Keralaliterature.com

ദിവ്യദര്‍ശനം

ദിവ്യദര്‍ശനം
ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍

ആഴിത്തിമിങ്ഗലത്തീന്‍ പഴമായ് വീഴ്ത്തി
യാദിത്യബിംബത്തെയന്നും ദൈവം.
തന്‍തല പൊന്തിച്ചു നില്പായി കൂരിരു
ട്ടന്തകനേറിന പോത്തുപോലെ.
മങ്ങിന വെണ്മതിക്കീറിനാല്‍ പാഴ്‌നിലാ
വങ്ങിങ്ങൊരല്പാല്പമല്ലുതിര്‍ത്തു,
രോഷത്തിന്‍ മൂര്‍ച്ഛയില്‍ ദംഷ്ട്രയാല്‍ താന്‍തൂകും
ഹാസത്തിന്നങ്കുരമെന്നപോലെ.
മിന്നാമിനുങ്ങുകള്‍ മുറ്റത്തില്‍ച്ചാഞ്ചാടി
മിന്നിയും മങ്ങിയും മാറി മാറി,
ജന്മവും മൃത്യുവുമെന്തെന്നു ലോകത്തെ
ത്തന്മയരീതിയില്‍ക്കാട്ടിക്കാട്ടി.
വ്യാത്തമാം സുപ്തിതന്‍വക്ത്രത്തിന്നേതുമി
ല്ലാള്‍ത്തരമബ്ഭൂതം സര്‍വഭക്ഷം;
പാരിടം നിര്‍ജ്ജീവപ്രായമായ് തീര്‍ന്നുപോയ്
മാരിയാമായതില്‍ ഛായതട്ടി.

2

അത്തരമുള്ളോരു രാത്രിയില്‍ ഞാനുമെന്‍
മെത്തയെ പ്രാപിച്ചേന്‍ വീതോന്മേഷം;

ജാലകമാര്‍ഗ്ഗമായ് നോക്കിനേന്‍ ചുറ്റിലു
മാലേഖ്യരൂപത്തില്‍ വാച്ച ലോകം
കണ്മിഴി ചിമ്മിപ്പോയ് കാറ്റിന്നും; മൂളില
മര്‍മ്മരമുമ്മരനന്മരങ്ങള്‍.
ചീവീടും ശബ്ദിച്ചീ,ലോര്‍പ്പോളം ഭീമമി
ദ്ദൈവികസ്തംഭനസമ്പ്രദായം.
ഇക്കയമാളുവതേതൊരു കാളിയ  
നിശ്ശാന്തമേതൊരു രൌദ്രദൂതന്‍ ?
പ്രാകൃതമാകുമീ മൌനവ്രതത്തിന്നു
പാരണയാവതുമേതു ശാപം?

3

ആക്കേള്‍ക്കും ശബ്ദമെന്താസന്നമൃത്യുവി  
ന്നാക്രന്ദനംപോലെ ദീനദീനം?
ആ മട്ടില്‍ താഡിപ്പൂ സാഗരം ഘോരയാം
താമസീദേവിതന്‍ ജൈത്രഭേരി !
രഞ്ജിപ്പൂ ശബ്ദമൊന്നെന്നരികത്തുമെന്‍
നെഞ്ഞിടി മാറ്റൊലിക്കൊണ്ടപോലെ ;
മല്‍ഘടികാരത്തിന്‍ ഗൌളിച്ചൊല്ലാണതു ;
ടിക് ടിക്കോ , ധിക്ധിക്കോ തിട്ടമില്ല.

4

ഉറ്റു ഞാന്‍ വീണ്ടുമതെന്തെന്നു നോക്കവേ
മുറ്റുമെന്‍ മുന്നിലൊരുത്തമയാള്‍
എന്നുള്‍ത്തടംവിട്ടു നില്ക്കയായ്; ഹാ ഹന്ത! ഞാ
നന്നില്‍പ്പു കണ്ടൊന്നു ഞെട്ടിപ്പോയി !
വക്ത്രാബ്ജം താഴ്ത്തിയും ബാഷ്പനീര്‍ വീഴ്ത്തിയും
തപ്തമായ് ദീര്‍ഘമായ് നിശ്വസിച്ചും
തന്‍വലം കൈകൊണ്ടു പൂങ്കവിള്‍താങ്ങിയും ,
താമ്രാധരത്തിങ്കല്‍ പല്ലണച്ചും ,
കണ്‍മുനനഞ്ഞണിക്കൂരമ്പിടയ്ക്കിട
യ്‌ക്കെന്‍ മര്‍മ്മമോരോന്നു നോക്കിയെയ്തും,
ഏതവള്‍ നഷ്ടയാം വാസരലക്ഷ്മിതന്‍
പ്രേതത്തിന്‍ മട്ടില്‍ വന്നങ്ങു നില്‌പോള്‍?

5

അന്യയല്ലദ്ദേവി കാരുണ്യമൂര്‍ത്തിയാ
മെന്നന്തര്യാമിതന്‍ ധര്‍മ്മപത്‌നി ;

ലജ്ജാഭിധാന താന്‍: 'മാതാവേ! കൈതൊഴാം :
പശ്ചാത്താപാഹസ്സിന്‍ പ്രാതസ്സന്ധ്യേ!
അമ്മതന്‍ പ്രത്യക്ഷദര്‍ശനമൊന്നിനാല്‍
ജന്മത്തെസ്സാര്‍ത്ഥമായ്ത്തീര്‍ത്തവന്‍ ഞാന്‍
ത്രസ്തനല്ലെന്‍ തായാട്ടെത്രമേലമ്മയെ
ക്രുദ്ധയാക്കീടിലും ശര്‍മ്മദാത്രി!
അമ്മതന്നിങ്ഗിതമെന്തെന്നു ചൊല്‍കയാ
ണി 'മ്മണി' പ്പൈങ്കിളി മൂളിമൂളി.
ഇത്തമിസ്രാഞ്ജനം മൂലമായ് കാണ്മൂ ഞാന്‍
തദ്വചഃപേടകതത്വരത്‌നം.

6

സത്യം ഹാ! മാതാവേ സത്യമെന്‍ ജീവിത
മൗക്തികമാലയില്‍ നിന്നു വീണ്ടും
ചേലാര്‍ന്ന മുത്തടര്‍ന്നിന്നുമൊന്നന്തിയില്‍
കാലാബ്ധിമദ്ധ്യത്തില്‍ വീണുപോയി!
ഭാനുവെന്‍ ജീവിതപാത്രത്തില്‍ നിന്നിന്നും
പാനീയബിന്ദുവൊന്നാവിയാക്കി;
ചുറ്റുമിന്നന്തകന്‍ തന്‍ കയറന്മെയ്യില്‍
ചുറ്റുകയായ് പിണഞ്ഞൊന്നുകൂടി.
ഭാവിയെദ്ദൂരെ ഞാന്‍ കാണവേ,വന്നതു
ഹാ! വര്‍ത്തമാനമായ് മുന്നിലെത്തി,
ഭൂതമായ്പ്പായുന്നു പെട്ടെന്നു പിന്നോട്ടേ
യ്ക്കാതിഥ്യം വൈകിച്ചോനാക്കിയെന്നെ.
കാലത്തിന്‍ ഹാസത്തില്‍ മട്ടിലെന്നാസ്യത്തില്‍
മേളിപ്പൂ വെണ്‍നരയങ്ങുമിങ്ങും;
ആ മൃഗാധീശന്‍ തന്‍ വീരപ്പല്ലബ്ജത്തില്‍
ഹേമന്തം വീഴ്ത്തിന മഞ്ഞുത്തുള്ളി!
ചിമ്മിടുമെന്‍ മിഴി വീണ്ടും തുറന്നിടാ
മുന്മിഷത്തല്ലെന്നും വന്നുപോകാം!
ബാങ്കിലെന്തുണ്ടിനി ബാക്കിയെന്നാര്‍ കണ്ടു!
ഞാന്‍ കഷ്ടമത്രമേല്‍ ദീനദീനന്‍?
അര്‍ക്കബിംബാഖ്യമാമാരക്തദീപത്തെ
പ്പൊക്കിയും താഴ്ത്തിയും കാട്ടി നിത്യം
ഹാ! വിധി 'ദുര്‍ഘടം ദുര്‍ഘടം ജീവിത
ത്തീവണ്ടിപ്പാത'യെന്നല്ലീ ചൊല്‍വൂ!

7

എന്തു ഞാനിപ്പകല്‍ മുപ്പതുനാഴിക
കൊണ്ടെന്നു നേടിയതൊന്നു പാര്‍ത്താല്‍

കാണ്മതില്ലൊന്നുമേ; ചുറ്റിനേന്‍ വ്യര്‍ത്ഥമ
പ്പാഴ്മണല്‍ക്കാട്ടിലൊരൊട്ടകമായ്.
എന്നമ്മ ഭാരതഭൂദേവി, യസ്സാക്ഷാല്‍
സ്വര്‍ന്നദീശുദ്ധയാം ധര്‍മ്മലക്ഷ്മി;
ശ്രീകൃഷ്ണബുദ്ധാദിസിദ്ധരെപ്പെറ്റവള്‍;
ലോകത്തിന്നദ്ധ്യാത്മജ്യോതിര്‍ദ്ദീപം;
ഏതൊരു കുന്നിന്മേല്‍ വാണവള്‍ പ,ണ്ടിപ്പോ
ളേതൊരു കൂപത്തില്‍ വീണുപോയോള്‍;
ആരുടെ കല്ലേറുകൊള്ളാത്തോള്‍, ഹാ കഷ്ട
മാരുടെ കാല്‍ച്ചവിട്ടേറ്റിടാത്തോള്‍!
കാതര്യമില്ലേതു ദുര്‍വാക്കുമോതുവാന്‍
കാതറൈന്‍മേയോയ്ക്കും കൂട്ടുകാര്‍ക്കും?
സാദ്ധ്വിയെബ്ഭര്‍ത്സിക്കും ധൂര്‍ത്തമാരക്കൂട്ട
രീട്ടിയെദ്ദംശിക്കും വെണ്‍ചിതല്‍കള്‍;
എന്നാലുമായവര്‍ തേപ്പതാം പാഴ്പ്പങ്ക
മെന്നാലൊന്നാമ്മട്ടില്‍ ക്ഷാളിച്ചീടാന്‍
തന്നമ്മതന്‍ ദാസ്യം തീര്‍ക്കുവാനേവന്‍പോയ്
വിണ്ണിലെപ്പീയൂഷം കൊണ്ടുവന്നു;
ധന്യനത്താര്‍ഗ്ഗ്യന്തന്നൈതിഹ്യം ബാല്യത്തില്‍
സ്തന്യത്തോടൊപ്പമായ്പ്പാനംചെയ്‌തോന്‍;
ഓര്‍ത്തീലഞാന്‍ഒറ്റക്കണ്ണീര്‍മുത്തെങ്കിലു
മാദ്ദേവിതന്‍ കാല്‍ക്കലര്‍പ്പിച്ചീടാന്‍
എന്നുടെ ഭൂതികൊണ്ടെന്നമ്മതന്‍പുകള്‍
ക്കണ്ണാടിതേച്ചു മിനുക്കിടാതെ
പേര്‍ത്തും ഞാന്‍ കൈകൊട്ടിക്കാണ്‍കയാണായതില്‍
സ്വാര്‍ത്ഥാപസ്മാരത്തിന്‍ നഗ്‌നനൃത്തം!
ഭാരതമേദിനിക്കേതുമേ ദാരിദ്ര്യ
പാരതന്ത്ര്യാദികളല്ല ഭാരം;
സോദരഘാതികള്‍ സൂനുക്കള്‍ താന്‍ ഭാരം,
സോദരപൂരകര്‍ മാദൃശന്മാര്‍.

8

ഞാനഭിവാദനം ചെയ്യുന്നേന്‍ മാമക
മാനസഹംസികേ! ലജ്ജാദേവി!
നിന്‍ജയം വായ്ക്കട്ടെ പാരെങ്ങും; ഞാന്‍ നിന
ക്കഞ്ജലികൂപ്പിടാമാവതോളം!
ആമയമേതെല്ലാം വന്നാലും മാതാവേ!
നീ മൃതയല്ലെന്നാല്‍ ഞാന്‍ സനാഥന്‍ല്‍
ആശയത്തിങ്കല്‍ നീയെങ്ങെങ്ങാനുണ്ടെങ്കി
ലാശയ്ക്കു ബാഹ്യമല്ലെന്റെ ജന്മം

ക്രോധിക്കൂ! ഭര്‍ത്സിക്കൂ! താഡിക്കൂ! തായേ! നീ;
പാതകി ഞാന്‍ ബാലന്‍ താവകീനന്‍;
ഇക്ഷണം നിന്‍ കണ്ണും ജിഹ്വയും പാണിയു
മക്ഷയവാത്സല്യനിഘ്‌നമാകും
ആഗസ്സിന്‍ ഛായ നീ താപത്തെ ഗ്രീഷ്മാന്ത
മേഘത്തിന്‍ രൂപത്തില്‍ നല്‍കിയാലും
തീരില്ല വീഴാതെ നിന്നില്‍നിന്നന്ത്യത്തില്‍
കാരുണ്യശീതള ബാഷ്പബിന്ദു
എന്നെ നീ ഞാനാവാനല്ലയോ മേല്ക്കുമേല്‍
പിന്നെയും പിന്നെയും മര്‍ദ്ദിക്കുന്നു?
എത്രമേല്‍ മര്‍ദ്ദിച്ചാലെ,ന്തെനിക്കപ്പുറം
മൃത്തിതു സല്പാത്രമായാല്‍ പോരും.
സാധ്വി! നീ പോയാലുമെന്നുള്ളി, ലാലങ്ക
ധൂര്‍ത്തരാം കാമാദി രാക്ഷസന്മാര്‍
എത്രമേല്‍ വായ്ക്കിലുമെന്‍സീത ജീവിക്കു
മദ്ദിക്കില്‍ വെണ്‍ചാമ്പലാവില്ലല്ലോ.
ഒട്ടുമിന്നാന്തരപൂരുഷ'മാ'ശബ്ദം
ദുഷ്ടനെന്‍ കര്‍ണ്ണത്തിലേറുന്നീല
ചെയ്യിക്കൂ കാന്തനെക്കൊണ്ടെനിക്കിന്നൊന്ന
ക്ഷായത്രീമന്ത്രോപദേശം വീണ്ടും!

9

കാലമേ! നിന്‍കരിപ്പൊയ്മുഖം കണ്ടു ഞാന്‍
മാലിയെന്നെന്തെല്ലാമോതിപ്പോയി!!
ഈ മുഖം നീക്കിടും നാളെയും വന്നിത
ന്നീ മഷിപൊന്നാക്കുമാരസജ്ഞന്‍.
മെത്തമേല്‍ വീണേന്‍ ഞാനിപ്പൊഴുതെങ്കിലു
മുത്ഥാനോദര്‍ക്കം താനെന്‍ നിപാതം;
പോയതു പോയെങ്കിലെന്തു? ഞാന്‍ ധന്യന്‍ താ
നായതിലേശൈകദേശാധീശന്‍.
വാശ്ശതും യൗവനനീര്‍വാര്‍ന്നൊരെന്മുഖ
പ്പാഴ്ജ്ജരത്തോടുകള്‍ തന്‍ തടത്തില്‍
നിന്നിടും വെണ്‍നരക്കാശപ്പുല്ലേതും മേന്മേലെന്‍
വിവേകോദയവൈജയന്തി
നാളെയെന്നുള്ളൊരു നാളെനിക്കുണ്ടെങ്കി
ലാളൊന്നുമാറി ഞാനാത്മവേദി
ലജ്ജയാം ദേവിയെ ലജ്ജിപ്പിച്ചീടാതെ
സജ്ജനചര്യയ്ക്കു സജ്ജനാവാം.

Exit mobile version