Keralaliterature.com

മലയാള പഴഞ്ചൊല്ലുകള്‍ (മ)

(പൈലോ പോള്‍
സമാഹരിച്ചതില്‍നിന്ന്
തിരഞ്ഞെടുത്തത്)

മകംപിറന്ന മങ്ക, പൂരാടംപിറന്ന പുരുഷൻ

മകൻചത്തിട്ടെങ്കിലും മരുമകളുടെ
ദുഃഖം കാണണമെന്നോ

മകരം (മേടം)വന്നാൽ മറിച്ചെണ്ണെണ്ടാ

മകരമാസത്തിൽ മഴപെയ്താൽ
മലയാളം മുടിഞ്ഞുപോകും

മക്കത്തുചെന്നു ചിരെച്ചാൽ പൊതിയാ
തേങ്ങായോളം പൊന്നു കിട്ടും,
അവിടെ കൊടുത്താൽ അരി മുഴക്കെകിട്ടും

മക്കൾ ഉണ്ടെങ്കിൽ പടെക്കൽ കാണാം

മക്ക(ൾ) ച്ചോറു ദുഖച്ചോറു

മക്കൾക്കു മടിയിൽ ചവിട്ടാം,
മരുമക്കൾക്കു തൊടിയിൽ
(വളപ്പിൽ) ചവിട്ടിക്കൂടാ

മച്ചി അറിയുമോ ഈറ്റുനോവു

മഞ്ഞച്ചേര മലർന്നു കടിച്ചാൽ
മലനാട്ടിലെങ്ങും (മലയാളത്തെങ്ങും) മരുന്നില്ല

മടി കുടികെടുത്തും

മടിയൻ മലചുമക്കും.

മടിയിലരി ഉണ്ടെങ്കിൽ
പെങ്ങളുടെ വീടു ചോദിക്കണമോ

മടിയിൽ ഘനം ഉണ്ടെങ്കിലെ
വഴിയിൽ ഭയം ഉള്ളൂ

മട്ടുകുടിച്ചാൽ മട്ടനാകും

മണൽ കൊണ്ടു അണകെട്ടുക

മണൽകൊണ്ടു കയറുപിരിച്ചപോലെ

മണൽ പിരിച്ചു നൂലാക്കി

മണൽ വാരാൻ അനുവാദം ചോദിക്കുമ്പോലെ

മണലിൽ പെയ്ത മഴപോലെ

മണ്ണച്ചിക്കു മരനായരു

മണ്ണട്ട ആർക്കുന്നതുപോലെ

മണ്ണുതിന്നുന്ന മണ്ഡലിയെപോലെ

മണ്ണുതിന്നെങ്കിലും മണ്ണേൽ കിടക്കണം

മണ്ണുമൂത്താൽ വെട്ടിവാഴും,
പെണ്ണൂമൂത്താൽ കെട്ടിവാഴും

മദമിളകിയ ആനയെപോലെ

മദയാനയ്ക്കൊപ്പം കുഴിയാനവരുമോ

മധുരത്തിൽ ഉത്തമം വായ്മധുരം

മധുരമുള്ള വാക്ക് മനസ്സു തകർക്കും

മനസ്സിൽ ചക്കര മധുരിക്കുകയില്ല

മനസ്സിലാകാതെ മനസ്സിലായെന്നു പറഞ്ഞാൽ
മനസ്സിലായതും മനസ്സിലാകാതെ പോകും

മനസ്സിൽ കാണുമ്പോൾ മരത്തേൽ കാണും

മനസ്സുപോലെ മംഗല്യം

മനസ്സൊപ്പമായാൽ ഉലക്കമേലും കിടക്കാം

മനുഷ്യൻ നായും കാക്കയും ആയ്പോകരുത്

മനോരമ്യം രമ്യം (രസം രസം രഞ്ജനരഞ്ജന)
എങ്കിൽ ചാണകപ്പാട്ടയും (കുന്തിയും) സമ്മന്തി

മന്തുകാലൻറെ കാത്തളപോലെ

മന്തുകാലൻറെ തൊഴിപോലെ

മന്ത്രം കൊണ്ടു മാങ്ങാ വീഴുകയില്ല

മന്ത്രിക്കൊത്തപടി

മയിൽ തിന്ന അച്ചിയെപ്പോലെ

മയിലാടുമ്പോലെ ചെമ്പോത്താടുമോ

മരത്തിനു വേർ ബലം, മനുഷ്യനു ബന്ധുബലം

മരമില്ലാ നാട്ടിൽ ആവണക്കു മഹാമരം

മരിക്കാതിരിപ്പാൻ ജനിക്കാതിരിക്കണം

മരുന്നും വിരുന്നും മൂന്നുനാൾ

മരുമക്കളെ പേടിപ്പിക്കാൻ മക്കളെ അടിക്ക

മറക്കലം, തുറക്കലം, പിന്നെ പനക്കലം,
പിന്നെയതു പാൽക്കലം

മറയിൽവെച്ചു മദ്ദളം കൊട്ടുന്നതെന്തിനു

മലങ്കാക്ക കരഞ്ഞാൽ വിരുന്നുവരും

മലടിക്കറിയാമോ പിള്ളനൊമ്പലം

മലയാംഭാഷക്ക് തുപ്പായി (ദ്വിഭാഷി) വേണമോ

മലയോടു കൊണ്ടാക്കലം എറിയല്ലേ

മലർന്നുകിടന്നു തുപ്പിയാൽ മാറത്തു വീഴും

മല്ലൻപിടിച്ചെടം മർമ്മം

മഴനനയാതെ പുഴയിൽ ചാടുക

മഴയത്തുള്ള എരുമയെപ്പോലെ

മാക്രികരഞ്ഞു മഴപെയ്യിച്ചു

മാങ്ങാപഴുത്താൽ താനെ വീഴും

മാണിക്കക്കല്ലുകൊണ്ടു മാങ്ങഎറിയുന്നുവോ

മാണിക്കക്കല്ലു പന്തീരാണ്ടു കുപ്പിയിൽ
കിടന്നാലും മാണിക്കക്കല്ലു തന്നെ

മാനംകെട്ടും പണംനേടിക്കൊണ്ടാൽ
മാനക്കേടപ്പണം പോക്കിക്കൊളളും

മാപ്പിള തൊട്ടുതിന്നും മാക്രി
കടിച്ചുചത്തും കേട്ടിട്ടുണ്ടോ

മാമാങ്കക്കടവത്തുകണ്ട പരിചയംകൂടിയില്ല

മാരിപോലെ വന്നാലും
മഞ്ഞുപോലെ ആകും

മാറാത്ത വ്യാധിക്ക് എത്താത്ത മരുന്ന്

മിഞ്ചികൊടുക്കാഞ്ഞാൽ മീശ വരികയില്ല

മിണ്ടാപ്പൂച്ച കലമുടക്കും

മിനുക്കാമുത്തു മിനുങ്ങുകയില്ല

മിന്നുന്നതെല്ലാം പൊന്നല്ല

മീത്തലെകണ്ടത്തിൽ ഉറവുണ്ടായാൽ
താഴെകണ്ടത്തിലും വരും

മീൻകണ്ടം വേണ്ടാത്ത പൂച്ച ഉണ്ടോ

മീനിനെ കാണുംവരെ പൊന്മാൻ സന്യാസി

മുകന്തായം (മോന്തായം) വളഞ്ഞാൽ(തെറ്റിയാൽ)
അറുപത്തിനാലും വളയും (തെറ്റും)

മുഖമയ്യാഞ്ഞാൽ കണ്ണാടി ഉടെക്കരുത്

മുട്ട ഉടക്കാൻ കുറുവടി വേണമോ

മുട്ടുണ്ടെങ്കിൽ ഇഷ്ടം പോകും

മുട്ടുശാന്തിക്ക് ഏൽപ്പിച്ചാൽ കാശിക്കു പോകാം

മുണ്ടകൻ വെച്ചിട്ടു മൂലയിലൊളിച്ചു

മുണ്ടോൻനട്ടുമുങ്ങണം, വിരിപ്പുനട്ടുണങ്ങണം

മുതല പിടിച്ചാൽ മുതലയെ തഴുകണം

മുതിരക്ക് മൂന്നുമഴ

മുതുകിൽ പുണ്ണുള്ളവനെ
വേലിനൂരാൻ ഭയമുള്ളൂ

മുത്തിനല്ലാതെ ചിപ്പിക്കുണ്ടോ വില

മുത്തിനു മുങ്ങുന്നേരം
അളിയൻ പിടിക്കണം കയർ

മുത്തി വളർത്തിയ കുട്ടിയും
മുക്കോകുടിയിലെ നായും ഒരുപോലെ

മുപ്പത്തൊമ്പതു ദിവസം കട്ടുതിന്നാൽ
നാൽപതാംദിവസം ഉമ്മരപ്പടി വിളിച്ചു പറയും

മുമ്പല്ലുകൊണ്ടു ചിരിക്കയും
അണപ്പല്ലുകൊണ്ടു ഞറുമ്മുകയും

മുമ്പിൽ കിടക്കുന്ന മുതലയെ പേടിച്ചു
പുറകിൽ കിടക്കുന്ന കടുവായുടെ
വായിൽ ചാടിയാലോ

മുമ്പെപോകുന്നവൻ വിടുകയ്യനെങ്കിൽ
പുറകെപോകുന്നവൻ പൊട്ടക്കണ്ണൻ

മുറി പൊറുത്താലും കലകിടക്കും

മുറിപ്പണി ഇട്ടിട്ടുപോയാൽ
മുറിപ്പാമ്പ് കടിക്കും

മുറിപ്പാട്ടുകൊണ്ടങ്ങു ചെന്നാൽ മുഴുവൻ
പാട്ടുകേൾക്കാം രണ്ടാട്ടും കേൾക്കാം

മുറിവൈദ്യൻ ആളെക്കൊല്ലും,
മുറിഹജ്ജി ദീൻകൊല്ലും.

മുറ്റത്ത്‌ മുല്ലെക്കു മണമില്ല

മുലകുടി മാറിയാൽ ഒരുകുടി വേണം

മുലകൊടുത്ത അമ്മയേക്കാൾ വലുതൊ
മുത്തം കൊടുത്ത ഭാര്യ

മുലക്കണ്ണു കടിക്കുമ്പോൾ കവിൾക്കുമിടിക്കേണം

മുലയറുതി മുന്നാഴി

മുലവീണാൽ മാറുതന്നെ താങ്ങണം

മുല്ലപ്പുവിന്റെ ഗുണത്താലേ
വാഴനാരിനും മോക്ഷം

മുളെക്കുമ്പോളറിയാം കുരുപ്പിന്റെ ഉറപ്പ്

മുള്ളിന്മേൽ ഇലവീണാലും ഇലമേൽ
മുളളുവീണാലും നാശം ഇലെക്കു

മുളളു നട്ടാൽ കാലുസുക്ഷിക്കണം

2226 മുളളുപിടിക്കിലും മുറുക്കനെ പിടിക്കണം

മുളളടുക്കാ൯ മുളളുവേണം

മൂക്കറുത്തെങ്കിലും ശകുനപ്പിഴ കാണിക്കണം

മൂക്കിൽകൂടെ ഉണ്ടാൽ നിറയുമൊ

മൂക്കിനെക്കാൾ വലിയ മുക്കുത്തി

മൂക്കില്ലാത്ത നാട്ടിൽ മുറിമൂക്ക൯
മുപ്പ൯ (ചമ്പ൯, രാജാവ്)

മൂത്തതു നന്നെങ്കിൽ മൂന്നും നന്നു

മൂത്തെടത്തോളമെ കാതൽ ഉണ്ടാകൂ

മൂത്തോരെ ചവുട്ടിയാൽ മൂന്നിടം
പഴുക്കും എളയോരെ
ചവുട്ടിയാൽ ഏഴിടം പഴുക്കും

മൂത്തോർവാക്കും മുതുനെല്ലിക്കയും
മുമ്പിൽ കൈക്കും പിന്നെ മധുരിക്കും

മൂന്നാമത്തെ പെണ്ണ് മുടിവെച്ചു വാഴും

മൂന്നൊന്നായാൽ മുക്കൊലപെരുവഴിതുണ

മൂരിയോടു ചോദിച്ചിട്ടു വേണമൊ നുകം വെയ്പ്പാൻ

മൂർഖനെ തിന്നുന്ന നാട്ടിൽ
ചെന്നാൽ മൂർഖനെ തിന്നണം

മൂർഖൻ പാമ്പു കടിച്ചിട്ടു
പുല്ലിൽ തേച്ചാൽ പോകുമോ

മൂലം മറന്നാൽ വിസ്മൃതി

മൂവർകൂടിയാൽ മുറ്റം അടിക്കാ

മുളിയവീട്ടിൽ തീക്കുപോകരുത്

മെത്തമേൽ കിടന്നാൽ വിദ്യയുണ്ടാകയില്ല

മെല്ലെ തിന്നാൽ മുള്ളും തിന്നാം

മേൽപടർപ്പുമില്ല, കീഴ് കിഴങ്ങുമില്ല

മേലൊട്ടുപോയ മഴുവിനു
ഒരു കൊച്ചുവള്ളവും തീർന്നു

മൊട്ടത്തലയും കുടുമ്മിയും
കൂടെ കൂട്ടിക്കെട്ടുന്നവൻ

മൊഴിമുട്ടുമ്പോൾ കൊഞ്ഞനം കാട്ടരുത്

മോങ്ങാൻ (മുഴങ്ങാൻ) നിൽക്കുന്ന
നായിന്റെ തലയിൽ തേങ്ങാ പറിച്ചിട്ടാലൊ(വീണാലൊ)

മൗനംകൊണ്ടു മദവാനെയും ജയിക്കാം

മൗനം സർവ്വോത്തമം

Exit mobile version