കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടി താലൂക്കിലെ മേപ്പയൂര്‍ പഞ്ചായത്തിലുളള ദേവീക്ഷഷേത്രമാണ് കൊഴുക്കല്ലൂര്‍ ശ്രീചെറുശ്ശേരിക്ഷേത്രം. കൃഷ്ണഗാഥാകാരന്‍ ചെറുശ്ശേരി ഇവിടെ ഉപാസന നടത്തിയിരുന്നുവെന്ന് വിശ്വസിക്കുന്നു. ഭഗവതിയോട് ഒരു സ്ത്രീരത്‌നത്തിനുണ്ടായിരുന്ന അഗാധമായ ഭക്തിയുടെ ഫലമായി നാഴികകള്‍ക്കപ്പുറത്തു നിന്നും ദേവി ഇവിടേക്ക് എഴുന്നള്ളി അയ്യപ്പന്റെ സമീപം താമസമാക്കി എന്നാണ് കഥ. 600 വര്‍ഷങ്ങള്‍ക്കുമുമ്പ് സ്ഥാപിക്കപ്പെട്ടതാണ് ഈ ക്ഷേത്രം. കേരളത്തില്‍ അപൂര്‍വമായിമാത്രം കാണുന്ന ബഹുവേര സമ്പ്രദായത്തിലുള്ള പ്രതിഷ്ഠയാണിവിടെ. ഇപ്പോഴും കായ്ക്കുന്ന പ്ലാവില്‍നിന്നും നൂറ്റാണ്ടുകള്‍ക്ക് മുമ്പു തുരന്നെടുത്ത കാതലായ മണിതൂണ്‍ ആണ് പ്രധാനപ്രതിഷ്ഠ. സമീപത്തെ പറമ്പില്‍സ്ഥിതിചെയ്യുന്ന പ്ലാവിനെ ഇപ്പോയും ഭക്തിപൂര്‍വ്വമാണ് പ്രദേശവാസികള്‍ നോക്കികാണുന്നത്. കൃഷ്ണഗാഥാ ഗ്രന്ഥത്തിന്റെ താളിയോലയില്‍ എഴുതിയ പ്രതിയാണ് ഇവിടെ പൂജിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. ചിങ്ങമാസം മുഴുവന്‍ കൃഷ്ണഗാഥാ പാരായണവും ചിങ്ങത്തിലെ പൗര്‍ണമിനാളില്‍ ചെറുശ്ശേരി അനുസ്മരണപരിപാടികളും ഇവിടെ നടത്തിവരുന്നു. ചെറുശ്ശേരി ചതുരംഗത്തില്‍ പ്രാവീണ്യം നേടിയത് ഈ ക്ഷേത്രാങ്കണത്തില്‍ വച്ചാണെന്നാണ് വിശ്വാസം. ഇവിടെ ചെറുശ്ശേരി സ്മൃതിയില്‍ 'ചതുരംഗ' പുനരാവിഷ്‌കാരം നടത്താറുണ്ട്. 2012 ല്‍ നടന്ന ചതുരംഗ' പുനരാവിഷ്‌കാരത്തില്‍ 16 വിരല്‍ സമചതുരത്തില്‍, 64 വിരല്‍ ചുറ്റളവുള്ള, 64 കളങ്ങളുള്ള മുള്ളിലവിന്‍ തടികൊണ്ടുള്ള പലകയും ആന, കുതിര, തേര്, കാലാള്‍ എന്നിവയുള്‍പ്പെടുന്ന ചതുരംഗ സേനയെയും കൂടാതെ, ദേവനും മന്ത്രിയും കരുക്കളും നിര്‍മ്മിച്ചിരുന്നു. അന്തഃസാര വൃക്ഷമായ കരിമരുത്, ബഹിസ്സാരവൃക്ഷമായ തെങ്ങ്, നിസ്സാര വൃക്ഷമായ മുള്ളിലവ്, സര്‍വസാര വൃക്ഷമായ കൊന്ന എന്നിവകൊണ്ടാണ് കരുക്കള്‍ നിര്‍മ്മിച്ചത്.