പരശുരാമന്റെ കാലം

കൃത, ത്രേതാ, ദ്വാപര, കലി എന്നിങ്ങിനെ നാലു യുഗത്തിങ്കലും അനേകം രാജാക്കന്മാർ ഭൂമി വഴി പോലെ വാണു രക്ഷിച്ചതിന്റെ ശേഷം, ക്ഷത്രിയകുലത്തിങ്കൽ ദുഷ്ടരാജാക്കന്മാരുണ്ടായവരെ മുടിച്ചു കളവാനായിക്കൊണ്ടു ശ്രീ പരശുരാമൻ അവതരിച്ചു. എങ്കിലൊ പണ്ടു ശ്രീ പരശുരാമൻ ഇരുപത്തൊന്നു വട്ടം മുടി ക്ഷത്രിയരെ കൊന്ന ശേഷം വീരഹത്യാദോഷം പോക്കെണം എന്നു കല്പിച്ചു, കർമ്മം ചെയ്‌വാന്തക്കവണ്ണം ഗോകർണ്ണം പുക്കു, കന്മലയിൽ ഇരുന്നു, വരുണനെ സേവിച്ചു തപസ്സു ചെയ്തു, വാരാന്നിധിയെ നീക്കം ചെയ്തു, ഭൂമി ദേവിയെ വന്ദിച്ചു, നൂറ്ററുപതു കാതം ഭൂമിയെ ഉണ്ടാക്കി, മലയാളഭൂമിക്ക് രക്ഷവേണം എന്നു കല്പിച്ചു, ൧൦൮  ചെയ്തു. എന്നിട്ടും ഭൂമിക്കിളക്കം മാറിയില്ല എന്നു കണ്ടശേഷം ശ്രീ പരശുരാമൻ നിരൂപിച്ചു ബ്രാഹ്മണരെ ഉണ്ടാക്കി, പല ദിക്കിൽ നിന്നും കൊണ്ടുവന്നു കേരളത്തിൽ വെച്ചു. അവർ ആരും ഉറച്ചിരുന്നില്ല; അവർ ഒക്ക താന്താന്റെ ദിക്കിൽ പോയ്ക്കളഞ്ഞു. അതിന്റെ ഹേതു കേരളത്തിൽ സർപ്പങ്ങൾ വന്നു നീങ്ങാതെ ആയി പോയി; അവരുടെ പീഡകൊണ്ടു ആർക്കും ഉറച്ചു നില്പാൻ വശമല്ലാഞ്ഞതിന്റെ ശേഷം നാഗത്താന്മാർ കുറയ കാലം കേരളം രക്ഷിച്ചു, എന്റെ പ്രയത്നം നിഷ്ഫലം എന്ന് വരരുത് എന്നു കല്പിച്ചു, ശ്രീ പരശുരാമൻ ഉത്തര ഭൂമിയിങ്കൽ ചെന്നു, ആർയ്യപുരത്തിൽനിന്നു, ആർയ്യബ്രാഹ്മണരെകൊണ്ടുപോന്നു. ആർയ്യബ്രാഹ്മണർ നടെ അഹിഛത്രം ആകുന്ന ദിക്കിന്നു പുറപ്പെട്ടു സാമന്തപഞ്ചകം ആകുന്ന ക്ഷേത്രത്തിൽ ഇരുന്നു, ആ ക്ഷേത്രത്തിന്നു കുരുക്ഷേത്രം എന്ന പേരുണ്ടു; അവിടെ നിന്നു പരശുരാമൻ ൬൪ ഗ്രാമത്തെയും പുറപ്പെടീച്ചു കൊണ്ടുവന്നു നിരൂപിച്ചു, പരദേശത്ത് ഓരോരൊ അഗ്രഹാരങ്ങൾ ഗ്രാമം എന്നു ചൊല്ലിയ ഞായം അതു വേണ്ട എന്നു കല്പിച്ചു; ൬൪ ഗ്രാമം ആക്കി കല്പിച്ചു ൬൪ലിന്നും പേരുമിട്ടു.

അതാകുന്നത്: ഗോകർണ്ണം, ഗൊമകുടം, കാരവള്ളി, മല്ലൂർ, എപ്പനൂർ, ചെപ്പനൂർ, കാടലൂർ, കല്ലന്നൂർ, കാർയ്യച്ചിറ, പൈയൻ‌ചിറ, ഇങ്ങിനെ ഗ്രാമം പത്തും തൃക്കണി, തൃക്കട്ട, തൃക്കണ്പാല, തൃച്ചൊല, കൊല്ലൂർ, കൊമലം, വെള്ളാര, വെങ്ങാടു, വെണ്കടം, ചെങ്ങൊടു, ഇങ്ങിനെ ഗ്രാമം പത്തും; കൊടീശ്വരം, മഞ്ചീശ്വരം, ഉടുപ്പു, ശങ്കരനാരായണം, കൊട്ടം, ശിവവെള്ളി, മൊറ, പഞ്ച, വിട്ടൽ കുമാരമംഗലം, അനന്തപുരം, കണ്ണപുരം ഇങ്ങിനെ ൧൨ ഗ്രാമം ഇങ്ങിനെ ൩൨ ഗ്രാമം എന്നു കല്പിച്ചു. പൈയനൂർ, പെരിഞ്ചെല്ലൂർ, കരിക്കാടു, ഈശാനമംഗലം, ആലത്തൂർ, കരിന്തൊളം, തൃശ്ശിവപേരൂർ, പന്നിയൂർ, ചൊവരം, ശിവപുരം, ഇങ്ങിനെ പത്തും; പറപ്പൂർ, ഐരാണിക്കുളം, മൂഷികക്കുളം, ഇരിങ്ങാടിക്കോടു, അടപ്പൂർ, ചെങ്ങനോടു, ഉളിയനൂർ, കഴുതനാടു, കഴച്ചൂർ, ഇളിഭ്യം, ചമുണ്ഡ, ആവടിപുത്തൂർ, ഇങ്ങിനെ പന്ത്രണ്ടും; കാടുകറുക, കിടങ്ങൂർ, കാരനല്ലൂർ, കവിയൂർ, എറ്റുളനിയൂർ, നില്മണ്ണ, ആണ്മണി, ആണ്മളം, തിരുവല്ലായി, ചെങ്ങനിയൂർ, ഇങ്ങിനെ ൬൪ ഗ്രാമം എന്നു കല്പിച്ചു.

അവരെ ഗോകർണ്ണത്തിൽ വെച്ചു, തലമുടി ചിരച്ചു മുമ്പിൽ കുടുമ വെപ്പിച്ചു “പൂർവ്വശിഖ പരദേശത്തു നിഷിദ്ധം എന്നു ചൊല്ലി, മുമ്പിൽ കുടുമ വെച്ചാൽ പിന്നെ അങ്ങു ചെന്നാൽ സ്വജാതികൾ അംഗീകരിക്ക ഇല്ല” എന്നിട്ടത്രെ മുമ്പിൽ കുടുമ വെച്ചത്, അതിന്റെ ശേഷം ആറുപതുനാലിന്നും പൂവും നീരും കൂട “ബ്രഹ്മക്ഷത്രമായി നിങ്ങൾ അനുഭവിച്ചു കൊൾക” എന്നു പറഞ്ഞു കൊടുക്കയും ചെയ്തു. ആ കൊടുത്തതു ഏകോദകം.

അതിന്റെ ശേഷം ഭൂമി രക്ഷിക്കേണം എന്ന് കല്പിച്ചു “നിങ്ങൾക്ക് ആയുധപ്രയോഗം വേണമെല്ലൊ അതിന്നു എന്നോട് ആയുധം വാങ്ങി കൊൾക” എന്ന ൬൪ലിലുള്ളവരോട് ശ്രീപരശുരാമൻ അരുളിചെയ്താറെ, എല്ലാവരും കൂടെ നിരൂപിച്ചു കല്പിച്ചു, “ആയുധം വാങ്ങിയാൽ രാജാംശമായ്‌വരും തപസ്സിൻ കൂറില്ലാതെ പൊം; വേദോച്ചാരണത്തിന്നു യോഗ്യമില്ല, ബ്രാഹ്മണരാകയും അനേകം കർമ്മങ്ങൾക്കൊക്കയും വൈകല്യവുമുണ്ടു എന്നു കല്പിച്ചു, ൬൪ ലിൽ പെരിഞ്ചെല്ലൂർ ൩൦൦൦, പൈയനൂർ ൨൦൦൦, പന്നിയൂർ ൪൦൦൦, പറപ്പൂർ ൫൦൦൦, ചെങ്ങന്നിയൂർ ൫൦൦൦, ആലത്തൂർ ൧൦൦൦, ഉളിയനൂർ ൫൦൦൦, ചെങ്ങനോടു ൫൦൦൦, ഐരാണിക്കുളം ൪൦൦൦, മൂഷികക്കുളം ൧൦൦൦, കഴുതനാടു ൧൦൦൦ ഇങ്ങിനെ പത്തരഗ്രാമത്തിൽ ൧൪ ഗോത്രത്തിൽ ചിലരെ അവരോധിച്ചു ൩൬൦൦൦ ബ്രാഹ്മണരെ കല്പിച്ചു; ൩൬൦൦൦ ബ്രാഹ്മണരും കൂട ചെന്നു, ൬൪ ഗ്രാമത്തിന്റെ കുറവു തീർത്തു, അവരുടെ സംവാദത്താൽ ശ്രീപരശുരാമനോട് ആയുധം വാങ്ങി, അവൻ ആയുധപ്രയോഗങ്ങളും ഗ്രഹിപ്പിച്ചു കൊടുത്തു. കന്യാകുമാരി ഗോകർണ്ണപർയ്യന്തം കേരളം ൧൬൦ കാതം ഭൂമി വാണു രക്ഷിച്ചു കൊൾക” എന്നു പറഞ്ഞു, വാളിന്മേൽ നീർ പകർന്നു കൊടുക്കയും ചെയ്തു. അവർ ൩ വട്ടം കൈ നീട്ടി നീർ വാങ്ങുകയും ചെയ്തു. ഭരദ്വാജഗോത്രത്തിലുള്ളവർ ശ്രീ പരശുരാമനോടു “ശസ്ത്രഭിക്ഷയെ ദാനം ചെയ്ക” എന്ന ആയുധം വാങ്ങി എല്ലാവരുടെ സമ്മതത്താൽ കൈ കാട്ടി വാങ്ങിയ്തു, ശ്രീ പരശുരാമന്റെ അരുളപ്പാടാൽ വാളും ഭൂമിയും വാങ്ങുക ഹേതുവായിട്ട വാഴുവർ എന്നവരെ പേരും ഇട്ടു; അവർ ഒരുത്തരെ കൊല്ലുവാനും ഒരുത്തരെ സമ്മതിപ്പിക്കേണ്ട.

(മുമ്പിനാൽ ആയുധം വാങ്ങിയതു: ൧ ഇടപ്പള്ളി നമ്പിയാതിരി, പിന്നെ ൨ വെങ്ങനാട്ട നമ്പിയാതിരി, ൩ കനിത്തലപ്പണ്ടാല, ൪. പുതുമനക്കാട്ടു നമ്പിയാതിരി, ൫, ഇളമ്പയിലിണ്ടാല, ൬. പുന്നത്തൂർ നമ്പിടി, ൭. തലയൂർ മൂസ്സതു, ൮. പിലാന്തോളി മൂസ്സതു, ൯ ചൊഴത്ത ഇളയതു, ൧൦. കുഴിമണ്ണു മൂസ്സതു, ൧൧. കല്ലുക്കാട്ട, ഇളയതു, ൧൨. പൊന്നിനിലത്തു മുമ്പിൽ ഇങ്ങിനെ പന്ത്രണ്ടാൾ മുമ്പാക്കി കല്പിച്ച) “തങ്ങൾ” എന്നു പറ വാൻ കാരണം തപശ്ശക്തി എന്നു ചിലർ നിരൂപിച്ചിരിക്കുന്നു, അതങ്ങിനെ അല്ല ശസ്ത്രഭിക്ഷയെ തങ്ങളുടെ ഗോത്രം വാങ്ങുകയാൽ “വാൾ നമ്പി” ആയ കാരണം വാൾ തങ്ങളുടെയ കൈയിലുണ്ടെന്ന സിദ്ധാന്തം ഇങ്ങിനെ ഭൂമി രക്ഷിപ്പാൻ ൩൬൦൦൦ ബ്രാഹ്മണരെ ആയുധപാണികളാക്കി കല്പിച്ചു.

അനന്തരം ൬൪ ഗ്രാമത്തെയും കൂടെ വരുത്തി “നടെ നടെ പീഡിപ്പിച്ച സർപ്പങ്ങൾക്ക് എല്ലാടവും ഓരൊ ഓഹരി ബ്രഹ്മസ്വത്താൽ കൊടുത്തു. നിങ്ങൾക്ക് അവർ സ്ഥാന ദൈവവും പരദേവതയുമായിരുന്നു രക്ഷിക്കേണം എന്നു കല്പിച്ചു, അവർക്ക് ബ്രഹ്മസ്വത്താൽ ഓരൊ ഓഹരി കൊടുത്തു, പ്രസാദത്തെയും വരുത്തി, അവർക്ക് ബലിപൂജാകർമ്മങ്ങളെ ചെയ്തു പരിപാലിച്ചു കൊൾക എന്നരുളി ചെയ്തു. അവരെ സ്ഥാനദൈവമാക്കി വെച്ചു; കേരളത്തിൽ സർപ്പപീഡയും പോയി. അതിന്റെ ശേഷം ആയുധപാണികൾക്ക് കേരളത്തിൽ ൧൦൦൮ നാല്പത്തീരടി സ്ഥാനം ഉണ്ടാക്കി, അനേകം കളരിപ്പരദേവതമാരെയും സങ്കല്പിച്ചു, അവിടെ വിളക്കും പൂജയും കഴിപ്പിച്ചു, സമുദ്രതീരത്തു ദുർഗ്ഗാദേവിയേയും പ്രതിഷ്ഠിച്ചു, മലയരികെ ശാസ്താവിനെ പ്രതിഷ്ഠിച്ചു, നാഗവും ഭൂതവും പ്രതിഷ്ഠിച്ചു, ഭൂമിയിൽ കനകചൂർണ്ണം വിതറി, അമർത്തു കനകനീർ സ്ഥാപിച്ചു, രാശിപ്പണം അടിപ്പിച്ചു നിധിയും വെച്ചു, അങ്ങിനെ ഭൂമിക്കുള്ള ഇളക്കം തീർത്തു മാറ്റി ഇരിക്കുന്നു.

അതിന്റെ ശേഷം “ആർയ്യബ്രാഹ്മണർ മലയാളത്തിൽ ഉറച്ചിരുന്നു പോൽ” എന്ന് കേട്ടു മുമ്പിൽ സർപ്പ ഭീതി ഉണ്ടായിട്ടു പോയ പരിഷയും പൊന്നു വന്നു, അവർ ഒക്കെയും പഴനൂളുവർ ആയിപ്പോയി. അവരെ തുളുനാട്ടിൽ തുളുനമ്പിമാർ എന്നു പറയുന്നു; അവർ ൬൪ലിൽ കൂടിയവരല്ല.

അതിന്റെ ശേഷം ശ്രീ പരശുരാമൻ ൬൪ ഗ്രാമത്തെയും വരുത്തി, വെള്ളപ്പനാട്ടിൽ കൊണ്ടുവന്നു വെച്ചു. ൬൪ ഗ്രാമത്തിന്നും ൬൪ മഠവും തീർത്തു, ൬൪ ദേശവും തിരിച്ചു കല്പിച്ചു. ഒരൊരൊ ഗ്രാമത്തിന്നു അനുഭവിപ്പാൻ വെവ്വെറെ ദേശവും വസ്തുവും തിരിച്ചു കൊടുത്തു. ഒരു ഗ്രാമത്തിനും വെള്ളപ്പനാട്ടിൽ വസ്തുവും തറവാടും കൂടാതെ കണ്ടില്ല. അവിടെ എല്ലാവർക്കും സ്ഥലവുമുണ്ടു, ൬൪ ഗ്രാമത്തിന്നും വെള്ളപ്പനാട പ്രധാനം എന്നു കല്പിച്ചു.

പെരുമനഗ്രാമത്തിന്നു ചിലർക്കു പുരാണവൃത്തി കല്പിച്ചു കൊടുത്തു; രണ്ടാമത്തെ വന്ന പരിഷയിൽ ചിലർക്ക് തന്ത്രപ്രവൃത്തി കൊടുത്തു, ൬൪ ഗ്രാമത്തിനും തന്ത്രപ്രവൃത്തി കല്പിച്ചിട്ടില്ല; ൬൪ ഗ്രാമത്തിലുള്ള ഇരിങ്ങാട്ടികൂടു, തരണനെല്ലൂർ, കൈവട്ടക എടുത്തു തുടങ്ങി വട്ടകം വൃത്തി നാലു ആറു ഗ്രാമത്തിന്നു കല്പിച്ചിരിക്കുന്നു. പയ്യന്നൂർ ഗ്രാമത്തിന്നു നമ്പികൂറു എല്ലാടവും കല്പിച്ചു കൊടുത്തു. അനന്തരം ൬൪ലിലുള്ളവരോടരുളി ചെയ്തു “ഇനി കേരളത്തിങ്കൽ ദേവതകൾ പോന്നു വന്നു മനുഷ്യരെ പീഡിപ്പിച്ചു ദേവതഉപദ്രവം വർദ്ധിച്ചാൽ അപമൃത്യു അനുഭവിക്കും; അതു വരരുത” എന്ന് കല്പിച്ചിട്ട് ൬൪ലിൽ ആറു ഗ്രാമത്തിൽ ൧൨ ആളും കല്പിച്ചു, ൧൨ ആൾക്ക് മന്ത്രോപദേശവും ചെയ്തു. അതാകുന്നതു: മുൻപിനാൽ പെരുഞ്ചെല്ലൂർ ഗ്രാമ ത്തിൽ “അടികച്ചെരി” “കാളകാട്ടു” അങ്ങിനെ രണ്ടാൾ കല്പിച്ചു, മലയിൽ നിന്നു വരുന്ന ദുർദ്ദേവതകളെ തടുപ്പാൻ ദുർമ്മന്ത്രം സേവിച്ചു ദുർദ്ദേവതകളെ തടഞ്ഞു നിർത്തുക എന്നും ആപല്കാലത്തിങ്കൽ ഭദ്രനെ സേവിച്ചു ആപത്തുകളെ നീക്കുക എന്നും അരുളി ചെയ്തു. ബ്രാഹ്മണരുടെ കർമ്മങ്ങൾക്ക് വൈകല്യമുണ്ടെന്നു കണ്ടു രണ്ടാമത കാളക്കാട്ടിന്നു കല്പിച്ചിതു: സമുദ്ര തിരത്തിങ്കന്നു വരും ജലദേവതകളെ തടുത്തു നിർത്തുവാൻ സന്മന്ത്രങ്ങളെ സേവിച്ചു സൽകർമ്മമൂർത്തിയെ പ്രസാദിപ്പിച്ചു ആപല്കാലത്തിങ്കൽ ദുർഗ്ഗയെ സേവിച്ചാൽ ആപത്തു നീങ്ങും എന്നുമരുളി ചെയ്തു. പിന്നെ കരികാട്ടു ഗ്രാമത്തിൽ “കാണിയൊട കാട്ടുമാടം ഇങ്ങിനെ രണ്ടാൾക്കും ദുർമ്മന്ത്രവും സന്മന്ത്രവും” കല്പിച്ചു കൊടുത്തു. പിന്നെ ആലത്തൂർ ഗ്രാമത്തിൽ “കക്കാടു, കുഴിമന” ഇങ്ങിനെ രണ്ടാളോടും ദുർമ്മന്ത്രം കൊണ്ടും സന്മന്ത്രം കൊണ്ടും ജയിച്ചോളുക എന്നു കല്പിച്ചു. പിന്നെ ചൊവരത്തിൽ പുതുക്കൊടു, പുതുമന എന്നവരെയും പെരുമന ഗ്രാമത്തിൽ കല്ലകാടു, കക്കാട്ടുകൊളം” എന്നിരുവരേയും ഇരിങ്ങാടിക്കുടെഗ്രാമത്തിങ്കൽ “ചുണ്ടക്കാടു, മൂത്തെമന” ഇങ്ങിനെ രണ്ടാളേയും കല്പിച്ചു. മലയിൽനിന്നും വരുന്ന ദുർദ്ദേവതകളെ തടുത്തു നിർത്തുവാൻ ആറാളെ ദുർമ്മന്ത്രമൂർത്തിയെ സേവിപ്പാനും സമുദ്രത്തിങ്കൽ വരുന്ന ദേവതകളെ തടുത്തു നിർത്തുവാൻ ആറാളെ സന്മന്ത്രമൂർത്തിയെ സേവിപ്പാനും ആക്കി ഇങ്ങിനെ ഉത്തമത്തിലും മദ്ധ്യമത്തിലും പന്ത്രണ്ടാളുകളെ കേരളത്തിൽ സമ്പ്രദായികൾ എന്നു കല്പിച്ചു. അതിന്റെ ശേഷം ശ്രീ പരശുരാമൻ അരുളി ചെയ്തു, “എന്റെ വീരഹത്യാദോഷം ആർ കൈ ഏല്ക്കുന്നു” എന്നതുകേട്ടു, ഭരദ്വാജഗോത്രത്തിൽ ചിലർ വീരഹത്യാദോഷം കൈ ഏല്പൂതുഞ്ചെയ്തു. അവർ രാവണനാട്ടുകരെ ഗ്രാമത്തിലുള്ളവർ ഈരിലെ പരിഷ എന്നു പേരുമിട്ടു “നിങ്ങൾക്ക് ഒരീശ്വരൻ പ്രധാനമായ് വരെണമല്ലൊ അതിനു സുബ്രഹ്മണ്യനെ സേവിച്ചു കൊൾക എന്നാൽ നിങ്ങൾക്കുണ്ടാകുന്ന അല്ലലും മഹാവ്യാധിയും നീങ്ങി, ഐശ്വര്യവും വംശവും വളരെ വർദ്ധിച്ചിരിക്കും. വാളിനു നമ്പിയായവരെ വിശേഷിച്ചും സേവിച്ചു കൊൾക” എന്നരുളി ചെയ്തു വളരെ വസ്തുവും കൊടുത്തു. ഇക്കേരളത്തിൽ എല്ലാവരും മാതൃപാരമ്പര്യം അനുസരിക്കേണം എനിക്കും മാതൃപ്രീതി ഉള്ളു എന്ന് ൬൪ലിലുള്ളവരോട് കല്പിച്ചപ്പോൾ, എല്ലാവർക്കും മനഃപീഡ വളരെ ഉണ്ടായി എന്നാറെ, പൈയനൂർ ഗ്രാമത്തിലുള്ളവർ നിരൂപ്പിച്ചു, പരശുരാമൻ അരുളി ചെയ്ത പോലെ അനുസരിക്കേണം എന്നു നിശ്ചയിച്ചു, മാതൃപാരമ്പര്യം അനുസരിക്കയും ചെയ്തു. ചില ഗ്രാമത്തിങ്കന്നു കൂട അനുസരിക്കേണം എന്നു കല്പിച്ചു അതിന്റെ ശേഷം ആരും അനുസരിച്ചില്ല. പിന്നെ പരദേശത്തുനിന്നു പല വകയിലുള്ള ശൂദ്രരെ വരുത്തി. അവരെക്കൊണ്ടു മാതൃപാരമ്പര്യം വഴിപോലെ അനുസരിപ്പിച്ചു, അവർ ൬൪ ഗ്രാമത്തിന്നും അകമ്പടി നടക്കേണം എന്നും അവർക്ക് രക്ഷ ബ്രാഹ്മണർ തന്നെ എന്നും കല്പിച്ചു.

ഇങ്ങിനെ ശ്രീ പരശുരാമൻ കർമ്മഭൂമി മലയാളം ഉണ്ടാക്കി, ൬൪ ഗ്രാമത്തിൽ ബ്രാഹ്മണർക്ക് ഉദകദാനം ചെയ്തു. മുമ്പിൽ ൬൪ ഗ്രാമത്തിന്നും ഒരുമിച്ചു പൂവും നീരും കൊടുത്തതു അനുഭവിപ്പാൻ ജന്മം എന്നു പറയുന്നു. ആ കൊടുത്തതു ഓരൊ ഗ്രാമത്തിലുള്ള തറവാട്ടുകാർക്ക് ഒരുമിച്ചു കൊടുത്ത ഏകോദകം പിന്നെ ആറു പത്തു ഗ്രാമത്തിൽ ൧൪ ഗോത്രത്തിൽ ൩൬000 ബ്രാഹ്മണർക്കു വാളിന്മേൽ നീർ പകർന്നു കൊടുത്തതു രാജാംശം അവർക്ക് എന്റെ ജന്മം എന്നു ചൊല്ലി വിരൽ മുക്കാം; മറ്റെവർക്കും “എന്റെ ജന്മം” എന്നു വിരൽ മുക്കരുത്; അവർക്ക അനുഭവത്തിന്നെ മുക്കുള്ളു അവരന്യോന്യം മുക്കുമ്പോൾ “എനിക്കനുഭവം” എന്നു ചൊല്ലി വിരൽ മുക്കേണം ഇതറിയാതെ ജന്മത്തിനു വിരൽ മുക്കിയാൽ വിരൽ നേരെ വരികയില്ല; മുപ്പത്താറായിരത്തിലുള്ളവർക്ക് കൊടുത്തതു ഏകോദകമല്ല; ഭൂമിയെ രക്ഷിപ്പാൻ അവരെ ആയുധപാണികളാക്കി കല്പിച്ചു.

ഇക്കേരളത്തിങ്കൽ വാഴുന്ന മനുഷ്യർ സ്വർഗ്ഗവാസികളോട് ഒക്കും ദേവലോകത്തിന്നു തുല്യമായ്‌വരേണം എന്നും സ്വർഗ്ഗാനുഭൂതി അനുഭവിക്കേണം എന്നു വെച്ചു ശ്രീ പരശുരാമൻ ദേവെന്ദ്രനെ ഭരം ഏല്പിച്ചു. തപസ്സിന്നാമാറു എഴുന്നെള്ളുകയും ചെയ്തു. ആറുമാസം വർഷം വേണം രാജ്യത്തിങ്കൽ അനേകം അനേകം സസ്യാദികൾ ഉണ്ടാകെണം, അന്നവും പൂവും നീരും പുല്ലും വഴിപോലെ വേണം, ഐശ്വ ഉണ്ടായിരിക്കേണം, ഐശ്വ ഉണ്ടായിട്ട വഴിപോലെ കഴിക്കേണം, ദേവപൂജയും പിതൃപൂജയും കഴിക്കേണം, അതിന്നു പശുക്കൾ വളരെ ഉണ്ടാകേണം അവറ്റിന്നു പുല്ലും തണ്ണീരും വഴിക്കെ ഉണ്ടായ്‌വരേണം, എന്നിട്ടു ദേവെന്ദ്രനെ ഭരം ഏല്പിച്ചിരിക്കുന്നു. അതുകൊണ്ടു വേനിൽ കാലത്ത് ആറു മാസം വർഷം ആകുന്നതു. ദേവാലയങ്ങളും ദൈവത്തിൻ കാവുകളും ഐയപ്പൻ കാവുകളും ഭദ്രകാളിവട്ടത്തും ഗണപതികാവിലും മറ്റും പല കുടിവെച്ച കാവല്പാടുകളിലും സ്ഥാനങ്ങളിലും, ഊട്ടും പാട്ടും കഴിപ്പാനും ഉത്സവം, വേല, വിളക്ക, തീയാട്ടം, ഭരണിവേല, ആറാട്ടു, കളിയാട്ടം, പൂരവേല, ദൈവാട്ടം, തെയ്യാട്ടു, ദൈവമാറ്റു, തണ്ണിരമൃതം, താലപ്പൊലി, പൈയാവിശാഖം, മാഹാമഖ, മാമാങ്ങവേല എന്നിങ്ങനെ ഉള്ള വേലകൾ കഴിപ്പാനായ്ക്കൊണ്ടു, ആറു മാസം വേനിൽ വെളിച്ചവും കല്പിച്ചിരിക്കുന്നു.

ഇങ്ങിനെ ശ്രീ പരശുരാമൻ പടെക്കപെട്ടൊരു കർമ്മഭൂമിയിങ്കൽ ഭൂദേവന്മാർ പുലർകാലെ കുളിച്ചു നന്നായിരുന്നു കൊണ്ടു തങ്ങൾക്കുള്ള നിയമാദി ക്രിയകൾ ഒക്കയും കഴിച്ചു മറ്റും മഹാ ലോകർക്കും വരുന്ന അല്ലലും മാഹാ വ്യാധികളും ഒഴിപ്പാൻ ചെയ്യേണ്ടും , ഹോമവും ധ്യാനവും ഭഗവതി സേവ, പുഷ്പാഞ്ജലി, അന്ത്യനമസ്കാരം, ത്രികാലപൂജ, ഗണപതിഹോമം, മൃത്യ്യുഞ്ജയം, മൂന്നു ലക്ഷം സഹസ്രനാമം, ധാന്വന്തരം, ഗ്രഹശാന്തി, സഹസ്രഭോജനം എന്നിങ്ങനെ അനേകം കഴിച്ചു സുകൃതം വർദ്ധിപ്പിക്ക എന്നു ശ്രീപരശുരാമൻ വേദബ്രാഹ്മണരോട അരുളിചെയ്തും എന്നു വേദബ്രാഹ്മണരും കൈ ഏൽക്കുകയും ചെയ്തു. അങ്ങിനെ ഇരിക്കുമ്പോൾ, കേരളത്തിങ്കൽ വാഴുന്ന മനുഷ്യർ സ്വർഗവാസികൾക്കു തുല്യം പോൽ എന്നു കേട്ടു, പല ദിക്കിൽ നിന്നും പല പരിഷയിലുള്ള ബ്രാഹ്മണരും കേരളത്തിൽ പോന്നു വന്നതിന്റെ ശേഷം, ശ്രീ പരശുരാമൻ അവരെ പല ദിക്കിലും കല്പിച്ചിരുത്തി, പല ദേശത്തും പല സ്ഥാനങ്ങളും കൽ‌പ്പിച്ചു കൊടുത്തു. വേദബ്രാഹ്മണർ അർദ്ധബ്രാഹ്മണരെക്കൊണ്ടു ഭൂമിദാനം വാങ്ങി, അവരുടെ പേർക്ക് ഓരൊ ദേശമാക്കി ദേശത്തിൽ ഓരോരു ക്ഷേത്രം ചമച്ചു, പ്രതിഷ്ഠ കഴിച്ചു, ബിംബത്തിങ്കൽ പൂജയും ശിവവേലിയും കഴിച്ചു, നിറമാലയും ചാർത്തി, തങ്ങൾക്ക് ഗ്രാമത്തിൽ സ്ഥാനദൈവത്തേയും സ്ഥലപരദേവതമാരെയും കുടിവെച്ചു, ഊർപ്പള്ളിദൈവത്തെ കുടിവെച്ചു. അവിടവിടെ ചെയ്യിപ്പിക്കേണ്ടും വേലയും വിളക്കും ഊട്ടും തിറയും കൊടുപ്പിച്ചു, പലദിക്കിൽ നിന്നും ശൂദ്രരെ വരുത്തി ഇരുത്തി, അവർക്ക് പല മര്യാദയും കൽ‌പ്പിച്ചു കൊടുത്തു; ദേശത്തെ അടിമയും കുടിമയും ഉണ്ടാക്കി, അടിയാരെയും കുടിയാരെയും രക്ഷിച്ചു, തറയും സങ്കേതവും ഉറപ്പിച്ചു, തറയകത്ത് നായന്മാരെ കല്പിച്ചു, അവരെ കൊണ്ട ഓരൊ കണ്ണും കൈയും കല്പനയും കല്പിച്ചു, അവകാശത്തിന്നു താഴ്ചയും വീഴ്ചയും വരാതെ പരിപാലിച്ചു, കുടിയാർക്ക് കീഴായ്ക്കൂറും തങ്ങൾക്ക് മേലായ്ക്കൂറും മേലാഴിയും കുടിയാർക്ക് കാണവും തങ്ങൾക്ക് ജന്മവും കല്പിച്ചു, കാണജന്മമര്യാദയും നടത്തി, ബ്രാഹ്മണാചാരവും ശൂദ്രമര്യാദയും കല്പിച്ചു, ഊരിൽ ഗ്രാമങ്ങളിലുള്ള ബ്രാഹ്മണരുടെ ഇല്ലവും തീർപ്പിച്ചു, തങ്ങൾക്കുള്ള ദേവപൂജയും പിതൃപൂജയും കല്പിച്ചു, നേരും ന്യായവും നടത്തി, ൬൪ ഗ്രാമത്തിലുള്ള വേദബ്രാഹ്മണരെ ആനന്ദിപ്പിച്ചു, ദാനധർമ്മങ്ങളും ചെയ്തു, അങ്ങിനെ ഇരുപ്പു മുപ്പത്താറായിരത്തിലുള്ളവർ അർദ്ധബ്രാഹ്മണർ ഭൂമിദാനം വാങ്ങുകകൊണ്ടും വീരഹത്യാദോഷത്തെ പരിഗ്രഹിക്ക കൊണ്ടും പാതിബ്രാഹ്മണത്വം കുറഞ്ഞു പോയിരിക്കുന്നു. അർദ്ധബ്രാഹ്മണർ ആയുധപാണികളായി പാടു നടക്കയും പടകൂടുകയും അകമ്പടി നടക്കുകയും ചെയ്യും; അതുകൊണ്ടു വാൾ നമ്പിയായതു. പട്ടിണി നമ്പിയ്ക്ക് ശംഖും കുടയും അല്ലാതെ, മറ്റൊരായുധമില്ല; അവന്നു ഒരു സങ്കടം ഉണ്ടായാൽ കുളക്കടവിൽ ചെന്നു കൊഞ്ഞനം കാട്ടിയാലും കൊന്നാലും ശംഖും വിളിച്ചു പട്ടിണി വെച്ചു പാർക്കുകെ ഉള്ളൂ; വാൾനമ്പിയെ കൂടെ സമീപത്തിൽ നിർത്തുകയും ചെയ്യും.

ഇനി മേലിൽ ബ്രാഹ്മണർ തങ്ങളിൽ അന്യോന്യം ഓരോരൊ കൂറു ചൊല്ലിയും സ്ഥാനം ചൊല്ലിയും വിവാദിച്ചു, കർമ്മവൈകല്യം വരുത്തി, കർമ്മഭൂമി ക്ഷയിച്ചു പോകരുത എന്നു കല്പിച്ചു.൬൪ ലിനെയും പെരിഞ്ചെല്ലൂരിൽ നിന്നുള്ള മുവ്വായിരം തൊട്ടു ൩൬000ത്തിലുള്ളവരെയും പല ദിക്കിൽ നിന്നും പല പരിഷയിൽ പോന്നു വന്ന ബ്രാഹ്മണരെയും ഒരു നിലയിൽകൂട്ടി, അവരോടരുളി ചെയ്തു.”ഇനി സ്വല്പകാലം ചെല്ലുമ്പോൾ, അന്യോന്യം പിണങ്ങും അതു വരരുത” എന്നു കല്പിച്ചു, ൬൪ ഗ്രാമത്തിന്റെ കുറവും തീർത്തു നടപ്പാൻ നാലു കഴകത്തെ കല്പിച്ചു. അതാകുന്നതു: മുൻപിനാൽ പെരിഞ്ചെല്ലൂർ, പിന്നെ പൈയനൂർ പിന്നെ പറപ്പൂർ, പിന്നെ ചെങ്ങനിയൂർ, മുപ്പത്താറായിരത്തിലുള്ളവർ വളരെ കാലം രാജ്യം രക്ഷിച്ചതിന്റെ ശേഷം ഓരോരൊ കൂറു ചൊല്ലിയും ദേശം ചൊല്ലിയും തങ്ങളിൽ വിവാദിച്ചു, നാട്ടിൽ ശിക്ഷാരക്ഷ കുറഞ്ഞു കാൺക ഹേതുവായിട്ട്, ബ്രാഹ്മണർ എല്ലാവരും കൂടി നിരൂപിച്ചു കല്പിച്ചു, നാലു കഴകത്ത് ഓരൊരുത്തർ രക്ഷാപുരുഷരായിട്ട മൂവ്വാണ്ടേക്ക് മൂവ്വാണ്ടേക്ക് അവരോധിപ്പാൻ ഈ നാലു കഴകവും കൂടിയാൽ മതി എന്ന വ്യവസ്ഥ വരുത്തി, നാലു കഴകവും അകലത്താകകൊണ്ടു കാര്യത്തിന്നു കാലവിളംബനമുണ്ടെന്നറിക; നാലു കഴകത്തിന്റെ കുറവു തീർത്തു നടപ്പാൻ പെരിഞ്ചെല്ലൂർ ഗ്രാമത്തിൽ ർ ദേശത്തെ നാലാൾ തന്നെ കല്പിച്ചു. ഈ നാലിൽ ചെങ്ങനിയൂർ ന്നൂർ ഗ്രാമത്തിൽ കൂടാ എന്നു ചിലർ പറയുന്നു. ആ പറയുന്ന ജനം വഴിപോലെ അറിഞ്ഞതുമില്ല. ഇതു പറവാൻ കാരണം: ചെങ്ങനിയൂർ കഴകത്തിലുള്ളവർ ഒക്കത്തക്ക ഒരു കല്പന ഉണ്ടായാൽ ന്നൂർ ലിന്നും കൂട ക്ഷേത്രസംബന്ധം കൊടുത്തു. അവിടെ ചില തമിഴർ വന്നു നിറഞ്ഞു. ആ വന്ന തമിഴരും അവിടെയുള്ള ബ്രാഹ്മണരും തമ്മിൽ ഒരു ശവം ദഹിപ്പിക്ക കൊണ്ടു തങ്ങളിൽ ഇടഞ്ഞു, തമിഴർക്ക് സംസ്കരിക്കായതുമില്ല. അതിന്റെ ശേഷം തമിഴർ ഒക്കത്തക്ക നിരൂപിച്ചു അവിടെ ഉള്ള ജനത്തേയും അറുപതുനാലിൽ ക്ഷേത്രസംബന്ധം കൊടുത്തിട്ടുള്ളവരെയും കൂട്ടികൊണ്ടുപോയി, ശവം പുഴയിൽ വലിച്ചിട്ടു കളകയും ചെയ്തു. അതുകൊണ്ടു ചെങ്ങനിയൂർ കഴകത്തിലുള്ളവരെ ന്നൂർ കൂട്ടുക ഇല്ല എന്നു ചിലർ പറയുന്നു; തമിഴരായതു എങ്ങിനെ എന്നും അവർക്ക് ബ്രഹ്മഹത്യാ ഉണ്ടായ്ക എങ്ങിനെ എന്നും ഈശ്വരന്നു അറിഞ്ഞു കൂടും. വിശേഷിച്ച് ഈ കല്പിച്ച നാലു കഴകത്തിലും ഓരൊരുത്തൻ മൂവാണ്ടേക്ക് മൂവാണ്ടേക്ക് രക്ഷാപുരുഷനായിട്ട് രക്ഷിപ്പാനാകുമ്പോൾ രക്ഷാപുരുഷനും അവനോട കൂട നടക്കുന്നവർക്കും അനുഭവത്തിന്നായി കൊണ്ട എല്ലാവരുടെ വസ്തുവിന്മേൽ ഷൾഭാഗത്തെ ഉണ്ടാക്കി കൊടുക്കയും ചെയ്തു. അങ്ങിനെ വളര കാലം കഴിഞ്ഞശേഷം അന്നന്നു അവരോധിച്ചു നടക്കുന്നവർ അവരോധനമ്പി എന്നു ചൊല്ലുന്നു. അവരോധനമ്പിയാകുന്നതു: കാഞ്ഞൂർ കിണാങ്ങാടു കരിങ്ങം വള്ളി എന്നിങ്ങിനെ തെക്കു വടക്കു വസ്തുവുള്ള പരിഷ പലരുമുണ്ടു. അതല്ലാതെ തെക്കും വടക്കും തങ്ങളുടെ സ്വന്തങ്ങൾ കൊണ്ടുണ്ടാക്കീട്ടുമുണ്ടു.

ഇങ്ങിനെ അവരോധിച്ചു നടക്കും കാലങ്ങളിൽ “തനിക്ക് തനിക്ക് മൂവ്വാണ്ടേക്കല്ലൊ ഉള്ളൂ അതിന്നിടെക്ക് വസ്തു ഉണ്ടാക്കുക അത്രെ വേണ്ടുവത” എന്നു കല്പിച്ചു നാട്ടിലുള്ള പ്രജകളെ ഉപദ്രവിച്ചു തുടങ്ങി, കോഴ കൊണ്ടു അർത്ഥം തടിപ്പിക്കയും നിധി സൂക്ഷിക്കയും ചെയ്തു മുഴുത്തു. ഇങ്ങിനെ സ്വല്പകാലം ചെല്ലുമ്പോൾ “ഈ അവരോധിച്ച പരിഷെക്കായ്പോകും തെക്കുവടക്കുള്ള വസ്തു ഒക്കയും അതു വരരുത എന്നു കല്പിച്ചു ഐകമത്യപ്പെട്ടു, നാം ഓരോരൊ രാജാവിനെ ഉണ്ടാക്കുമാറു എന്നു കല്പിച്ചു. ഈ അവരോധിച്ച നമ്പികൾക്ക് ജന്മത്തിനു ജന്മം ചൊല്ലി, വിരൽ മുക്കേണം എന്നു വരികിൽ അവർക്ക് ജന്മത്തിന്നു കഴിവില്ല; മറ്റെയവർക്ക് മുക്കിയാൽ അതു കണ്ടു നടക്കെ ഉള്ളു.

ബ്രാഹ്മണർ തിരുനാവായി മണപ്പുറത്തു കൂടി ഒരു സഭയായി നിരൂപിച്ചു, ഇനി മേലിൽ പത്തരഗ്രാമത്തിൽ ഓരൊരുത്തർ പന്തീരാണ്ടു പന്തീരാണ്ടു നാടു പരിപാലിക്ക എന്നു നിശ്ചയിച്ചു, തൃക്കാരിയൂർ തൃക്കൊട്ടിന്നും രക്ഷാപുരുഷന്മാരായി വാൾ എടുപ്പാൻ അവരോധിച്ചു കല്പിച്ചപ്പോൾ, ഞാൻ എന്നും ഞാൻ എന്നും തമ്മിൽ വിവാദിച്ചതിന്റെ ശേഷം എല്ലാവരും കൂടി നിരൂപിച്ചു, ഇനിമേൽ ബ്രാഹ്മണർ നാടു പരിപാലിച്ചാൽ നാട്ടിൽ ശിക്ഷാരക്ഷ ഉണ്ടാകയില്ല. ഇനി നാടു പരിപാലിപ്പാൻ ഒരു രാജാവു വേണം എന്നു നിശ്ചയിച്ചു, രാജാവിനെ ഉണ്ടാക്കുവാൻ ൬൪ ഗ്രാമത്തിന്റെ കുറവു തീർത്തു; പന്നിയൂർ, പറപ്പൂർ, പെരിഞ്ചെല്ലൂർ, ചെങ്ങനിയൂർ ഈ നാലു കഴകം കൂടിയാൽ മതി എന്ന വ്യവസ്ഥ വരുത്തി, ൪ കഴകവും ഒരു സഭയായിരുന്നു നിരൂപിച്ചു പുറപ്പെട്ടു, പരദേശത്തുചെന്നു, കെയാപുരത്തിങ്കൽനിന്നു കെയപെരുമാളെ കൂട്ടിക്കൊണ്ടു പോന്നു, കേരളം എന്ന പ്രദേശത്തുവെച്ചു വാഴിച്ചു.