Site icon
Keralaliterature.com

ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ കൃതികള്‍

കവിതാസമാഹാരം

തുഷാരഹാരം

 

കഴിഞ്ഞകാല്യം

കുട്ടിക്കതിരവനബരലക്ഷ്മിതൻ
പട്ടുടയാടയിൽ തൂങ്ങിടുമ്പോൾ,
ഞെട്ടിയുണർന്നൊരു ബാലമരുത്തു പൂ-
മൊട്ടിനെത്തട്ടിയുണർത്തിടുമ്പോൾ,
ഇങ്ങിനിയെത്താതെ പോയൊരെൻ ബാല്യത്തിൻ
മങ്ങിയോരോ നിഴൽ കാണ്മൂ ഞാനും.

ബാല്യം-എൻ ജീവിതവാസരം തന്നുടെ
കാല്യം-കലിതാഭമായ കാലം,
പിച്ചനടക്കുവാനമ്മ പഠിപ്പിച്ച
പൊൽച്ചിലമ്പൊച്ചയുതിരും കാലം,
ആവർത്തനോത്സുകമാകുമാ വേളക-
ളീ മർത്ത്യനെങ്ങനെ വിസ്മരിക്കും ?

മങ്ങിക്കിടപ്പതുണ്ടിമ്മലർമുറ്റത്താ
മംഗളജ്യോതിസ്സിൻ കന്ദളങ്ങൾ;
കണ്ണീരിൽച്ചാലിച്ച പുഞ്ചിരിയെത്രയീ
മണ്ണിനു ഞാനന്നാളേകിയില്ലാ;
എണ്ണിയാൽ തീരാത്തൊരെത്ര കഥകള-
ന്നെന്നോടീ മാകന്ദമോതിയില്ലാ!
മാമകബാല്യമെനിക്കതിമോഹന-
മാകുമൊരാരാമം തീർത്തിരുന്നു;

 

ആന്ദദായകമാകുമപ്പൂവന-
മാനന്ദനോപമമായിരുന്നു;
കാലത്തിൻകൈവിരൽത്തള്ളലാൽ ഞാനെത്ര
കാതങ്ങൾ പിന്നിട്ടു നില്പതിപ്പോൾ!
പച്ചിലക്കാട്ടിൽപ്പറക്കും കിളികളെൻ
കൊച്ചുകൈത്തണ്ടിൽ കളിച്ചിരുന്നു;
പൊൻപ്രഭ ചിന്നുന്ന തുമ്പികളെന്മുഖം
ചുംബിച്ചെൻമുന്നിൽ പറന്നിരുന്നു;
ആയവയിന്നെന്നെക്കാണുമ്പോൾ പേടിച്ചു
പായുന്നു, ഞാനിത്ര പാപിയെന്നോ!
മാന്യമാമെന്നുടെ മന്ദിരമന്നെല്ലാം
ശൂന്യതയ്ക്കാവാസമായിരുന്നു;
നാലഞ്ചുകമ്പിനാൽ തീർത്ത കുടിലിൽ ഞാൻ
നാകത്തെ നിത്യവും കണ്ടിരുന്നു;
പ്ലാവിലക്കുമ്പിളിൽപ്പൂഴിച്ചോറന്നെല്ലാം
പാലിലും പ്രീതിദമായിരുന്നു!

ഞങ്ങൾ

മനുജരിനിയെന്തൊക്കെയോതിയെന്നാലുമെൻ—
‘വനജ’യെ മറക്കുവാനാളല്ല ഞാൻ ദൃഢം.
ചലിതജലഭിംബിതമായ നേർ ശാഖിയിൽ
വളവധികമുണ്ടെന്നു തോന്നുന്നപോലവേ
കൂലടയവളെന്നുള്ള കാഹളമൂതുന്ന
കുടിലഹൃദയങ്ങളേ, നിങ്ങൾക്കു മംഗളം!
കദനപരിപൂർണമെൻ ജീവിതവീഥിയിൽ
കതിരൊളി വിരിക്കുമക്കമ്രദീപത്തിനെ
-വ്രണിത ഹൃദയത്തിന്റെ ദുർബലതന്തുവിൽ
പ്രണയസുധ പൂശുമെൻ പുണ്യത്തിടമ്പിനെ—
അരുതരുതു വിസ്മരിച്ചീടുവാൻ, ജീവിത—
മതിരുചിരമാക്കുന്നതൊന്നിസ്മരണതാൻ!
വിധിയൊടൊരുമട്ടൊക്കെ മല്ലടിച്ചീവിധം
വിജനതയിലേകനായ് ഞാനിരുന്നീടവേ,
മധുരഹസിതാർദ്രമാമാനം ചെല്ലു ചാ—
ച്ചമൃതരസമൂറിടും നർമ്മസംഭാഷണാൽ
കരളുരുകിയെത്തുമെൻ കണ്ണീർക്കണം തുട—
ച്ചവളരികിൽ നില്പതായ്തോന്നുന്നിതിപ്പൊഴും!
സതിമണികൾ കേവലം സങ്കല്പരൂപരെ—
ന്നതികഠിനമോതുന്ന നിർല്ലജ്ജലോകമേ,
ഒരു നിമമഷമെങ്കിലുമോമലിൻ സന്തപ്ത—
ഹൃദയപരിശുദ്ധിയെക്കണ്ടു തൃപ്തിപ്പെടിൻ!

 

കുലതരുണിമാരണിമാണിക്യമാമവ
ളലമിവനെയോർത്തു കരകയാണിപ്പോഴും!
ഹൃദയയുഗളത്തിന്റെ സംഘട്ടനത്തിനാ-
ലുദിതമൊരു രാഗസ്ഫുലിഗമൊന്നിത്രമേൽ
വളരൊളി പരത്തുമാ വെള്ളിനക്ഷത്രമായ്
വളരുവതു കേവലം കേഴുവാൻ മാത്രമോ?
പിഴുതുകളയുന്നതിന്നാകാത്തൊരുപ്രേമ-
ലതികയുടെ പത്രങ്ങൾ – പൊയ്‌പോയ നാളുകൾ
മരവിയുടെ പിന്നിൽനിന്നെത്തിയെന്നോർമ്മയിൽ
മധുതരചിത്രശതങ്ങൽ വരയ്ക്കയാം!

കനകമഴപൊഴിയുമൊരു കാല്യസൂര്യോജ്ജ്വലൽ-
ക്കിരണപരിരംഭണാലുൾപ്പുളകാംഗിയായ്
കുളി പതിവുപോൽക്കഴിഞ്ഞീറനുടുത്തു തൻ-
പുരികുഴലൊരശ്രദ്ധമട്ടിൽത്തിരുകിയും
ഇടതുകരവല്ലൊയിൽ നാനാകുസുമങ്ങ-
ളിടകലരുമക്കൊച്ചു പൂത്തട്ടമേന്തിയും,
അപരകരമാമന്ദമാട്ടി, യറിഞ്ഞിടാ-
തുടുപുടവതൻ തുമ്പിടയ്ക്കിടെത്തട്ടിയും
അലയിളകി നാണംകുണുങ്ങിച്ചിരിചൊരി-
ഞ്ഞൊഴുകുമൊരു കാനനപ്പൂഞ്ചോലപോലവേ
‘വനജ’വരവെണിയാളമ്പത്തിങ്കലേ-
യ്ക്കനുജനോടുകൂടിത്തൊഴാൻ മിക്കുന്നതും;
വഴിയരികിലെന്തിനോ വന്നുനിന്നീടുമെൻ-
മിഴിയിണകളാനന്ദസമ്പൂർണ്ണമാവതും;
അരുകിരണാളികളുമ്മവെച്ചിടുന്നൊ-
രരിയമൃദുചെമ്പനീർപ്പൂവുപോലാമലിൻ
തുടുതുടെ ലസിക്കുന്ന പൊങ്കവിൾക്കുമ്പിങ്ക-
ലൊരു ഞൊടിയിലായിരം ഭാവം തെളിവതും;
തളിരധരപാളിയിൽ തത്തിക്കളിക്കളിക്കുന്ന
ലളിതഹസിതങ്ങളാം കൊച്ചുപൂമ്പാറ്റകൾ
മമ ഹൃദയമിക്കിളിയേറ്റുമാറങ്ങൊരു

 

മഹിതതര മാരിവിൽ വീശി മറവതം;
കളിവനചമോരോന്നുരച്ചെന്റെ കൂട്ടുകാ-
രൊളിശരമയപ്പതും പൊട്ടിച്ചിരിപ്പതും;
തളിർനിരകളിളകുമൊരു വാരുണീവാടിയിൽ
തരളതര താരകത്താരു വിരിയവേ,
പരിമളമിണങ്ങുന്ന തെന്നലെല്ലാടവും
പരമിളകിയെത്തുന്ന പൊന്നന്തിവേളയിൽ
അമലതര ഭക്തിസംവർദ്ധനസംകീർത്തന-
ത്തിരയിളകുമോമൽതന്നാലയപ്രാന്തവും
ഒരു കനകദീപവു,മായതിൻ ചൂഴവും
ശിവ, ശിവ ജപിച്ചീരുന്നീടും ശിശുക്കളും
അധരപുടമല്പമടച്ചും വിടുർത്തിയു-
മലസഗമനംചെയ്യുമെന്നാത്മനാഥനായും
കളനിനദധാരയാലോമൽപ്പെതങ്ങൾക്കു
ചില പിഴയ്ക്കിടക്കു തിരുത്തിക്കൊടുപ്പതും
അവളുടെയൊരേട്ടനൊത്തങ്ങേപ്പുറത്തു ഞാ-
നകതളിർ കുളിർത്തുകൊണ്ടോരോന്നുരപ്പതും
തരുണിമണി നാമം നിറുത്താതെ ഗൂഢമായ്
തല പകുതി ചാച്ചുകൊണ്ടെത്തിനോക്കുന്നതും
ഇരുളിലിരുഹൃദയമൊരു ഞൊടിയിടയിലൊന്നിച്ചൊ-
രാനന്ദസൗധം രചിച്ചു തകർപ്പതും
വ്യതിചലനമല്പവുമേശാതെ കാണ്മൂ ഞാൻ
മതി,മതി,നിറുത്തട്ടെയെന്നാത്മരോദനം!……

 

കാട്ടാറിന്റെ കരച്ചിൽ

കുലഗിരിയയൊന്നിൻ കഴൽ ചുംബിക്കുന്ന
നലമെഴുമൊരു നളിനിതന്നുള്ളിൽ
ഒളിച്ചിരുന്നു ഞാനൊരായിരം കൊല്ലം
വെളിച്ചമെന്നുള്ളതറിഞ്ഞിടാതഹോ!
നവവർഷാശ്ലേഷപുളകിതയാമാ
നളിനിതന്നുള്ളം തുളുമ്പിയ നാളിൽ
കുതിച്ചു ഞാനൂഴിപ്പരപ്പിലേ,യ്ക്കെന്നാൽ
പതിച്ചിതു കഷ്ടം ശിലാതലം തന്നിൽ!
എടുത്തവിടെനിന്നിവളെ, യാവന-
പ്പടർപ്പൊരമ്മപോൽ പുണർന്നു ലാളിച്ചാൽ.
പരിചിൽ ശാന്തത പരിലസിക്കുമെൻ-
പരിസരമെല്ലാം പരമസുന്ദരം;
കളിയാടീടുവാൻ കുളിരിളം തെന്നൽ,
പുളകം പൂശുവാൻ പുതുകുസുമങ്ങൾ,
കുണുങ്ങിയോടുവാൻ തൃണതലപ്പര,-
പ്പിണങ്ങിയെന്നിലന്നഖിലഭാഗ്യവും!
പഠിക്കുവാനായിപ്പല പത്രങ്ങളും
വിടുർത്തി നിന്നിതാ വിപിനലക്ഷ്മിയാൾ.
മദീയഭാഗ്യത്തിൽ മനം മയങ്ങി ഞാൻ
മദാലസയായിച്ചരിച്ചിതക്കാലം!
തടത്തിൽ നില്ക്കുന്ന ചെടിനിരയൊന്നി-
ലിടയ്ക്കു സുസ്മിതം പൊഴിച്ചു പൂക്കളാൽ
തുളുമ്പിയാനന്ദമകക്കുരുന്നിൽ, ഞാൻ

 

പളുങ്കുമാല്യങ്ങളവയിലർപ്പിച്ചു
കിളിനിരകൾതൻ കളകളസ്വനം
കുളിരിയറ്റിയെന്നകതളിരിങ്കൽ
പകരം ഞാൻ വീണാക്വണിതം മേല്ക്കുമേൽ-
പ്പകർന്നിതന്നാളപ്പതംഗപാളിയിൽ.
തടില്ലതപോലെ തരളമേനിയിൽ
തടംതല്ലിത്തകർത്തൊലിച്ച നാളുകൾ
-മദീയജീവിതപ്രഭാതവേളകൾ-
മറഞ്ഞുപോ;-യിനി വരില്ലൊരിക്കലും!

പുറത്തുനോക്കി ഞാന പുതിയ നീഹാര-
പ്പുതപ്പു നീക്കിയന്നൊരു പുലരിയിൽ
വരണ്ട പാരിടം, ഇരുണ്ട വിണ്ടലം-
വരേണ്ടതെന്തതിൽപ്പരം ദുരിതങ്ങൾ!
ചുരുക്കിയോതിടാ, മവിടുന്നെൻ ഗതി
തിരിച്ചുവിട്ടിതാ നിയതിതൻ കരം;
പ്രഭാവധോരണിക്കഭാവമറ്റതാം
പ്രദേശമിപ്പോളെൻ പ്രവാഹപദ്ധതി.
കരുണതൻ ദിവ്യകണികകളെന്നിൽ
നിരന്തരം വന്നു പതിക്കുന്നിണ്ടിപ്പോൾ
ഒരല്ലലില്ലെനിക്കിവിടെ,യെങ്കിലും
വരുന്നതില്ല മേ സമാധാനം തെല്ലും!
ചെറുക്കുന്നെൻ ഗതി ചിറയാലേ ചിലർ
മറുത്തുപോകുവാനശക്തയാണു ഞാൻ;
മലയ്ക്കുമാഴിക്കുമിടയിൽപ്പെട്ടിപ്പോൾ
മലയ്ക്കയാണെന്നാൽ മലിനയല്ലേതും;
തിരിച്ചദിക്കിലേക്കിനിയൊരിക്കലും
തിരിച്ചുപോകുവാനൊരുങ്ങുകില്ല ഞാൻ.
എനിക്കുമുണ്ടേതോ ചിലതെല്ലാ,മൂഴി-
പ്പരപ്പിനോടൊന്നു പറഞ്ഞു പോകുവാൻ;
വരുന്ന വർഷത്തിൻ സമാഗമത്തിലെൻ-
ചിറ തകരുകിൽ കൃതാർത്ഥയായി ഞാൻ!….

 

സന്ദേശം

നിത്യവുമെത്താറുണ്ടെൻനാഥന്റെ സന്ദേശങ്ങൾ
– നിസ്തുലസ്നേഹത്തിന്റെ കല്യാണകല്ലോലങ്ങൾ –

സായാഹ്നവധൂടിയാളെന്മുന്നിലെത്തും, പട്ടു-
സാരിതന്നുള്ളിൽനിന്ന,ക്കത്തെനിക്കേകും പോകും
ആരതു തന്നെന്നു ചോദിച്ചാൽ പറയുവാ-
നാവതല്ലവൾക്കിത്ര വെമ്പലെന്താവോ പോകാൻ!
ശോണമാമമ്മുഖത്തിലെപ്പോഴും മൌനത്തിന്റെ
വീണവായനയല്ലാതില്ലൊരുത്തരം വേറെ!
തകരും ഹൃദയത്തിൽ പാവനപ്രേമാമൃതം
പകരും മമ പൂർവപുണ്യത്തിൻ തിരുനാമം
ആരാനുമുരപ്പതും കേൾക്കുകിൽ മതി,യെനി-
ക്കാനന്ദസാമ്രാജ്യത്തിൻ റാണിയായുയരുവാൻ!

അക്ഷയാക്ഷരമെഴുമാ നീലക്കടലാസി-
ലക്ഷമം പാഞ്ഞീടുമെന്നക്ഷികളത്യുത്സാഹാൽ,
സംശുദ്ധമതിലെന്റെ മാനസം മുങ്ങും, ലോകം
സംശയക്കരിമ്പടമിട്ടെന്നെ മൂടും വേഗം!
കല്മഷംപോലും സ്നേഹം, ഇത്തരം സദാചാര-
ക്കന്മതിൽക്കെട്ടിലല്ലാതെങ്ങുള്ളു ദുരാചാരം?

ആളിമാരെയും വിട്ടിട്ടേകയായാരാമത്തി-
ലാളുമുൽക്കണ്ഠയോടുകൂടി ഞാനതിഗൂഢം

 

പ്രേമലേഖനമതു വായിച്ചുമാവർത്തിച്ചും
രോമഹർഷത്താലൊന്നു പുഞ്ചിരിതൂകീടുമ്പോൾ
പറയും പതുക്കെയപ്പത്രികളെന്തോ, ചിത്തം
പതറിപ്പകച്ചു ഞാൻ നോക്കുമെൻ പരിസരം.
പുഞ്ചിരിയടക്കിക്കൊണ്ടെത്തിനോക്കീടുമാരോ
മഞ്ജുളമലർകളും മന്ദമെൻ പിറകിലായ്.
ഉച്ചലന്മരുത്തുമക്കത്തു കണ്ടതിൻ പൊരു—
ളുച്ചരിച്ചുലാത്തിടുമുമ്മറപ്പൂങ്കാവിങ്കൽ.
കണ്ണടച്ചു ഞാൻ ലജ്ജാമൂകയായ്ത്തലതാഴ്ത്തും,
കർണങ്ങൾ പരിഹാസംകേട്ടെറ്റം തഴമ്പിക്കും!….

കോമളപദാവലിയിളകിത്തെളിഞ്ഞെന്നെ—
ക്കോൾമയിർക്കൊള്ളിക്കുമസ്സന്ദേശഗാനാമൃതം
എത്രമേൽ നുകർന്നാലുമതാവതല്ലതിനെന്റെ
തപ്തമാനസത്തിനെസ്സന്തൃപ്തമാക്കീടുവാൻ!
കണ്ടിടാമതിലേറെത്തത്ത്വോപദേശം, പക്ഷേ,
കണ്ടതില്ലെന്നാഥന്റെയാഗമവൃത്താന്തങ്ങൾ
ആശിപ്പതതുമാത്രം ഞാനെന്നു, മദ്ദേഹത്തി—
നായിരം വിശേഷങ്ങളുണ്ടോതാൻ പുതിയതായ്!
ഇത്രനാളറിഞ്ഞവയൊക്കവേയപൂർണങ്ങ—
ളെന്ത്തുവാനിനിയുള്ളതൊക്കവേയവർണ്യങ്ങൾ!
നീളുമീ നിരാശയെ നിതരാം നുകരാനോ
നീയെനിക്കേകീടുന്നു നിത്യമിസ്സന്ദേശങ്ങൾ?
ലോകത്തിൻ പരിഹാസപ്പാഴ്മരുപ്പരപ്പിലി—
ശ്ശോകത്തിൻ നിഴലാം ഞാൻ മായുന്നതെന്നാണാവോ?

 

ചന്ദ്രികയിൽ

മോടികൂടീടുമാലയമലർ-
വാടിയിലിരുന്നീവിധം
ഓതുകയാണു മുഗ്ദ്ധയായ ത-
ന്നോമനയോടക്കാമുകൻ:

“സാരസാസനസൃഷ്ടികൌശല-
സാരസർവസ്വകേന്ദ്രമേ!
കണ്ണുനീരാൽ നനച്ചു നേടിയ
പുണ്യകർമ്മവിപാകമേ!
മജ്ജയക്കൊടി,യൊന്നു നീ നിന്റെ
ലജ്ജയെപ്പുറത്താക്കുക.

“പാർവണശശി പാരിടമൊരു
പാലലക്കടലാക്കവേ,
ഇക്കുളിർപ്പൊയ്ക രാഗലോലയാ-
യുൾക്കുളിരണിഞ്ഞീവിധം
പൊൻതിരച്ചുണ്ടു മന്ദമായ് വിടുർ-
ത്തിന്ദുരശ്മയെച്ചുംബിക്കേ,
നർമ്മഭാഷണചാതുര്യാൽ ലജ്ജാ-
നമ്രശീർഷയാം വല്ലിയെ
രാക്കുളിർത്തെന്നൽ തൻ വശമാക്കി-
പ്പൂക്കുലക്കുചം പുല്കവേ,

 

ഇതിതരമൊരു രാവിനെ വെറും
മുഗ്‌ദ്ധതയ്ക്കിരയാക്കൊലാ!

“തങ്കമേ! തെല്ലുനേരം നീ, നിന്റെ
തങ്കമേനി സമീക്ഷിക്കൂ;
ലോലലോചനതാരകങ്ങൾ നിൻ –
ഫാലചന്ദ്രനെപ്പുല്കുവാൻ
നിത്യവും കുതിച്ചോടിയീവിധം
നിസ്തുലാനന്ദമാളവേ,
പ്രേമശീതളമായ നിന്നുടെ
കോമളാധരയുഗ്മങ്ങൾ
തങ്ങളിൽത്തന്നെ ചുംബനം ചെയ്തു
തുംഗസൗഖ്യം നുകരവേ,
പട്ടുറൗക്കിതന്നുള്ളിൽത്തിളങ്ങും നിൻ-
കട്ടിപ്പോർക്കുചകുംഭങ്ങൾ
തമ്മിലന്യോന്യം പുല്കിയാനന്ദ-
തുന്ദിലിരായ്ത്തുളുമ്പവേ;
കെട്ടഴിഞ്ഞുകിടക്കും നിന്നുടെ
കറ്റവാറൊളികുന്ദളം
താവകാമലമേനിയാശ്ലേഷി-
ച്ചീവിധമിളകീടവേ,
എന്തിനെൻ കരസ്പർശനാൽ നിന്റെ
ബന്ധുരാംഗം ത്രസിക്കുന്നു?”
ഇത്തരം നാഥഭാഷിതം കേട്ടു
പൊത്തിയോമലാൾ കണ്ണിണ!

മംഗളമായൊരാദിവ്യ –
രംഗമെങ്ങനെ തീർന്നുവോ?……..

 

ആ വസന്തം

ആ വസന്ത,മനശ്വരം, മാമക-
ജീവിതത്തിന്റെ വിശ്വസ്തകാമുകൻ
-എൻ കുളിർ സ്വപ്നസൗധശൃംഗങ്ങളിൽ
വെൺകളിപൂശുമാനന്ദചന്ദ്രിക-
കാത്തിരിക്കുമാനിർവാണമണ്ഡലം
പേർത്തുമെത്ര തിരഞ്ഞിനിപ്പോകണം!
ഈവിധമീയിരുൾപ്പിശാചിന്നെത്ര
ജീവരക്തമിനിയും ചൊരിയണം!
ആവതെന്തു,ഞാനെത്ര കേണീടിലും
ഭാവി,യാ രംഗമെന്നും മറച്ചിടും!

ശൂന്യതയിങ്കൽനിന്നു ജനിച്ച ഞാൻ
ശൂന്യതതന്നടിയിലടിയണം!
രണ്ടിനുമിടയ്ക്കായൊരു മോഹന-
വിണ്ടലം കണ്ടുകൊൾവാൻ കൊതിക്കിലോ,
ക്ലിപ്തമില്ലാതെ നീണ്ടുനീണ്ടുള്ളൊരി-
ത്തപ്തമാം മരുഭൂവിലുഴലണം!
ആശതൻ തണൽ തേടി ഞാ,നെങ്കിലും
ക്ലേശപക്വമശിച്ചു തൃപ്തിപ്പെടാം!……..

 

കളിത്തോണിയിൽ

“ഇന്നലെ ഞാനൊരു സ്വപ്നം കണ്ടു,
ഇന്നതോന്നോതാനസാധ്യം തോഴീ!
പാതിരാവായെന്നു നീ പറഞ്ഞു
വാതിലും ബന്ധിച്ചു പോയശേഷം
പിന്നെയും പുസ്തകവായനയാൽ—
ത്തന്നെ ഞാന്നേരം കഴിച്ചുകൂട്ടി;
ഉറ്റുശ്രമിച്ചു ഞാനെങ്കിലതി—
ലൊറ്റ ലിപിപോലും നീങ്ങിയില്ലാ!
തങ്കച്ചിറകുവിരിച്ചെഞ്ചിത്ത—
പൈങ്കിളിയെങ്ങോ പറന്നിരുന്നൂ;
മെറ്റേതോ ഗ്രന്ധം തിരഞ്ഞുനോക്കി—
ച്ചുറ്റുമെൻ കണ്ണുകൾ പാഞ്ഞിരുന്നു!

എത്തുകില്ലിങ്ങിനിയെന്നു നിങ്ങ—
ളൊക്കെയുമോതുമെന്നാത്മനാഥൻ
‘മഞ്ജുളേ! മഞ്ജുളേ!’യെന്നു വിളി—
ച്ചെന്നഴിവാതിൽക്കലെത്തി മന്ദം,
‘പോരിക’യെന്നു പറഞ്ഞു പിന്നിൽ
ശാരികപോലെ പറന്നെത്തി ഞാൻ!….

തോരാത്ത കണ്ണീരും വറ്റുമട്ടി—
ലാ രാത്രിയത്രയ്ക്കു മോഹനംതാൻ!

 

രാകാശശാങ്കനും താരകളും
രാഗപരാഗം പുരട്ടി വാനിൽ;
മഞ്ജുളമഞ്ജരീപുഞ്ജമാളും
കുഞ്ജസദനത്തിൽ രാക്കിളികൾ
രാവിന്റെ മാഹാത്മ്യം വാഴ്ത്തിവാഴ്ത്തി-
ത്തൂകീ മരന്ദം പരിസരത്തിൽ;
ഓമനസ്വപ്നങ്ങൾ കണ്ടുകണ്ടി-
ബ്ഭൂമിയും കോരിത്തരിച്ചിരുന്നൂ!
ഹസ്തേന ഹസ്തം ഗ്രഹിച്ചു മോദാൽ
വൃത്താന്തമോരോന്നുരച്ചു ഞങ്ങൾ
ചന്ദ്രികപ്പൊയ്കയിൽ തത്തും രണ്ടു
പൊൻതിരയായിട്ടൊഴുകിപ്പോയി!……

ആനന്ദാലുള്ളം തുളുമ്പിനില്ക്കു-
മാഴിതൻ തീരത്തിലെത്തി ഞങ്ങൾ,
തങ്ങളിൽത്തങ്ങളിൽപ്പുല്കിപ്പോകും
ഭംഗപരമ്പര നോക്കി നിന്നൂ;
അന്തമറ്റോരക്കടലിലപ്പോൾ
പൊൻതോണിയൊന്നു കണ്ടോതി നാഥൻ;
“ഓമനേ,യിക്കടൽ ശാന്തം, നമ്മൾ-
ക്കോടിക്കളിച്ചു രസിച്ചു പോകാം.”
‘അക്കളിത്തോണിയിലേറിയാൽ നാ-
മക്കരയെത്തുമോ?’എന്നു ഞാനും;
‘ഉൾക്കരുത്തൊന്നു കരസ്ഥമാമെങ്കി-
ലൊക്കെയും സാധ്യ’മെന്നപ്പുമാനും.
എന്തി,നത്തോണിയിലേറി ഞങ്ങൾ
ചെന്തീപ്പൊരിയും ചിതറിയെന്നിൽ!
ഗാനങ്ങളോരോന്നു പാടിപ്പാടി-
സ്സാനന്ദം തോണി തുഴഞ്ഞു മന്ദം.
ഒട്ടിടയങ്ങനെ സഞ്ചരിക്കേ
മട്ടൊക്കെ മാറി, മറഞ്ഞു ചന്ദ്രൻ!
വൻ തിരമാലയിരച്ചുപൊങ്ങി-

 

യന്ധകാരാവൃതമായി വാനും!
അക്കളിത്തോണി കമഴ്ന്നു ഞങ്ങ-
ളക്കടൽമധ്യത്തിൽ ത്യക്തരായി!…”

 

ശിഥിലചിന്ത

നാകതിനുള്ളിൽ നരകം പണിഞ്ഞും
ശോകതിലാനന്ദമുദിച്ചുകണ്ടും
തീരാത്ത നാനാനിനവാർന്നോരറ്റിൻ –
തീരത്ത് ഞാനങ്ങനെ നിന്നുപോയി!

സമസ്തവസ്തുക്കളിലോന്നുപോലെ
സമത്വമില്ലായ്മ നിലച്ചിടാൻതാൻ
അമർത്യലോകത്തെയുമേക ഹസ്താ-
ലമർത്തി വാഴുന്നവനാശപോലും

വാനത്തു തൻ കീർത്തിയുയർന്നുപോവാ-
നായെതിനോക്കുന്ന ഗിരിപ്പരപ്പിൻ-
പാദങ്ങളോന്നു പരിചര്യചെയ് വു
പാവങ്ങൾ സാനുക്കൾ തൃണപ്രമാണർ.

നിലയ്ക്കു തെല്ലും കുറവേശിടാതെ
മലയ്ക്കു പച്ചക്കുട ചൂടുവാനായ്‌
താഴത്തു താപർത്തി സഹിച്ചു മേവും
സാനുക്കൾതൻ ജീവനധാര വേണം

ഒരിക്കലും തെല്ലലിവാർന്നിടാതെ-
യുറച്ച പാറക്കിടയിങ്കലൂടെ

 

ഒലിച്ചുപായുന്നു സരിൽക്കുലങ്ങ-
ളലച്ചിൽകൊണ്ടഷ്ടി കഴിചിടുന്നോർ.

സാധുക്കളക്കൂട്ടർ പരിശ്രമത്താൽ
സമ്പാദ്യമാർന്നീടിന മൌക്തികങ്ങൾ
പാറക്കു മാറത്തണിമാല ചാർത്താൻ
പാദത്തിൽ വെച്ചേ മതിയാകുകായുള്ളു.
പാരിന്റെ സൌന്ദര്യനിധാനമായി-
ത്താരിന്നു തൻ ശീർഷമുയർത്തി നിൽക്കാൻ
പരാതഹസ്സിൻ പരിഹാസഭാസ്സാൽ
താരാളി മങ്ങിതലചാചിടെണം
പാടചെളിച്ചാർത്തു മറച്ചുവെച്ചു
പാരിന്നു പച്ചപ്പുതുപ്പട്ടുടുപ്പാൻ
കാറായ കീറത്തുണി ചുറ്റി വാനം
തോരാതെ കണ്ണീരു ചോരിഞ്ഞിടെണം
ഇതാണു ലോകസ്ഥിതി, വിശ്വമതിൻ- –
വിശാലനെത്രങ്ങളോരെവിധത്തിൽ
ഇരിക്കയി,ല്ലോന്നു കരഞ്ഞിടുമ്പോൾ
ചിരിപ്പു മറ്റേ തിതിനെന്നോരന്ത്യം!
അതാ ശ്രവിപ്പുണ്ടകലെസ്സമത്വ –
വിവാദകോലാഹലവാദ്യഘോഷം;
അതിൽ പ്രപാതത്തെ നിനച്ചു പേടി-
ച്ചനേകവൃക്ഷങ്ങൾ വിറയ്ക്കയല്ലീ?
നിമ്നോന്നതാധ്വാക്കളനേകമെന്നും
പിന്നിട്ടു മുന്നോട്ടു കുതിച്ചു മേന്മേൽ
കാലപ്രവാഹം സമമായോലിക്കും
കാലം മനുഷ്യർക്കു വസന്തകാലം

 

ഭ്രമരഗീതി

പുലർകാലം പതിവുപോൽപ്പുതുതായി വിതാനിച്ച
മലർവനികയായിയിടും മണിയറയിൽ,
മിളിതാഭമിടയ്ക്കിടയ്ക്കിളകിക്കൊണ്ടിരിക്കുമ-
ക്കുളിരണിത്തെന്നലാകും കളിമഞ്ചത്തിൽ
തളിരാകും തനിപ്പട്ടാമുടയാടയുടുതിട്ട-
ഗ്ലളംതന്നിൽ ഹിമമണിപ്പതക്കം ചാർത്തി,
ക്രമമായ കായകാന്തി ചിതറികൊണ്ടേറ്റം ലജ്ജാ-
നമ്രമായ ശിരസ്സോത്തു പരിലസിക്കും
വസന്തലക്ഷ്മിയാൾ തൻറെ വരസുതയായ്‌ വിരിഞ്ഞി
വസുന്ധര വിളക്കുന്ന കുസുമത്തോത്തെ!
പലപലവേഷം കെട്ടിപ്പറന്നെതീടുന്ന ചിത്ര-
ശലഭത്തിൻ പുറംപൂച്ചിൽ മയങ്ങിയോ നീ?
അനുരാഗപത്രം വീശീട്ടനുദിനമാടുത്തെത്തു-
മവിവേകിയവൻ നിനക്കനുചിതൻതാൻ;
മഴവില്ലിന്നോളി കണ്ടു മയങ്ങുംമ്പോളപ്പുറത്തു
മഴക്കാറണ്ടെന്ന തത്ത്വം മറക്കയോ നീ?
അപ്രമേയപ്രഭാവശ്രീ തിരളുന്നോരമൂല്ല്യമാം
സുപ്രഭാതമാവൻ നിന്നെ വരച്ചുകാട്ടും.
ഒടുവിലങ്ങതു ഘോരമിടിയുംമാരിയും ചേർന്നു
കിടുകിടിപ്പിക്കും കൊടുംനിശീഥമാക്കും!
എരിതീയിൻപ്രഭകണ്ടിട്ടിരയെന്നോർത്തടുത്തെത്തും
മവിവേകിയവൻ നിനക്കനുചിതൻതാൻ !

 

അനുരാഗഗാനം പാടീട്ടണയുമീ ഭ്രമരത്തിൻ
മനതാരിൻ മഹിമ നീയറിയുന്നില്ലാ!
കുലീനല്ലിവനോട്ടും കുബെരനുമല്ലാ, പിന്നെ-
ക്കുസുമാസ്ത്രസമനൽപ്പം സുമുഖനല്ലോ;
തുടുപ്പേറ്റമിയലും നിൻ കവിൾത്തടം ച്ചുംബിക്കുവോ-
നടുത്തീടും മമ ചിത്തം തുടിച്ചിടുന്നു !
പരിമൃദുമലരേ, നീയൊരു മോട്ടായിരിക്കെ നിൻ –
പരിസാരെ പറന്നു ഞാൻ കളിച്ചിരുന്നു;
മദനമെന്നകതാരു കുളിർപ്പിക്കുവാനായന്നു
മന്ദഹാസനിലാവു നീ ചൊരിഞ്ഞിരുന്നു;
താരാട്ടായിട്ടിവനന്നു പാടും പാട്ടിൽ, പ്രേമമധ്വീ –
സാരമേറ്റമോളിച്ചന്നു ലസിച്ചിരുന്നു;
നിരവധി സുമനിര നിരന്തരം വിരിഞ്ഞിട്ടു
മരന്ദമാരുതിയെന്നാൾ ചൊരിഞ്ഞിരുന്നു
അണപോലുമതുകളിലനുരുക്തനാകാതെ ഞാൻ
പ്രണയഗാനങ്ങൾ പാടിപ്പരന്നിരുന്നു;
വിരിഞ്ഞ നിന്നതിരിറ്റ് സുഷമയെ നുകരുവാ-
നിരുളിങ്കലിരുന്നു ഞാൻ ഭാജിച്ചിരുന്നു;
ഇമ്പത്തോടിചെറുചില്ലക്കൊമ്പത്താടികളിക്കും നിൻ–
സാമ്പത്തിതധം വ്യഥാ പുല്ലിൽ പോഴിചിടുമ്പോൾ
തോന്നീടുന്നുണ്ടെനിക്കു നീയിനിയുമക്കോരകമായ്‌
തീർന്നീടുവാൻ, ഫലമെന്തു? ഫലിക്കല്ലല്ലി !

 

പ്രതീക്ഷ

പോരിക, പോരികയെന്നാശാപതംഗമേ,
കൂരിരുളെങ്ങും പരന്നീടുന്നു!
തന്നന്ത്യഗാനം പാടിപടിഞ്ഞാട്ടു
പോന്നന്തിപ്പൈങ്കിളി പാറിപ്പോയി
അല്ലിന്റെയമ്മലർവാടിയിലിന്നത്തെ
മുല്ലപ്പൂവെല്ലാം വിരിഞ്ഞുതീർന്നു
അംബുജംതന്നന്ത്യമണ്ടസ്മിതാങ്കുര –
മന്തിപ്രഭയിലലിഞ്ഞുചേർന്നു
കൂകിതളർന്നൊരു കോകിലം മുറ്റത്തെ
മാകന്ദകൊമ്പിലുറക്കമായി
ആകാശദേശത്തിലെങ്ങാനലുമേ-
ന്നാശാപതംഗമേ, പോരിക നീ !

ആരോലക്കുന്നിൻചാരുവിലുഷസ്സുതൻ-
നീരാളസ്സാരിയിളകിടുമ്പോൾ,
നാനാവിഹംഗനിനാദാലുലകൊരു
ഗാനാബ്ധിയായാല പങ്കിടുമ്പോൾ,
ആദിത്യരശ്മികളാ രത്നം വാരുവാ
നാ ദിക്കിൽ മുങ്ങിയുയർന്നിടുമ്പോൾ,
കക്കകളാകുന്ന കമ്രസുമങ്ങളെ
യോക്കവേ തെന്നൽ പെറക്കീടുമ്പോൾ ,

 

നീടുറ്റ രാഗിണീ, നീ ഞാനറിയാതെ
നീളത്തിൽക്കൂകിയുയർന്നുപോയി
നിര്ന്നിമേഷാക്ഷനായ്‌ നിൽക്കുന്നു ഞാനിദം
നിന്നെ പ്രതീക്ഷിച്ചീയന്തിയോളം
പോരിക പോരികെന്നാശാപതംഗമേ
കൂരിരുളെങ്ങും പരന്നീടുന്നു
അക്ഷയകാന്തി വഴിന്ജോഴുകീടുമാ
നക്ഷത്രലോകത്തിനപ്പുറത്തായ്
ആയോതമാകതോരത്ഭുതവസ്തുവീ
നായിട്ടലഞ്ഞു തളർന്നോടുവിൽ
ഇന്നും പതിവുപോ’ലില്ല’യെന്നോതി, നീ –
യെന്നടുതെത്താൻ മടിക്കയല്ലീ?
അല്ലെങ്കിൽ പത്രം കരിഞ്ഞുകരിഞ്ഞു നീ-
യല്ലിലെങ്ങാനും കിടക്കയല്ലീ?
വെദനാപൂർണ്ണമീ രോദനമാകും നിൻ–
വേണുനിനാദമുയർന്നിടട്ടേ!
തോരാത്ത കണ്ണീരിൻമർമ്മരം ലോകത്തെ-
ത്താരാട്ടുപാടിയുരക്കീടട്ടേ !
എൻ ചിരപുണ്ണ്യമേ മന്ദമിഴഞ്ഞു നീ
പഞ്ജരമെത്തിശയിച്ചുകൊൾക
കുടമടച്ചു ഞാനെന്മണിമച്ചിലെ
വാടാവിളക്കു കെടുത്തീടട്ടെ !

 

ജീവിതം

ജീവിതം ഹാ! ഹാ! ശുദ്ധസുന്ദര, മതിനെ ഞാ-
നീവിധം നെടുവീർപ്പാൽത്തപ്തമായ്‌ചമച്ചാലോ
തുമധു നിറയ്ക്കേണ്ട പൊന്നൊളിക്കിണ്ണത്തിങ്ക-
ലീമട്ടു കണ്ണീർപകർന്നെത്രനാൾ സൂക്ഷിക്കണം!
എന്തു ഞാൻ ചെയ്യുമാല്ലാതിന്നോളം വായിച്ചതാം
ഗ്രന്ഥമോന്നിലും കണ്ടി’ല്ലാനന്ദം’ മൂന്നക്ഷരം !
ആനന്ദഗാനങ്ങളെപ്പാടാനും പകർത്താനു-
മാ’നന്ദ’നാരമത്തിൽ പൂക്കൽക്കാണവകാശം
പാരതു വല്ലപ്പോഴുമറിയാതുട്ഘോഷിച്ചാൽ
‘പാടില്ല’യെന്നു വാനം മുരങ്ങും സ്തനിത്താൽ!
മർതൃത മധുരമായ്‌ സ്വപ്നത്തിൽ കണ്ടാൽ പിറ്റേ-
ന്നെത്തിടും പുലരിതൻ പൊൻകവിളിരുണ്ടുപോം
മാരിക്കാറണിഞ്ഞതാം വാരോളിമഴവില്ലിൻ
ചാരുതനുകർന്നു ഞാൻ നിന്നുപോയ്‌ ക്ഷണനേരം
ഞാനുമോന്നതുപോലെയാകുവാനല്ല, യതു
ഞാനാണെന്നൊരു ചിന്തയുദിച്ചു മമഹൃത്തിൽ ;
കഴിഞ്ഞു; വരച്ചോരാക്കൈകളാൽത്തന്നെ, യതിൽ
വഴിഞ്ഞു സൗന്ദര്യത്തെ ക്ഷണികപ്രഭമാക്കി!
പാടിയെൻ ഹൃദയത്തിൽ വാണോരെന്നാശാശുകി
കൂടുവിട്ടതാണെന്നോ,ളെതിയില്ലിന്നോളവും!…
അകലെത്തളിർവല്ലിയേന്തിടും പനിനീർപ്പൂ –
മുകുളം ചിരിചെന്തോ മൌനഭാഷയിലോതി

 

ഗൂഡാവബോധം തന്നെയാക്കാവ്യമേന്നാകിലും
കൂടിയോരിവർക്കെല്ലാമാശ്വാസമെകി പാരം
പാടലാധരങ്ങലാൽ പാവനസന്ദേശത്തെ
പാതിയും മൊഴിഞ്ഞിലാ പാഴ്മണ്ണിലായിയിവൾ!
പുലരിക്കുളിർപ്പുഴ നീന്തിയന്തരീക്ഷത്തെ –
പ്പുളകപ്പുതപ്പിട്ടു മൂടിയോരിളന്തെന്നൽ
മലയും മറിച്ചിടും മാതിരി നൈരാശ്യത്താൽ
തലയും തരുക്കളിൽത്തല്ലിയെങ്ങോടിപ്പോയി!
മാകന്ദമരക്കൊമ്പി, ലാനന്ദസാമ്രാജ്യത്തി,-
ലാകണ്ഠം തളിർ തിന്നു മദിച്ചു കളകണ്ഠം
നീളതിലോന്നോ രണ്ടോ കൂകിപ്പോ,യപ്പോൽത്തന്നെ
കാലത്തിൻ കൂരമ്പതിൻ തൈമേനി താലോലിച്ചു !
തളിർത്തു പിന്നീടുമതേന്മാവു പലവട്ടം
കുളിർത്ത ഗാനംമാത്രം കേവലമാശാമാത്രം!…
ആഴിയിൽ മുങ്ങിത്തപ്പിയാദിത്യനനർഘമാ-
മായിരം രത്നം വാരി വാനതിനായിട്ടെകി ;
ആകാശമാവയെല്ലാമിരുളിൻ ചാണക്കല്ലി-
ലാകുംമട്ടുരചോരോതരവും തിരിക്കുമ്പോൾ,
മഞ്ഞിനെ മാണിക്യമായ്‌ മാറ്റിടും കരങ്ങളാ
മഞ്ജുളരത്നമെല്ലാം മഞ്ചാടിയായിത്തള്ളി
ചിരി, നാം കരച്ചിലിന്നായിട്ടു മുമ്പേതന്നെ
ചോരിയുന്നതാം വെറും സ്വാഗതംമാത്രം പാർത്താൽ
ഇരുളും വെളിച്ചവും തഴുകിത്തളർന്നാൽ നാ-
മിരുപേരെയും വിട്ടിട്ടനൃത്രചേരും ശീഘ്രം.
വിരിക്കും, നമ്മൾക്കൊരു തല്പമങ്ങ, തിലന്നെ-
വരയ്ക്കും, നാം ചൊരിഞ്ഞ കണ്ണീരു താരായ്‌ക്കാണാം.

 

നിഗൂഡരാഗം

ഹാ! രോമഹർഷദമാ രഹസ്യ-
മാരോടും ഞാനുരിയാടുകില്ലാ!
എങ്കരൾ പാടുമാ മൌനഗാന-
മെങ്കിലും ലോകമറിഞ്ഞുപോയി!
ലജ്ജാവനമ്രമെന്നാസ്യ, മെന്തി-
ന്നിജ്ജഗതിങ്കൽ ഞാൻ വിസ്വസിപ്പൂ?
ചിത്ര,മെൻ ജീവചരിത്രത്തെ ഞാ-
നേത്ര നിഗൂഹനംചെയ്തെന്നാലും
അദ്ധ്യായമോരോന്നുമെന്റെ മുന്നിൽ
തത്തൽസ്വരൂപമെടുത്തുനിൽപ്പൂ
ആരുമറിയാതുറക്കറയിൽ
ധാരായ്‌ക്കണ്ണിർ ചൊരിഞ്ഞുകൊണ്ടും,
ആകാശസൗധം രചിച്ചുടച്ച-
മാനന്ദസ്വപ്നത്തെയുമ്മവെച്ചും,
സദ്രസപ്പുഞ്ചിരിപ്പൂ പൊഴിച്ചും
നിദ്രാവിഹീനം ഞാൻ മേവിടുമ്പോൾ
കല്ല്യാംഗിയാകുന്ന കാല്യലക്ഷ്മി
വല്ലാതെ നോക്കി ഹസിക്കുമെന്നെ!
എന്നുൾത്തടത്തിൻ തുടിപ്പുപോലെ
പോന്നുഷത്താരം ചലിച്ചുനിൽക്കും
മാമകചിന്തകളെന്നപോലെ
മാമലക്കൂട്ടമുയർന്നുകാണും;

 

ഓമനസ്വപ്നങ്ങളെന്നപോലെ
വ്യോമത്തിൽ മേഘങ്ങളോടിപ്പോകും
അല്ലിനോടുള്ളരെന്നാവലാതി-
യെല്ലാം കിളികളെടുത്തു പാടും;
അന്തരാത്മാവിൻ രഹസ്യമെല്ലാം
ബന്ധുരസൂനത്തിൽ ദൃശ്യമാകും;
ഗൂഡമാണെൻപ്രേമമെന്നമട്ടിൽ
മൂടൽമഞ്ഞെങ്ങും പരന്നിരിക്കും!
ഹാ! രോമഹർഷദമാ രഹസ്യ-
മാരോടും ഞാനുരിയാടുകില്ല

 

സഖികൾ

“പരഭ്രുതികേ! നീയെന്താണെന്നോടിധം
പരിഭവമായോരോന്നുരച്ചിടുന്നു?
അതികഠിനം താവകമീവചനം
മതിതളിർ മേ തട്ടിത്തകർത്തിടുന്നു!
ഘനനിരകൾ വാനിൽപ്പരന്നു, രണ്ടു
കനകമയതാരം മറഞ്ഞു കഷ്ടം!

നിരുപമമാം നമ്മള്തൻ പോയകാലം
ഒരു ഞൊടി നീയൊന്നു തിരിഞ്ഞു നോക്കു
മലിനതകളെന്ന്യേ മനം കവരും
മലർ വിരിയും കാല്യമതെത്ര രമ്യം
ഇളവെയിലിൽത്തത്തിക്കളിച്ചിടുന്നോ-
രഴകൊഴുകും ചിത്രശലഭങ്ങൾപോൽ
ഇരവുപകലന്യേ നാം രണ്ടുപേരും
ഇരുകരവും കോർത്തു നടന്നോരല്ലേ?
കിളിമൊഴി, ഞാൻ നിന്നെക്കബളിപ്പിക്കാൻ
കളിവചനംപോലുമുരച്ചതുണ്ടോ?
ഒരു ചെറിയ കാര്യവും നീയറിയാ-
തൊളിവിലിവൾ സൂക്ഷിച്ചതോർമ്മയുണ്ടോ?
അയി സഖി, ഞാൻ നിന്നെ ചതിച്ചു വെന്നാ-
യഖിലമറിഞ്ഞെന്തേ കഥിപ്പു കഷ്ടം !

 

‘ശശിവദന!’നുള്ളതെൻ കുറ്റമാണോ?
പരമഗുണധാമ, മദ്ദേഹമെന്നായ്
പലകുറിയും നീതാൻ പുകഴ്ത്താറില്ലേ?
ഇവളിലനുരാഗം ഭവിക്കമൂലം
അവമതിയദ്ദേഹത്തിന്നായിയെന്നോ?

സ്മരണയുടെ ചില്ലിൽത്തെളിഞ്ഞുകാണും
ഒരു ചെറിയ ചിത്രം നീയോർത്തുനോക്കൂ;
ഗഗനതലാരാമത്തിൽ സാന്ധ്യലക്ഷ്മി
ബകുളമലർമാലകൾ കോർത്തിടുമ്പോൾ,
കുളിരളംതെന്നലേറ്റുല്ലസിച്ചി—
ക്കളിവനികതന്നിലിരുന്നു നമ്മൾ,
പുതുമലരാ’ലാദ്യമാരെ’ന്നു ചൊല്ലി
ദ്രുതഗതിയിൽ പൂക്കൾ തൊടുത്തിടുമ്പോൾ
‘ഭഗവതിയിലല്ലെന്റെ മാധുരി, നി—
ന്നകതളിരിലുൺറ്റൊരു ദിവ്യരൂപം,
അവിടെയിതു ചർത്തുകെ’ന്നെൻ ചെവിയി—
ലതിമധുരം നീയന്നുരച്ചതില്ലേ?
ചില നിനവിൽ മർദ്ദനനംമൂലമപ്പോൾ
ചപലയിവൾ വിങ്ങിക്കരഞ്ഞനേരം,
ചെറ്റിനിരകൾ നോക്കിപ്പഠിക്കാ, നിപ്പൂ—
ന്തൊടിയിലുലാത്തിറ്റുമപ്പുരുഷേന്ദ്രൻ
അരുതരുതെൻ ‘മാധുരി’യെന്നുരച്ചെ—
ന്നരികിലൊരുമട്ടിലടുത്തുകൊണ്ട്,
കരകമലംതന്നിലെപ്പട്ടുലേസാൽ
കവിളണിയുമെൻ കണ്ണീരുപ്പിമാറ്റി,
പകുതി കുരുത്തുള്ളോരാ മാലികയെൻ—
ചികുരമതിൽച്ചാർത്തി, ച്ചിരിച്ചു മന്ദം,
‘ഭഗവതിയിൽത്തന്നെ’യെന്നോതിയതും
പരഭൃതികേ, നീയല്ലാതാരുകണ്ടു?
അയി സഖി, ഞാൻ നിന്നെ’ച്ചതിച്ചു’വെന്നാ—
യഖിലമറിഞ്ഞെന്തേ, കഥിപ്പൂ കഷ്ടം!

 

ഇരുവരുമീ നമ്മൾതൻ രാഗതീർത്ഥം
ഒരു കടലിൽ വീഴുമെന്നാരറിഞ്ഞു?
പ്രിയസഖി, ഞാൻമൂലമപ്പുരുഷൻ നിൻ-
പ്രിയതമനായ്ത്തീരാതിരുന്നിടേണ്ടാ;
കരൾകവിയുമെന്നുടെ ദിവ്യരാഗം
കരഗതമദ്ധന്യനു, ധന്യനായ് ഞാൻ!
ഒരു ചെറിയ നീർപ്പോള ഞാനിങ്ങെത്തൂ-
മിരുളിനുടെ വീർപ്പിൽത്തകർന്നുകൊള്ളാം!”

സഖികളവർ മൗനംഭജിച്ചു, വാനിൽ
ശശിയെയൊരു കാർമുകിൽ മൂടിനിന്നൂ!

 

മരണം
മരണം മനോഹരപ്പച്ചിലവിരിപ്പിട്ട
ഗിരിതൻ സാനുപ്രാന്തം തഴുകും തരംഗിണി;
തളിരും വാടാമലർക്കുലയുമിടതിങ്ങി-
ത്തളരാതെന്നും തെന്നലേറ്റാടും ലതകളാൽ
നിത്യസൗന്ദര്യത്തിന്റെ നർത്തനമാമാരംഗ-
മെത്തുവായിട്ടെന്തെൻ മാനസം പതറുന്നൂ?
അഴലിൻ കയ്ക്കും കായ്കളെത്ര തിന്നാലും വെറും
നിഴലാം മർത്ത്യന്നതിലില്ല വിശ്വാസം തെല്ലും!
ദ്യോവിനെക്കണ്ടെത്തുവാനായിട്ടു സന്തപ്തമാം
ജീവിതമണൽക്കാട്ടിൽപ്പെട്ടുകൊണ്ടനാരതം
വരളും നാവാലുപ്പുകലരും കണ്ണീർദ്ധാര
വളരെക്കുടിച്ചു തൻതൃഷ്ണയെ വളർത്തുന്ന
നരനച്ചിദാനന്ദപ്പാൽപ്പുഴയൊഴുക്കിൽ ചെ-
ന്നൊരു കൈക്കുമ്പിൾ പൂർണ്ണമാക്കുവാൻ മടിപോലും!

 

ക്ഷണം
കൂരിരുൾക്കുണ്ടിലിരുന്നുകൊണ്ടെൻ ബാഷ്പ-
ധാര തുടയ്ക്കുന്ന കാരുണ്യവാരിധേ!
പോരിക, പോരിക മുന്നോട്ടു ജീവിത-
പ്പോരിൽ നമുക്കൊരുമിച്ചു പൊരുതിടാം!
സീമാവിഹീനം കരഞ്ഞുകഴിയുന്നൊ-
രോമനയ്ക്കൊന്നു ചിരിക്കേണ്ടയോ വിഭോ?
കണ്ണീർകണങ്ങൾ പുരണ്ടതാം കാലമാം
കണ്ണാടിയിൽക്കൂടി നോക്കുന്ന വേളയിൽ
കാണുന്നതൊക്കെയും കാളമേഘാവൃതം,
കാണേണ്ടതൊക്കെയും കാഞ്ചനസന്നിഭം!
നിശ്ചയമില്ലാ വജയമെന്നാകിലും
നിസ്തുലം ജീവിതം ശൂന്യമായ്തീർക്കൊലാ-
എന്തു നാം നേടിയെന്നല്ല ചിന്തിക്കേണ്ട-
തെങ്ങനെയാണു പൊരുതിയെന്നുള്ളതാം.
ഓമന സ്വപ്നങ്ങൾ കാടേടിയെന്നാത്മനി
രോമാഞ്ചമേറ്റുമൊരാനന്ദകന്ദമേ!
പോരിക, പോരിക, മുന്നോട്ടു, ജീവിത-
പ്പോരിലെനിക്കൊരു നേർവഴി കാട്ടുക!
താവക വിഗ്രഹം കാണുവാനാശിച്ചു
താരൊളിവാസരമോരോന്നുമെത്തവെ,
നൈരാശ്യമാർന്നവ നിത്യവും, ജീവിത-
വൈരാഗ്യമെന്നെപ്പഠിപ്പിച്ചുപോകയാം!

 

പ്രേമപ്രകാശമേ, താവകനാമമാ-
മാ മധുരാസവം ഞാൻ നുകർന്നീടവേ,
പെട്ടെന്നതിനതികയ്പുകലർത്തുന്ന
മറ്റൊരു നാമമനുദിനം കേൾക്കയാൽ
അച്ഛിന്നസൗഖ്യപ്രദായകമെന്നുടെ-
യച്ഛന്റെ മന്ദിരമന്ധകാരാവൃതം!
മങ്ങാതെയെന്നുമെൻകാതിനൊരാനന്ദ-
സംഗീതമേകുന്ന സൗന്ദര്യധാമമേ!
പോരിക,പോരിക,മുന്നോട്ടു,ജീവിത-
പ്പോരിൽ നമുക്കൊരുമിച്ചു മരിച്ചിടാം!
നിർദ്ധനത്വത്തിന്റെ നിർദ്ദയത്തൊട്ടിലിൽ
നിത്യവിഹാരിയായീടുന്ന നാഥനെ
ഞാനെന്റെ പൂമച്ചിലേക്കിതാ വീഥിയിൽ
സൂനതതിവിരിച്ചെന്നും ക്ഷണിക്കയാം!
ദുർവാരമല്ലേതു വിഘ്നം, പോരിക
നിർവാണദായക, നർവിശങ്കം ഭവാൻ!
സൗവർണമായിടും ത്വൽച്ചിത്തമാണെനി-
ക്കാ വിണ്ണിനെക്കാളുമേറ്റം പ്രിയകരം!
ത്വൽപ്പാദപങ്കജം ചേരുവാനല്ലാതെ
മൽപ്രാണഭൃംഗത്തിനാശയില്ലല്പവും!…..

ആ രംഗം

പാടലപ്രഭ പൂശും നെല്ലണി-
പ്പാടത്തിൻ പൂർവഭാഗത്തായ്
ആടുമേയ്ക്കുന്ന ബാലകരൊഴു-
ക്കീടും ഗാനപ്പൂഞ്ചോലകൾ
നൽത്തെളിത്തേൻ പകരും താരിനം
നൃത്തമാടിക്കളിക്കുന്ന
പച്ചിലപ്പട്ടു ചാർത്തി മിന്നുമ-
ക്കൊച്ചുകുന്നിൻ ചരിവിലായ്
ശിൽപ്പവിദ്യതൻ കൃത്രിമപ്പകി-
ട്ടല്പവുംപോലുമേശാതെ
കണ്ടിടുമതിബന്ധുരതര-
മന്ദിരത്തിന്റെ മുന്നിലായ്
വെണ്ണപോൽ മിനുപ്പേറുമാ വെറും
തിണ്ണയിൽക്കിടന്നേകയായ്
വായുവൽ ചില മാളിക കെട്ടു-
മാ യുവതിയെക്കണ്ടു ഞാൻ!….
സിന്ധുവൽ മറഞ്ഞീടും സൂര്യന്റെ
ബന്ധുരകരരാജികൾ
വാരുണിതന്റെ മേനിയിൽത്തങ്ക-
ച്ചാറണിയിച്ചു നിൽക്കുമ്പോൾ
ചന്ദനക്കാട്ടിൽച്ചെന്നലഞ്ഞെത്തും
തെന്നലെയൊന്നു ചുംബിക്കാൻ

 

കന്ദകോരകം സുന്ദരാധരം
മന്ദമന്ദം വിടർത്തവേ
ആലയോന്മുഖരായീടുമജ-
പാലകാവലി പാടിടും
ഗാനധാരയിൽ മഗ്നമാനസ-
യാകുമഗ്രാമലക്ഷ്മികൾ
കാമുകാഗമം കാത്തുകാത്തലർ-
ക്കാവിലങ്ങിങ്ങുലാത്തുമ്പോൾ,
എത്തി നാം മുമ്പു കണ്ട ഗേഹത്തി-
ലുത്തമനൊരു പുരുഷൻ!….
അപ്പുമാനുടെ പാദവിന്യാസ-
മല്പമായടുത്തെത്തവേ,
ഞെട്ടിയോമലാൾ തൻ ദിവാസ്വപ്നം
വിട്ടു പെട്ടെന്നുണർന്നുപോയ്.
പേശലമൊരു മാരിവില്ലൊളി
വീശിയാ! വളർവക്ത്രത്തിൽ!
കണ്ഠവും കുനിച്ചൊട്ടു മാറിത്തൻ-
ചുണ്ടിണ തെല്ലിളക്കാതെ
വാഗതീതമാം സ്വാഗതവച-
സ്വാഗതന്നവളേകിനാൾ!
തെല്ലിട ചില ചിന്തകളുമായ്
മല്ലടിച്ചൊരാ മങ്കയാൾ
തങ്കമേ യെന്നൊന്നുച്ചത്തിൽ വിളി-
ച്ചങ്കണം വിട്ടു പാഞ്ഞുപോയ്!
ആലയാന്തസ്ഥയായവൾ, പുറ-
ത്താഗതൻമാത്രമേകനായ്!
സത്വരമൊരു മിന്നൽ പാഞ്ഞിതാ
സ്തബ്ധപുരുഷ ചിത്തത്തിൽ
ആയതിൻ ദിവ്യരൂപമെന്നപോ-
ലാലയത്തിൽനിന്നക്ഷണം
ഓടിയെത്തി, യൊരോമനച്ചെറു-
ബാലിക, ഹർഷദായിക!

 

പൊൻചിലങ്ക കിലുക്കിയുല്ലസൽ-
പ്പുഞ്ചിരിതൂകിക്കൊഞ്ചിടും
പിഞ്ചുകുഞ്ഞിനെപ്പുൽകിയപ്പുമാൻ
സഞ്ചിതാനന്ദതുന്ദിലൻ.
മാറിമാറിയപ്പൂരുഷൻതന്റെ
മാറിലും കരതാരിലും
തത്തിയുൾക്കുളിരേറ്റിനാളൊരു
തത്തതന്മട്ടിൽ കണ്മണി;
അമ്മുഖത്തവനന്നു നല്കിയൊ-
രുമ്മതൻ കണക്കെന്നപോൽ
പൊൻപൊടിപൂശും താരകാളികൾ
വെമ്പിയെത്തി ഗഗനത്തിൽ!
രണ്ടു വത്സരത്തിന്നു മുമ്പിലായ്-
ക്കണ്ടൊരു കാഴ്ചയോർക്കവേ
തെല്ലു തെക്കു വളഞ്ഞൊഴുകുമാ-
ക്കുല്യതൻ ചിത്തമെന്തിനോ
ഒന്നു മന്ദം തുടിച്ചൂ; കല്ലോല-
ദ്വന്ദ്വം തമ്മിൽത്തഴുകിപ്പോയ്!

 

അപരാധി
അപരാധിയാണു ഞാൻ, ലോകമേ, നി-
ന്നനുകമ്പയെന്നിലൊഴുക്കിടേണ്ടാ!
അകളങ്കഹൃത്തുക്കളൊന്നുപോലും
തകരാതിരുന്നതില്ലിത്രനാളും
കരയരുതംബുകണികയെങ്കിൽ
സുരപഥമെത്താൻ കൊതിച്ചുകൂടാ;
പരിതൃപ്തിതന്റെ കവാടദേശം
പരുഷപാഷാണപ്രകീർണമത്രേ!
പ്രണയവിവശയായ്ത്തീരുവോരെൻ-
വ്രണിതഹൃദയത്തിൻ മൗനഗാനം
സഹജരേ, നിങ്ങളോടല്ല, ശൂന്യം,
ബധിരതൻമുന്നിലായിരുന്നുച
അഴകിന്റെ തൂവെള്ളിക്കിണ്ണമെല്ലാ-
മഴലുനിറഞ്ഞവയായിരുന്നു;
സ്ഫടികാഭമാകുമരുവികൾത-
ന്നടിയെല്ലാം പങ്കിലമായിരുന്നു!
നരജന്മം തന്ത്രീരഹിതമാകു-
മൊരുവീണ,യെന്തിനെന്നാരറിഞ്ഞു!
പരിശുദ്ധപ്രേമപ്പൊൻകമ്പി കെട്ടി-
പ്പലവട്ടം ഞാനതിൽ പാടിനോക്കി;
ഒരു കൊച്ചുതാരകം വാനിൽനിന്നെൻ-
സിരകളിലുന്മേഷച്ചാറൊഴുക്കി;

 

പരമാനന്ദത്തിലുറഞ്ഞു ഞാനെൻ-
പരമാർത്ഥമെല്ലാം മറന്നുപോയീ!
മമ ചിത്തം ബിംബിച്ചിരുന്നതാമാ
മലിനതയറ്റ മുകുരംതന്നിൽ
ഉലകിന്റെയോരോ വശത്തേയും ഞാൻ
ചലനചിത്രോപമം കണ്ടിരുന്നു;
ശരിയെന്നാലോർത്തതില്ലിത്തരത്തി-
ലൊരു ചിത്രം ഭീകരം കാണുമെന്നായ്!
വളരുമെൻകണ്ണീരുറവൊലിച്ച-
ക്കുളിർചില്ലിൽ വീണ, തിരുണ്ടുപോയി!
കനകതാരാഭമാമംബരത്തിൽ
ഘനതതി കാളിമ പൂശിടുമ്പോൾ,
കഴുകി ഞാനക്കരിയൊക്കെയുമെൻ-
കദനത്തിൻ കണ്ണുനീർ വീഴ്ത്തിവീഴ്ത്തി;
ഇനിയതുമില്ലാ വെളിച്ചമേ, യെ-
ന്നരികിൽ നിൻ പൊൻകരം വീശിടേണ്ടാ!
തഴുകുമിക്കൂരിരുൾതന്മടിയിൽ
തലചായ്ച്ചു ഞാനൊന്നുറങ്ങിടാവൂ!

നിഴലിൽ മുറുകെപ്പിടിച്ചു ഞാനെൻ-
നിലവിട്ടു മേല്പോട്ടുയർന്നുപോയി;
നിയതിതൻ കൈവിരൽത്തള്ളലിനാൽ
നിലയറ്റ ഗർത്തത്തിലാപതിച്ചു!
പരിഭവത്തിന്റെ പരുഷനാദം,
പരിഹാസത്തിന്റെ വിളർത്ത ഹാസം,
പരിശൂന്യതതൻ നടന,മെന്റെ
പരിസരമയ്യോ! ഭയദമേറ്റം!
ധരയാകുമന്ധതാമിസ്രംതന്നി-
ലൊരു കൊച്ചുമിന്നാമിനുങ്ങിയാം ഞാൻ
പൊരിമണൽക്കാട്ടിലും പാറയിലും
ചൊരിയുവാനാശിപ്പൂ പ്രേമവർഷം
അപടു, വെൻ വീണയിലിത്രമാത്രം

 

അപശബ്ദം ഞാനൊന്നു മീട്ടിപ്പോയി!
അപരാധിയാണു ഞാൻ ലോകമേ, നി-
ന്നനുകമ്പയെന്നിലൊഴുക്കിടേണ്ടാ;
അവനമ്രശീർഷനായ് നിൽക്കുമെന്നി-
ലവസാനമാല്യമണിയിച്ചേക്കൂ!…

ലക്ഷ്യം

ഉണ്ടൊരു പരിധി, യെന്മാനസം ചൂഴ്വോരിരുൾ-
ക്കുണ്ടിനു, മങ്ങേപ്പുറത്താകവേ തേജോമയം!
അങ്ങതിന്നവസാനമെന്നപോലാനന്ദത്തിൻ-
മംഗളമയരേഖയൊന്നതാ കാണാം നീളേ
ആയതിന്നങ്ങേപ്പുറത്താരമ്യപുലർകാല-
ശ്രീയെഴുമൊരു പുത്തൻപൂവനം പുലരുന്നു
അക്കളി വനികയിൽ പച്ചപ്പുൽ വിരിതന്നി-
ലിപ്പൊഴുമിരിപ്പുണ്ടെന്നാനന്ദമെന്നെത്തേടി
ഇത്രയും കാണാമെനിക്കായതും ശരിക്കോർത്താൽ
വ്യക്തമല്ലയ്യോ കഷ്ട,മെന്തിതെൻ വ്യാമോഹമോ!
തകരും ചിത്തം കാണ്മാനുള്ളതാണെന്നാ,ലെന്റെ
മുകുരം പൊടിപുരണ്ടാകവേയിരുണ്ടതാം!

തീരാത്ത താപാഗ്നിയാൽ തപ്തനായ്ച്ചൊരിയുമെൻ
തോരാത്ത കണ്ണീർധാരയൊപ്പിടാനനുദിനം
ഭാസുരപ്രഭവീശിയെത്തുകയാണെൻ മുന്നിൽ
വാസരച്ചെമ്പട്ടൊളിത്തൂവാലയോരോന്നായി
തൂകിടും ബാഷ്പാൽ ഞാനെൻ കണ്ണാടി കഴുകി,യ-
ത്തൂവാലത്തുമ്പുകൊണ്ടു തൂത്തുതാൻ കഴികയാം!
ഒട്ടിടയേവം തുടച്ചീടവേ ചെളിയാലെൻ-
പട്ടുറുമാലും ഹാ! ഹാ! പങ്കിലമായ്ക്കാണ്മൂ!
ഇത്തരമമൂല്യമാം ചെന്തളിർക്കൈലേസുക-

 

ളെത്ര കീറിയാലൊന്നീ മുകുരം തെളിവാവോ!
പേശളച്ചിറകിണ വീശി വീശിയെന്മുന്നി-
ലാശയും കുതികൊൾവൂ കൂട്ടരേ, തടയായ്‌വിൻ.
കാണണം കാണാനുള്ളതന്നോളം പൊഴിയുമെൻ-
ഗാനങ്ങളശേഷവും പൂഴിയിലടിയട്ടേ!
തോൽവിതന്നശ്വോപരിയേറി ഞാൻ, വിജയത്തിൻ-
തോളെത്തിപ്പിടിപ്പോളം തെല്ലിട വിരമിക്കാ!

സമാധാനം

“പരിമളേ!” മമ സഖീ! മദീയഹൃത്തിൽ
പരിതാപമധികമായ് വളർന്നിടുന്നു!
പകലവൻ പതിവുപോൽ മറയുംമുമ്പി-
ലകളങ്കഹൃദയമൊന്നുടഞ്ഞുപോണം.
തണലറ്റു തളർന്നൊരിത്തളിരിനു നീ
ഗുണദോഷപ്പുതുമഴ പൊഴിച്ചിടേണ്ടാ;
അടിയണമതുചെന്നി,ട്ടപാരതത-
ന്നടിയിലാ, യവിടെയാണഭയമാർക്കും!….
കനക്കുന്ന കദനത്താൽ കരയുമെന്നിൽ
നിനക്കൊരു ലവലേശം കരുണയില്ലേ?
മനച്ചുമരണിയുമാ മനോജ്ഞചിത്രം
മറക്കുവാൻ പറയും നിൻ കരൾ കഠിനം!
ഗുരുജനഹിതമെന്തെന്നുരയ്ക്കും നിന്നിൽ
പരിഭവമശേഷമി’സ്സുഭഗ’യ്ക്കില്ലാ;
എനിക്കൊരു ഹൃദയമുണ്ടതിനെ ഞാനും
നിനയ്ക്കുന്നവിധം തന്നെ ചെലവഴിക്കും!….
പുരന്ദരദിശിതന്റെ പുളകപൂരം
ഒരു ഞൊടിക്കകമാരോ തുടച്ചു മായ്ക്കാം
അഴകേറ്റമൊഴുകുന്ന മഴവില്ലിങ്ക-
ലദൃശ്യമാമൊരു കരം കരി പുരട്ടം
ശരി,യെന്നാൽ ക്ഷണികമല്ലതുവിധമെൻ
ചിരന്തനസുകൃതമാ മധുരരൂപം!

 

ഇരുൾ വന്നു പരക്കുമെൻ ശ്മശാനത്തില-
സ്മരണതൻ കിരണങ്ങൾ കനകം പൂശും!…
മരുഭൂവാം മമ ഹൃത്തിൽ മരതകച്ചാർ-
ത്തണിയിച്ചു കുളിർപ്പിച്ച ഘനശകലം
ഇതരർതൻ ഹൃദയത്തിനിരുളാണെങ്കി-
ലിവളതിലണുപോലുമിളകുകില്ലാ!
ഒരു മിന്നലവിടെയുണ്ടതിനായെന്റെ
നെടുവീർപ്പു നിരന്തരമലിഞ്ഞിടുന്നു!
അനുപമമതെന്നാളുമലഭ്യമെങ്കി-
ലബലയാണിവളെന്നോർത്തടങ്ങിക്കൊള്ളാം!
മരണത്തിൻ മടിത്തട്ടിലുറങ്ങുവോളം
കരളാലക്കളേബരം മുകർന്നുകൊള്ളാം!

പുളകപ്പുതപ്പിൽ

കണ്ടു ഞാനന്നോളൊരു കാമ്യമാം ലോക, മതാ-
വിണ്ടലമല്ലാ, വെറും വസുധയല്ലാ!

എന്നത്തലഖിലവുമെങ്ങോ പറഞ്ഞയപ്പാൻ
വന്നെത്തിയതുലമാം വസന്തരാത്രി
ആകാശപ്പന്തലെനിക്കായിട്ടു വിതാനിച്ചി-
ട്ടാരാലപ്പകലെങ്ങോ പതുങ്ങി നിന്നു

മാമകമലർമെത്ത നേരത്തേ വിരിച്ചിട്ടി-
ബ്‌ഭൂമിയും സുഖമായ സുഷുപ്തി തേടി
അശ്രാന്തപരിശ്രമക്ലാന്തരം ലതികകൾ
വിശ്രാന്തിയാർന്നു, നൃത്തരഹിതമായി
ലോലമാം താലവൃന്തത്താലെന്നെ വീശിവീശി
മാലേയമണിത്തെന്നലുറക്കമായി
മാമക ഭാഗധേയതാരകാഗമം കാത്തി-
ട്ടാ മലർത്തൊടിയിൽ ഞാൻ ക്ഷമയമർന്നു!

ദർശനമാത്രമായ് നിന്നൊരെൻ ദിവ്യസ്വപ്നം
സ്പർശസുഖമേകി, മടിയിലായീ
പേർത്തും ഞാനോർത്തു പറഞ്ഞീടുവാൻ നിരൂപിച്ച
വാർത്തകളഖിലവും മറന്നുപോയീ!
കമ്പിതാധരകങ്ങളന്യോന്യം ചിലതെല്ലാം

 

ചുംബനശതങ്ങളാൽ പറഞ്ഞുതീർത്തു.
വല്ലതുമങ്ങിങ്ങേകാൻ ഭാവിക്കും സമയത്തിൽ
വല്ലാതെ വിറകൊള്ളും കരതലത്താൽ
ഞങ്ങളന്യോന്യമുടലാകവേ പുളകമാം
മംഗളപ്പുതപ്പിട്ടു പുണർന്നു ഗാഡം!
കണ്ടു ഞാനന്നാളൊരു കാമ്യമാം ലോക, മതാ
വിണ്ടലമല്ലാ വെറും വസുധയല്ലാ!

ആ ലോകത്തങ്ങു കണ്ടതാലോചിച്ചൊരു ചിത്ര-
മാലേഖം ചെയ്തീടാൻ ഞാൻ മുതിർന്നനേരം
പൂർവദിഗ്വധൂമുഖച്ചില്ലുതന്നുള്ളിലത-
പ്പൂഷാവു വരച്ചാദ്യമുയർത്തിക്കാട്ടി!
ഉണ്മയിലന്നു കേട്ട ഗാനങ്ങൾ പാടിനോക്കാ-
നെന്മനോവീണക്കമ്പി മുറുക്കുന്നേരം,
ചാരുവായ്ക്കിളിനിര പാടിടും കളഗാന-
ധാരയാൽ പരിസരം മുഖരിതമായ്!
ആവുംമട്ടൊരു ലഘുകാവ്യമെഴുതുവാൻ ഞാൻ
ഭാവനത്തൂലികയൊന്നെടുത്തനേരം,
പാവനപരിമളമാർന്നിടും പൂക്കൾതോറും
പൂവനമഖിലവും പകർത്തിക്കാട്ടീ!

 

ഭിക്ഷു

ആവൂ! ഞാന്നിനി വിശ്രമിക്കാം!
രാവിൻ കുമാർഗ്ഗം കടന്നുകൂടി!
അങ്ങതാ, ദൂരത്തു കാണ്മതുണ്ടെൻ-
മംഗളസ്വപ്നത്തിൻ സൗധശൃംഗം
മന്ദമുയരുന്നു, സൂര്യ, നല്ലാ
മന്ദിരത്തൊഴികപ്പൊൻകുടംതാൻ
ഞാനെന്നും തേടി നടക്കുമെന്റെ-
യാനന്ദമങ്ങിരുന്നാനന്ദിപ്പൂ.

മുട്ടുകയാണെന്നുമെന്റെ ചിത്തം
കൊട്ടിയടച്ചൊരാ വാതിലിങ്കൽ
ഓമലാൾ വന്നു തുറക്കുവാനായ്
കോമളക്കൈകളിളക്കീടുമ്പോൾ
എൻ കരൾക്കാനന്ദസംഗീതമാം
കങ്കണനിസ്വനം കേൾക്കാകുന്നു!
എങ്കിലും വന്നവൾ പിൻമടങ്ങി;
എന്തിനു ഞാനൊരു ഭിക്ഷുവല്ലേ ?

ഒട്ടുനാളിങ്ങനെ മുട്ടീടുമ്പോൾ
പെട്ടെന്നാ വാതിൽ തുറക്കയില്ലേ?
‘ഒന്നുമില്ലെ’ ന്നൊന്നു കേൾക്കാൻമാത്രം
അന്നു സമ്പൂർണമെൻ ഭിക്ഷാപാത്രം!

 

അസ്വാസ്ഥ്യം

പതിവാ,ണവൾക്കെന്നും തെല്ലിട കരഞ്ഞാലേ
മതിയാകുള്ളു; നിത്യജോലികൾ തീരാറുള്ളു;
കാരണ, മറിഞ്ഞതില്ലാരുമേ, ചോദിച്ചാലും
താരണിവേണിക്കേറെത്തപ്പലാണതു ചൊല്ലാൻ
ആരെയോപറ്റിക്കൊച്ചു ‘കോമളം’ കഥിക്കുമ്പോൾ
‘ശാരി’തൻ വളർവക്ത്രം സായാഹ്നരാഗം പൂശും,
സന്തതമെന്തേ കുറിച്ചോമലാൾ നൂറായ്ക്കീറി
സ്സന്തപ്തനെടുവീർപ്പിലെമ്പാടും പറപ്പിക്കും!

കൂട്ടുകാർ ചിലപ്പൊഴുതോതിടും, “കൊള്ളാം കൊള്ളാം
കൂട്ടിലെക്കിളിക്കുമുണ്ടവ്യക്തമേതോ ഗാനം!”
“സരസം, ഞാനക്കഥ ചൊല്ലിടാം, ക്ഷമിക്ക നീ”
വിരസം ഭാവിക്കുന്ന തോഴിയോടവളോതും!

സമുദായത്തിൻ തൂറുകണ്മുമ്പിൽ നമിക്കുവാൻ
ക്ഷമയെശ്ശീലിക്കുന്ന ചിത്തവും പഠിക്കേണം!…..

 

ഹൃദയാഞ്ജലി

അനഘചൈതന്യത്തികവാം പ്രേമത്തിൽ
കനകം പൂശുന്ന കിരണമേ!
ഇരുൾതിങ്ങുമെന്റെ ഹൃദയത്തിലെന്താ-
ണിനിയും നിൻ കാന്തി ചൊരിയാത്തൂ?
കരുണക്കാതലേ! ഭവദീയാഗമം
കരുതിക്കാത്തു ഞാൻ കഴിയുന്നു.
അണിമച്ചിൽക്കത്തും തെളിദീപം തീരെ-
യണയാറാ, യങ്ങെന്തണയാത്തു ?

ഹൃദയനാഥ, ഞാൻ തവ ചിത്രം ചിത്തേ
രുധിരപൂരത്താലെഴുതുന്നു;
ചെറുതും സംതൃപ്തികലരായ്കകൊണ്ടെൻ
ചുടുകണ്ണുനീരാൽക്കഴുകുന്നു.
പതിവുപോലിത്ഥമെഴുതിയും മാച്ചും
പകുതിയെൻ ജന്മം വിഫലമായ്!

അനുരാഗത്തിന്റെയലർമെത്തതന്മേ-
ലവശ ഞാൻ കിടന്നുരുളുമ്പോൾ,
അവിടുന്നെന്നുടെയരികിലെത്തി, ഞാൻ
സുഖഷുപ്തിയിൽ മുദിതയായ് !
അകളങ്കമെന്റെ ഹൃദയമങ്ങേയ്ക്കാ-
യടിമവെച്ചു ഞാൻ ചരിതാർത്ഥ.

 

ഒരു മിന്നലങ്ങു മറവായി, പെട്ടെ-
ന്നിരുളിൻ കംബളവിരി വീണു!
കരകയാണന്നുമുതലീ ഞാൻ തവ
കഴലിണ കണ്ടു തൊഴുതീടാൻ!
തരളതാരക നിരകളംബര-
ത്തെരുവിലെമ്പാടും തെളിയുമ്പോൾ,
ഇരുളിൽ ഞാനെന്റെ മുരളിയുമായ്, നി-
ന്നപദാനം പാടിത്തളരുമ്പോൾ,
അകലത്തെങ്ങാനുമവിടുന്നുണ്ടെന്നൊ-
രതിമോഹമെന്നിൽ വളരുമ്പോൾ,
അലയാഴിപോലെ കരയും ഞാൻ പെട്ടെ-
ന്നലരിനെപ്പോലെ ചിരിതൂകും
പവനനെപ്പോലെ നെടുവീർപ്പിട്ടിടും
പറവപോൽ പാറും ഗഗനത്തിൽ!….
മധുമാസാശ്ലേഷതരളിതയാമെൻ-
മലർവാടി മലർ ചൊരിയുമ്പോൾ
അവകളങ്ങെനിക്കരുളും സന്ദേശ-
നിരകളെന്നു ഞാൻ കരുതുന്നു!
അതിമോദാൽ മമ ഹൃദയപ്പൂമ്പാറ്റ-
യതുകളിൽത്തത്തിയിളകുമ്പോൾ,
അറിയുന്നുണ്ടു ഞാൻ ഭവദീയരാഗ-
മകരന്ദത്തിന്റെ മധുരത്വം.
കരിമുകിൽ മാലയഖിലവും മാഞ്ഞ-
സ്സുരപഥമൊന്നു തെളിയുമ്പോൾ,
നുകരുന്നുണ്ടു ഞആനതുലമാം തവ
ഹൃദയവേദിതൻ പരിശുദ്ധി!….
ഇനിയും വ്യാമോഹിച്ചുഴലിയിൽ വീണി
വനിമലരെത്ര തിരിയേണം ?
അരുതീ നാടകമിനിയാടാ, നിതിൻ-
ഭരതവാക്യവും കഴിയേണം;
ഭവദാപദാനമകരന്ദം മാത്രം

പതിവായൂറുമീ മുരളിയിൽ

പകരേണം തവ പരിപൂതരാഗം,
തകരേണമതു തരിയായി!
അതുമുതലെനിക്കിരവുമുച്ചയു-
മതുലാഭയാളും പുലർകാലം!…

 

ഒടുക്കത്തെ താരാട്ട്

അമ്മതൻ വാത്സല്യസത്തേ! – സ്നേഹ-
പ്പൊന്മയക്കൂട്ടിലെത്തത്തേ!
കല്യാഭ കോലുമഹസ്സേ! – യാർക്കും
കല്യാണമേറ്റും മഹസ്സേ!
നീയിത്രവേഗം പിരിഞ്ഞു – പോമെ-
ന്നാരിത്രനാളുമറിഞ്ഞു?
അമ്മിണീ, ചിത്തം തപിക്കും – പെറ്റോ-
രമ്മയെമ്മട്ടിൽ സഹിക്കും?
അയ്യോ! പിളരുന്നെൻ മർമ്മം – തീവ്രം
വയ്യേ, യഖിലമെൻ കർമ്മം!
കേഴുന്നതെന്തിനു ഞാനും – അതു
പാഴിലെന്നോതുന്നു വാനും
ആയിരം മിന്നൽ നശിപ്പൂ – വിണ്ണിൽ
തോയദമെല്ലാം സഹിപ്പൂ!
ഉള്ളിലൊതുങ്ങാത്ത ഖേദം – കണ്ണീർ-
ത്തുള്ളിയായ്‌പോവതു ഭേദം!…
മാമക മാനസംതന്നിൽ – അഞ്ചു
തൂമലർക്കാലങ്ങൾ മുന്നിൽ
പ്രേമക്കുരുന്നൊന്നുദിച്ചു – പൂത്ത-
നാമൊരു കാന്തിമ വാച്ചു;
എൻ കതിരോൻ കതിർവീശി – യതിൽ
കുങ്കുമച്ചാറേറ്റം പൂശി.

 

കൈവന്ന തോഷാൽ പുളച്ചു – നിത്യം
തൈവല്ലിയാടിക്കളിച്ച.
ഉഷ്ണത്തിൻ കാഠിന്യംകൊണ്ടു – പാരം
തൃഷ്ണാർത്തയായി വരണ്ടു!
ചൈത്രമാ വല്ലിയെപ്പുല്കി – യൊരു
മുത്തൊളിക്കോരകം നല്കി,
അമ്മലർമൊട്ടു വിരിഞ്ഞു – പെട്ടെ-
ന്നെൻ മനോഭാസ്വാൻ മറഞ്ഞു!
അന്ധതയെങ്ങും പരന്നു – മമ
ചിന്തകളെല്ലാം തകർന്നു!
മൃണ്മയമെന്നുടെ ഗാത്രം – കാത്തി-
തമ്മലരൊന്നിനുമാത്രം!
വാരൊളിചിന്നുമസ്സൂനം – എന്നും
വാടില്ലെന്നോർത്തതു ശൂന്യം!…
തങ്കമേ! നിന്റെ ചരിത്രം – പാപ-
പങ്കിലമല്ലോ പവിത്രം!
മൃത്യവിൻ പാഴ്നിഴലൊട്ടും – നിന്നി-
ലെത്തിയിട്ടില്ലൊരു മട്ടും;
പൊന്നുഷസ്സിങ്കൽ മറയും – ഒരു
സുന്ദരതാരകം നീയും!
കണ്ടകാകീർണമാം മാർഗം-എന്യേ
കണ്ടതു നീ ദിവ്യസ്വർഗം!…

കാണുന്നു നിന്നെ ഞാൻ മുന്നിൽ – പെറ്റു
വീണൊരക്കാഴ്ചയെൻ മുന്നിൽ.
ആയതന്നങ്കത്തിൽ വാണു – പിഞ്ചു-
വായും പിളർന്നു നീ കേണു.
കേഴുന്ന നിന്നെ നിനച്ചു – തോഷാൽ
ചൂഴവും നില്പോർ ചിരിച്ചു.
ഇന്നു നീ മന്ദഹസിപ്പൂ – ലോകം
നിന്നിതാ ബാഷ്പം പൊഴിപ്പൂ!….

ഓമനേ! നിൻ കവിൾത്തട്ടിൽ – നിന്റെ
താതനെ ഞാന കണ്ടിരുട്ടിൽ
തോരാത്ത കണ്ണീരൊഴുക്കി – നിന്നെ
താരാട്ടുപാടിയുറക്കി.
ദുർഭഗ ഞാനിപ്പോൾ പാടി – യന്ത്യ –
നിദ്രയ്ക്കീത്താരാട്ടുകൂടി!….

 

തോഴിയോട്

രയട്ടെ, തോഴീ, ഞാ,നല്ലെന്നാലെൻ
കരളയ്യോ! പൊട്ടിത്തകർന്നുപോമേ!
കനകച്ചാർ പൂശിയബ്ഭൂമുഖത്തെ-
ക്കതിലാഭമാക്കിയ കർമ്മസാക്ഷി
കരുണ കലരാതപ്പൊൻകവിളിൽ
കരിതേച്ചുകൊണ്ട് തിരിക്കയായീ!
പറവകൾതന്റെ ചിറകടിയിൽ
ധരയുടെ ചിത്തത്തുടിപ്പു കേൾക്കാം.
അലയുന്ന തെന്നലിലൂടെയിപ്പോ-
ളവളുടെ സന്തപ്തവീർപ്പു കേൾക്കാം.
ത്വരിതമായെത്തുമിക്കൂരിരുളിൽ
വരിവിലച്ചിത്തം തെളിഞ്ഞു കാണാം!

അടവിയിൽപ്പൂത്തേരിപ്പൂമൊട്ടിന്നു-
മനുഭവ,മീമട്ടെന്നാരറിഞ്ഞൂ?
പുലരിയെക്കാണാത്ത പൂവിൻ ജന്മം
പുരുപുണ്യഭാഗ്യത്തിൻ നൃത്തരംഗം!
മഴവില്ലു കണ്ടു മയങ്ങിയ ഞാ-
നഴലിന്റെയാഴമളന്നുപോണം!
ചിറകറ്റ ചിത്രശലഭംപോലെ
വിറകൊൾവൂ, ദുർബലമെൻ ഹൃദന്തം!

 

പ്രണയമേ! നീയെന്റെയന്തരംഗം
വ്രണിതമാക്കീടുമെന്നോർത്തില്ല ഞാൻ.
ചിരിയൊന്നറിയാതെ തൂകിപ്പോയാൽ
ചിരകാലം തീവ്രം കരഞ്ഞിടേണം!
ചെറുമിന്നൽ കണ്ടു തെളിഞ്ഞ മേഘ-
മൊരു ജന്മം കണ്ണീർ പൊഴിച്ചിടേണം!

അകളങ്കപ്രേമപ്രദീപമെന്റെ-
യകതളിരാനന്ദമഗ്നമാക്കി.
വിനകൊണ്ടീ വിശ്വമെതുങ്ങിയെന്നിൽ
വിപുലമായ് ഞാനിപ്രപഞ്ചത്തോളം.
കഥയെല്ലാം മാറി, യക്കമ്രദീപം
കഠിനമം കാട്ടുതീയായിപ്പോയി
ഇരുളിൽനിന്നെന്നെയകറ്റിയിപ്പോ-
ളൊരുപിടിച്ചാമ്പലായ് മാറ്റുമെന്നായ്!
അടവുകളോരോന്നു കാട്ടിക്കാട്ടി-
യടവിയിലെത്തുമൊരന്തിത്തന്നൽ
തളിരിനെത്താലോലമാട്ടിയാട്ടി-
ത്തളരുമ്പോൾ ഭാവം മറിച്ചു കാട്ടും!
അടരണം ഞെട്ടറ്റപ്പത്രം, വാത്യാ-
ഹതമേറ്റിട്ടെന്നാണീ ലോകതത്ത്വം!

അബല ഞാ, നപ്പുമാൻതന്റെ ചിത്ത-
മലിവറ്റതെന്നല്പമോർത്തതില്ലാ.
പുരുഷന്റെ പുഞ്ചിരിപ്പൂവിന്നുള്ളിൽ
പരുഷമാം കാകോളം മാത്രമെന്നോ?
കനിവറ്റ കാലമേ!നിൻകരങ്ങ-
ളിനിയെത്ര ചിത്തം തകർക്കയില്ലാ?
കരയട്ടെ, തോഴി, ഞാ, നല്ലെന്നാലെൻ
കരളയ്യോ! പൊട്ടിത്തകർന്നുപോമേ!…

 

വ്രണിതഹൃദയം

ന്നു ഞാൻ ചോദിക്കെട്ടെ, തെന്നലേ, ഭവാനേയു-
മെന്നെയും തപിപ്പിക്കുമശ്ശക്തിയൊന്നല്ലയോ?
അല്ലെങ്കിലെന്തിനു നാം രണ്ടാളുമൊരുപോലെ-
യല്ലിലും പകലിലുമലഞ്ഞുനടക്കുന്നൂ!
ശാന്തസുന്ദരമായ ശാരദാകാശത്തിലും,
കാന്തിയിൽ വിളങ്ങിടും കാനനപരപ്പിലും,
കണ്ടകം നിറഞ്ഞുള്ള കാപഥത്തിലും,മലർ-
ച്ചെണ്ടുകൾ വിരിയുന്ന മഞ്ജുളാരാമത്തിലും,
സിന്ധുതന്നനന്തമാം മാറിടത്തിലും, നമ്മൾ
സന്തതം വിഹരിപ്പു സന്ത്പ്തഹൃദയരായ്‌!
ആനന്ദമെങ്ങാണെന്നു നീ തിരഞ്ഞിടുംനേരം,
ആനന്ദമെന്താണെന്നുതന്നെ ഞാനാരായുന്നു!
പൂർവദിഗധുമുഖം പുഞ്ചിരിതൂകുമ്പോഴും
പൂതരാഗാഭ ചിന്നി വാരുണി നില്ക്കുമ്പോഴും
മന്തമാരുത ഭവാനാനന്തലഹരിയാൽ
മന്നിടേ മതിമറന്നുല്ലസിച്ചുലാത്തുന്നു.
നിത്യവുമേതോ ദിവ്യമേഘദർശനാലിത്ഥം
നർത്തനം നടത്ത്താറ്‌െണ്ടൻ ചിത്തശിഖാവളം!
പച്ചിലപ്പടർപ്പുതന്നുള്ളിലാവസിച്ചു നീ
കൊച്ചലർ വിരിവതു വീക്ഷിച്ചു രസിക്കുമ്പോൾ,
അന്തരീക്ഷത്തിലാദ്യം വിരിയും പൂമൊട്ടിനെ-
യന്ധകാരത്തിനുള്ളിൽക്കൂടി ഞാൻ സമീക്ഷിപ്പൂ-

 

നീഹാരബിന്ദുക്കൾ നീ ചാർത്തിടുംനേരം കണ്ണു-
നീരു ഞാൻ കപോലത്തിലണിവൂ ഹതഭാഗ്യൻ!

ആത്മസംതൃപ്തി നേടാനായി നാമിരുവരു-
മാത്മസംഗീതം തന്നെപ്പാടുന്നിതനുവേലം;
നിൻ തപ്തനിശ്വാസങ്ങൾ വാനിലെത്തുന്നു, യെന്റെ
വന്ധ്യമാം നെടുവീർപ്പു നിന്നിലുമലിയുന്നു!
വാടാത്ത മലരിനെപ്പേർത്തും നീ തിരയുന്നു!
വാടിയ മലരിനെയോർത്തു ഞാൻ കരയുന്നു!

 

നിത്യരോദനം

നന്ദ,മാനന്ദ,മല്ലും പകലുമെൻ
മാനസപ്പൈങ്കിളി പാടും മന്ത്രം.
ആതങ്ക,മാതങ്ക,മേതു വഴിക്കുമാ-
ച്ചാതകം നിത്യം ചെന്നെത്തും കേന്ദ്രം!
ഈവിധമെത്രനാൾ മുന്നോട്ടു പോയാലെൻ
ജീവിതപ്പാത തെളിഞ്ഞുകാണം?
അത്തൽക്കടൽത്തിരയെണ്ണുവാനാണെങ്കിൽ
മർത്ത്യതയെന്തിനെനിക്കു കിട്ടി?

ആകാശസൂനങ്ങളായിരം ചേർത്തു ഞാ-
നാകാമ്യമാമൊരു മാല കോർക്കും.
തീരനിരാശയാം പാഴ്_മരുഭുവില-
ത്താരുകളെല്ലാം കൊഴിഞ്ഞുവീഴും!
ആയതാണിയുവാനർഹനാമെൻ നാഥ-
നായില്ലിനിയും സമയമെത്താൻ!
നാളുകളോരോന്നുമീവിധം പാഞ്ഞുപോം
‘നാളെ’യെന്നുള്ളൊരാപ്പാട്ടു പാടീ.
നീളുമിത്തന്തുവിൻ ശൂന്യത നീക്കുവാൻ
നീടെഴും പൂക്കളോരെണ്ണമില്ലേ?

നിർദ്ദയം യാത്രയും ചൊല്ലാതെ യാമിനി
നിദ്രയുമായിത്തിരിച്ചുപോകും.

 

പിന്നേയുമെല്ലാം പുതുക്കുവാനായിട്ടു
പൊന്നിൽക്കുളിച്ചു പുരിയെത്തും;
എങ്കരൾ ചൂഴുന്ന കൂരിരുളമ്മുഖം
പങ്കിലമാക്കിപ്പറഞ്ഞയക്കും!
വാർതിങ്കളാകും ചഷകത്തിലാനന്ദ—
ച്ചാർ പകർന്നുത്സവദായികയായ്
ഈ മന്ദഭാഗ്യതൻ പുഞ്ചിരിപ്പൂവിനായ്
ഹേമന്തരാത്രിയും വന്നണയും.
എന്നാലാ യാമിനയെൻ തപ്തബാഷ്പത്താ—
ലെന്നുമക്കിണ്ണം നിറച്ചുപോകും!
ചന്ദനക്കാടിനെക്കോൾമയിർക്കൊള്ളിക്കും
മന്ദസമീരണാർദ്രചിത്തൻ
ആർക്കുമദൃശ്യമാം പട്ടുകൈലേസാലെൻ
വേർപ്പണിമുത്തുകളൊപ്പിമാറ്റും
കഷ്ട,മത്തൈത്തെന്നലെൻ നെടുവീർപ്പിനാൽ
തപ്തനായെന്നും തിരിച്ചുപോകും!
പിന്നെയുമെത്തിടും പോയവരൊക്കെയും
മണ്ണിനെ വിണ്ണെന്നു ഞാനുരപ്പൻ.
എങ്കിലുമിന്നോളമെന്നിലണഞ്ഞതി—
ല്ലെങ്കരൾ കാംക്ഷിക്കും കമ്രരൂപം!
‘കാണും നീ’യെന്നെന്നോടെന്നും കഥിക്കുമി—
ക്കാലത്തെയെങ്ങനെ വിശ്വസിക്കും!

ജീവിതഗ്രന്ഥത്തിലോരോ വശങ്ങളു—
മീവിധം മുന്നോട്ടു ഞാൻ മറിച്ചാൽ
തപ്തബാഷ്പാങ്കിതമല്ലാത്തൊരക്ഷരം
തത്ര കണീടുവാനാകയില്ല!
അന്ത്യലിപിയും കുറിച്ചു പിരിയാനെ—
ന്നന്തരാത്മാവു കതിച്ചീടുമ്പോൾ,
‘ആയില്ല’യെന്നൊരശരീരസന്ദേശ—
മാരെലെൻകർണത്തിൽ വന്നലയ്ക്കും.
കാലത്തിൻ കൈക്കുക്മ്പിൾ പൂർണ്ണമായ്ത്തീരുവാൻ

 

മേലിലുമെൻകണ്ണീർ വേണമെന്നോ?
ആകട്ടെ,യശ്രുപ്പുഴയിൽ നിഴലിക്കും
നാകത്തെക്കണ്ടു ഞാനാശ്വസിക്കാം!…

 

പടിവാതിൽക്കൽ

പുത്തനാമൊരു പാഠം നാളെ ഞാൻ തുടങ്ങാ, മി-
ന്നിത്രയും നിങ്ങൾ കാണാപ്പാഠമാക്കണം പോയാൽ.”
ആചാര്യനേവം പറഞ്ഞന്നു നിർത്തവേ, ഞങ്ങ-
ളാചോരോപചാരം ചെയ്താഹ്ലാദാൽ പുറത്തെത്തി.
ദൂരവേ പോകേണ്ടൊരെൻ സതീർത്ഥ്യർ വിഹഗങ്ങ-
ളാരവം മുഴക്കിക്കൊണ്ടങ്ങിങ്ങു പറന്നുപോയ്;
മാടത്തെ മണിമേടയാക്കുന്ന ബാല്യത്തിനാ
വീടെത്താൻ കുറച്ചൊന്നു വൈകിയാലെന്തേ ചേതം ?
അകലെക്കാണും കുന്നിൻചരിവിൽ, പോകാൻപോകും
പകലിൻ തോളിൽത്തൂങ്ങിയെത്തി ഞാൻ ജാതോന്മേഷം.
കളിയാണെനിക്കന്നു കാര്യങ്ങളതിന്മുഖം
കരിവാളിക്കനേകബന്ധമഗ്ഗുരവാക്യം.
ഞാനതു കൂട്ടാക്കാതെ വാരുണിയേന്തും പുത്ത-
നാമൊരു ചിത്രം നോക്കി രസിച്ചു കുറേനേരം.
സഖിയാം പകൽ പോകാൻ വെമ്പി, ഞാൻ ചെന്നില്ലവൾ-
മുഖവും വീർപ്പി,ച്ചെന്നെക്കൂടാതെതന്നേ പോയി!
തപ്പിയും തടഞ്ഞും ഞാൻ രാപ്പാതയുടേ ഗൃഹ-
മെത്തുവാൻ ഗമിക്കുമ്പോൾ കണ്ടിതക്കടലിനെ,
പഞ്ചമിച്ചന്ദ്രനാകും കൈവിളക്കുമായാഴി
പണ്ടത്തെപ്പാഠമെല്ലാമാവർത്തിക്കയാണപ്പോൾ
അലയാം വെള്ളത്താളു മുന്നോട്ടു മറിച്ചീടു-
മവളെൻ സമാഗമമീക്ഷിച്ചില്ലണുപോലും!

 

അയൽവാസിയാം വാനം നിദ്രയിലായോയെന്നൊ-
ന്നറിയാൻ മേല്പോട്ടു ഞാൻ കണ്ണുകളുയർത്തവേ,
അംബരം കരിയിട്ടു തെളിഞ്ഞോരോല നോക്കി-
യൻപത്തൊന്നുരുവിട്ടുകണ്ടു ഞാൻ ത്രപാസ്യനായ്.
നാളെയാ, മിന്നെൻ പാഠം സാരമില്ലെന്നോർത്തു ഞാൻ
മാളികമുകളേറി മെത്തയിലുറക്കമായ്!

ഏറിയ വാത്സല്യത്തേനൂറീടും വചസ്സാലെൻ-
ചാരവേ മാതാവെത്തിയുണരാൻ വിളിച്ചിട്ടും,
കൂട്ടുകാർ വിഹഗങ്ങൾ കാണാതെ പഠിച്ചീടും
പാട്ടുതന്നലവന്നെൻ കർണത്തിലലച്ചിട്ടും,
നിദ്രയെപ്പൂർവാധികം മുറുകിപ്പുണർന്നു ഞാൻ
സദ്രസം കിടയ്ക്കവിട്ടീടാതെ കിടന്നുപോയ്!

പാതിയും തീരാറായി പാഠങ്ങൾ, വിദ്യാലയ-
വാതില്ക്കൽ കേറാനാജ്ഞ കാത്തു ഞാൻ നിലകൊണ്ടു
മഞ്ജുള മന്ദഹാസവായ്പിനോടെന്നാചാര്യൻ
നെഞ്ഞലിഞ്ഞീടും മട്ടിലെന്നോടു ചോദ്യം ചെയ്തു
“ശിഷ്യാ! നീ പഠിച്ചിതോ പാഠങ്ങ,ളില്ലെന്നാകിൽ
ശിക്ഷയായവിടെത്താൻ നില്ക്കുക പഠിപ്പോളം!”
‘ഇല്ല’യെന്നല്ലാതെന്തു ചൊല്ലും ഞാൻ, ഗുരുവര്യൻ
തല്ലിയില്ലെന്നെ, ത്തെല്ലു കോപവും ഭാവിച്ചില്ലാ!
നില്ക്കയാണിന്നും വിദ്യാമന്ദിരദ്വാരത്തിൽ ഞാൻ
ബാക്കിയുള്ളവർ പഠിക്കുന്നതിൽ സശ്രദ്ധനായ്.
വല്ലതും ഗുരുമുഖത്തിങ്കൽനിന്നുപദേശ-
മില്ലാതെ വീട്ടിലെത്താനെങ്കിലുമശക്തൻ ഞാൻ!

 

ഉൽക്കണ്ഠ

അന്ധകാരത്തിന്നടിത്തട്ടിലാരുടെ
ചെന്താരടികളെപ്പുൽകുന്നു ഞാൻ സദാ,
ആരുടെ പാരജസ്സു മിന്നാമിനു—
ങ്ങായിപ്പറന്നു തെളിയുന്നിരുളിലും.
നിശ്ശബ്ദതതന്റെ നിശ്ചലതന്ത്രിയിൽ
നിത്യവും കേൾക്കുന്ന സംഗീതമേതുതാൻ
യാമിനിതന്നിലത്താരാകുമാരികൾ
യാതൊന്നുതാനേറ്റുപാടുന്നു നിത്യവും;
പ്രേമവിവശഹൃദയബാഷ്പത്തിനാ—
ലേതൊരു കല്പവൃക്ഷം തഴയ്ക്കയാം?
ആവശ്യമുള്ളോർക്കദൃശ്യനായ് നിന്നീടു—
മാ വശ്യരൂപമൊന്നെന്നടുത്തെത്തുകിൽ!..

ഇല്ലായ്മതന്നിൽ നിന്നുണ്ടായിവന്നൊര—
ക്കല്യാണരൂപിയെക്കണ്ടു കൈകൂപ്പുവാൻ
എൻ കരംതന്നിലെ ശൂന്യമാം ജീവിത—
ത്തങ്കച്ചഷകം തിരിച്ചുകൊടുക്കുവാൻ.
എന്നുള്ളിലെന്നും ചല്രകടിച്ചാർക്കുന്ന
പൊന്നിങ്കിളിയെ പുറത്തയച്ചീടുവാൻ.
നീടുറ്റ രാഗപരവശയാകുമീ
നീഹാരനീർക്കണം നീരാവിയാകുവാൻ.
ആനന്ദദീപം കൊളുത്തി, യുലകിലീ

 

ഞാനെന്ന പാഴ്നിഴൽ മായ്ച്ചുകളയുവാൻ;
എത്രദിനകരമണ്ഡലം മേലിലു-
മസ്തശൈലത്തിൽ തടഞ്ഞുതകരണം?…

മൽപ്രാണവായുവിൽ സൗരഭംപൂശുമാ-
പ്പൊൽപ്പുതുപ്പൂവിന്റെ പുഞ്ചിരി കാണുവാൻ,
ക്ഷാളനം ചെയ്കയാണെൻ കൺകൾ മാനസ-
നനാളമുരുകിവരുന്ന ബാഷ്പത്തിനാൽ.
കാലമിടയ്ക്കിടയ്ക്കാഞ്ഞടിച്ചേറ്റുന്ന
കാളാംബുദത്താലിരുളുന്നു പിന്നെയും!
മർമ്മരംമൂളുന്നു പത്രങ്ങൾ നിശ്ചലം
കർമ്മപ്രവാഹത്തെ നോക്കി നിന്നീടവേ,
ഏകാന്തതയിലിരുന്നു ഞാൻ നാഥന്റെ
നാകസംഗീതം ശ്രവിക്കാനൊരുങ്ങവേ,
ഭഞ്ജിക്കയാണെന്റെ ശാന്തതയേറുമീ
നെഞ്ഞിടി, ഞാനിതടക്കുന്നതെങ്ങനെ?…

നീളെപ്പടർന്നുപിടിക്കും നിശീഥമാം
ചോലവൃക്ഷത്തിന്റെ തുഞ്ചത്തദൃശ്യമായ്
വ്രീളാസമന്വിതം മോഹനാകാരയാം
നാളെയാം പൂമൊട്ടൊളിച്ചുകളിക്കുകിൽ
സാന്ത്വം തിരയാൽത്തകർക്കുമിസ്സിന്ധുവിൽ
ശാന്തിതൻ തല്പവും സജ്ജമാണെപ്പോഴും!
പൂന്തെന്നൽപോലുമിളകാത്ത വേദിയിൽ
പൂന്തിങ്കൾ ശൈത്യംകലരുമാ മെത്തയിൽ
നിത്യതതന്നിൽനിന്നുൾഗമിച്ചീടുന്ന
നിസ്തുലഗാനം നുകർന്നനുകർന്നലം
ആമോദഭാരാൽ തകരുവാൻ ഞാനുമെൻ-
പ്രേമോദയത്തെ പ്രതീക്ഷിച്ചിരിക്കയാം!

ആ രംഗം

പാടലപ്രഭ പൂശും നെല്ലണി-
പ്പാടത്തിൻ പൂർവഭാഗത്തായ്
ആടുമേയ്ക്കുന്ന ബാലകരൊഴു-
ക്കീടും ഗാനപ്പൂഞ്ചോലകൾ
നൽത്തെളിത്തേൻ പകരും താരിനം
നൃത്തമാടിക്കളിക്കുന്ന
പച്ചിലപ്പട്ടു ചാർത്തി മിന്നുമ-
ക്കൊച്ചുകുന്നിൻ ചരിവിലായ്
ശിൽപ്പവിദ്യതൻ കൃത്രിമപ്പകി-
ട്ടല്പവുംപോലുമേശാതെ
കണ്ടിടുമതിബന്ധുരതര-
മന്ദിരത്തിന്റെ മുന്നിലായ്
വെണ്ണപോൽ മിനുപ്പേറുമാ വെറും
തിണ്ണയിൽക്കിടന്നേകയായ്
വായുവൽ ചില മാളിക കെട്ടു-
മാ യുവതിയെക്കണ്ടു ഞാൻ!….
സിന്ധുവൽ മറഞ്ഞീടും സൂര്യന്റെ
ബന്ധുരകരരാജികൾ
വാരുണിതന്റെ മേനിയിൽത്തങ്ക-
ച്ചാറണിയിച്ചു നിൽക്കുമ്പോൾ
ചന്ദനക്കാട്ടിൽച്ചെന്നലഞ്ഞെത്തും
തെന്നലെയൊന്നു ചുംബിക്കാൻ

 

കന്ദകോരകം സുന്ദരാധരം
മന്ദമന്ദം വിടർത്തവേ
ആലയോന്മുഖരായീടുമജ-
പാലകാവലി പാടിടും
ഗാനധാരയിൽ മഗ്നമാനസ-
യാകുമഗ്രാമലക്ഷ്മികൾ
കാമുകാഗമം കാത്തുകാത്തലർ-
ക്കാവിലങ്ങിങ്ങുലാത്തുമ്പോൾ,
എത്തി നാം മുമ്പു കണ്ട ഗേഹത്തി-
ലുത്തമനൊരു പുരുഷൻ!….
അപ്പുമാനുടെ പാദവിന്യാസ-
മല്പമായടുത്തെത്തവേ,
ഞെട്ടിയോമലാൾ തൻ ദിവാസ്വപ്നം
വിട്ടു പെട്ടെന്നുണർന്നുപോയ്.
പേശലമൊരു മാരിവില്ലൊളി
വീശിയാ! വളർവക്ത്രത്തിൽ!
കണ്ഠവും കുനിച്ചൊട്ടു മാറിത്തൻ-
ചുണ്ടിണ തെല്ലിളക്കാതെ
വാഗതീതമാം സ്വാഗതവച-
സ്വാഗതന്നവളേകിനാൾ!
തെല്ലിട ചില ചിന്തകളുമായ്
മല്ലടിച്ചൊരാ മങ്കയാൾ
തങ്കമേ യെന്നൊന്നുച്ചത്തിൽ വിളി-
ച്ചങ്കണം വിട്ടു പാഞ്ഞുപോയ്!
ആലയാന്തസ്ഥയായവൾ, പുറ-
ത്താഗതൻമാത്രമേകനായ്!
സത്വരമൊരു മിന്നൽ പാഞ്ഞിതാ
സ്തബ്ധപുരുഷ ചിത്തത്തിൽ
ആയതിൻ ദിവ്യരൂപമെന്നപോ-
ലാലയത്തിൽനിന്നക്ഷണം
ഓടിയെത്തി, യൊരോമനച്ചെറു-
ബാലിക, ഹർഷദായിക!

 

പൊൻചിലങ്ക കിലുക്കിയുല്ലസൽ-
പ്പുഞ്ചിരിതൂകിക്കൊഞ്ചിടും
പിഞ്ചുകുഞ്ഞിനെപ്പുൽകിയപ്പുമാൻ
സഞ്ചിതാനന്ദതുന്ദിലൻ.
മാറിമാറിയപ്പൂരുഷൻതന്റെ
മാറിലും കരതാരിലും
തത്തിയുൾക്കുളിരേറ്റിനാളൊരു
തത്തതന്മട്ടിൽ കണ്മണി;
അമ്മുഖത്തവനന്നു നല്കിയൊ-
രുമ്മതൻ കണക്കെന്നപോൽ
പൊൻപൊടിപൂശും താരകാളികൾ
വെമ്പിയെത്തി ഗഗനത്തിൽ!
രണ്ടു വത്സരത്തിന്നു മുമ്പിലായ്-
ക്കണ്ടൊരു കാഴ്ചയോർക്കവേ
തെല്ലു തെക്കു വളഞ്ഞൊഴുകുമാ-
ക്കുല്യതൻ ചിത്തമെന്തിനോ
ഒന്നു മന്ദം തുടിച്ചൂ; കല്ലോല-
ദ്വന്ദ്വം തമ്മിൽത്തഴുകിപ്പോയ്!

ആ വസന്തം

ആ വസന്ത,മനശ്വരം, മാമക-
ജീവിതത്തിന്റെ വിശ്വസ്തകാമുകൻ
-എൻ കുളിർ സ്വപ്നസൗധശൃംഗങ്ങളിൽ
വെൺകളിപൂശുമാനന്ദചന്ദ്രിക-
കാത്തിരിക്കുമാനിർവാണമണ്ഡലം
പേർത്തുമെത്ര തിരഞ്ഞിനിപ്പോകണം!
ഈവിധമീയിരുൾപ്പിശാചിന്നെത്ര
ജീവരക്തമിനിയും ചൊരിയണം!
ആവതെന്തു,ഞാനെത്ര കേണീടിലും
ഭാവി,യാ രംഗമെന്നും മറച്ചിടും!

ശൂന്യതയിങ്കൽനിന്നു ജനിച്ച ഞാൻ
ശൂന്യതതന്നടിയിലടിയണം!
രണ്ടിനുമിടയ്ക്കായൊരു മോഹന-
വിണ്ടലം കണ്ടുകൊൾവാൻ കൊതിക്കിലോ,
ക്ലിപ്തമില്ലാതെ നീണ്ടുനീണ്ടുള്ളൊരി-
ത്തപ്തമാം മരുഭൂവിലുഴലണം!
ആശതൻ തണൽ തേടി ഞാ,നെങ്കിലും
ക്ലേശപക്വമശിച്ചു തൃപ്തിപ്പെടാം!……..

കളിത്തോണിയിൽ

“ഇന്നലെ ഞാനൊരു സ്വപ്നം കണ്ടു,
ഇന്നതോന്നോതാനസാധ്യം തോഴീ!
പാതിരാവായെന്നു നീ പറഞ്ഞു
വാതിലും ബന്ധിച്ചു പോയശേഷം
പിന്നെയും പുസ്തകവായനയാൽ—
ത്തന്നെ ഞാന്നേരം കഴിച്ചുകൂട്ടി;
ഉറ്റുശ്രമിച്ചു ഞാനെങ്കിലതി—
ലൊറ്റ ലിപിപോലും നീങ്ങിയില്ലാ!
തങ്കച്ചിറകുവിരിച്ചെഞ്ചിത്ത—
പൈങ്കിളിയെങ്ങോ പറന്നിരുന്നൂ;
മെറ്റേതോ ഗ്രന്ധം തിരഞ്ഞുനോക്കി—
ച്ചുറ്റുമെൻ കണ്ണുകൾ പാഞ്ഞിരുന്നു!

എത്തുകില്ലിങ്ങിനിയെന്നു നിങ്ങ—
ളൊക്കെയുമോതുമെന്നാത്മനാഥൻ
‘മഞ്ജുളേ! മഞ്ജുളേ!’യെന്നു വിളി—
ച്ചെന്നഴിവാതിൽക്കലെത്തി മന്ദം,
‘പോരിക’യെന്നു പറഞ്ഞു പിന്നിൽ
ശാരികപോലെ പറന്നെത്തി ഞാൻ!….

തോരാത്ത കണ്ണീരും വറ്റുമട്ടി—
ലാ രാത്രിയത്രയ്ക്കു മോഹനംതാൻ!

 

രാകാശശാങ്കനും താരകളും
രാഗപരാഗം പുരട്ടി വാനിൽ;
മഞ്ജുളമഞ്ജരീപുഞ്ജമാളും
കുഞ്ജസദനത്തിൽ രാക്കിളികൾ
രാവിന്റെ മാഹാത്മ്യം വാഴ്ത്തിവാഴ്ത്തി-
ത്തൂകീ മരന്ദം പരിസരത്തിൽ;
ഓമനസ്വപ്നങ്ങൾ കണ്ടുകണ്ടി-
ബ്ഭൂമിയും കോരിത്തരിച്ചിരുന്നൂ!
ഹസ്തേന ഹസ്തം ഗ്രഹിച്ചു മോദാൽ
വൃത്താന്തമോരോന്നുരച്ചു ഞങ്ങൾ
ചന്ദ്രികപ്പൊയ്കയിൽ തത്തും രണ്ടു
പൊൻതിരയായിട്ടൊഴുകിപ്പോയി!……

ആനന്ദാലുള്ളം തുളുമ്പിനില്ക്കു-
മാഴിതൻ തീരത്തിലെത്തി ഞങ്ങൾ,
തങ്ങളിൽത്തങ്ങളിൽപ്പുല്കിപ്പോകും
ഭംഗപരമ്പര നോക്കി നിന്നൂ;
അന്തമറ്റോരക്കടലിലപ്പോൾ
പൊൻതോണിയൊന്നു കണ്ടോതി നാഥൻ;
“ഓമനേ,യിക്കടൽ ശാന്തം, നമ്മൾ-
ക്കോടിക്കളിച്ചു രസിച്ചു പോകാം.”
‘അക്കളിത്തോണിയിലേറിയാൽ നാ-
മക്കരയെത്തുമോ?’എന്നു ഞാനും;
‘ഉൾക്കരുത്തൊന്നു കരസ്ഥമാമെങ്കി-
ലൊക്കെയും സാധ്യ’മെന്നപ്പുമാനും.
എന്തി,നത്തോണിയിലേറി ഞങ്ങൾ
ചെന്തീപ്പൊരിയും ചിതറിയെന്നിൽ!
ഗാനങ്ങളോരോന്നു പാടിപ്പാടി-
സ്സാനന്ദം തോണി തുഴഞ്ഞു മന്ദം.
ഒട്ടിടയങ്ങനെ സഞ്ചരിക്കേ
മട്ടൊക്കെ മാറി, മറഞ്ഞു ചന്ദ്രൻ!
വൻ തിരമാലയിരച്ചുപൊങ്ങി-

യന്ധകാരാവൃതമായി വാനും!
അക്കളിത്തോണി കമഴ്ന്നു ഞങ്ങ-
ളക്കടൽമധ്യത്തിൽ ത്യക്തരായി!…”

 

കഴിഞ്ഞകാല്യം

കുട്ടിക്കതിരവനബരലക്ഷ്മിതൻ
പട്ടുടയാടയിൽ തൂങ്ങിടുമ്പോൾ,
ഞെട്ടിയുണർന്നൊരു ബാലമരുത്തു പൂ-
മൊട്ടിനെത്തട്ടിയുണർത്തിടുമ്പോൾ,
ഇങ്ങിനിയെത്താതെ പോയൊരെൻ ബാല്യത്തിൻ
മങ്ങിയോരോ നിഴൽ കാണ്മൂ ഞാനും.

ബാല്യം-എൻ ജീവിതവാസരം തന്നുടെ
കാല്യം-കലിതാഭമായ കാലം,
പിച്ചനടക്കുവാനമ്മ പഠിപ്പിച്ച
പൊൽച്ചിലമ്പൊച്ചയുതിരും കാലം,
ആവർത്തനോത്സുകമാകുമാ വേളക-
ളീ മർത്ത്യനെങ്ങനെ വിസ്മരിക്കും ?

മങ്ങിക്കിടപ്പതുണ്ടിമ്മലർമുറ്റത്താ
മംഗളജ്യോതിസ്സിൻ കന്ദളങ്ങൾ;
കണ്ണീരിൽച്ചാലിച്ച പുഞ്ചിരിയെത്രയീ
മണ്ണിനു ഞാനന്നാളേകിയില്ലാ;
എണ്ണിയാൽ തീരാത്തൊരെത്ര കഥകള-
ന്നെന്നോടീ മാകന്ദമോതിയില്ലാ!
മാമകബാല്യമെനിക്കതിമോഹന-
മാകുമൊരാരാമം തീർത്തിരുന്നു;

 

ആന്ദദായകമാകുമപ്പൂവന-
മാനന്ദനോപമമായിരുന്നു;
കാലത്തിൻകൈവിരൽത്തള്ളലാൽ ഞാനെത്ര
കാതങ്ങൾ പിന്നിട്ടു നില്പതിപ്പോൾ!
പച്ചിലക്കാട്ടിൽപ്പറക്കും കിളികളെൻ
കൊച്ചുകൈത്തണ്ടിൽ കളിച്ചിരുന്നു;
പൊൻപ്രഭ ചിന്നുന്ന തുമ്പികളെന്മുഖം
ചുംബിച്ചെൻമുന്നിൽ പറന്നിരുന്നു;
ആയവയിന്നെന്നെക്കാണുമ്പോൾ പേടിച്ചു
പായുന്നു, ഞാനിത്ര പാപിയെന്നോ!
മാന്യമാമെന്നുടെ മന്ദിരമന്നെല്ലാം
ശൂന്യതയ്ക്കാവാസമായിരുന്നു;
നാലഞ്ചുകമ്പിനാൽ തീർത്ത കുടിലിൽ ഞാൻ
നാകത്തെ നിത്യവും കണ്ടിരുന്നു;
പ്ലാവിലക്കുമ്പിളിൽപ്പൂഴിച്ചോറന്നെല്ലാം
പാലിലും പ്രീതിദമായിരുന്നു!

കാട്ടാറിന്റെ കരച്ചിൽ

കുലഗിരിയയൊന്നിൻ കഴൽ ചുംബിക്കുന്ന
നലമെഴുമൊരു നളിനിതന്നുള്ളിൽ
ഒളിച്ചിരുന്നു ഞാനൊരായിരം കൊല്ലം
വെളിച്ചമെന്നുള്ളതറിഞ്ഞിടാതഹോ!
നവവർഷാശ്ലേഷപുളകിതയാമാ
നളിനിതന്നുള്ളം തുളുമ്പിയ നാളിൽ
കുതിച്ചു ഞാനൂഴിപ്പരപ്പിലേ,യ്ക്കെന്നാൽ
പതിച്ചിതു കഷ്ടം ശിലാതലം തന്നിൽ!
എടുത്തവിടെനിന്നിവളെ, യാവന-
പ്പടർപ്പൊരമ്മപോൽ പുണർന്നു ലാളിച്ചാൽ.
പരിചിൽ ശാന്തത പരിലസിക്കുമെൻ-
പരിസരമെല്ലാം പരമസുന്ദരം;
കളിയാടീടുവാൻ കുളിരിളം തെന്നൽ,
പുളകം പൂശുവാൻ പുതുകുസുമങ്ങൾ,
കുണുങ്ങിയോടുവാൻ തൃണതലപ്പര,-
പ്പിണങ്ങിയെന്നിലന്നഖിലഭാഗ്യവും!
പഠിക്കുവാനായിപ്പല പത്രങ്ങളും
വിടുർത്തി നിന്നിതാ വിപിനലക്ഷ്മിയാൾ.
മദീയഭാഗ്യത്തിൽ മനം മയങ്ങി ഞാൻ
മദാലസയായിച്ചരിച്ചിതക്കാലം!
തടത്തിൽ നില്ക്കുന്ന ചെടിനിരയൊന്നി-
ലിടയ്ക്കു സുസ്മിതം പൊഴിച്ചു പൂക്കളാൽ
തുളുമ്പിയാനന്ദമകക്കുരുന്നിൽ, ഞാൻ

 

പളുങ്കുമാല്യങ്ങളവയിലർപ്പിച്ചു
കിളിനിരകൾതൻ കളകളസ്വനം
കുളിരിയറ്റിയെന്നകതളിരിങ്കൽ
പകരം ഞാൻ വീണാക്വണിതം മേല്ക്കുമേൽ-
പ്പകർന്നിതന്നാളപ്പതംഗപാളിയിൽ.
തടില്ലതപോലെ തരളമേനിയിൽ
തടംതല്ലിത്തകർത്തൊലിച്ച നാളുകൾ
-മദീയജീവിതപ്രഭാതവേളകൾ-
മറഞ്ഞുപോ;-യിനി വരില്ലൊരിക്കലും!

പുറത്തുനോക്കി ഞാന പുതിയ നീഹാര-
പ്പുതപ്പു നീക്കിയന്നൊരു പുലരിയിൽ
വരണ്ട പാരിടം, ഇരുണ്ട വിണ്ടലം-
വരേണ്ടതെന്തതിൽപ്പരം ദുരിതങ്ങൾ!
ചുരുക്കിയോതിടാ, മവിടുന്നെൻ ഗതി
തിരിച്ചുവിട്ടിതാ നിയതിതൻ കരം;
പ്രഭാവധോരണിക്കഭാവമറ്റതാം
പ്രദേശമിപ്പോളെൻ പ്രവാഹപദ്ധതി.
കരുണതൻ ദിവ്യകണികകളെന്നിൽ
നിരന്തരം വന്നു പതിക്കുന്നിണ്ടിപ്പോൾ
ഒരല്ലലില്ലെനിക്കിവിടെ,യെങ്കിലും
വരുന്നതില്ല മേ സമാധാനം തെല്ലും!
ചെറുക്കുന്നെൻ ഗതി ചിറയാലേ ചിലർ
മറുത്തുപോകുവാനശക്തയാണു ഞാൻ;
മലയ്ക്കുമാഴിക്കുമിടയിൽപ്പെട്ടിപ്പോൾ
മലയ്ക്കയാണെന്നാൽ മലിനയല്ലേതും;
തിരിച്ചദിക്കിലേക്കിനിയൊരിക്കലും
തിരിച്ചുപോകുവാനൊരുങ്ങുകില്ല ഞാൻ.
എനിക്കുമുണ്ടേതോ ചിലതെല്ലാ,മൂഴി-
പ്പരപ്പിനോടൊന്നു പറഞ്ഞു പോകുവാൻ;
വരുന്ന വർഷത്തിൻ സമാഗമത്തിലെൻ-
ചിറ തകരുകിൽ കൃതാർത്ഥയായി ഞാൻ!….

ക്ഷണം
കൂരിരുൾക്കുണ്ടിലിരുന്നുകൊണ്ടെൻ ബാഷ്പ-
ധാര തുടയ്ക്കുന്ന കാരുണ്യവാരിധേ!
പോരിക, പോരിക മുന്നോട്ടു ജീവിത-
പ്പോരിൽ നമുക്കൊരുമിച്ചു പൊരുതിടാം!
സീമാവിഹീനം കരഞ്ഞുകഴിയുന്നൊ-
രോമനയ്ക്കൊന്നു ചിരിക്കേണ്ടയോ വിഭോ?
കണ്ണീർകണങ്ങൾ പുരണ്ടതാം കാലമാം
കണ്ണാടിയിൽക്കൂടി നോക്കുന്ന വേളയിൽ
കാണുന്നതൊക്കെയും കാളമേഘാവൃതം,
കാണേണ്ടതൊക്കെയും കാഞ്ചനസന്നിഭം!
നിശ്ചയമില്ലാ വജയമെന്നാകിലും
നിസ്തുലം ജീവിതം ശൂന്യമായ്തീർക്കൊലാ-
എന്തു നാം നേടിയെന്നല്ല ചിന്തിക്കേണ്ട-
തെങ്ങനെയാണു പൊരുതിയെന്നുള്ളതാം.
ഓമന സ്വപ്നങ്ങൾ കാടേടിയെന്നാത്മനി
രോമാഞ്ചമേറ്റുമൊരാനന്ദകന്ദമേ!
പോരിക, പോരിക, മുന്നോട്ടു, ജീവിത-
പ്പോരിലെനിക്കൊരു നേർവഴി കാട്ടുക!
താവക വിഗ്രഹം കാണുവാനാശിച്ചു
താരൊളിവാസരമോരോന്നുമെത്തവെ,
നൈരാശ്യമാർന്നവ നിത്യവും, ജീവിത-
വൈരാഗ്യമെന്നെപ്പഠിപ്പിച്ചുപോകയാം!

 

പ്രേമപ്രകാശമേ, താവകനാമമാ-
മാ മധുരാസവം ഞാൻ നുകർന്നീടവേ,
പെട്ടെന്നതിനതികയ്പുകലർത്തുന്ന
മറ്റൊരു നാമമനുദിനം കേൾക്കയാൽ
അച്ഛിന്നസൗഖ്യപ്രദായകമെന്നുടെ-
യച്ഛന്റെ മന്ദിരമന്ധകാരാവൃതം!
മങ്ങാതെയെന്നുമെൻകാതിനൊരാനന്ദ-
സംഗീതമേകുന്ന സൗന്ദര്യധാമമേ!
പോരിക,പോരിക,മുന്നോട്ടു,ജീവിത-
പ്പോരിൽ നമുക്കൊരുമിച്ചു മരിച്ചിടാം!
നിർദ്ധനത്വത്തിന്റെ നിർദ്ദയത്തൊട്ടിലിൽ
നിത്യവിഹാരിയായീടുന്ന നാഥനെ
ഞാനെന്റെ പൂമച്ചിലേക്കിതാ വീഥിയിൽ
സൂനതതിവിരിച്ചെന്നും ക്ഷണിക്കയാം!
ദുർവാരമല്ലേതു വിഘ്നം, പോരിക
നിർവാണദായക, നർവിശങ്കം ഭവാൻ!
സൗവർണമായിടും ത്വൽച്ചിത്തമാണെനി-
ക്കാ വിണ്ണിനെക്കാളുമേറ്റം പ്രിയകരം!
ത്വൽപ്പാദപങ്കജം ചേരുവാനല്ലാതെ
മൽപ്രാണഭൃംഗത്തിനാശയില്ലല്പവും!…..

 

ചന്ദ്രികയിൽ

മോടികൂടീടുമാലയമലർ-
വാടിയിലിരുന്നീവിധം
ഓതുകയാണു മുഗ്ദ്ധയായ ത-
ന്നോമനയോടക്കാമുകൻ:

“സാരസാസനസൃഷ്ടികൌശല-
സാരസർവസ്വകേന്ദ്രമേ!
കണ്ണുനീരാൽ നനച്ചു നേടിയ
പുണ്യകർമ്മവിപാകമേ!
മജ്ജയക്കൊടി,യൊന്നു നീ നിന്റെ
ലജ്ജയെപ്പുറത്താക്കുക.

“പാർവണശശി പാരിടമൊരു
പാലലക്കടലാക്കവേ,
ഇക്കുളിർപ്പൊയ്ക രാഗലോലയാ-
യുൾക്കുളിരണിഞ്ഞീവിധം
പൊൻതിരച്ചുണ്ടു മന്ദമായ് വിടുർ-
ത്തിന്ദുരശ്മയെച്ചുംബിക്കേ,
നർമ്മഭാഷണചാതുര്യാൽ ലജ്ജാ-
നമ്രശീർഷയാം വല്ലിയെ
രാക്കുളിർത്തെന്നൽ തൻ വശമാക്കി-
പ്പൂക്കുലക്കുചം പുല്കവേ,

 

ഇതിതരമൊരു രാവിനെ വെറും
മുഗ്‌ദ്ധതയ്ക്കിരയാക്കൊലാ!

“തങ്കമേ! തെല്ലുനേരം നീ, നിന്റെ
തങ്കമേനി സമീക്ഷിക്കൂ;
ലോലലോചനതാരകങ്ങൾ നിൻ –
ഫാലചന്ദ്രനെപ്പുല്കുവാൻ
നിത്യവും കുതിച്ചോടിയീവിധം
നിസ്തുലാനന്ദമാളവേ,
പ്രേമശീതളമായ നിന്നുടെ
കോമളാധരയുഗ്മങ്ങൾ
തങ്ങളിൽത്തന്നെ ചുംബനം ചെയ്തു
തുംഗസൗഖ്യം നുകരവേ,
പട്ടുറൗക്കിതന്നുള്ളിൽത്തിളങ്ങും നിൻ-
കട്ടിപ്പോർക്കുചകുംഭങ്ങൾ
തമ്മിലന്യോന്യം പുല്കിയാനന്ദ-
തുന്ദിലിരായ്ത്തുളുമ്പവേ;
കെട്ടഴിഞ്ഞുകിടക്കും നിന്നുടെ
കറ്റവാറൊളികുന്ദളം
താവകാമലമേനിയാശ്ലേഷി-
ച്ചീവിധമിളകീടവേ,
എന്തിനെൻ കരസ്പർശനാൽ നിന്റെ
ബന്ധുരാംഗം ത്രസിക്കുന്നു?”
ഇത്തരം നാഥഭാഷിതം കേട്ടു
പൊത്തിയോമലാൾ കണ്ണിണ!

മംഗളമായൊരാദിവ്യ –
രംഗമെങ്ങനെ തീർന്നുവോ?……..

ജീവിതം

ജീവിതം ഹാ! ഹാ! ശുദ്ധസുന്ദര, മതിനെ ഞാ-
നീവിധം നെടുവീർപ്പാൽത്തപ്തമായ്‌ചമച്ചാലോ
തുമധു നിറയ്ക്കേണ്ട പൊന്നൊളിക്കിണ്ണത്തിങ്ക-
ലീമട്ടു കണ്ണീർപകർന്നെത്രനാൾ സൂക്ഷിക്കണം!
എന്തു ഞാൻ ചെയ്യുമാല്ലാതിന്നോളം വായിച്ചതാം
ഗ്രന്ഥമോന്നിലും കണ്ടി’ല്ലാനന്ദം’ മൂന്നക്ഷരം !
ആനന്ദഗാനങ്ങളെപ്പാടാനും പകർത്താനു-
മാ’നന്ദ’നാരമത്തിൽ പൂക്കൽക്കാണവകാശം
പാരതു വല്ലപ്പോഴുമറിയാതുട്ഘോഷിച്ചാൽ
‘പാടില്ല’യെന്നു വാനം മുരങ്ങും സ്തനിത്താൽ!
മർതൃത മധുരമായ്‌ സ്വപ്നത്തിൽ കണ്ടാൽ പിറ്റേ-
ന്നെത്തിടും പുലരിതൻ പൊൻകവിളിരുണ്ടുപോം
മാരിക്കാറണിഞ്ഞതാം വാരോളിമഴവില്ലിൻ
ചാരുതനുകർന്നു ഞാൻ നിന്നുപോയ്‌ ക്ഷണനേരം
ഞാനുമോന്നതുപോലെയാകുവാനല്ല, യതു
ഞാനാണെന്നൊരു ചിന്തയുദിച്ചു മമഹൃത്തിൽ ;
കഴിഞ്ഞു; വരച്ചോരാക്കൈകളാൽത്തന്നെ, യതിൽ
വഴിഞ്ഞു സൗന്ദര്യത്തെ ക്ഷണികപ്രഭമാക്കി!
പാടിയെൻ ഹൃദയത്തിൽ വാണോരെന്നാശാശുകി
കൂടുവിട്ടതാണെന്നോ,ളെതിയില്ലിന്നോളവും!…
അകലെത്തളിർവല്ലിയേന്തിടും പനിനീർപ്പൂ –
മുകുളം ചിരിചെന്തോ മൌനഭാഷയിലോതി

ഗൂഡാവബോധം തന്നെയാക്കാവ്യമേന്നാകിലും

കൂടിയോരിവർക്കെല്ലാമാശ്വാസമെകി പാരം
പാടലാധരങ്ങലാൽ പാവനസന്ദേശത്തെ
പാതിയും മൊഴിഞ്ഞിലാ പാഴ്മണ്ണിലായിയിവൾ!
പുലരിക്കുളിർപ്പുഴ നീന്തിയന്തരീക്ഷത്തെ –
പ്പുളകപ്പുതപ്പിട്ടു മൂടിയോരിളന്തെന്നൽ
മലയും മറിച്ചിടും മാതിരി നൈരാശ്യത്താൽ
തലയും തരുക്കളിൽത്തല്ലിയെങ്ങോടിപ്പോയി!
മാകന്ദമരക്കൊമ്പി, ലാനന്ദസാമ്രാജ്യത്തി,-
ലാകണ്ഠം തളിർ തിന്നു മദിച്ചു കളകണ്ഠം
നീളതിലോന്നോ രണ്ടോ കൂകിപ്പോ,യപ്പോൽത്തന്നെ
കാലത്തിൻ കൂരമ്പതിൻ തൈമേനി താലോലിച്ചു !
തളിർത്തു പിന്നീടുമതേന്മാവു പലവട്ടം
കുളിർത്ത ഗാനംമാത്രം കേവലമാശാമാത്രം!…
ആഴിയിൽ മുങ്ങിത്തപ്പിയാദിത്യനനർഘമാ-
മായിരം രത്നം വാരി വാനതിനായിട്ടെകി ;
ആകാശമാവയെല്ലാമിരുളിൻ ചാണക്കല്ലി-
ലാകുംമട്ടുരചോരോതരവും തിരിക്കുമ്പോൾ,
മഞ്ഞിനെ മാണിക്യമായ്‌ മാറ്റിടും കരങ്ങളാ
മഞ്ജുളരത്നമെല്ലാം മഞ്ചാടിയായിത്തള്ളി
ചിരി, നാം കരച്ചിലിന്നായിട്ടു മുമ്പേതന്നെ
ചോരിയുന്നതാം വെറും സ്വാഗതംമാത്രം പാർത്താൽ
ഇരുളും വെളിച്ചവും തഴുകിത്തളർന്നാൽ നാ-
മിരുപേരെയും വിട്ടിട്ടനൃത്രചേരും ശീഘ്രം.
വിരിക്കും, നമ്മൾക്കൊരു തല്പമങ്ങ, തിലന്നെ-
വരയ്ക്കും, നാം ചൊരിഞ്ഞ കണ്ണീരു താരായ്‌ക്കാണാം.

ഞങ്ങൾ

മനുജരിനിയെന്തൊക്കെയോതിയെന്നാലുമെൻ—
‘വനജ’യെ മറക്കുവാനാളല്ല ഞാൻ ദൃഢം.
ചലിതജലഭിംബിതമായ നേർ ശാഖിയിൽ
വളവധികമുണ്ടെന്നു തോന്നുന്നപോലവേ
കൂലടയവളെന്നുള്ള കാഹളമൂതുന്ന
കുടിലഹൃദയങ്ങളേ, നിങ്ങൾക്കു മംഗളം!
കദനപരിപൂർണമെൻ ജീവിതവീഥിയിൽ
കതിരൊളി വിരിക്കുമക്കമ്രദീപത്തിനെ
-വ്രണിത ഹൃദയത്തിന്റെ ദുർബലതന്തുവിൽ
പ്രണയസുധ പൂശുമെൻ പുണ്യത്തിടമ്പിനെ—
അരുതരുതു വിസ്മരിച്ചീടുവാൻ, ജീവിത—
മതിരുചിരമാക്കുന്നതൊന്നിസ്മരണതാൻ!
വിധിയൊടൊരുമട്ടൊക്കെ മല്ലടിച്ചീവിധം
വിജനതയിലേകനായ് ഞാനിരുന്നീടവേ,
മധുരഹസിതാർദ്രമാമാനം ചെല്ലു ചാ—
ച്ചമൃതരസമൂറിടും നർമ്മസംഭാഷണാൽ
കരളുരുകിയെത്തുമെൻ കണ്ണീർക്കണം തുട—
ച്ചവളരികിൽ നില്പതായ്തോന്നുന്നിതിപ്പൊഴും!
സതിമണികൾ കേവലം സങ്കല്പരൂപരെ—
ന്നതികഠിനമോതുന്ന നിർല്ലജ്ജലോകമേ,
ഒരു നിമമഷമെങ്കിലുമോമലിൻ സന്തപ്ത—
ഹൃദയപരിശുദ്ധിയെക്കണ്ടു തൃപ്തിപ്പെടിൻ!

 

കുലതരുണിമാരണിമാണിക്യമാമവ
ളലമിവനെയോർത്തു കരകയാണിപ്പോഴും!
ഹൃദയയുഗളത്തിന്റെ സംഘട്ടനത്തിനാ-
ലുദിതമൊരു രാഗസ്ഫുലിഗമൊന്നിത്രമേൽ
വളരൊളി പരത്തുമാ വെള്ളിനക്ഷത്രമായ്
വളരുവതു കേവലം കേഴുവാൻ മാത്രമോ?
പിഴുതുകളയുന്നതിന്നാകാത്തൊരുപ്രേമ-
ലതികയുടെ പത്രങ്ങൾ – പൊയ്‌പോയ നാളുകൾ
മരവിയുടെ പിന്നിൽനിന്നെത്തിയെന്നോർമ്മയിൽ
മധുതരചിത്രശതങ്ങൽ വരയ്ക്കയാം!

കനകമഴപൊഴിയുമൊരു കാല്യസൂര്യോജ്ജ്വലൽ-
ക്കിരണപരിരംഭണാലുൾപ്പുളകാംഗിയായ്
കുളി പതിവുപോൽക്കഴിഞ്ഞീറനുടുത്തു തൻ-
പുരികുഴലൊരശ്രദ്ധമട്ടിൽത്തിരുകിയും
ഇടതുകരവല്ലൊയിൽ നാനാകുസുമങ്ങ-
ളിടകലരുമക്കൊച്ചു പൂത്തട്ടമേന്തിയും,
അപരകരമാമന്ദമാട്ടി, യറിഞ്ഞിടാ-
തുടുപുടവതൻ തുമ്പിടയ്ക്കിടെത്തട്ടിയും
അലയിളകി നാണംകുണുങ്ങിച്ചിരിചൊരി-
ഞ്ഞൊഴുകുമൊരു കാനനപ്പൂഞ്ചോലപോലവേ
‘വനജ’വരവെണിയാളമ്പത്തിങ്കലേ-
യ്ക്കനുജനോടുകൂടിത്തൊഴാൻ മിക്കുന്നതും;
വഴിയരികിലെന്തിനോ വന്നുനിന്നീടുമെൻ-
മിഴിയിണകളാനന്ദസമ്പൂർണ്ണമാവതും;
അരുകിരണാളികളുമ്മവെച്ചിടുന്നൊ-
രരിയമൃദുചെമ്പനീർപ്പൂവുപോലാമലിൻ
തുടുതുടെ ലസിക്കുന്ന പൊങ്കവിൾക്കുമ്പിങ്ക-
ലൊരു ഞൊടിയിലായിരം ഭാവം തെളിവതും;
തളിരധരപാളിയിൽ തത്തിക്കളിക്കളിക്കുന്ന
ലളിതഹസിതങ്ങളാം കൊച്ചുപൂമ്പാറ്റകൾ
മമ ഹൃദയമിക്കിളിയേറ്റുമാറങ്ങൊരു

 

മഹിതതര മാരിവിൽ വീശി മറവതം;
കളിവനചമോരോന്നുരച്ചെന്റെ കൂട്ടുകാ-
രൊളിശരമയപ്പതും പൊട്ടിച്ചിരിപ്പതും;
തളിർനിരകളിളകുമൊരു വാരുണീവാടിയിൽ
തരളതര താരകത്താരു വിരിയവേ,
പരിമളമിണങ്ങുന്ന തെന്നലെല്ലാടവും
പരമിളകിയെത്തുന്ന പൊന്നന്തിവേളയിൽ
അമലതര ഭക്തിസംവർദ്ധനസംകീർത്തന-
ത്തിരയിളകുമോമൽതന്നാലയപ്രാന്തവും
ഒരു കനകദീപവു,മായതിൻ ചൂഴവും
ശിവ, ശിവ ജപിച്ചീരുന്നീടും ശിശുക്കളും
അധരപുടമല്പമടച്ചും വിടുർത്തിയു-
മലസഗമനംചെയ്യുമെന്നാത്മനാഥനായും
കളനിനദധാരയാലോമൽപ്പെതങ്ങൾക്കു
ചില പിഴയ്ക്കിടക്കു തിരുത്തിക്കൊടുപ്പതും
അവളുടെയൊരേട്ടനൊത്തങ്ങേപ്പുറത്തു ഞാ-
നകതളിർ കുളിർത്തുകൊണ്ടോരോന്നുരപ്പതും
തരുണിമണി നാമം നിറുത്താതെ ഗൂഢമായ്
തല പകുതി ചാച്ചുകൊണ്ടെത്തിനോക്കുന്നതും
ഇരുളിലിരുഹൃദയമൊരു ഞൊടിയിടയിലൊന്നിച്ചൊ-
രാനന്ദസൗധം രചിച്ചു തകർപ്പതും
വ്യതിചലനമല്പവുമേശാതെ കാണ്മൂ ഞാൻ
മതി,മതി,നിറുത്തട്ടെയെന്നാത്മരോദനം!……

 

നിഗൂഢരാഗം

ഹാ! രോമഹർഷദമാ രഹസ്യ-
മാരോടും ഞാനുരിയാടുകില്ലാ!
എങ്കരൾ പാടുമാ മൌനഗാന-
മെങ്കിലും ലോകമറിഞ്ഞുപോയി!
ലജ്ജാവനമ്രമെന്നാസ്യ, മെന്തി-
ന്നിജ്ജഗതിങ്കൽ ഞാൻ വിസ്വസിപ്പൂ?
ചിത്ര,മെൻ ജീവചരിത്രത്തെ ഞാ-
നേത്ര നിഗൂഹനംചെയ്തെന്നാലും
അദ്ധ്യായമോരോന്നുമെന്റെ മുന്നിൽ
തത്തൽസ്വരൂപമെടുത്തുനിൽപ്പൂ
ആരുമറിയാതുറക്കറയിൽ
ധാരായ്‌ക്കണ്ണിർ ചൊരിഞ്ഞുകൊണ്ടും,
ആകാശസൗധം രചിച്ചുടച്ച-
മാനന്ദസ്വപ്നത്തെയുമ്മവെച്ചും,
സദ്രസപ്പുഞ്ചിരിപ്പൂ പൊഴിച്ചും
നിദ്രാവിഹീനം ഞാൻ മേവിടുമ്പോൾ
കല്ല്യാംഗിയാകുന്ന കാല്യലക്ഷ്മി
വല്ലാതെ നോക്കി ഹസിക്കുമെന്നെ!
എന്നുൾത്തടത്തിൻ തുടിപ്പുപോലെ
പോന്നുഷത്താരം ചലിച്ചുനിൽക്കും
മാമകചിന്തകളെന്നപോലെ
മാമലക്കൂട്ടമുയർന്നുകാണും;

 

ഓമനസ്വപ്നങ്ങളെന്നപോലെ
വ്യോമത്തിൽ മേഘങ്ങളോടിപ്പോകും
അല്ലിനോടുള്ളരെന്നാവലാതി-
യെല്ലാം കിളികളെടുത്തു പാടും;
അന്തരാത്മാവിൻ രഹസ്യമെല്ലാം
ബന്ധുരസൂനത്തിൽ ദൃശ്യമാകും;
ഗൂഡമാണെൻപ്രേമമെന്നമട്ടിൽ
മൂടൽമഞ്ഞെങ്ങും പരന്നിരിക്കും!
ഹാ! രോമഹർഷദമാ രഹസ്യ-
മാരോടും ഞാനുരിയാടുകില്ല

പ്രതീക്ഷ

പോരിക, പോരികയെന്നാശാപതംഗമേ,
കൂരിരുളെങ്ങും പരന്നീടുന്നു!
തന്നന്ത്യഗാനം പാടിപടിഞ്ഞാട്ടു
പോന്നന്തിപ്പൈങ്കിളി പാറിപ്പോയി
അല്ലിന്റെയമ്മലർവാടിയിലിന്നത്തെ
മുല്ലപ്പൂവെല്ലാം വിരിഞ്ഞുതീർന്നു
അംബുജംതന്നന്ത്യമണ്ടസ്മിതാങ്കുര –
മന്തിപ്രഭയിലലിഞ്ഞുചേർന്നു
കൂകിതളർന്നൊരു കോകിലം മുറ്റത്തെ
മാകന്ദകൊമ്പിലുറക്കമായി
ആകാശദേശത്തിലെങ്ങാനലുമേ-
ന്നാശാപതംഗമേ, പോരിക നീ !

ആരോലക്കുന്നിൻചാരുവിലുഷസ്സുതൻ-
നീരാളസ്സാരിയിളകിടുമ്പോൾ,
നാനാവിഹംഗനിനാദാലുലകൊരു
ഗാനാബ്ധിയായാല പങ്കിടുമ്പോൾ,
ആദിത്യരശ്മികളാ രത്നം വാരുവാ
നാ ദിക്കിൽ മുങ്ങിയുയർന്നിടുമ്പോൾ,
കക്കകളാകുന്ന കമ്രസുമങ്ങളെ
യോക്കവേ തെന്നൽ പെറക്കീടുമ്പോൾ ,

 

നീടുറ്റ രാഗിണീ, നീ ഞാനറിയാതെ
നീളത്തിൽക്കൂകിയുയർന്നുപോയി
നിര്ന്നിമേഷാക്ഷനായ്‌ നിൽക്കുന്നു ഞാനിദം
നിന്നെ പ്രതീക്ഷിച്ചീയന്തിയോളം
പോരിക പോരികെന്നാശാപതംഗമേ
കൂരിരുളെങ്ങും പരന്നീടുന്നു
അക്ഷയകാന്തി വഴിന്ജോഴുകീടുമാ
നക്ഷത്രലോകത്തിനപ്പുറത്തായ്
ആയോതമാകതോരത്ഭുതവസ്തുവീ
നായിട്ടലഞ്ഞു തളർന്നോടുവിൽ
ഇന്നും പതിവുപോ’ലില്ല’യെന്നോതി, നീ –
യെന്നടുതെത്താൻ മടിക്കയല്ലീ?
അല്ലെങ്കിൽ പത്രം കരിഞ്ഞുകരിഞ്ഞു നീ-
യല്ലിലെങ്ങാനും കിടക്കയല്ലീ?
വെദനാപൂർണ്ണമീ രോദനമാകും നിൻ–
വേണുനിനാദമുയർന്നിടട്ടേ!
തോരാത്ത കണ്ണീരിൻമർമ്മരം ലോകത്തെ-
ത്താരാട്ടുപാടിയുരക്കീടട്ടേ !
എൻ ചിരപുണ്ണ്യമേ മന്ദമിഴഞ്ഞു നീ
പഞ്ജരമെത്തിശയിച്ചുകൊൾക
കുടമടച്ചു ഞാനെന്മണിമച്ചിലെ
വാടാവിളക്കു കെടുത്തീടട്ടെ !

ഭ്രമരഗീതി

പുലർകാലം പതിവുപോൽപ്പുതുതായി വിതാനിച്ച
മലർവനികയായിയിടും മണിയറയിൽ,
മിളിതാഭമിടയ്ക്കിടയ്ക്കിളകിക്കൊണ്ടിരിക്കുമ-
ക്കുളിരണിത്തെന്നലാകും കളിമഞ്ചത്തിൽ
തളിരാകും തനിപ്പട്ടാമുടയാടയുടുതിട്ട-
ഗ്ലളംതന്നിൽ ഹിമമണിപ്പതക്കം ചാർത്തി,
ക്രമമായ കായകാന്തി ചിതറികൊണ്ടേറ്റം ലജ്ജാ-
നമ്രമായ ശിരസ്സോത്തു പരിലസിക്കും
വസന്തലക്ഷ്മിയാൾ തൻറെ വരസുതയായ്‌ വിരിഞ്ഞി
വസുന്ധര വിളക്കുന്ന കുസുമത്തോത്തെ!
പലപലവേഷം കെട്ടിപ്പറന്നെതീടുന്ന ചിത്ര-
ശലഭത്തിൻ പുറംപൂച്ചിൽ മയങ്ങിയോ നീ?
അനുരാഗപത്രം വീശീട്ടനുദിനമാടുത്തെത്തു-
മവിവേകിയവൻ നിനക്കനുചിതൻതാൻ;
മഴവില്ലിന്നോളി കണ്ടു മയങ്ങുംമ്പോളപ്പുറത്തു
മഴക്കാറണ്ടെന്ന തത്ത്വം മറക്കയോ നീ?
അപ്രമേയപ്രഭാവശ്രീ തിരളുന്നോരമൂല്ല്യമാം
സുപ്രഭാതമാവൻ നിന്നെ വരച്ചുകാട്ടും.
ഒടുവിലങ്ങതു ഘോരമിടിയുംമാരിയും ചേർന്നു
കിടുകിടിപ്പിക്കും കൊടുംനിശീഥമാക്കും!
എരിതീയിൻപ്രഭകണ്ടിട്ടിരയെന്നോർത്തടുത്തെത്തും
മവിവേകിയവൻ നിനക്കനുചിതൻതാൻ !

 

അനുരാഗഗാനം പാടീട്ടണയുമീ ഭ്രമരത്തിൻ
മനതാരിൻ മഹിമ നീയറിയുന്നില്ലാ!
കുലീനല്ലിവനോട്ടും കുബെരനുമല്ലാ, പിന്നെ-
ക്കുസുമാസ്ത്രസമനൽപ്പം സുമുഘനല്ലോ;
തുടുപ്പേറ്റമിയലും നിൻ കവിൾത്തടം ച്ചുംബിക്കുവോ-
നടുത്തീടും മമ ചിത്തം തുടിച്ചിടുന്നു !
പരിമൃദുമലരേ, നീയൊരു മോട്ടായിരിക്കെ നിൻ –
പരിസാരെ പറന്നു ഞാൻ കളിച്ചിരുന്നു;
മദനമെന്നകതാരു കുളിർപ്പിക്കുവാനായന്നു
മന്ദഹാസനിലാവു നീ ചൊരിഞ്ഞിരുന്നു;
താരാട്ടായിട്ടിവനന്നു പാടും പാട്ടിൽ, പ്രേമമധ്വീ –
സാരമേറ്റമോളിച്ചന്നു ലസിച്ചിരുന്നു;
നിരവധി സുമനിര നിരന്തരം വിരിഞ്ഞിട്ടു
മരന്ദമാരുതിയെന്നാൾ ചൊരിഞ്ഞിരുന്നു
അണപോലുമതുകളിലനുരുക്തനാകാതെ ഞാൻ
പ്രണയഗാനങ്ങൾ പാടിപ്പരന്നിരുന്നു;
വിരിഞ്ഞ നിന്നതിരിറ്റ് സുഷമയെ നുകരുവാ-
നിരുളിങ്കലിരുന്നു ഞാൻ ഭാജിച്ചിരുന്നു;
ഇമ്പത്തോടിചെറുചില്ലക്കൊമ്പത്താടികളിക്കും നിൻ–
സാമ്പത്തിതധം വ്യഥാ പുല്ലിൽ പോഴിചിടുമ്പോൾ
തോന്നീടുന്നുണ്ടെനിക്കു നീയിനിയുമക്കോരകമായ്‌
തീർന്നീടുവാൻ, ഫലമെന്തു? ഫലിക്കല്ലല്ലി !

മരണം
മരണം മനോഹരപ്പച്ചിലവിരിപ്പിട്ട
ഗിരിതൻ സാനുപ്രാന്തം തഴുകും തരംഗിണി;
തളിരും വാടാമലർക്കുലയുമിടതിങ്ങി-
ത്തളരാതെന്നും തെന്നലേറ്റാടും ലതകളാൽ
നിത്യസൗന്ദര്യത്തിന്റെ നർത്തനമാമാരംഗ-
മെത്തുവായിട്ടെന്തെൻ മാനസം പതറുന്നൂ?
അഴലിൻ കയ്ക്കും കായ്കളെത്ര തിന്നാലും വെറും
നിഴലാം മർത്ത്യന്നതിലില്ല വിശ്വാസം തെല്ലും!
ദ്യോവിനെക്കണ്ടെത്തുവാനായിട്ടു സന്തപ്തമാം
ജീവിതമണൽക്കാട്ടിൽപ്പെട്ടുകൊണ്ടനാരതം
വരളും നാവാലുപ്പുകലരും കണ്ണീർദ്ധാര
വളരെക്കുടിച്ചു തൻതൃഷ്ണയെ വളർത്തുന്ന
നരനച്ചിദാനന്ദപ്പാൽപ്പുഴയൊഴുക്കിൽ ചെ-
ന്നൊരു കൈക്കുമ്പിൾ പൂർണ്ണമാക്കുവാൻ മടിപോലും!

ശിഥിലചിന്ത

നാകതിനുള്ളിൽ നരകം പണിഞ്ഞും
ശോകതിലാനന്ദമുദിച്ചുകണ്ടും
തീരാത്ത നാനാനിനവാർന്നോരറ്റിൻ –
തീരത്ത് ഞാനങ്ങനെ നിന്നുപോയി!

സമസ്തവസ്തുക്കളിലോന്നുപോലെ
സമത്വമില്ലായ്മ നിലച്ചിടാൻതാൻ
അമർത്യലോകത്തെയുമേക ഹസ്താ-
ലമർത്തി വാഴുന്നവനാശപോലും

വാനത്തു തൻ കീർത്തിയുയർന്നുപോവാ-
നായെതിനോക്കുന്ന ഗിരിപ്പരപ്പിൻ-
പാദങ്ങളോന്നു പരിചര്യചെയ് വു
പാവങ്ങൾ സാനുക്കൾ തൃണപ്രമാണർ.

നിലയ്ക്കു തെല്ലും കുറവേശിടാതെ
മലയ്ക്കു പച്ചക്കുട ചൂടുവാനായ്‌
താഴത്തു താപർത്തി സഹിച്ചു മേവും
സാനുക്കൾതൻ ജീവനധാര വേണം

ഒരിക്കലും തെല്ലലിവാർന്നിടാതെ-
യുറച്ച പാറക്കിടയിങ്കലൂടെ

 

ഒലിച്ചുപായുന്നു സരിൽക്കുലങ്ങ-
ളലച്ചിൽകൊണ്ടഷ്ടി കഴിചിടുന്നോർ.

സാധുക്കളക്കൂട്ടർ പരിശ്രമത്താൽ
സമ്പാദ്യമാർന്നീടിന മൌക്തികങ്ങൾ
പാറക്കു മാറത്തണിമാല ചാർത്താൻ
പാദത്തിൽ വെച്ചേ മതിയാകുകായുള്ളു.
പാരിന്റെ സൌന്ദര്യനിധാനമായി-
ത്താരിന്നു തൻ ശീർഷമുയർത്തി നിൽക്കാൻ
പരാതഹസ്സിൻ പരിഹാസഭാസ്സാൽ
താരാളി മങ്ങിതലചാചിടെണം
പാടചെളിച്ചാർത്തു മറച്ചുവെച്ചു
പാരിന്നു പച്ചപ്പുതുപ്പട്ടുടുപ്പാൻ
കാറായ കീറത്തുണി ചുറ്റി വാനം
തോരാതെ കണ്ണീരു ചോരിഞ്ഞിടെണം
ഇതാണു ലോകസ്ഥിതി, വിശ്വമതിൻ- –
വിശാലനെത്രങ്ങളോരെവിധത്തിൽ
ഇരിക്കയി,ല്ലോന്നു കരഞ്ഞിടുമ്പോൾ
ചിരിപ്പു മറ്റേ തിതിനെന്നോരന്ത്യം!
അതാ ശ്രവിപ്പുണ്ടകലെസ്സമത്വ –
വിവാദകോലാഹലവാദ്യഘോഷം;
അതിൽ പ്രപാതത്തെ നിനച്ചു പേടി-
ച്ചനേകവൃക്ഷങ്ങൾ വിറയ്ക്കയല്ലീ?
നിമ്നോന്നതാധ്വാക്കളനേകമെന്നും
പിന്നിട്ടു മുന്നോട്ടു കുതിച്ചു മേന്മേൽ
കാലപ്രവാഹം സമമായോലിക്കും
കാലം മനുഷ്യർക്കു വസന്തകാലം

സഖികൾ

“പരഭ്രുതികേ! നീയെന്താണെന്നോടിധം
പരിഭവമായോരോന്നുരച്ചിടുന്നു?
അതികഠിനം താവകമീവചനം
മതിതളിർ മേ തട്ടിത്തകർത്തിടുന്നു!
ഘനനിരകൾ വാനിൽപ്പരന്നു, രണ്ടു
കനകമയതാരം മറഞ്ഞു കഷ്ടം!

നിരുപമമാം നമ്മള്തൻ പോയകാലം
ഒരു ഞൊടി നീയൊന്നു തിരിഞ്ഞു നോക്കു
മലിനതകളെന്ന്യേ മനം കവരും
മലർ വിരിയും കാല്യമതെത്ര രമ്യം
ഇളവെയിലിൽത്തത്തിക്കളിച്ചിടുന്നോ-
രഴകൊഴുകും ചിത്രശലഭങ്ങൾപോൽ
ഇരവുപകലന്യേ നാം രണ്ടുപേരും
ഇരുകരവും കോർത്തു നടന്നോരല്ലേ?
കിളിമൊഴി, ഞാൻ നിന്നെക്കബളിപ്പിക്കാൻ
കളിവചനംപോലുമുരച്ചതുണ്ടോ?
ഒരു ചെറിയ കാര്യവും നീയറിയാ-
തൊളിവിലിവൾ സൂക്ഷിച്ചതോർമ്മയുണ്ടോ?
അയി സഖി, ഞാൻ നിന്നെ ചതിച്ചു വെന്നാ-
യഖിലമറിഞ്ഞെന്തേ കഥിപ്പു കഷ്ടം !

 

‘ശശിവദന!’നുള്ളതെൻ കുറ്റമാണോ?
പരമഗുണധാമ, മദ്ദേഹമെന്നായ്
പലകുറിയും നീതാൻ പുകഴ്ത്താറില്ലേ?
ഇവളിലനുരാഗം ഭവിക്കമൂലം
അവമതിയദ്ദേഹത്തിന്നായിയെന്നോ?

സ്മരണയുടെ ചില്ലിൽത്തെളിഞ്ഞുകാണും
ഒരു ചെറിയ ചിത്രം നീയോർത്തുനോക്കൂ;
ഗഗനതലാരാമത്തിൽ സാന്ധ്യലക്ഷ്മി
ബകുളമലർമാലകൾ കോർത്തിടുമ്പോൾ,
കുളിരളംതെന്നലേറ്റുല്ലസിച്ചി—
ക്കളിവനികതന്നിലിരുന്നു നമ്മൾ,
പുതുമലരാ’ലാദ്യമാരെ’ന്നു ചൊല്ലി
ദ്രുതഗതിയിൽ പൂക്കൾ തൊടുത്തിടുമ്പോൾ
‘ഭഗവതിയിലല്ലെന്റെ മാധുരി, നി—
ന്നകതളിരിലുൺറ്റൊരു ദിവ്യരൂപം,
അവിടെയിതു ചർത്തുകെ’ന്നെൻ ചെവിയി—
ലതിമധുരം നീയന്നുരച്ചതില്ലേ?
ചില നിനവിൽ മർദ്ദനനംമൂലമപ്പോൾ
ചപലയിവൾ വിങ്ങിക്കരഞ്ഞനേരം,
ചെറ്റിനിരകൾ നോക്കിപ്പഠിക്കാ, നിപ്പൂ—
ന്തൊടിയിലുലാത്തിറ്റുമപ്പുരുഷേന്ദ്രൻ
അരുതരുതെൻ ‘മാധുരി’യെന്നുരച്ചെ—
ന്നരികിലൊരുമട്ടിലടുത്തുകൊണ്ട്,
കരകമലംതന്നിലെപ്പട്ടുലേസാൽ
കവിളണിയുമെൻ കണ്ണീരുപ്പിമാറ്റി,
പകുതി കുരുത്തുള്ളോരാ മാലികയെൻ—
ചികുരമതിൽച്ചാർത്തി, ച്ചിരിച്ചു മന്ദം,
‘ഭഗവതിയിൽത്തന്നെ’യെന്നോതിയതും
പരഭൃതികേ, നീയല്ലാതാരുകണ്ടു?
അയി സഖി, ഞാൻ നിന്നെ’ച്ചതിച്ചു’വെന്നാ—
യഖിലമറിഞ്ഞെന്തേ, കഥിപ്പൂ കഷ്ടം!

 

ഇരുവരുമീ നമ്മൾതൻ രാഗതീർത്ഥം
ഒരു കടലിൽ വീഴുമെന്നാരറിഞ്ഞു?
പ്രിയസഖി, ഞാൻമൂലമപ്പുരുഷൻ നിൻ-
പ്രിയതമനായ്ത്തീരാതിരുന്നിടേണ്ടാ;
കരൾകവിയുമെന്നുടെ ദിവ്യരാഗം
കരഗതമദ്ധന്യനു, ധന്യനായ് ഞാൻ!
ഒരു ചെറിയ നീർപ്പോള ഞാനിങ്ങെത്തൂ-
മിരുളിനുടെ വീർപ്പിൽത്തകർന്നുകൊള്ളാം!”

സഖികളവർ മൗനംഭജിച്ചു, വാനിൽ
ശശിയെയൊരു കാർമുകിൽ മൂടിനിന്നൂ!

സന്ദേശം

നിത്യവുമെത്താറുണ്ടെൻനാഥന്റെ സന്ദേശങ്ങൾ
– നിസ്തുലസ്നേഹത്തിന്റെ കല്യാണകല്ലോലങ്ങൾ –

സായാഹ്നവധൂടിയാളെന്മുന്നിലെത്തും, പട്ടു-
സാരിതന്നുള്ളിൽനിന്ന,ക്കത്തെനിക്കേകും പോകും
ആരതു തന്നെന്നു ചോദിച്ചാൽ പറയുവാ-
നാവതല്ലവൾക്കിത്ര വെമ്പലെന്താവോ പോകാൻ!
ശോണമാമമ്മുഖത്തിലെപ്പോഴും മൌനത്തിന്റെ
വീണവായനയല്ലാതില്ലൊരുത്തരം വേറെ!
തകരും ഹൃദയത്തിൽ പാവനപ്രേമാമൃതം
പകരും മമ പൂർവപുണ്യത്തിൻ തിരുനാമം
ആരാനുമുരപ്പതും കേൾക്കുകിൽ മതി,യെനി-
ക്കാനന്ദസാമ്രാജ്യത്തിൻ റാണിയായുയരുവാൻ!

അക്ഷയാക്ഷരമെഴുമാ നീലക്കടലാസി-
ലക്ഷമം പാഞ്ഞീടുമെന്നക്ഷികളത്യുത്സാഹാൽ,
സംശുദ്ധമതിലെന്റെ മാനസം മുങ്ങും, ലോകം
സംശയക്കരിമ്പടമിട്ടെന്നെ മൂടും വേഗം!
കല്മഷംപോലും സ്നേഹം, ഇത്തരം സദാചാര-
ക്കന്മതിൽക്കെട്ടിലല്ലാതെങ്ങുള്ളു ദുരാചാരം?

ആളിമാരെയും വിട്ടിട്ടേകയായാരാമത്തി-
ലാളുമുൽക്കണ്ഠയോടുകൂടി ഞാനതിഗൂഢം

 

പ്രേമലേഖനമതു വായിച്ചുമാവർത്തിച്ചും
രോമഹർഷത്താലൊന്നു പുഞ്ചിരിതൂകീടുമ്പോൾ
പറയും പതുക്കെയപ്പത്രികളെന്തോ, ചിത്തം
പതറിപ്പകച്ചു ഞാൻ നോക്കുമെൻ പരിസരം.
പുഞ്ചിരിയടക്കിക്കൊണ്ടെത്തിനോക്കീടുമാരോ
മഞ്ജുളമലർകളും മന്ദമെൻ പിറകിലായ്.
ഉച്ചലന്മരുത്തുമക്കത്തു കണ്ടതിൻ പൊരു—
ളുച്ചരിച്ചുലാത്തിടുമുമ്മറപ്പൂങ്കാവിങ്കൽ.
കണ്ണടച്ചു ഞാൻ ലജ്ജാമൂകയായ്ത്തലതാഴ്ത്തും,
കർണങ്ങൾ പരിഹാസംകേട്ടെറ്റം തഴമ്പിക്കും!….

കോമളപദാവലിയിളകിത്തെളിഞ്ഞെന്നെ—
ക്കോൾമയിർക്കൊള്ളിക്കുമസ്സന്ദേശഗാനാമൃതം
എത്രമേൽ നുകർന്നാലുമതാവതല്ലതിനെന്റെ
തപ്തമാനസത്തിനെസ്സന്തൃപ്തമാക്കീടുവാൻ!
കണ്ടിടാമതിലേറെത്തത്ത്വോപദേശം, പക്ഷേ,
കണ്ടതില്ലെന്നാഥന്റെയാഗമവൃത്താന്തങ്ങൾ
ആശിപ്പതതുമാത്രം ഞാനെന്നു, മദ്ദേഹത്തി—
നായിരം വിശേഷങ്ങളുണ്ടോതാൻ പുതിയതായ്!
ഇത്രനാളറിഞ്ഞവയൊക്കവേയപൂർണങ്ങ—
ളെന്ത്തുവാനിനിയുള്ളതൊക്കവേയവർണ്യങ്ങൾ!
നീളുമീ നിരാശയെ നിതരാം നുകരാനോ
നീയെനിക്കേകീടുന്നു നിത്യമിസ്സന്ദേശങ്ങൾ?
ലോകത്തിൻ പരിഹാസപ്പാഴ്മരുപ്പരപ്പിലി—
ശ്ശോകത്തിൻ നിഴലാം ഞാൻ മായുന്നതെന്നാണാവോ?

ഉൽക്കണ്ഠ

അന്ധകാരത്തിന്നടിത്തട്ടിലാരുടെ
ചെന്താരടികളെപ്പുൽകുന്നു ഞാൻ സദാ,
ആരുടെ പാരജസ്സു മിന്നാമിനു—
ങ്ങായിപ്പറന്നു തെളിയുന്നിരുളിലും.
നിശ്ശബ്ദതതന്റെ നിശ്ചലതന്ത്രിയിൽ
നിത്യവും കേൾക്കുന്ന സംഗീതമേതുതാൻ
യാമിനിതന്നിലത്താരാകുമാരികൾ
യാതൊന്നുതാനേറ്റുപാടുന്നു നിത്യവും;
പ്രേമവിവശഹൃദയബാഷ്പത്തിനാ—
ലേതൊരു കല്പവൃക്ഷം തഴയ്ക്കയാം?
ആവശ്യമുള്ളോർക്കദൃശ്യനായ് നിന്നീടു—
മാ വശ്യരൂപമൊന്നെന്നടുത്തെത്തുകിൽ!..

ഇല്ലായ്മതന്നിൽ നിന്നുണ്ടായിവന്നൊര—
ക്കല്യാണരൂപിയെക്കണ്ടു കൈകൂപ്പുവാൻ
എൻ കരംതന്നിലെ ശൂന്യമാം ജീവിത—
ത്തങ്കച്ചഷകം തിരിച്ചുകൊടുക്കുവാൻ.
എന്നുള്ളിലെന്നും ചല്രകടിച്ചാർക്കുന്ന
പൊന്നിങ്കിളിയെ പുറത്തയച്ചീടുവാൻ.
നീടുറ്റ രാഗപരവശയാകുമീ
നീഹാരനീർക്കണം നീരാവിയാകുവാൻ.
ആനന്ദദീപം കൊളുത്തി, യുലകിലീ

 

ഞാനെന്ന പാഴ്നിഴൽ മായ്ച്ചുകളയുവാൻ;
എത്രദിനകരമണ്ഡലം മേലിലു-
മസ്തശൈലത്തിൽ തടഞ്ഞുതകരണം?…

മൽപ്രാണവായുവിൽ സൗരഭംപൂശുമാ-
പ്പൊൽപ്പുതുപ്പൂവിന്റെ പുഞ്ചിരി കാണുവാൻ,
ക്ഷാളനം ചെയ്കയാണെൻ കൺകൾ മാനസ-
നനാളമുരുകിവരുന്ന ബാഷ്പത്തിനാൽ.
കാലമിടയ്ക്കിടയ്ക്കാഞ്ഞടിച്ചേറ്റുന്ന
കാളാംബുദത്താലിരുളുന്നു പിന്നെയും!
മർമ്മരംമൂളുന്നു പത്രങ്ങൾ നിശ്ചലം
കർമ്മപ്രവാഹത്തെ നോക്കി നിന്നീടവേ,
ഏകാന്തതയിലിരുന്നു ഞാൻ നാഥന്റെ
നാകസംഗീതം ശ്രവിക്കാനൊരുങ്ങവേ,
ഭഞ്ജിക്കയാണെന്റെ ശാന്തതയേറുമീ
നെഞ്ഞിടി, ഞാനിതടക്കുന്നതെങ്ങനെ?…

നീളെപ്പടർന്നുപിടിക്കും നിശീഥമാം
ചോലവൃക്ഷത്തിന്റെ തുഞ്ചത്തദൃശ്യമായ്
വ്രീളാസമന്വിതം മോഹനാകാരയാം
നാളെയാം പൂമൊട്ടൊളിച്ചുകളിക്കുകിൽ
സാന്ത്വം തിരയാൽത്തകർക്കുമിസ്സിന്ധുവിൽ
ശാന്തിതൻ തല്പവും സജ്ജമാണെപ്പോഴും!
പൂന്തെന്നൽപോലുമിളകാത്ത വേദിയിൽ
പൂന്തിങ്കൾ ശൈത്യംകലരുമാ മെത്തയിൽ
നിത്യതതന്നിൽനിന്നുൾഗമിച്ചീടുന്ന
നിസ്തുലഗാനം നുകർന്നനുകർന്നലം
ആമോദഭാരാൽ തകരുവാൻ ഞാനുമെൻ-
പ്രേമോദയത്തെ പ്രതീക്ഷിച്ചിരിക്കയാം!

പടിവാതിൽക്കൽ

പുത്തനാമൊരു പാഠം നാളെ ഞാൻ തുടങ്ങാ, മി-
ന്നിത്രയും നിങ്ങൾ കാണാപ്പാഠമാക്കണം പോയാൽ.”
ആചാര്യനേവം പറഞ്ഞന്നു നിർത്തവേ, ഞങ്ങ-
ളാചോരോപചാരം ചെയ്താഹ്ലാദാൽ പുറത്തെത്തി.
ദൂരവേ പോകേണ്ടൊരെൻ സതീർത്ഥ്യർ വിഹഗങ്ങ-
ളാരവം മുഴക്കിക്കൊണ്ടങ്ങിങ്ങു പറന്നുപോയ്;
മാടത്തെ മണിമേടയാക്കുന്ന ബാല്യത്തിനാ
വീടെത്താൻ കുറച്ചൊന്നു വൈകിയാലെന്തേ ചേതം ?
അകലെക്കാണും കുന്നിൻചരിവിൽ, പോകാൻപോകും
പകലിൻ തോളിൽത്തൂങ്ങിയെത്തി ഞാൻ ജാതോന്മേഷം.
കളിയാണെനിക്കന്നു കാര്യങ്ങളതിന്മുഖം
കരിവാളിക്കനേകബന്ധമഗ്ഗുരവാക്യം.
ഞാനതു കൂട്ടാക്കാതെ വാരുണിയേന്തും പുത്ത-
നാമൊരു ചിത്രം നോക്കി രസിച്ചു കുറേനേരം.
സഖിയാം പകൽ പോകാൻ വെമ്പി, ഞാൻ ചെന്നില്ലവൾ-
മുഖവും വീർപ്പി,ച്ചെന്നെക്കൂടാതെതന്നേ പോയി!
തപ്പിയും തടഞ്ഞും ഞാൻ രാപ്പാതയുടേ ഗൃഹ-
മെത്തുവാൻ ഗമിക്കുമ്പോൾ കണ്ടിതക്കടലിനെ,
പഞ്ചമിച്ചന്ദ്രനാകും കൈവിളക്കുമായാഴി
പണ്ടത്തെപ്പാഠമെല്ലാമാവർത്തിക്കയാണപ്പോൾ
അലയാം വെള്ളത്താളു മുന്നോട്ടു മറിച്ചീടു-
മവളെൻ സമാഗമമീക്ഷിച്ചില്ലണുപോലും!

 

അയൽവാസിയാം വാനം നിദ്രയിലായോയെന്നൊ-
ന്നറിയാൻ മേല്പോട്ടു ഞാൻ കണ്ണുകളുയർത്തവേ,
അംബരം കരിയിട്ടു തെളിഞ്ഞോരോല നോക്കി-
യൻപത്തൊന്നുരുവിട്ടുകണ്ടു ഞാൻ ത്രപാസ്യനായ്.
നാളെയാ, മിന്നെൻ പാഠം സാരമില്ലെന്നോർത്തു ഞാൻ
മാളികമുകളേറി മെത്തയിലുറക്കമായ്!

ഏറിയ വാത്സല്യത്തേനൂറീടും വചസ്സാലെൻ-
ചാരവേ മാതാവെത്തിയുണരാൻ വിളിച്ചിട്ടും,
കൂട്ടുകാർ വിഹഗങ്ങൾ കാണാതെ പഠിച്ചീടും
പാട്ടുതന്നലവന്നെൻ കർണത്തിലലച്ചിട്ടും,
നിദ്രയെപ്പൂർവാധികം മുറുകിപ്പുണർന്നു ഞാൻ
സദ്രസം കിടയ്ക്കവിട്ടീടാതെ കിടന്നുപോയ്!

പാതിയും തീരാറായി പാഠങ്ങൾ, വിദ്യാലയ-
വാതില്ക്കൽ കേറാനാജ്ഞ കാത്തു ഞാൻ നിലകൊണ്ടു
മഞ്ജുള മന്ദഹാസവായ്പിനോടെന്നാചാര്യൻ
നെഞ്ഞലിഞ്ഞീടും മട്ടിലെന്നോടു ചോദ്യം ചെയ്തു
“ശിഷ്യാ! നീ പഠിച്ചിതോ പാഠങ്ങ,ളില്ലെന്നാകിൽ
ശിക്ഷയായവിടെത്താൻ നില്ക്കുക പഠിപ്പോളം!”
‘ഇല്ല’യെന്നല്ലാതെന്തു ചൊല്ലും ഞാൻ, ഗുരുവര്യൻ
തല്ലിയില്ലെന്നെ, ത്തെല്ലു കോപവും ഭാവിച്ചില്ലാ!
നില്ക്കയാണിന്നും വിദ്യാമന്ദിരദ്വാരത്തിൽ ഞാൻ
ബാക്കിയുള്ളവർ പഠിക്കുന്നതിൽ സശ്രദ്ധനായ്.
വല്ലതും ഗുരുമുഖത്തിങ്കൽനിന്നുപദേശ-
മില്ലാതെ വീട്ടിലെത്താനെങ്കിലുമശക്തൻ ഞാൻ!

നിത്യരോദനം

നന്ദ,മാനന്ദ,മല്ലും പകലുമെൻ
മാനസപ്പൈങ്കിളി പാടും മന്ത്രം.
ആതങ്ക,മാതങ്ക,മേതു വഴിക്കുമാ-
ച്ചാതകം നിത്യം ചെന്നെത്തും കേന്ദ്രം!
ഈവിധമെത്രനാൾ മുന്നോട്ടു പോയാലെൻ
ജീവിതപ്പാത തെളിഞ്ഞുകാണം?
അത്തൽക്കടൽത്തിരയെണ്ണുവാനാണെങ്കിൽ
മർത്ത്യതയെന്തിനെനിക്കു കിട്ടി?

ആകാശസൂനങ്ങളായിരം ചേർത്തു ഞാ-
നാകാമ്യമാമൊരു മാല കോർക്കും.
തീരനിരാശയാം പാഴ്_മരുഭുവില-
ത്താരുകളെല്ലാം കൊഴിഞ്ഞുവീഴും!
ആയതാണിയുവാനർഹനാമെൻ നാഥ-
നായില്ലിനിയും സമയമെത്താൻ!
നാളുകളോരോന്നുമീവിധം പാഞ്ഞുപോം
‘നാളെ’യെന്നുള്ളൊരാപ്പാട്ടു പാടീ.
നീളുമിത്തന്തുവിൻ ശൂന്യത നീക്കുവാൻ
നീടെഴും പൂക്കളോരെണ്ണമില്ലേ?

നിർദ്ദയം യാത്രയും ചൊല്ലാതെ യാമിനി
നിദ്രയുമായിത്തിരിച്ചുപോകും.

 

പിന്നേയുമെല്ലാം പുതുക്കുവാനായിട്ടു
പൊന്നിൽക്കുളിച്ചു പുരിയെത്തും;
എങ്കരൾ ചൂഴുന്ന കൂരിരുളമ്മുഖം
പങ്കിലമാക്കിപ്പറഞ്ഞയക്കും!
വാർതിങ്കളാകും ചഷകത്തിലാനന്ദ—
ച്ചാർ പകർന്നുത്സവദായികയായ്
ഈ മന്ദഭാഗ്യതൻ പുഞ്ചിരിപ്പൂവിനായ്
ഹേമന്തരാത്രിയും വന്നണയും.
എന്നാലാ യാമിനയെൻ തപ്തബാഷ്പത്താ—
ലെന്നുമക്കിണ്ണം നിറച്ചുപോകും!
ചന്ദനക്കാടിനെക്കോൾമയിർക്കൊള്ളിക്കും
മന്ദസമീരണാർദ്രചിത്തൻ
ആർക്കുമദൃശ്യമാം പട്ടുകൈലേസാലെൻ
വേർപ്പണിമുത്തുകളൊപ്പിമാറ്റും
കഷ്ട,മത്തൈത്തെന്നലെൻ നെടുവീർപ്പിനാൽ
തപ്തനായെന്നും തിരിച്ചുപോകും!
പിന്നെയുമെത്തിടും പോയവരൊക്കെയും
മണ്ണിനെ വിണ്ണെന്നു ഞാനുരപ്പൻ.
എങ്കിലുമിന്നോളമെന്നിലണഞ്ഞതി—
ല്ലെങ്കരൾ കാംക്ഷിക്കും കമ്രരൂപം!
‘കാണും നീ’യെന്നെന്നോടെന്നും കഥിക്കുമി—
ക്കാലത്തെയെങ്ങനെ വിശ്വസിക്കും!

ജീവിതഗ്രന്ഥത്തിലോരോ വശങ്ങളു—
മീവിധം മുന്നോട്ടു ഞാൻ മറിച്ചാൽ
തപ്തബാഷ്പാങ്കിതമല്ലാത്തൊരക്ഷരം
തത്ര കണീടുവാനാകയില്ല!
അന്ത്യലിപിയും കുറിച്ചു പിരിയാനെ—
ന്നന്തരാത്മാവു കതിച്ചീടുമ്പോൾ,
‘ആയില്ല’യെന്നൊരശരീരസന്ദേശ—
മാരെലെൻകർണത്തിൽ വന്നലയ്ക്കും.
കാലത്തിൻ കൈക്കുക്മ്പിൾ പൂർണ്ണമായ്ത്തീരുവാൻ

 

മേലിലുമെൻകണ്ണീർ വേണമെന്നോ?
ആകട്ടെ,യശ്രുപ്പുഴയിൽ നിഴലിക്കും
നാകത്തെക്കണ്ടു ഞാനാശ്വസിക്കാം!…

Exit mobile version