറിഞ്ഞിട്ടു ചെയ്യണം

എന്തെങ്കിലും ഒരു നല്ലതും തണ്ണിയതും
കഴിപ്പാൻ തുടങ്ങുമ്പോൾ ചട്ടിയൊ
വിട്ടിയൊ മറ്റൊ നോക്കീട്ടല്ലെ മുടക്കം വരുന്നതു?

എന്നാലന്നു കാക്ക മലന്നുപറക്കും

എന്നെക്കണ്ടാൽ കിണ്ണംകട്ടെന്നു തോന്നുമൊ?

എന്റെ ആശാന്റെ ​‌എഴുത്തെ
എനിക്കു വായിച്ചുകൂടു

എംപ്രാന്റെ വിളക്കത്തു
വാരിയന്റെ അത്താഴം

എരിഞ്ഞുനിൽക്കുന്നതീയിൽ
എണ്ണ ഒഴിക്കുമ്പോലെ

എരിശ്ശേരിയിൽ കൈ മുക്കിയവൻ

എരുമക്കിടാവിനു് നീന്തംപഠിപ്പിക്കെണ്ടാ

എരുമെക്കടുത്തതു അകത്തും,
പോത്തിനടുത്തതുപുറത്തും

എറുമ്പിന് ഇറവെള്ളം സമുദ്രം

എലിക്കു മരണവേദന, പൂച്ചക്കു വിളയാട്ടം

എലിക്കുഞ്ഞിനെ നെല്ലുകൊറിക്കാൻ പഠിപ്പിക്കേണമോ

എലി നിരങ്ങിയാൽ പിട്ടം തഴകയില്ല-

എലി, പന്നി, പെരിച്ചാഴി, പട്ടരും,
വാനരൻ തഥാ, ഇവർ ഐവരും
ഇല്ലെങ്കിൽ മലയാളംമഹോത്സവം-

എലിപിടിക്കുംപൂച്ച കലവും ഉടെക്കും

എലിപ്പുലയാട്ടിനു മലപ്പലയാട്ടു

എലിയുടെ കണ്ണുനിറഞ്ഞാലും
പൂച്ച കടിവിടുകയില്ല

എലിയെ തോല്പിച്ചു ഇല്ലംചുട്ടാൽ
എലി ചാടിയുംപോം ഇല്ലം വെന്തുംപോം

എല്ലാ ഗർഭവും പെറ്റു ഇനി
കടിഞ്ഞൂൽ ഗർഭമെ പെറേണ്ടു

എല്ലാഭഗവതിയും വെളിച്ചപ്പെട്ടു,
മുപ്പീരിച്ചിപ്പോതിയെ ഉള്ളൂ വെളിച്ചപ്പെടാൻ

എല്ലാമാരയാനും തണ്ടിന്മേൽ,
ചങ്കരമാരയാൻ തൊണ്ടിന്മേൽ

എല്ലാരും തേങ്ങാഉടെക്കുമ്പൊൾ
ഞാൻ ഒരു ചിരട്ട എങ്കിലും ഉടെക്കെണ്ടയൊ

എല്ലാരും പല്ലക്കേറിയാൽ ചുമപ്പാനാളവേണ്ടെ

എല്ലാ .അറിഞ്ഞവനുമില്ല, ഒന്നും അറിയാത്തവനുമില്ല

എല്ലുമറിയ പണിതാലെ പല്ലുമുറിയ തിന്നാവു

എളിയൊരെകണ്ടാൽ എള്ളുംതുള്ളും

എള്ളിലും ചൊള്ളിലും ചൊള്ളായാലൊ

എള്ളിലെവാരം മുതിരയിൽതീരും

എള്ളിൽവീണ ഒച്ചുപോലെ

എള്ളു ചോരുന്നതു കാണും,
തേങ്ങാചോരുന്നതറികയില്ല

എള്ളൊളംതിന്നാൽ എള്ളൊളംനിറയും

എഴുകോൽ പുരയിൽ എൺകോൽ കന്തം

ഏച്ചുകെട്ടിയാൽ മുഴെച്ചിരിക്കും

ഏടെക്കും മോഴെക്കും ചുങ്കംഇല്ല

ഏട്ടിൽ അപ്പടി പയറ്റിൽ ഇപ്പടി

ഏട്ടിൽകണ്ടപശു പുല്ലുതിന്നുകയില്ല

ഏട്ടിൽകണ്ടാല്പോരാ, കാട്ടിക്കാണണം

ഏട്ടിൽചുരക്കാ കറിക്കാകാ

ഏറുന്ന കുരങ്ങിനു ഏണിവേണമോ

ഏറെ ചിരിച്ചാൽ കരയും

ഏറെചിരി മടയന്റെ ലക്ഷണം

ഏറെ പഠിത്വമുള്ള ഗൌളിക്കു
കാടിക്കലത്തിൽ അപായം

ഏറെപറയുന്നവന്റെവായിൽ
രണ്ടുപണം (ഒരുപണംപിഴ)

ഏറെപ്രിയം അപ്രിയം

ഏറെബുദ്ധിയുള്ള പൊന്മാൻ
കിണറ്റിലല്ലെമുട്ടയിടുന്നതു

ഏറെവലിച്ചാൽ കോടിയും കീറും

ഏറെവിളഞ്ഞാൽ വിത്തിനാകാ

ഏറെവെളുത്താൽ പാണ്ടു

ഏറ്റില്ലെങ്കിൽ തോറ്റില്ല

ഏറ്റുമാറ്റും ഇല്ലാത്തജാതി

Exit mobile version