Keralaliterature.com

കിരാതം ഓട്ടൻ തുള്ളൽ

കുഞ്ചന്‍നമ്പ്യാര്‍

ഹരിഹരതനയൻ തിരുവടി ശരണം
വിരവൊടു കവിചൊൽ വരമരുളേണം
മറുതലരടിയനൊടടൽ കരുതായ് വാൻ
കരുതുന്നേൻ കരുണാമൃതസിൻധോ!
കരി, കരടികൾ, കടുവാ, പുലി, സിംഹം
വനമതിൽനിന്നു വധിച്ചതുപോലെ
മറുതലർതമ്മെയൊഴിച്ചരുൾ നിത്യം
തകഴിയിൽ വാണരുളും നിലവയ്യാ!
അണിമതി കലയും തുമ്പയുമെല്ലും
ഫണിപതി ഫണഗണമണികളുമണിയും
പുരരിപുതൻ പദകമലേ പരിചൊടു
പണിയുന്നവരുടെ പാലനശീലൻ
പ്രണയിനിയാകിന മലമകൾ താനും
പ്രണയസുഖേന രമിപ്പാനായി
ക്ഷണമൊരു കരിവരമിഥുനമതായി
ക്ഷണികമതാകിന വിഷയസുഖത്തിൽ
പ്രണയമിയന്നൊരു രസികൻമാരവർ-
പ്രണിഹിതകുതുകം വാഴുംകാലം
മണമിയലുന്ന മരപ്പൂങ്കാവിൽ
മണലിൽ നടന്നു മദിച്ചു മരങ്ങടെ-
തണലിലിരുന്നു രമിക്കുന്നേരം
ഗുണവതിയാമുമതന്നുടെ മകനായ്
ഗണപതിയെന്നൊരു മൂർത്തിവിശേഷം
പ്രണതജനങ്ങടെ വിഘ്നമൊഴിപ്പാൻ
പ്രണയിതകുതുകം വന്നുപിറന്നു.
ക്ഷണമാത്രം തൻതിരുവടിയടിയനു
തുണമാത്രം ചെയ്തീടുന്നാകിൽ
ഗുണപാത്രം ഞാനെന്നിഹ വരുവൻ
അണുമാത്രം മമ സംശയമില്ല
ഗണരാത്രങ്ങൾ കഴിഞ്ഞതിലങ്ങൊരു
കണമാത്രം പുനരുണ്ടായില്ല;
തൃണമാത്രം ബഹുമാനവുമില്ല
ധനവാൻമാരുടെ സഭയിൽ വരുമ്പോൾ
പരമാർത്ഥം പറയാമടിയന്നൊരു
പരനിൻദാദികൾ നാവിലുമില്ല.
പരിചൊടു സൻതതമംബരതടിനീ-
പുരിയിൽ വസിച്ചരുളീടിന ഭഗവാൻ
പരമാനൻദമയാകൃതി കൃഷ്ണൻ
പരദൈവതമടിയന്നനുകൂലം.
നരപതി കുലപതി ധരണീസുരപതി
നിരവധി ഗുണഗണ നിധിപതി സദൃശൻ
പെരുകിന ചെമ്പകനാടാകുന്നൊരു
സുരവരനാട്ടിലനാഹതരത്നം
പരിജനപാലനപരിചയശീലൻ
പരിപാലിച്ചരുളീടുകധീശൻ
ഗുരുനാഥൻ മമ ഗുണഗണമേറിയ
ധരണിസുരോത്തമനരുളുകമൂലം
സരസകഥാകഥനത്തിനെനിക്കൊരു
പെരുവഴിമാത്രം കാണാറായി;
കിള്ളിക്കുറിശ്ശി മഹേശ്വരനും പുന-
രുള്ളിലിരുന്നരളുന്നു സദാ മേ;
തുള്ളലിനുള്ള രസങ്ങളറിഞ്ഞവ-
രുള്ളം തന്നിൽ രസിച്ചീടേണം;
വെള്ളിച്ചുരികയിളക്കിപ്പലപല
പുള്ളിപ്പുലി കടുവാ മഹിഷാദിക-
ളുള്ള വനങ്ങളിൽ വേട്ടയുമാടി-
പ്പള്ളിക്രീഡാതൽപരനാകിന
തകഴിയിൽ വാണരുളീടിന ഭഗവാൻ
അളകാകൃതിയാം ഹരിഹരതനയൻ

സകല വരപ്രദനപ്രതിമാനൻ
സുകൃതിഗുണങ്ങൾ വരുത്തീടേണം;
കവിമാതാവേ! ദേവി സരസ്വതി!
കവിതാഭാവേ കാത്തരുളേണം.
സജ്ജനസഭയുടെ സുഭഗത്വംകൊ-
ണ്ടിജ്ജനമൊന്നു പ്രയോഗിക്കുമ്പോൾ
ദുർജ്ജനമെങ്കിലുമതിനെക്കൊണ്ടൊരു
ദൂഷണമൊരുവൻ ചൊല്ലുകയില്ല;
നല്ല ജനങ്ങടെ സഭയിൽ ചെന്നാൽ
വല്ലതുമവിടെശ്ശോഭിതമാവും;
മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും
കല്ലിനുമുണ്ടാമൊരു സൌരഭ്യം;
സുജനഗുണം കൊണ്ടുളവാകും ബഹു-
മാനവിശേഷം വരുമെന്നുള്ളതു
ഞാനൊരു പദ്യം ചൊല്ലാമായതു
മാനുഷരെല്ലാം കേട്ടറിയേണം

കർണ്ണാരുന്തുദമൻതരേണ രടിതം
ഗാഹസ്വ കാക! സ്വയം
മാകന്ദം മകരൻദശാലിനമിഹ
ത്വാം മൻ മഹേ കോകിലം
രമ്യാണി സ്ഥലവൈഭവേന കതിചി
ദ്വസ്തൂനി കസ്തൂരികാം
നേപാളക്ഷിതിപാലഫാലപതിതേ
പങ്കേ ന ശങ്കേത കഃ

“നേപാളക്ഷിതിതന്നിൽ വസിക്കും
ഭൂപാലൻറെ വലിപ്പം പറവാൻ
പണ്ടൊരു കവിതക്കാരൻ പദ്യമ-
തുണ്ടാക്കി സ്തുതി ചെയ്തതു കേൾപ്പിൻ:
“പിതൃപിണ്ഡത്തെക്കൊത്തിത്തിൻമാൻ
കൊതിയേറുന്നൊരു കാക്കേ! കേൾ നീ
കൂരിരുൾ പോലെ കറുത്ത ശരീരം
ക്രൂരമിതയ്യോ! നിന്നുടെ ശബ്ദം;
പാരമസഹ്യം കേൾക്കുന്നോർക്കൊരു-
നേരവുമില്ലൊരു സൌഖ്യമിദാനീം;
കർണ്ണങ്ങൾക്കിതു കേൾക്കുന്നേരം
പുണ്ണിലൊരമ്പു തറച്ചതു പോലെ;
ഉരിയാടാതൊരു തേൻ മാവിൻമേൽ
മരുവുന്നാകിൽ നിനക്കിഹ കാക്കേ!
പെരുതായിട്ടൊരു ഗുണമുണ്ടായ് വരു-
മരുതാത്തതു പറകല്ല സഖേ! ഞാൻ;
കുയിലും കാകനുമൊരുനിറമെന്നതു
കുറവില്ലതിനു പലർക്കും ബോധം
നാദം കൊണ്ടേ നിങ്ങളു തമ്മിൽ
ഭേദമതുള്ളൂ ബലിഭോക്താവേ!
മാവിന്നഗ്രേ ചെന്നു വസിച്ചാൽ
കാകൻ നീയൊരു കോകിലമാകും
കാണികൾ നിന്നെക്കുയിൽ കുയിലെന്നൊരു
നാണിയമങ്ങു നടത്തിക്കൊള്ളും;
ആയതു വരുമോ എന്നൊരു സംശയ-
മകതാരിൽ പുനരുണ്ടാകേണ്ട!
നേപാളക്ഷിതിതന്നിൽ വസിക്കും
ഭൂപാലൻറെ ലലാടം തന്നിൽ
ചേറുപിരണ്ടതു കണ്ടാലതു വില-
വേറില്ലാത്തൊരു കസ്തൂരിക്കുറി
എന്നല്ലാതൊരു മനുജന്മാർക്കും
തോന്നുകയില്ല വിചാരിക്കുമ്പോൾ;
കുങ്കുമമണിയും തിരുനെറ്റിക്കൊരു
പങ്കം പിരൾവാനെന്തവകാശം?
ശങ്കര ശിവശിവ! ചേരാതുള്ളതു
ശങ്കിച്ചവനൊരബദ്ധക്കാരൻ
ഏറെപ്പോന്ന ജനങ്ങടെ പാലനു
ചേറെന്നുള്ളതിനെന്തവകാശം?
ചെളിയെന്നുള്ളതൊരുത്തനുപോലും
കളിയായിപ്പറവാനും മേല;
ജളനെന്നാലും സ്ഥലഭേദം കൊ-
ണ്ടുളവാകും ഗുണമെന്നിതിനർത്ഥം.”

ശാസ്ത്രങ്ങൾ വ്യാകരണസൂക്തങ്ങൾ നല്ല തർക്ക-
വാദങ്ങൾ പിന്നെ ധർമ്മശാസ്ത്രങ്ങൾ പുരാണങ്ങൾ
വേദം ഗണിതം മന്ത്രവാദം ചികിത്സാഗ്രന്ഥ-
ഭേദം ശാസ്ത്രവിദ്യാവിനോദമെന്നിവകളും
ആട്ടം കളികൾ പിന്നെച്ചാട്ടം ഞാണിൻമേലേറി,
ഓട്ടൻതുള്ളലും പലകൂട്ടം ഗ്രഹിച്ചവനും,
കോട്ടം കൂടാതെ കവിക്കൂട്ടം ചമച്ചുണ്ടാക്കി
വാട്ടം കൂടാതെ വിദ്വൽക്കൂട്ടത്തെ ബോധിപ്പിപ്പാൻ
ഒട്ടുമെളുതല്ലെന്നു ഞെട്ടും, സഭയെക്കണ്ടാൽ-
മുട്ടും മനസ്സു പാരം ചുട്ടു പഠിച്ചതെല്ലാം
വിട്ടുപോമത്രയല്ല കിട്ടും പരിഹാസങ്ങൾ;
കെട്ടും കവികൾ ചിലർ കേട്ടും പ്രയോഗിക്കുമ്പോൾ
തട്ടുമ്മേലേറുന്നേരം തട്ടുമവനു ഭംഗം,
ഇഷ്ടം ലഭിക്കയില്ലനിഷ്ടം ലഭിക്കും താനും;
ഇത്ഥം വിചാരിക്കുമ്പോളിത്തൊഴിലെളുതല്ല
ചിത്തം ഗുരുക്കൻമാരിൽ നിത്യമുറപ്പിക്കുന്ന
സത്തുക്കൾക്കൊരു ഭാഗ്യമെത്തുമെന്നതേ വേണ്ടൂ.

ഉലകുടെ പെരുമാൾ വാഴുംകാലം
പല കുടിയില്ല ധരിത്രിയിലെങ്ങും
വില പിടിയാത്ത ജനങ്ങളുമില്ല
ചെലവിടുവാൻ മടിയൊരുവനുമില്ല;
തലമുടി ചൊടിയും പല്ലും മുഖവും
മുലയും കണ്ടാലഴകില്ലാത്തൊരു
ചലമിഴിമാരിലൊരുത്തരുമില്ല
മലയാളം പരദേശങ്ങളിലും;
സ്ഥലമില്ലാത്ത ഗൃഹങ്ങളുമില്ല
ജലമില്ലാത്ത കുളങ്ങളുമില്ല
ഫലമില്ലാത്ത മരങ്ങളുമില്ല
ഫലമില്ലാത്ത വിവാദവുമില്ല
ഓത്തില്ലാത്ത മഹീസുരരില്ല
കൂത്തില്ലാത്ത നടൻമാരില്ല
പോത്തില്ലാത്ത കൃഷിക്കാരില്ല
ചാർത്തില്ലാത്ത ധനവ്യയമില്ല;

ഭള്ളു പറഞ്ഞു നടക്കുന്നവരും
കള്ളു കുടിച്ചു മുടിക്കുന്നവരും
പൊള്ളു പറഞ്ഞു ഫലിപ്പിപ്പവരും
ഉള്ളിലസൂയ മുഴുക്കുന്നവരും
കള്ളന്മാരും കശ്മലജാതികൾ
ഉള്ളൊരു ദിക്കുകൾ കാണ്മാനില്ല;
എള്ളും നെല്ലും പൊന്നും പണവും
എങ്ങുമൊരേടത്തില്ലാതില്ല.
ഉത്തമഗുണനാമുലകുടെ പെരുമാൾ
ഇത്തരമവനിസുഖത്തെ വരുത്തി
പത്തനസീമനി പരമാനന്ദം
സ്വസ്ഥതയോടെ വസിക്കും കാലം;
ശാസ്ത്രിബ്രാഹ്മണനൊരുവൻ വന്നഥ
ശാസ്ത്രമൊരൽപം വായിച്ചൻ പൊടു
ധാത്രീശ്വരനെ ബ്ബോധിപ്പിച്ചതു
മാത്രം ഞാനിഹ കഥനം ചെയ്യാം:

ശ്രീമധുസൂദനഭക്തശിരോമണി
സോമകുലാംബുധി പൂർണ്ണശശാങ്കൻ
ഭൂമിപുരന്ദരനായ യുധിഷ്ഠിര-
ഭൂമിപനടവിയിലാദരവോടെ
ഭീമാദികളാമവരജരോടും
ഭാമിനിയാകിയ ദ്രൌപദിയോടും
മാമുനിമാരുടെ വേഷം പൂണ്ടഥ
യാമിനി തന്നിലുറക്കമിളച്ചു
“രാമ ഹരേ! വരദേ” തി മുദാ തിരു-
നാമജപങ്ങൾ മുടങ്ങീടാതെ
ആമയഹരരുചി തീർത്ഥജലങ്ങളി-
ലാമഗ്നൻമാരായി നടന്നു;
കൈതവരഹിതൻമാരവർ സുഖമൊടു
ദ്വൈതവനത്തിലിരിക്കും കാലം
കൈതവമിയലും കുരുകുല കുമതികൾ
ചെയ്തൊരു കള്ളച്ചൂതു നിമിത്തം
ജാതമതാകിന വൈരമൊഴിപ്പാ-
നേതൊരു മാർഗ്ഗം സമുചിതമെന്നായ്
ചേതസി കിമപി വിചാരിക്കുമ്പോൾ
പ്രീതനതാകിന വേദവ്യാസൻ
പരിചൊടു വന്നുപദേശം ചെയ്തു;
പരമേശ്വരനൊടു പാശുപതാസ്ത്രം

വിശ്വാസത്തൊടു വാങ്ങിക്കൊണ്ടഥ
ശത്രുജയത്തിനു വരവും വാങ്ങി
സത്വരമിങ്ങു വരേണം വിജയൻ;
വിരവൊടു പോകെന്നരുൾ ചെയ്തീടിന
വരവചനത്തെ കേട്ടഥ വിജയൻ
ഗുരുവന്ദനവും ചെയ്തു കരത്തിൽ
ശരവും വില്ലുമെടുത്തു തിരിച്ചു;
ഗിരിശൻ ഭഗവാൻ വാണരുളുന്നൊരു
ഗിരിയുടെ മുകളിൽ ചെന്നു കരേറി;
സുരവരതടിനീസലിലേ മുഴുകി
തരസാനിന്നു തപസ്സു തുടങ്ങി.
പഞ്ചായുധരിപു തന്നുടെ നാമം
പഞ്ചാക്ഷരമതു പഠനം ചെയ്തു
പഞ്ചാഗ്നികളുടെ നടുവിലനാരത-
മഞ്ചാതേകണ്ടവിടെ വസിച്ചു;
പഞ്ചാനനസമധീരനതാകിന
പാഞ്ചാലീപതി, പാണ്ഡുതനൂജൻ
പഞ്ചേന്ദ്രിയവുമടക്കി, മനസ്സിൽ
സഞ്ചാരത്തിനു വഴികൾ മുടക്കി,
ചഞ്ചലഭാവവുമഖിലമകന്നു ക-
രാഞ്ചലയുഗളം മുകുളിതമാക്കി,
കിഞ്ചനസംശയമിടകൂടാതെ
നെഞ്ചിലുറച്ചു ശിവോഹമതെന്നു
സഞ്ചിതഭാവവിശുദ്ധജ്ഞാനവു-
മഞ്ചിതമാകിന ശിവനുടെ രൂപം
അഞ്ചും മൂന്നും മൂരതികളുള്ളൊരു
സഞ്ചിതഗുണനാമഖിലേശ്വരനുടെ
ചെഞ്ചിടമുടിയും നിടിലത്തടവും
സഞ്ചിതപാവകനേത്രപ്രഭയും
ചഞ്ചലഫണമണികുണ്ഡലയുഗവും
പുഞ്ചിരി തഞ്ചിന തിരുമുഖവടിവും
ഗരളസ്ഫുരിതമഹാഗളതലവും
പരിലസിതംഫണി തിരുമാറിടവും
പരശുമൃഗാഭയവരദകടുന്തുടി
ശരശൂലാഞ്ചിത കരനാളികയും
കരിചർമ്മാവൃതവികടകടീതട-
പരിലസിതോരഗമണിമേഖലയും
പരിമൃദു തുടകളുമടിമലരിണയും
പരിചൊടു ചേതസി ചേർത്തു കിരീടി
പരമാനന്ദദ്രെ മുഴുകി
പരമേശ്വരനഹമെന്നുമുറപ്പി-
ച്ചുരുതരഭക്തി മുഴുത്തു മുനീശ്വര-
ചരിതത്തെക്കാളൊന്നു കവിഞ്ഞു;
ഫലമൂലാദികൾ ഭക്ഷണമില്ലാ
ജലപാനത്തിനുമാഗ്രഹമില്ലാ
നിലമതിലൊരു കാലൂന്നിക്കൊണ്ടൊരു
നിലയും നിഷ്ഠയുമെത്ര സുഘോരം!
വലരിപുസുതനുടെ ജടയുടെ നടുവിൽ
പലപല പക്ഷികൾ കൂടുകൾ കെട്ടി
കല, പുലി, പന്നികളെന്നിവ വന്നൂ
പലവുരു ചെന്നു വണങ്ങീടുന്നു;
ചുറ്റും വള്ളികൾ വന്നുടനിടയിൽ
ചുറ്റുന്നതുമവനറിയുന്നില്ല;
പുറ്റു ചുഴന്നു കിളർന്നതിനകമേ
ചുറ്റും വന്നുയരുന്ന പുറ്റിനകത്തു മുറ്റി;
ചുറ്റും പാമ്പുകൾ വന്നു നിറഞ്ഞു
മുറ്റും ജിഷ്ണു മറഞ്ഞുചമഞ്ഞു.

ചന്ദ്രക്കലാധാരൻറെ സാന്ദ്രമാം സേവ ചെയ്-വാൻ
ചന്ദ്രപ്രതിമൻ വീരൻ സാന്ദ്രപ്രസാദത്തോടെ
അന്നുള്ള ചങ്ങലകളഞ്ചും വെവ്വേറെയാക്കി
ആറിൽ കടന്നു പിന്നെ ഏഴുള്ള മാർഗ്ഗത്തൂടെ
എട്ടുള്ള പെട്ടകങ്ങളെട്ടും തുറന്നുവച്ചു
ഒമ്പതാം വാതിലപ്പോൾ ബന്ധനം ചെയ്തു ധീരൻ
പത്തുള്ള ദിക്കിൽക്കൂടെ പേർത്തും സഞ്ചാരം ചെയ്തു;
ആയിരമിതളുള്ള താമരയിതൾ പല
ഭൃംഗം പറന്നു പല ഭൃംഗികളായുള്ളൊരു
പിംഗലയിഡതന്നിൽ പിന്നെ സുഷുമ്നതന്നിൽ
ഒക്കെക്കടന്നു പിന്നെ ദുർഘടനദികളും
ജിഹ്വാഗ്രഖണ്ഡത്തിൻറെ അഗ്രേ കടന്നു വീരൻ;
സുര്യൻറെ ദിക്കിൽചെന്നു സൂര്യപ്രതിമൻ ധീരൻ;

പഞ്ചാരപ്പായസങ്ങൾ കൂടിക്കലർന്നിട്ടുള്ള-
തഞ്ചാതെ സേവചെയ്തു പായസപ്രിയസഖൻ.
അത്രഭയങ്കരമായ തപസ്സിനു-
പാത്രമതാകിയ പാർത്ഥൻ തന്നുടെ
വാർത്തകൾ കേട്ടഥ വാസവനുള്ളിൽ
ചീർത്തൊരു ഭീതി മുഴുത്തുതുടങ്ങി;
പാർത്ഥിവവരനിവനെന്നുടെ രാജ്യം
പാർത്തിരിയാതെ കരസ്ഥമതാക്കും
പാർത്തലമൊക്കെയടക്കി സുയോധന-
നോർത്താലിനിയതു വരുവോനല്ല;
സ്വർഗ്ഗമശേഷമടക്കാമെന്നൊരു
ദുർഗ്ഗർവ്വെന്നുടെ മകനു തുടങ്ങി
ഭർഗ്ഗനെ വന്നു തപസ്സു തുടങ്ങി
ദുർഗ്ഗതി നീക്കാമെന്നുമുറച്ചു;
തൻ കഴൽ വന്നു വണങ്ങുന്നവരുടെ
സങ്കടമൊക്കെയൊഴിക്കണമെന്നു
ശങ്കരനൊന്നു കടാക്ഷിക്കുമ്പോൾ
കിങ്കരരായ് വരുമിജ്ജനമെല്ലാം;
നിർജ്ജരരാജൻ നീയല്ലിനിമേൽ
അർജ്ജുനനിഹ ഞാൻ വാളു കൊടുത്തു
അച്ഛനടങ്ങിയിരിക്കേ വേണ്ടൂ
വെച്ചാലും വാളെന്നു ഗിരീശൻ
കൽപിച്ചെങ്കിലെറാനെന്നല്ലാ-
തിപ്പരിഷക്കൊന്നുരിയാടാമോ?
ഇത്തൊഴിലൊക്കെ വരുത്തും നമ്മുടെ
പുത്രൻ ഫൽഗുനനെത്ര സമർത്ഥൻ;
ധനമെന്നുള്ളതു മോഹിക്കുമ്പോൾ
വിനയമൊരുത്തനുമില്ലിഹ നൂനം;
തനയൻ ജനകനെ വഞ്ചന ചെയ്യും
ജനകൻ തനയനെ വധവും കൂട്ടും
അനുജൻ ജ്യേഷ്ഠനെ വെട്ടിക്കൊല്ലും
മനുജൻ മാരുടെ മാർഗ്ഗമിതെല്ലാം;
കനകം മൂലം കാമിനി മൂലം
കലഹം പലവിധമുലകിൽ സുലഭം;

ഉഗ്ര പെരുകിന ധൃതരാഷ്ട്രാത്മജ-
നഗ്രജനാകിയ ധർമ്മാത്മജനുടെ
നിഗ്രഹമല്ലാതുള്ളൊരു തൊഴിലുക
ളൊക്കെയെടുത്തു തടുത്തു വലച്ചും
പലരും കാണ്കെ ദ്രൌപദിതന്നുടെ
തലമുടി പിടിപെട്ടടിയും കൂട്ടി
ഝടിതി പൊഴിച്ചും പുടവയഴിച്ചും
പൊടിയിലിഴച്ചും പൂജകഴിച്ചും
ദുശ്ശാസനനെന്നവനെപ്പോലെ
കശ്മലനായിട്ടൊരുവനുമില്ല;
മര്യാദയ്ക്കു നടക്കണമെന്നു
ദുര്യോധനനൊരു ഭാവവുമില്ല;
ജ്യേഷ്ഠനിരിക്കെക്കുരുവംശത്തിൽ
ജ്യേഷ്ഠൻ ഞാനെന്നവനുടെ ഭാവം
ജ്യേഷ്ഠനെ നാട്ടിൽ കണ്ടെന്നാകിൽ
ചേട്ടകൾ തല്ലിപ്പല്ലു പൊഴിക്കും;
നാടും നഗരവുമൊക്കെ വെടിഞ്ഞിഹ
കാടും വാണു വലഞ്ഞു യുധിഷ്ഠിരൻ
അവനുടെ തമ്പി ധനഞ്ജയനിപ്പോൾ
ശിവനെസ്സേവ തുടങ്ങി പതുക്കെ;
ഭുവനം മൂന്നുമടക്കി വസിപ്പാ-
നവനുണ്ടാഗ്രഹമതു സാധിക്കും;
ശിവനും പിന്നെ സേവിപ്പോരെ
ശിരസികരേറ്റാനൊരു മടിയില്ല;
കുടിലതയുള്ളൊരു ചന്ദ്രക്കലയും
മുടിയിലെടുത്തു നടക്കുന്നില്ലേ?
ഭുവനദ്രോഹം ചെയ് വാനായി
ശിവനെച്ചെന്നു ഭജിക്ക നിമിത്തം
ഭവനം മൂന്നു ലഭിച്ച പുരന്മാർ
ഭുവനം മൂന്നും ഭസ്മമതാക്കി;
നമ്മുടെ മകനെന്നാകിലുമിങ്ങനെ
നിർമ്മര്യാദം ഭാവിച്ചാലതു
സമ്മതമല്ല നമുക്കൊരുനാളും
തൻ മതഭംഗം ചെയ്തേ പോരൂ;
തള്ളക്കിട്ടൊരു തല്ലു വരുമ്പോൾ
പിള്ളയെടുത്തു തടുക്കേയുള്ളു;
തന്നേക്കാൾ പ്രിയമല്ല ജനത്തിനു
തന്നുടലീന്നു പിറന്നതു പോലും;
വല്ലാമക്കളിലില്ലാമക്കളി-
തെല്ലാവർക്കും സമ്മതമല്ലോ;
എന്നു മനസ്സിലുറച്ചുടനെ സുര-
സുന്ദരിമാരെ വിളിച്ചുവരുത്തി;
“സുരകുലതരുണിമനോഹരയാകിയ
സുരുചിരതരുണി തിലോത്തമയെങ്ങ്?
ഉർവശിയെങ്ങ്? മേനകയെങ്ങ്?
സർവ്വഗുണാംബുധി രംഭയുമെങ്ങ്?


സർവ്വരുമിങ്ങു വരട്ടേ നിങ്ങടെ
സാരസ്യാദി ഗുണങ്ങടെ ഭംഗികൾ
പാരാതൊരു ദിശി കാട്ടണമെങ്കിൽ
സംഗതി വരുമൊരു പുരുഷനുടെ വ്രത-
ഭംഗം ചെയ് വാനൊരു വഴിയുണ്ടാം;
നമ്മുടെ മകനാമർജ്ജുനനിപ്പോൾ
മൻമഥഹരനെസ്സേവ തുടങ്ങി;
നമ്മുടെ രാജ്യമടക്കിവസിപ്പാ-
നെൻ മകനുള്ളിലൊരാശ തുടങ്ങി;
ഭക്തപ്രിയനാം ഭഗവാനും പുന-
രൊത്ത വരങ്ങൾ കൊടുക്കും നിയതം;
സത്വരമവനുടെ ചിത്തമിളക്കാ-
നിത്തിരി പണിയെന്നാകിലുമുടനേ
ചെന്നതു സാധിച്ചില്ലെന്നാൽ പുന-
രെന്നുടെ പൌരുഷമൊക്കെ നശിക്കും;

ഉല്ലാസത്തോടേ നിങ്ങളെല്ലാമവിടെച്ചെന്നു
വില്ലാളിവീരനോടു സല്ലാപം പേശിക്കൊണ്ടു
മല്ലീവിശിഖനുടെ വില്ലിനെതിരായുള്ള
ചില്ലീവിലാസം കൊണ്ടു തല്ലി വശം കെടുപ്പിൻ;
കല്ലോലം പോലെയുള്ള നല്ലൊരു കണ്മുനകൾ
മെല്ലെന്നവൻറെനേരെ ചെല്ലുന്ന നേരമുള്ളിൽ
തെല്ലും വികാരമുണ്ടായില്ലെന്നു വരത്തില്ലാ;
മുല്ലമൊട്ടിൻറെ ഭംഗി വെല്ലും നിങ്ങടെ നല്ല
പല്ലും ചൊടിയും മിഴിത്തെല്ലും കാണുന്ന നേരം
കല്ലും മയങ്ങിപ്പോമെന്നല്ലോ ജഗൽ പ്രസിദ്ധം;
കില്ലു നമുക്കു ചെറ്റും ഇല്ലിതു നിങ്ങളങ്ങു
ചെല്ലുന്ന താമസമതല്ലാതെ മറ്റൊന്നില്;
നല്ലാർമണികൾ നിങ്ങളല്ലാതിന്നൊരുത്തരു-
മില്ലാ നമുക്കെന്നുള്ളതെല്ലാരും ബോധിക്കേണം;
വല്ലാതെ ശങ്കിച്ചിങ്ങു നില്ലാതെ ചെന്നടുത്തു
നല്ല കടാക്ഷം കൊണ്ടു കൊല്ലാക്കൊലചെയ്യേണം;
നല്ല പാട്ടുകൾ കൂത്തുമെല്ലാം പ്രയോഗിക്കുമ്പോൾ
നല്ല രസികൻ പാർത്ഥൻ മെല്ലവേ കണ്മിഴിച്ചു
കല്യാണിമാരെക്കണ്ടാലില്ലാതെയാകും ധൈര്യം
ചൊല്ലാമന്നേരം കാര്യമെല്ലാം നമുക്കു വന്നു.”
ഏവമരുൾ ചെയ്തോരു ദേവാധിരാജനുടെ
ഭാവമറിഞ്ഞുടനെ ദേവസ്ത്രീകൾ പറഞ്ഞു:
“നിൻതിരുവടിയുടെ ചിന്തിതം സാധിപിപ്പാൻ
ദന്തിഗാമിനിമാർക്കങ്ങെന്തു സന്ദേഹം നിൻറെ-
യന്തികേ സർവ്വകാര്യം സാധിച്ചുപോരും ഞങ്ങൾ;
ചെന്തീയിൽചെന്നു ചാടി നീന്തീടാൻ കൽപിച്ചെന്നാൽ
അന്തരംഗത്തിലേതും അന്തരമില്ലിതിനു;
കുന്തീസുതൻറെ ചിത്തഭ്രാന്തി വരുത്താനൊരു
പന്തികൾ നിരൂപിച്ചാൽ സാധിക്കുന്നതുമല്;
എന്നുവരികിലുമതിന്നു മടികൂടാതെ
ചെന്നു സാധിച്ചുപോരാമെന്നു ധരിച്ചീടേണം;
കിന്നരൻമാരും കൂടെ പിന്നാലെ പോന്നീടേണം
പിന്നെ ഗന്ധർവൻമാരും മുന്നിൽ നടന്നീടേണം;
എന്നാലടിയങ്ങൾക്കു നന്നായ് വരുവാൻ വരം
തന്നാലും! തമ്പുരാനേ” “വന്നാലു” മെന്നു ചൊല്ലി
ഒന്നിച്ചു നാരീവൃന്ദം വന്ദിച്ചു വഴിപോലെ
നന്ദിച്ചു പുറപ്പെട്ടു മന്ദിച്ചീടാതെ തന്നെ.

സുരതരുണികളങ്ങു നടന്നു,
സുരഗിരികടകങ്ങൾ കടന്നു,
പരിമൃദുവചനങ്ങൾ തുടർന്നു,
പരിചൊടു മനമൊന്നു വിടർന്നു.

കുംഭതാളം

വരവാണിജനങ്ങടെ തലമുടി പടുതര-
മഴികയും – മലർ പൊഴികയും,
മണമമ്പൊടു വിലസുകയും,
ഹരിസുതനുടെ മുന്നിലടുത്തു,
സരസിജശരനൊന്നു കയർത്തു,
പരിചൊടു മലരമ്പു തൊടുത്തു.

വിധമൊന്നു പകർന്നു വിളങ്ങിനകാലം
പുലി കരടികളും-കുറുനരികളും
മറിമാനുകൾ പന്നികളും;

മദമിളകി നടന്നുതുടങ്ങി.
മലയുടെ തടമൊന്നു നടുങ്ങി,
മലയരുമുടനങ്ങു നടുങ്ങി,
പല വഴികളുമങ്ങു മുടങ്ങി,

സുരസുന്ദരിമാരഥ, മലഹരിബലഹരി
പാടുകയും – ചിലരാടുകയും
ഒളിമുഖവീണകളോതുകയും;
ഒളിമിഴിയുടെ ഭംഗിവരുത്തി,
തെളിവൊടു ചിലർ ചൂതുനിരത്തി,
കളിപുതുമ തുടങ്ങിയൊരുത്തി,
കളമൊഴികളെ മുന്നിലിരുത്തി,

കനിവോടു തുടർന്നിതു പടുതരമൊരുവക
താളവും – ചില മേളവും
ചില കൊട്ടുകൾ പാട്ടുകളും;
ഒരു കാമിനി വെറ്റ്ല തെറുത്തു,
ഒരു സുന്ദരി പുഷ്പമിറുത്തു,
ഒരുവൾക്കതു കണ്ടു വെറുത്തു
ഒരുവൾക്കഥ മുഞ്ഞി കറുത്തു,
പല ഭാവമതിങ്ങനെ

ലക്ഷ്മി താളം

കാട്ടുന്നു – കനിയുന്നു
കാടും പടലും – കടന്നു വലയുന്നു;
സുരതരുണികളൊന്നു തളർന്നും
നരവീരനെ മാടിവിളിച്ചും
സരസം പുനരൊന്നു കളിച്ചും
വിരവോടൊരു ദിക്കിലൊളിച്ചും
ചിലരമ്പൊടു നെറ്റി ചുളിച്ചും
കലഹിച്ചു പറഞ്ഞിതു:

ലക്ഷ്മിതാളം

“കൊട്ടിന്നും – പാട്ടിന്നും
ഒട്ടും വിജയാ! നിനക്കു രസമില്ലേ?
അതിമോഹനമെന്നുടെ യാനം,
അതിശോഭനമെന്നുടെ ഗാനം,
ചിതമല്ലിതു നിന്നുടെ ധ്യാനം,
അതിലൊക്കെ നിനക്കഭിമാനം,
ഇതിനെന്തൊരു സംഗതി
കണ്ടാലും — കളിയല്ലേ
തണ്ടാർമിഴിമാരശേഷമിഹ വന്നു;
തവ കണ്ണുകളാശു തുറക്കു!
നവ ലീല മനസ്സിലുറയ്ക്കു!
ശിവസേവയിലാശ കുറയ്ക്കു!
അവമാനമിതൊക്കെ നിനയ്ക്കു!
നരവീര! ധനഞ്ജയ!

വന്നാലും – വിരവോടേ
വാമാക്ഷിമാരെ വിരഞ്ഞു വിഹരിക്കാം.
പല്ലവാധരിമാരേക്കണ്ടാൽ
നല്ല വാക്കു പറഞ്ഞീടേണം
മുല്ലസായകതുൽയനാകിയ
നല്ല സുന്ദരനല്ലയോ നീ

കുന്തീനന്ദനനായ ഭവാൻ
എന്തിനിങ്ങനെ ദു:ഖിക്കുന്നു?

പന്തണിക്കുളുർകൊങ്കമാരുടെ
ചന്തമമ്പൊടു കണ്ടാലും നീ
കണ്ണുകളായിരമുള്ളവനും
കണ്ണനും പ്രിയനായ ഭവാൻ
കണ്ണടച്ചതു വിന്നിലുള്ളൊരു
പെണ്ണുങ്ങൾക്കതിദണ്ഡമയ്യോ!
ഖാണ്ഡവത്തെക്കരിച്ചവനേ!
ഗാണ്ഡീവത്തെ ധരിച്ചവനേ
പാണ്ഡവാ! കളവാണിമാരുടെ
താണ്ഡവങ്ങളെ കണ്ടുകൊൾക.
വാശി ഒന്നും തുടങ്ങീടാതെ
വേശ്യമാരെ പരിഗ്രഹിക്ക
ഈശസേവയിലാശ വേണ്ട സു-
രേശനന്ദന! ക്ലേശമയ്യോ!”
ഇങ്ങനെ പലവിധമുരചെയ്തും പുന-
രംഗജശരതതിയേറ്റു വലഞ്ഞും,
അംഗനമാരവർ ചെയ്തൊരു യത്നം
ഭംഗമതായി മനസ്സും മുട്ടി;
അതിഘനഭാവസമാധയുറപ്പി-
ച്ചവിടെ സ്ഥിതനാമർജ്ജുനവീരൻ
ഇക്കഥയൊന്നുമറിഞ്ഞതുമില്ലവ-
നുൽക്കടധൈര്യപയോധിഗഭീരൻ;
അർജ്ജുനമാനസബന്ധമൊഴിപ്പാ-
നിജ്ജനമോർത്താലെളുതല്ലെന്നിഹ
നിർജ്ജരനാരികളെല്ലാം തരസാ
ലജ്ജിതമാരായങ്ങു നടന്നു.
ഹസ്തിനപുരമതിലതുകാലം പല-
രൊത്തുവിചാരവുമങ്ങു തുടങ്ങി;
കാട്ടിലിരിക്കും ധർമ്മാത്മജനുടെ
പാട്ടിലിരിക്കും ബ്രാഹ്മണർ ചൊല്ലി-
ക്കേട്ടു വിശേഷം ദുര്യോധനനും
കൂട്ടക്കാരും കുരുസഭതന്നിൽ
മന്ത്രികളും യജമാനന്മാരും
യന്ത്രികളാകിന കർണ്ണൻ ശകുനി
“അന്തണവരരേ കാട്ടിലിരിക്കും
കുന്തീസുതരുടെ വാർത്തകൾ പറവിൻ”;
“നാട്ടിലവർക്കു പുരസ്ഥിതിയേക്കാൾ
കാട്ടിൽ പെരുകിന പരമാനന്ദം;”
“കാറ്റിൻ മകനുടെ കായമതിപ്പോൾ
കാറ്റും മഴകളുമേറ്റു വലഞ്ഞു
കൊറ്റിനു വകയില്ലാഞ്ഞിട്ടവനൊരു
കൊറ്റിപ്പക്ഷി കണക്കെ മെലിഞ്ഞു;”
“കൊറ്റിനു വകയില്ലെന്നോ? ശിവശിവ!
മാറ്റികൾ നിങ്ങൾക്കെന്തറിയാവൂ?
ഊറ്റക്കാർക്കൊരിടത്തും ചെന്നാൽ
ഊനം വരുമാറില്ലെന്നറിവിൻ.”
“ഫലമൂലാദികൾ വളരെത്തിന്നാം
മലയിലതല്ലാതെന്തോന്നുള്ളു?”
“ഫലമില്ലാത്ത വിവാദം കൊണ്ടിഹ
കലഹിക്കുന്നതുമെന്തിനു വെറുതെ?
കറി നാലും കൂടാതൊരു ഭക്ഷണ-
മറിയുന്നില്ല വനങ്ങളിലെങ്ങും;”
“കറി വെപ്പാനെന്തുള്ളതു കാട്ടിൽ?
വിറകിനു മാത്രം മുട്ടില്ലവിടെ
അരിയും മോരും പാത്രവുമീവക-
യൊരു വസ്തുക്കളുമവിടെക്കിട്ടാ;
കൂറു പറഞ്ഞാൽ ബോധം വരുമോ
ചോറുണ്ണുന്നവരുണ്ടോ കാട്ടിൽ?”
“ചോറു തരും യജമാനന്മാരിൽ
കൂറുണ്ടായതു കുറ്റമതാണോ?
കാര്യം പറയാമറിയണമെങ്കിൽ
സൂര്യനവർക്കൊരു പാത്രം നൽകി;
എന്തൊരു വസ്തു നിരൂപിച്ചെന്നാൽ
അന്തരമില്ലതിലുണ്ടാമപ്പോൾ;
അരിയും വേണ്ടാ വിറകും വേണ്ടാ
കറിവെപ്പാനായൊന്നും വേണ്ടാ
ഉപ്പും വേണ്ടാ മുളകും വേണ്ടാ
വെപ്പാനുള്ളവരാരും വേണ്ടാ
നിരുപിക്കുമ്പോൾ ചോറും കറിയും
പരിചൊടു പാത്രം തന്നിൽ കാണാം
ഇലയും പഴവും തൈരുമിതെല്ലാം
ചെലവഴിയാതവിടത്തിൽ കാണാം.
തോരൻ പരിപ്പുചാറും ചീരക്കറിയുമിഞ്ചി-
ത്തൈരും പച്ചടിയതിൽ ചേരും വേപ്പിലക്കട്ടി
നാരങ്ങാ മാങ്ങാ ചിലനേരം ശാപ്പാടിങ്ങനെ
ഓരോ ദിവസമോരോ ഘോഷം വിശേഷിച്ചുണ്ടാം
‘കണ്ണൻ പഴവും പൊന്നിൻ കിണ്ണം നിറച്ചു പാലും
വെണ്ണയും നല്ല ചോറും ഉണ്ണാതെ പോകുന്നതെന്തേ?
പൊണ്ണാ വന്നാലു’ മെന്നീവണ്ണം വിളിക്കും ഭീമൻ
തിണ്ണം വഴിമേൽ വന്നു കണ്ണിൽ കണ്ടോരെയെല്ലാം;
ചക്കപ്രഥമനോടു വക്കാണിക്കുന്നവരെ
തക്കത്തിൽ വിളിച്ചില വയ്ക്കുന്നു ഭീമസേനൻ;
ഒക്കെപ്പറവതിനു വാക്കിന്നു ഭംഗി പോരാ
പാക്കിനും വെറ്റിലക്കും തൂക്കുപുകയിലയ്ക്കും
ആർക്കും മുഷിച്ചിലില്ല പാർക്കും പരിഷകൾക്കു
ഭോഷ്കല്ലവിടെയുള്ള സൌഖ്യത്തിനതിരില്ല;

സമ്പത്തിങ്കലുമാപത്തിങ്കലു-
മെമ്പത്തെട്ടു സഹസ്രം ബ്രാഹ്മണ-
രെപ്പൊഴുമവരൊടുകൂടി നടക്കുമ-
തിൽപരമെന്തൊരു ഭാഗ്യം വേണ്ടൂ;
ഇപ്പോഴർജ്ജുനനവിടത്തില്ല
അൽപം നീരസമതുകൊണ്ടുണ്ട്.”
“എങ്ങു ഗമിച്ചു ഫൽഗുനനിപ്പോൾ?”
“നിങ്ങളതാരും ബോധിച്ചില്ലേ?
പാരാശര്യൻ വന്നരുൾചെയ്തു
പാരാതെകണ്ടർജ്ജുനനിപ്പോൾ
മാരാന്തകനുടെ ചരണാംഭോരുഹ-
മാരാധിച്ചു തപം ചെയ്തുടനെ
പശുപതിതന്നൊടു പാശുപതാഖ്യം
ശരവും വാങ്ങി വരേണം വിജയൻ
അല്ലാതേകണ്ടരികളെയെല്ലാം

കൊൽവാനെളുതല്ലെന്നരുൾ ചെയ്തു;
തെല്ലും മടികൂടാതേ പാർത്ഥൻ
വില്ലും ശരവുമെടുത്തു തിരിച്ചു
കൈലാസാചലമൂലേ ചെന്നഥ
കാലാന്തകനെസ്സേവ തുടങ്ങി:
ശരവും വാങ്ങിക്കൊണ്ടു ധനഞ്ജയ-
നൊരുമാസത്തിനകത്തു വരുമ്പോൾ
കുരുവംശത്തെ മുടിപ്പാനുൾളൊരു
പെരുവഴിയാമൊരു സംശയമില്ലാ.”
അന്തണരുടെ മൊഴി കേട്ടു സുയോധന-
നന്തസ്താപം വളരെ മുഴുത്തു;
“കൌൻതേയൻറെ തപസ്സു മുടക്കാ-
നെന്തൊരു കുസൃതി വിചാരിക്കേണ്ടു?
അമ്മാവൻറെ പ്രയത്നമിതെന്നയേ
നമ്മാലൊരു കഴിവില്ലെന്നറിവിൻ;
ധർമ്മാത്മജനും സഹജൻമാർക്കും
ഉമ്മാനും വകയുണ്ടെന്നല്ലവർ ബഹു-
സമ്മാനങ്ങളുമാശു തുടങ്ങി
സമ്മോദാൽ മരുവുന്നിതുപോലും!
നിർമ്മാനുഷവിപിനത്തിലിരുന്നവർ
ധർമ്മം ചെയ്തു തുടർന്നതു കൊള്ളാം!
അതിനേക്കാളൊരു ദുർഘടമിപ്പോൾ
അതിയായിട്ടു നമുക്കു ഭവിക്കും;
ഹരനെച്ചെന്നു തപസ്സും ചെയ്തൊരു
ശരവും വാങ്ങി വരുമ്പോൾ വിജയൻ
കുരുവംശത്തെ മുടിപ്പാനുള്ളൊരു
പെരുവഴിയാമൊരു സംശയമില്ലാ.”
വിരുതൻ ശകുനി പറഞ്ഞാനപ്പോൾ:
“മരുമകനേ! നീ ഖേദിക്കേണ്ടാ
നമ്മുടെ കൂട്ടിൽ പ്രാണനിരിക്കെ
ധർമ്മജനിവിടെ വരത്തില്ലുണ്ണീ!
മർമ്മം നോക്കിക്കൊണ്ടു ചതിപ്പാൻ
നമ്മെപ്പോലൊരു മാനുഷനില്ല;
മറുതല തല പൊക്കാതെയിരിപ്പാൻ
മരുമകനേ! ചില വിദ്യയെടുക്കാം;
അറുതി കൊടുപ്പാൻ കൂടീല്ലെങ്കിൽ
പൊറുതി കെടുപ്പാൻ ഞാൻ മതിയാകും;

ഏതും ഭയമില്ലെന്നുടെ കൈയിൽ
ചൂതും പടവുമിരിക്കുന്നുണ്ട്;
വാതു പറഞ്ഞു പിടിച്ചു പറിപ്പാൻ
മാതുലനൊരു വിരുതുണ്ടു വിശേഷാൽ;”

കർണ്ണനുമതുകേട്ടൊന്നു പറഞ്ഞു:
“കർണ്ണസുഖം പറകല്ല നരേന്ദ്രാ!

പൊണ്ണൻ മാരുതി പോരിൽ മടങ്ങും
അണ്ണൻ ധർമ്മജനങ്ങനെ തന്നെ;
ഉണ്ണികൾ നകുലൻ സഹദേവനുമിഹ
പെണ്ണുനു തുല്യമിതൊക്കെയമർത്താം;
പാശുപതാസ്ത്രം വാങ്ങി ഫൽഗുന-
നാശു വരുമ്പോളിത്തിരി വിഷമം;
ക്ലേശത്തിനു പുനരർജ്ജുനനോടൊരു
വീശത്തിനു ഞാൻ കുറകയുമില്ല;
ഈശപ്രീതി ലഭിച്ചു വരുമ്പോൾ
ആശു തടുപ്പാനാരും പോരാ.
കീശദ്ധ്വജനുടെ ചിത്തമിളക്കാൻ
കൌശലമെന്തതു ചിന്തിച്ചാലും;
കിങ്കരഭടരെയയച്ചുടനവനുടെ
ശങ്കരസേവ മുടക്കാമെങ്കിൽ
സങ്കടമൊന്നു ഭവിക്കയുമില്ലിഹ
ശങ്കവെടിഞ്ഞു നിയോഗിച്ചാലും.”
ആയതുകേട്ടു പറഞ്ഞു സുയോധന,-
“നായതിനൊന്നു പ്രയത്നം ചെയ് വാൻ
നായൻ മാരെക്കൊണ്ടൊരു ഫലമി-
ല്ലായുധമുള്ളവർ തന്നെ ചുരുക്കം;
കള്ളു കുടിപ്പാനല്ലാതൊന്നിനു
കൊള്ളരുതാത്ത ജളൻ മാരേറും;
തടിയൻമാരിവർ വീട്ടിലശേഷം
മുടിയന്മാർ ചിലരൊടിയൻമാരും
കുടിയൻമാരിവരെന്തിനു കൊള്ളാം;
കറുപ്പു തിന്നുന്നവൻ വരുമ്പോൾ
വെറുപ്പു പാരം നമുക്കുതോന്നും;
കറുപ്പു താനെങ്കിലും കണക്കെ

‘പുറത്തു നില്ലെ’ ന്നിറക്കിനിർത്തും;
മറുത്തു വന്നാലവൻറെ കണ്ഠം
അറുത്തുകൊൾവാൻ മടിക്കയില്;
ചെറുപ്പകാലത്തു ഞാൻവരുത്തി-
പ്പൊറുപ്പതിന്നും കൊടുത്തു പെട്ടികൾ
തുറപ്പതിന്നും നമുക്കു വെറ്റില
തെറുപ്പതിന്നും തെളിഞ്ഞുനിൽക്കും
ചെറുക്കനും കള്ള് കുടിച്ചു വന്നാൽ
കുറുക്കനെപ്പോലടിച്ചു ദൂരെ-
പ്പറക്കുമാറാകുംപ്രകാരം
മറക്കുവോളം പുറത്തു നാട്ടിൽ
കറുത്തു കീറിപ്പറിച്ച മുണ്ടും
തെറുത്തുകെട്ടി തരംകെടേണം;
തരത്തിലെൻറെ പുരത്തിലിപ്പോൾ
കരുത്തരായിട്ടൊരുത്തരില്ല
സമർത്ഥരെന്നു നടിച്ചു പാരം
തിമിർത്തു നിൽക്കും ജനങ്ങളേക്കൊ-
ണ്ടനർത്ഥമല്ലാതൊരിക്കലില്ല
കിമർത്ഥമേവം പറഞ്ഞിടുന്നു;
പെരുത്ത കാര്യം വരുത്തുവാനി-
ന്നൊരുത്തനേ ഞാനുരത്തു വിട്ടാൽ
അരപ്പണം പോലെനിക്കു കിട്ടാ,
നിരപ്പിലെല്ലാം കരസ്ഥമാക്കും;
കടുത്തൊരിക്കൽ പിടിച്ചുകെട്ടി
കടുത്ത വെയിലിൽ കിടത്തുമപ്പോൾ
അടുത്ത തമ്പിക്കടുത്തവൻ വ-
ന്നടുത്തുടൻ വേർപെടുത്തുകൊള്ളും;
കുറ്റമൊരേടത്തുണ്ടാകുമ്പോൾ
മറ്റവരെസ്സേവിച്ചു പൊറുക്കാം;
ജ്യേഷ്ഠനു തിരുവുള്ളക്കേടെന്നതു
കേട്ടാലനുജൻ രണ്ടോ നാലോ
കാട്ടുന്നേരത്തായാളവനുടെ
പാട്ടിലതായ് വരുമെന്നേ വേണ്ടൂ.
കൂട്ടത്തിൽ പലരുണ്ടാകുന്നതു
കോട്ടം നമ്മുടെ കൂട്ടക്കാർക്ക്,
നാട്ടിലിരിക്കും പരിഷകളേഷണി
കൂട്ടിത്തമ്മിൽ കലഹിപ്പിക്കും;
ചോറു കൊടുക്കും യജമാനനെയൊരു
കൂറില്ലാർക്കും നമ്മുടെ നാട്ടിൽ
ഏറു കൊടുപ്പാൻ തോന്നുമെനിക്കീ-
പ്പോറകൾ കാട്ടും തൊഴിലുകൾ കണ്ടാൽ;
ഈറ വരുമ്പോളിന്നതു ചെയ്യരു-
തെന്നു നമുക്കില്ലെന്നുടെ കർണ്ണാ!
എന്തിനു പലരെശ്ശണ്ഠയിടുന്നു
കുന്തീസുതനുടെ സേവ മുടക്കാ-
നെന്തൊരുപായമിതെന്നല്ലാതൊരു
ചിന്ത നമുക്കിഹ ചിതമില്ലിപ്പോൾ”
“മൂകാസുരനെച്ചൊല്ലിയയച്ചാ-
ലാകാത്തൊരു വഴിയില്ലിഹ ജ്യേഷ്ഠാ!
ഇശ്ശാസന സാധിക്കുമവൻ” ഇതി
ദുശ്ശാസനനും വന്നുര ചെയ്തു.
“എങ്കിൽ ചെന്നു വിളിച്ചു വരുത്തിൻ;’
മൂകൻ വന്നു വണങ്ങി ചൊന്നാൻ;
“മൂകൻ ഞാനിഹ കൽപന കേട്ടാൽ
ആകെച്ചെന്നു ജയിച്ചു വരുന്നേൻ;
നാകം മേദിനി പാതാളവുമിഹ
ലോകം മൂന്നിലുമുള്ള ജനത്തിനു
പാകം വരുവാനുള്ള വിധങ്ങളി-
ലേകം പോലും ഗ്രഹിയാതില്ല.”

“ശകുനി പറഞ്ഞതു കൊള്ളാമൂകാ!
ശകുനം കൊള്ളാമെന്നു നിനച്ചു
പുലരെ കട്ടുകവർന്നാലുടനെ
തല പോമെന്നതു ബോധിച്ചാലും;
നിർജ്ജനമാകിന ഹിമഗിരിവനമതി-
ലർജ്ജുനനുണ്ടു തപം ചെയ്യുന്നു
അവനെച്ചെന്നു വധിച്ചു വരാനുട-
നവകാശം വരുമെങ്കിലിദാനീം
കെൽപൊടു ഝടിതി ഗമിക്ക ഭവാനിഹ
കൽപന ഞാൻ പറയുന്നിതു മൂകാ!”
അതു കേട്ടവനും തൊഴുതറിയിച്ചു:
“അതു ഞാൻ സാധിച്ചിങ്ങു വരുന്നേൻ
ചതി കൂട്ടീടാൻ നമ്മെപ്പോലി
ക്ഷിതിയിലൊരുത്തരുമില്ല നരേന്ദ്രാ!
തടിയൻ കിടിയുടെ വടിവു ധരിച്ചുട-
നടിയൻ ചെന്നിഹ മടികൂടാതെ
കണ്ണുമടച്ചു തപം ചെയ്യുന്നൊരു
പാണ്ഡുകുമാരൻ തൻറെ ശരീരം
വിരവൊടു ചെന്നു പിളർന്നു വരുന്നു-
ണ്ടരനിമിഷം കൊണ്ടസുരവരൻ ഞാൻ,”
ഇത്തരമവനൊടു സമയം ചെയ്തഥ
മത്തനതാകിയ മൂകൻ വലിയൊരു
പന്നിത്തടിയനതായിച്ചെന്നൊരു
കുന്നിൻ മുകളിലൊളിച്ചു വസിച്ചു.

ചമ്പതാളം

അമരവരതനയനുടെയുരുതരതപോബലാൽ
ആകേ ദഹിച്ചുതുടങ്ങീ മഹീതലം
കരടി, കരി, ഹരി, ഹരിണ, ശരഭ, മഹിഷങ്ങളും
കാട്ടുതീ തട്ടിദ്ദഹിക്കും കണക്കിനേ;
മനുജനുടെ പരവശത വിരവിനൊടു കണ്ടുടൻ
മാമുനീന്ദ്രന്മാർ പുറപ്പെട്ടു മെല്ലവേ;
തരണിമുനി, ഹരിണമുനി, കുശികമുനി, യെന്നിവർ
വാമദേവൻ, ദണ്ഡി, നാരദൻ, വ്യാസനും,
കലശഭവമുനിതിലക, നധികനിശിതൻ തഥാ
കണ്വൻ, പുലസ്ത്യനും, പിന്നെ വാൽമീകിയും
പല മുനികളിവരധികമതിരയമിയന്നുടൻ
പാർവ്വതീകാന്തനെക്കാണ്മാൻ പുറപ്പെട്ടു;
വിരവിനൊടു രജതഗിരിയുടെ മുകളിലേറിനാർ,
വിശ്വൈകനാഥനെ വാഴ്ത്തിനിന്നീടിനാർ;
ഭുവനപതിഭവനമതിലിയലുമതിവീരരാം
ഭൂതങ്ങൾ ചെന്നങ്ങുണർത്തിച്ചു മെല്ലവേ:
“അരവകുലമതികലയുമണിയുമഖിലേശ്വരാ!
ആവലാതിക്കാർ വരുന്നുണ്ടൊരുവിധം

രുചിരതരജടമുടിയുമധികമിഹ താടിയും
ചാരുരുദ്രാക്ഷവും യോഗപട്ടങ്ങളും
സുരമുനികൾ പലരുമുടനപി ച ജലപാത്രവും
മാമുനിമാരുടെ വേഷം മനോഹരം;
വിരവിനൊടു മുനികൾ തവ കഴലിണ വണങ്ങുവാൻ
കാലവും പാർത്തു വാഴുന്നു ബാഹ്യാങ്കണേ.”

ഇങ്ങനെയുൾളൊരു ഗിരമാകർണ്യ
കഞ്ജശരാരിയുമരുളിച്ചെയ്തു;
“ആശ്രിതരാകിന താപസവരരെ
ആശു വരുത്തുക വിരവിനെടേ പോയ്.”
കിങ്കരവരരതു കേട്ടുടനെ മുനി-
സംഘങ്ങളെയും ചെന്നു വരുത്തി.

ചമ്പതാളം

മുനിവരരുമതുപൊഴുതു മുഹുരപി നമിച്ചുടൻ
മുഗ്ദ്ധേന്ദുചൂഡനോടേവമോതീടിനാർ;
“പരമശിവ! പുരമഥന! വരദ! കരുണാനിധേ
പാർവ്വതീകാന്ത! നമസ്തേ നമോസ്തുതേ!
കനകനിറമുടയഫണിനികരമണികുണ്ഡല!
കാലാര കാലാരിദേവ! നമസ്തേ നമോസ്തുതേ!
നിടിലതടനയനപുട! നിഹതകുസുമായുധ!
നിർമ്മലാകാര! നമസ്തേ നമോസ്തുതേ!
സകല സുരമുനി മനുജദനുജകുലവന്ദിത!
സർവ്വേശശംഭോ! നമസ്തേ നമോസ്തുതേ!

ദന്തിമഹാസുരനിധനം ചെയ്തൊരു
നിന്തിരുവടി വടിവോടറിയണം
കുന്തീസുതനുടെ നിയമമതാകിന
ചെന്തീക്കനലതിലയ്യോ! ശിവശിവ!
വെന്തിടുന്നു ജഗത്രയമെല്ലാം
നിന്തിരുവടിയറിയാത്തതുമല്ലാ;
ചിന്തിതമാകിയ വരദാനത്തിനു-
മെന്തിനു താമസമഖിലാധീശ!
ഭവനാം ഭഗവാൻ ത്രിപുരൻമാരുടെ
ഭവനം മൂന്നേ ചുട്ടതുമുള്ളു;
തവപദസേവിതനാകിയ പാർത്ഥൻ
ഭുവനം മൂന്നും ഭസ്മമതാക്കും;
അവനും പാരം മേനി മെലിഞ്ഞു
ശിവനേ! യൊരുപിടിയെല്ലേയുള്ളു;
ദിവസംതോറും കൃശനായാൽ പുന-
രവസാനം വരുവാനുമടുത്തു;
‘വരമവനേകീലെന്നല്ലവനുടെ
മരണവുമാശു വരുത്തി മഹേശൻ;
തരമല്ലാത്തവനെസ്സേവിക്കരു-
തെ’ ന്നൊരു ദൂഷണമങ്ങു ഭവിക്കും;
എന്തിനു ശിവനെസ്സേവിക്കുന്നു?
ചിന്തിതമൊന്നു ലഭിക്കയുമില്ല
അന്തം വരുവാനെളുതാം നമ്മുടെ
കുന്തീസുതനു പിണഞ്ഞതുപോലെ;
ശത്രുജയത്തിനു ശിവനെക്കണ്ടാ-
ലെത്രയുമെളുതെന്നൊരു മുനി ചൊല്ലി;
ആയതു നേരെന്നോർത്തൊരു ഭോഷൻ
രാവും പകലും മടി കൂടാതെ
കായക്ലേശം ചെയ്തു തുടങ്ങി
കായും കനിയും കൂടി വെടിഞ്ഞു
ഊണുമുറക്കവുമൊക്കെ വെടിഞ്ഞൊരു
തൂണു കണക്കേ നിന്നു ഭജിച്ചു;
എങ്ങും ശിവനെക്കണ്ടതുമില്ലവ-
നങ്ങനെ നിന്നു മരിച്ചേയുള്ളു.
സേവിച്ചവരെ കൂറില്ലാത്തൊരു
ദേവന്മാരെച്ചെന്നു ഭജിച്ചാൽ
ഏവം ഫലമെന്നുള്ളപവാദം
കേവലമിന്നു ഭവാനു ഭവിക്കും;
നിങ്കലപശ്രുതി കേൾക്കുംപൊഴുതിൽ
സങ്കടമടിയങ്ങൾക്കു മഹേശാ!
ശങ്കരശംഭോ! ശതമഖതനയനു
ശങ്കരനായി വരേണം ഭഗവാൻ.”

ലക്ഷ്മി താളം

“ശ്രീകണ്ഠ! ശിതികണ്ഠ: ശംഭോ ശരണം
ഫണീന്ദ്ര മണികണ്ഠ! ജയ ജയ!
വിശ്വേശ! വിജിതാശ! വിത്തേശസഖ!
പ്രസീദ പരമേശ! ജയ ജയ!”

കുംഭതാളം

“പരിഹതസുരരിപുമണ്ഡല! ഫണികുണ്ഡല!
പരിപാലയ! പാണ്ഡുസുതം;
മനസിജമദഭരഖണ്ഡന! ശശിമണ്ഡന!
മദവാരണദണ്ഡധര! ജയജയ!”

താളഭേദം

“ടങ്കവും മൃഗവും പരശുവും
തിങ്കളും തിരുനീർഫണികളും
ഗംഗയും ജടയും പലവിധം
മംഗലാഭരണം തവ വിഭോ!
ജയജയ! ഹരഹര!

പുരഹര പരമശിവ!
ജയജയ! ഹരഹര!”

കുണ്ടനാച്ചിതാളം

“മനക്കാമ്പിലുറയ്ക്കുന്നവർക്കെല്ലാം കൊടുക്കും
മടിക്കാതെ വരം നീ മഹാദേവ!
പടയ്ക്കും മിടുക്കുണ്ടായിവരുത്തീടുവാനസ്ത്രം
കൊടുക്കാതിരിപ്പാനെന്തഹോ കാരണം? ജയജയ!”

ചമ്പതാളം

“കരബലം തടിക്കും കുരുബലം മുടിക്കും
സുരകുലം പുകഴ്ത്തും – വരഫലം കരുത്തും
പലഗുണം വരുത്തും വിജയനു.”

പഞ്ചാരിതാളം

വിജയകരം വിപുലതരം
വിശിഖവരം വിമതഹരം
വിമലതരം വിതര! പരം
വിഹിതവരം ജയജയ!
ഹരഹര! പുരഹര! പരമശിവ!”

അടന്തതാളം

“തവ വര വരബലം കൊണ്ടും
ഗുരുതരം ശരബലം കൊണ്ടും
പുനരവൻ കരബലം കൊണ്ടും
ഘരതരം ഹരിബലം കൊണ്ടും
ഹരിസുതൻ വരബലം കൊണ്ടും
വിരുതനായി വരുമതേ വേണ്ടു.”

ഇത്ഥം മുനികളുടെ സിദ്ധാന്തമെല്ലാം കേട്ടു
മുഗ്ദ്ധേന്ദുചൂഡൻ മൃദുമന്ദസ്മിതവും തൂകി
ഉത്തരമൊന്നവർകൾക്കുൾത്താപം തീരുവാനാ-
യത്രമാത്രമെങ്കിലുമൊന്നരുൾ ചെയ്തില്ലേതും;
“ചെറ്റും തിരുമനസ്സിൽ പറ്റുന്ന ഭാവമില്ല,
കുറ്റം വരാതെ കണ്ടു തെറ്റെന്നു പോക നല്ലു,
വമ്പുള്ള ഭൃംഗിരിടി വന്നു പുറത്തിറക്കും-
മുമ്പേ ഗമിച്ചുകൊൾകനല്ലൂ നമുക്കെന്ന”വർ
കുമ്പിട്ടു കൂപ്പിത്തിരുമുമ്പിൽനിന്നിങ്ങു പോന്നു;
വമ്പിച്ച താപസൻമാരെല്ലാരുമൊരുമിച്ചു
ചിന്തിച്ചുറച്ചവരും പാർവ്വതീദേവിയുടെ
അന്തികേ ചെന്നുനിന്നുണർത്തിച്ചു വൃത്താന്തങ്ങൾ;
“കുന്തീതനയനെത്രനാളുണ്ടു സേവിക്കുന്നു
നിന്തിരുവടിയേതും ബോധിച്ചില്ലയോ ദേവി!
ചെന്തീകണക്കവൻറെ ദേഹം ജ്വലിച്ചീടുന്നു
വെന്തീടുമാറായല്ലോ മൂന്നു ഭുവനങ്ങളും;
ഇന്നു മുനികൾ ഞങ്ങൾ ചെന്നങ്ങുണർത്തിച്ചിട്ടും
ഒന്നുമരുൾ ചെയ്യാഞ്ഞു പോന്നു ഞങ്ങളെല്ലാരും;
കുന്നിൻ മകളേ! നീ താൻ ചെന്നങ്ങുണർത്തിച്ചെന്നാൽ
നന്നായ് ഫലിക്കുമെന്നു തോന്നുന്നു ഞങ്ങൾക്കെല്ലാം;
തൃക്കണ്മുനകൾ കൊണ്ടു വക്കാണിക്കുന്നനേരം
മുക്കണ്ണൻ തമ്പുരാൻറെ മുഷ്കൊന്നു താണുപോകും;
ഇക്കണ്ട പുരുഷന്മാർ നെയ്ക്കുംഭം പോലെതന്നെ
മൈക്കണ്ണിമാരെല്ലാരും തീക്കട്ടയെന്നപോലെ;
ചൊൽക്കൊള്ളും വിദ്വാൻ മാരുരയ്ക്കുന്ന വാക്കിന്നുണ്ടോ
ഭോഷ്കായ് വരുന്നൂ നീയിളകാതിരുന്നാൽ പോരാ;

ശ്രോത്രപ്രിയം പറക മാത്രമല്ലിതു നിൻറെ
നേത്രപ്രസാദമതിമാത്രം പ്രസിദ്ധമല്ലോ;
നേത്രം മൂന്നുള്ളവൻറെ ഗാത്രം പാതി മേടിപ്പാൻ
പാത്രമായല്ലോ നീയും ഗോത്രാധിരാജപുത്രീ!”
എന്നതുകേട്ടു ഗിരിനന്ദിനി ഭഗവതി
മന്ദഹാസവും ചെയ്തു മന്ദമൊന്നരുൾ ചെയ്തു!

“ഇന്നു ഞാൻ മടിയാതെ ചന്ദ്രശേഖരനോട്
എല്ലാമുണർത്തിച്ചീടാമൊന്നൊഴിയാതെതന്നെ
എന്നാലറിയാമല്ലെൊ എന്നേ പറഞ്ഞുകൂടൂ
എന്നോടും കോപിച്ചെങ്കിൽ അന്നേരം മാറിപ്പോരാം”
എന്നരുൾ ചെയ്തു ദേവി ചെന്നു ഗിരീശൻ മുമ്പിൽ
വന്ദനം ചെയ്തു നിന്നാൾ മന്ദസ്മിതവും തൂകി.

പദം. ആനന്ദഭൈരവി – ചെമ്പടതാളം

പല്ലവി

നിരുപമഗുണവസതേ! ശ്രീനീലകണ്ഠ!
നിശമയ മേ വചനം

അനുപല്ലവി

സുരവരസുതനെന്തേ വരമരുളീടാത്തു
പുരഹര നാഥ! വിഭോ!
സുരവരപരിനുതപദ!

ചരണങ്ങൾ

1 .
പെരികെക്കാലമുണ്ടർജ്ജുനൻ ഭർത്താവേ! നിന്നെ
പരിചൊടു സേവിച്ചിടുന്നു
സുരപതിസുതനുടെ പരിഭവം പോക്കുവാൻ
പെരികെയുണ്ടാഗ്രഹം
സുരവരപരിനുതപദ!

2.
ഘോരനിയമങ്ങൾ കാരണം, പാർത്ഥൻറെ ദേഹം
പാരം മെലിഞ്ഞുപോയയ്യോ!
പാരാതെ ചെന്നവനു പാശുപതാസ്ത്രം നൽകി-
പ്പോരേണമിന്ദുശേഖരാ!
സുരവരപരിനുതപദ!

3.
ഊണുനുറക്കവുമെല്ലാം വെടിഞ്ഞു കാട്ടിൽ
വാണു തപം ചെയ്തീടുന്നു
പ്രാണങ്ങൾ പോകും മുമ്പേ ബാണം കൊടുത്തീടേണം
ബാണൻറെ വാതിൽ കാത്തവനേ!
സുരവരപരിനുതപദ!

4.
തിരുവുള്ളമെങ്കലുണ്ടെങ്കിൽ താമസിയാതെ
നരനിന്നു വരം നൽകേണം
അരയ്ക്കാൽ നാഴിക പോലും ഇളച്ചങ്ങിരുന്നുപോയാൽ
തരക്കേടു വന്നുകൂടുമേ.
സുരവരപരിനുതപദ !

ഗിരിവരമകളുടെ കളവചനം
പരിചൊടു കരുതിന പുരമഥനൻ
സരസമൊരു വചനമരുളി മുദാ:
“സരസിജായതദലസമനയനേ!
സുരവരസുതനുടെ മനസ്സിൽ മദം
പെരുതതു കരുതുക ഗിരിതനയേ!
പരവശമവനൊരു തരിമ്പുമില്ലാ
കരളിലഹമ്മതിക്കു കുറവുമില്ലാ
സുരകുലവരനുടെ തനയനെന്നും
സരസിജശരനൊടു സദൃശനെന്നും
സരസചരിതങ്ങളിൽ പടുത്വമെന്നും
മരുത്തിൻറെ മകനുടെ സഹജനെന്നും
കുരുപതികളിലേറ്റം പ്രസിദ്ധനെന്നും
മരുത്തിൻറെ മകനേക്കാൾ വലിപ്പമെന്നും
കരുത്തുള്ള പരിഷയിലധീശനെന്നും
ഗുരുത്വമുള്ളവർകളിൽ പ്രഥമനെന്നും
കരത്തിൽ വില്ലെടുത്തോരിൽ പ്രമുഖനെന്നും
ഗുരുക്കൻമാരേക്കാട്ടിൽ പ്രഥിതനെന്നും
നരകമഥനനോടു സഖിത്വമെന്നും
നരപതികളിലേറ്റം പ്രസിദ്ധനെന്നും
തരുണീകുലമണിക്കു രമണനെന്നും
തരണിഗുണമുടയ പുരുഷനെന്നും
ഇത്തരമുള്ളൊരു ഗർവ്വു ശമിപ്പാൻ
ഇത്തിരി പാകം വന്നേ തീരൂ
യുദ്ധം ചെയ്തു തളർച്ച വരുമ്പോൾ
ബുദ്ധിയിൽ നല്ല വിവേകവുമുണ്ടാം;
പാകം വന്നു പഴുത്തോരൊടുകിനു
നീരു കെട്ടിയുറച്ചുചമഞ്ഞാൽ
ക്ഷാരം വച്ചു പഴുപ്പിച്ചവിടെ
ദ്വാരം വച്ചു മൃദുത്വം വന്നാൽ
വ്യാധിയെടുത്തു കളഞ്ഞതിനകമേ
ശോധന ചെയ്താലുടനെതന്നെ
വരളാനുള്ള കുഴമ്പുമതിൻമേൽ
പിരളുന്നേരം താനേ വരളും;
തരളാംബുജദളനയനേ! നിന്നൊടു
കുരള പറഞ്ഞിട്ടെന്തൊരു കാര്യം!
ദുഷ്ടു കിടക്കെ വരട്ടും വ്രണമതു
പൊട്ടും പിന്നെയുമൊരു സമയത്തിൽ;
ഒട്ടും വൈകാതവനൊടു യുദ്ധം
പെട്ടെന്നുണ്ടതു കണ്ടാലും നീ;
എലിയെപ്പോലെയിരിക്കുന്നവനൊരു
പുലിയെപ്പോലെ വരുന്നതു കാണാം
നോറ്റു വിശന്നുകിടക്കും ഫൽഗുന-
നേറ്റു വരുമ്പോൾ ഭൂമി കുലുങ്ങും;
കാറ്റിൻ മകനുടെ സോദരനെന്നതു
കാട്ടിത്തരുവൻ കണ്ടാലും നീ;
കാട്ടാളാകൃതി കൈക്കൊണ്ടിഹ ഞാൻ
വേട്ടയുമാടി നടക്കുന്നേരം
കോട്ടം കൂടാതവനൊടു സമരം
കൂട്ടുവതിന്നും സംഗതിയുണ്ടാം;
മട്ടോലും മൊഴിയാളേ നീയൊരു
കാട്ടാളസ്ത്രീവേഷമെടുക്ക;
കൂട്ടക്കാരിവർ ഭൂതഗണം പല
കാട്ടാളൻമാരായി വരേണം
കുംഭോദരനും കുംഭീധരനും,
കുംഭാണ്ഡകനും കുംഭീലകനും,
സിംഹീരണനും, ശൂലാഘ്രിപനും,
ശൂലാവൃതനും, കുംഭനികുംഭൻ
കുണ്ഡീവരദൻ കുഞ്ജരജംഘ-
നുദഗ്രൻ വീരൻ, ഗണ്ഡൂകാക്ഷൻ,
കണ്ഠീരവനും ഭൃംഗീരടിയും
ഘണ്ടാരവനും ഭയിർപ്പീരജനും
തുംഗരാജ, നസുരമർദ്ദനഭദ്രൻ
വീരഭദ്രനതിഭദ്രനുദഗ്രൻ
ഭൈരവൻ, മണിവരൻ, മണികണ്ഠൻ
നനടികേശ്വരനിവർക്കെജമാനൻ
നന്നിതൊക്കെ വനചാരികളാവാൻ;
ശ്വാക്കളായി ചിലരൊട്ടു കുരച്ചും
പോർക്കു പോലെ ചിലരൊട്ടു തടിച്ചും
വെക്കമമ്പൊടു നടപ്പിനശേഷം
തക്കമിന്നു മമ വേട്ടകളാടാൻ.”

ഇത്തരമരുളിച്ചയ്തു മഹേശൻ
സത്വരമങ്ങൊരു വനചരനായി
തത്ര സുവർണ്ണകവർണ്ണശരീരൻ
തത്ര വിളങ്ങി വിശേഷമനോജ്ഞം;
ജടമുടി നല്ലൊരു തലമുടിയായി
നിടിലത്തിരുമിഴി തിലകമതായി
ഫണിമണി മാലകൾ പീലികളായി
ഫണിപതി വാസുകി കടകമതായി
അസ്ഥികൾ ശംഖാഭരണവുമായി
അത്തൊഴിൽ കണ്ടാലെത്ര മനോജ്ഞം;
കരിത്തോൽ നല്ല കറുത്ത ദുകൂലം
വരിത്തോൽ ഭുജഗം പൊന്നരഞ്ഞാണം
വെണ്മഴു ശൂലം ചാപം ശരവും
വെണ്മയിലവ പുനരങ്ങനെയല്ലോ;
കുന്നിൻ മകളുമതിന്നനുകൂലം
കുന്നിക്കുരുകുലമാലയണിഞ്ഞു
ഒട്ടു കറുത്തൊരു പുടവയുടുത്തു
കൊട്ടയെടുത്തൊരു കോലുമെടുത്തു
ശങ്കരഭാമിനി കൈകളിലങ്ങഥ
ശംഖുംമുടുകുകൾ കൊണ്ടു നിറച്ചു
മെച്ചമിയന്നൊരു കൈവിരൽ പത്തിനു
പിച്ചളമോതിരമിട്ടു വിളങ്ങി;

നടന്നു കാനനതടത്തിലമ്പൊടു
കടന്നു വേട്ടകൾ തുടങ്ങി, നല്ലൊരു
കറുത്ത പട്ടുകളുടുത്തുകൊണ്ടിരു
പുറത്തു തൊങ്ങലു നിരത്തിയൻ പൊടു
ഉരത്ത കാർമുകമെടുത്തു താൻ കണ-
തൊടുത്തു കാനനതടത്തിലെത്തിന
കടുത്ത പന്നികളടുത്ത പോത്തുകൾ
അടക്കമെന്നിയെ നടക്കുമാനകൾ
തുടങ്ങിയിങ്ങനെ മൃഗങ്ങളിൽ വിട-
ത്തുടങ്ങി ലീലകളൊടുങ്ങി കേഴകൾ.

“പാണ്ടൻ നായുടെ പല്ലിനു ശൌര്യം
പണ്ടേപ്പോലെ ഫലിക്കുന്നില്ലാ;
പണ്ടിവനൊരു കടിയാലൊരു പുലിയെ-
ക്കണ്ടിച്ചതു ഞാൻ കണ്ടറിയുന്നേൻ;
കാളൻ നായും കാട്ടിൽ വരുമ്പോൾ
കോളല്ലാതൊരു പേടി തുടങ്ങും
വീട്ടിൽ വരുന്നവരെപ്പലരേക്കടി-
കൂട്ടിയ ചെണ്ടക്കാരനെ ഞാനൊരു
കൂട്ടിലതാക്കി ചങ്ങലയിട്ടഥ
പൂട്ടിപ്പിന്നെക്കഞ്ഞി കൊടുക്കും;
വെള്ളൂ, വാ വായെന്നു വിളിച്ചാൽ
തൊള്ള തുറന്നു പറന്നു വരും താൻ
കള്ളനു തുള്ളി കഞ്ഞികൊടുപ്പാ-
നുള്ളൊരുരുപായം കാണ്മാനില്ല;
കാറ്റും കൊണ്ടവനെപ്പൊഴുമങ്ങനെ
കൂറ്റൻ പോലിറയത്തു കിടക്കും
തിന്മാനല്ലാതൊന്നിനുപോലും
നമ്മുടെ വീട്ടിൽ കാണ്മാനില്ല
വണ്ണൻ വാഴകണക്കെ തടിച്ചൊരു
പൊണ്ണൻ നായുണ്ടെന്നുടെ വീട്ടിൽ
അണ്ണനുമാത്രം ചോറണ്ടവിടവ-
നുണ്ണുമ്പോൾ നല്ലുരുള കൊടുക്കും;
പന്നിയിറച്ചികൾ പണ്ടേ വേണ്ടാ
ദുർന്നിലകൊണ്ടൊരു പൊറുതിയുമില്ലാ;
കുറ്റിച്ചെവിയൻ നായേക്കൊണ്ടൊരു
കുറ്റം പറവാൻ കാണുന്നില്ലാ;
വേട്ടയ്ക്കായി വിളിക്കുന്നേരം
ചേട്ടക്കാരനു ചെവിയും കേളാ
വേട്ടക്കാർക്കു വിളിച്ചു കൊടുത്താൽ
ചേട്ടൻ കേട്ടാൽ കലശലു കൂട്ടും.”

ഇത്തരമൊരുവക കാട്ടാളൻമാർ
ചിത്തരസേന പറഞ്ഞു ചിരിച്ചും
ഒക്കെച്ചാടിക്കാടു തകർത്തും
ബദ്ധപ്പെട്ടു നടന്നു തിമിർത്തും
ചാടിവരുന്ന മൃഗങ്ങളെയെല്ലാം
കുത്തിക്കൊന്നു കളിച്ചു പുളച്ചും
ചത്തമൃഗത്തെക്കെട്ടിയെടുത്തും
മത്തഗജത്തെച്ചെന്നു തടുത്തും
വരിയൻ പുലിയെച്ചുരികകൾ കൊണ്ടും
കരടിമൃഗത്തെപ്പരിഘം കൊണ്ടും
ദന്തികുലത്തെക്കുന്തംകൊണ്ടും
ബാലമൃഗത്തെ വേലുകൾ കൊണ്ടും
വ്യാഘ്രകുലത്തെ ചക്രം കൊണ്ടും
വ്യാളമൃഗത്തെ വാളുകൾകൊണ്ടും
മർക്കടവരരെ കർക്കട കൊണ്ടും
ഗന്ധമൃഗത്തെഗ്ഗദയെക്കൊണ്ടും
ഖഡ്ഗമൃഗത്തെ ഖഡ്ഗം കൊണ്ടും
കണ്ഠീരവരെ മുസൃണ്ഠികൾ കൊണ്ടും
കാടും പടലു കടുത്തിലകൊണ്ടും

തെരുതെരെയങ്ങു വധിച്ചുതുടങ്ങി
വിരുതു പെരുത്തൊരു ഹരഭൃത്യന്മാർ;
തടിയൻ പന്നിയെ വെടിവെപ്പാനാ-
യൊരുവൻ ചെന്നൊരു പടലിലൊളിച്ചു

പടലിൽ കണ്ടതു പന്നിയതെന്നൊരു
ഭടനൊരു വെടിയും വച്ചാനുടനെ
തടിയൻ വെടികൊണ്ടവിടെ മറിഞ്ഞു
ഓടിച്ചെന്നിതു വെടി വച്ചവനും

ആ കിടിയല്ലിവനയ്യോ! നമ്മുടെ
മക്കടെ മാതുലനിങ്ങനെ കർമ്മം!
മലയൻമാരൊരുദിക്കിൽ ചെന്നു
വലയും കെട്ടിപ്പാർക്കുന്നേരം
കലയെക്കണ്ടു ഭയപ്പെട്ടൊരുവൻ
തലയും കുമ്പിട്ടോടിപ്പോയി
വലയിൽപ്പെട്ടു വലഞ്ഞതു കണ്ടു
മലയനൊരമ്പു പ്രയോഗിച്ചുടനെ
തലയിൽക്കൊണ്ടു തറച്ചു വിറച്ചൊരു
ഫലമില്ലാതെ മരിച്ചാൻ ഭോഷൻ;
നായൻമാരുടെ നായാട്ടിങ്കല-
പായം പലവിധമിങ്ങനെയുണ്ടാം.
ആയതിനൊന്നും സംഗതിയില്ല വി-
നായകജനകൻ കളിയാടുമ്പോൾ.

കാട്ടാളരാജൻതാനും കാട്ടാളസ്ത്രീയും തൻറെ
കൂട്ടാളിവൃന്ദത്തോടേ വേട്ടവിനോദം പൂണ്ടു
കുന്തീകുമാരനുടെ അന്തികം തന്നിൽച്ചെന്നു
പന്തി നിരന്നുനിന്നങ്ങന്തിയും വന്നണഞ്ഞു;

തടിച്ചോരു പന്നിവേഷം നടിച്ചോരു മൂകാസുരൻ
കടുത്തോരു കോപത്തോടങ്ങടുത്തു പാർത്ഥനെക്കൊൽവാൻ
ഉരത്ത പന്നിക്കൂറ്റൻറെ പെരുത്ത ഘോഷങ്ങൾ കേട്ടു
കരുത്തുള്ളർജ്ജുനൻ തൻറെ ഗുരുത്വംകൊണ്ടതുനേരം
അഴിച്ചു സമാധി നേത്രം മിഴിച്ചു നോക്കുന്നേരം
ഉറച്ചു തന്നുടെ ദേഹം മറച്ചുകൊണ്ടൊരു ശത്രു
ചതിച്ചു നമ്മെക്കൊല്ലുവാൻ കുതിച്ചുവന്നിതു മൂഢൻ
വധിപ്പാൻ വരുന്നവനെ വധിച്ചാൽ മൽഗുരുനാഥൻ
വിധിച്ച കർമ്മങ്ങൾക്കേതും വിരുദ്ധമല്ലതു നൂനം
പടുത്വമോടേവം ചിന്തിച്ചെടുത്തുഗാണ്ഡീവംകൈയി-
ലെടുത്തു നല്ലൊരു ബാണം തൊടുത്തു കോപം നടിച്ചു.
ഘോണിത്തടിയനെ നോക്കിയയച്ചൊരു
ബാണമതുൽക്കടമക്കിടിതന്നുടെ
ഘോണാം ചെന്നു പിളർന്നൊരു നേരം
പ്രാണങ്ങൾക്കു പ്രയാണമടുത്തു;
സംഗതി കൊള്ളാമെന്നുമുറച്ചി –
ട്ടംഗജരിപുവും ബാണമയച്ചു;
പൃഷ്ഠേ ചെന്നു തറച്ചൊരു ബാണം
പൃഷ്ഠം ഝടിതി പിളർന്നു തിരിച്ചു
വന്നു പതിച്ചെന്നോർത്തു കിരീടി
ചെന്നു കരത്തിലെടുത്തൊരു സമയം
വന്നു സമീപേ നിന്നു കിരാതൻ
ഒന്നു കയർത്തു പറഞ്ഞുതുടങ്ങി:

“നമ്മുടെ ബാണം മോഷ്ടിപ്പാനോ
ദുർമ്മതി വന്നു തപം ചെയ്യുന്നു?
അമ്പുകളില്ല നിനക്കെന്നാലതി-
നമ്പുകൾകൊണ്ടു വരുത്തിക്കോ നീ;
അമ്പൊടു നമ്മൊടു യാചിച്ചാൽ പ-
ത്തമ്പതു കണകൾ തരുന്നുണ്ടിഹ ഞാൻ;
കട്ടു കവർന്നാലുടനേ തന്നെ
വെട്ടും തരുമതു സംശയമില്ലാ.
ഭള്ളു നിനച്ചിഹ കണ്ണുമടച്ചൊരു
കള്ളൻ നിന്നു തപം ചെയ്യുന്നു
കൊള്ളാമിതുമിന്നിതു വഴിപോക്കർ-
ക്കുള്ള ധനങ്ങൾ പിടിച്ചുപറിപ്പാൻ;
പകൽ കഴിവോളം കപ്പാനെങ്ങും
കഴിവില്ലാഞ്ഞു തപോധനഭാവം
അർക്കൻ പോയി മറഞ്ഞൊരു സമയേ
തസ്കരണത്തിനു സമയം നോക്കും
ദിക്കുകളൊക്കെ നടന്നു ദിനേശ-
നുദിക്കുംമുമ്പേ വന്നു കുളിക്കും
കണ്ണുമടച്ചു വിചാരിക്കുന്നതു
പൊന്നുള്ളേടം പണമുള്ളേടം
പെണ്ണുള്ളേമതല്ലാതിന്നൊരു
നിനവു നിനക്കില്ലെന്തൊരു കഷ്ടം!
നാണം കൂടാതയ്യോ! നമ്മുടെ
ബാണം കട്ടവനേതിൽ കൂട്ടും?
ആണുങ്ങൾക്കു പിറന്നവനെങ്കിൽ
പ്രാണത്തേക്കാൾ നാണം വലുതേ.”

വ്യാധവചസ്സുകൾ കേട്ടുടനപ്പോൾ
ക്രോധമിയന്നുരചെയ്തു കിരീടി:
“നില്ലെട വേടാ, നിന്നുടെ പല്ലുകൾ
തല്ലിയുതിർപ്പാൻ ഞാൻ മതിയാകും
ഇല്ലൊരു സംശയ” മെന്നു പറഞ്ഞു
വില്ലു വലിച്ചു കുലച്ചു കിരീടി
നല്ലൊരു ബാണമെടുത്തു തൊടുത്തു
മുല്ലശരാരിക്കിട്ടഥ വിട്ടു.
തെല്ലും പഴുതാതവനുടെ നേരെ
ചല്ലുന്നതു കണ്ടംബരചാരികൾ
അല്ലൽ മുഴുത്തു വിരണ്ടു തുടങ്ങി
തെല്ലു കുലുങ്ങീലന്തകവൈരി;

വില്ലിൻ മുനകൊണ്ടവനുടെ ബാണം
തല്ലുയൊടിച്ചു പൊഴിക്കണ കണ്ടു;
അതു കണ്ടപ്പോളതിപരുഷത്തോ-
ടതിലധികം ശരവരിഷഞ്ചെയ്തു
അതിശയമവനുടെ ശരനികരത്താൽ
കതിരവനുടെ കിരണങ്ങൾ മറഞ്ഞു.

നാടു നടുങ്ങി, നാലു നിലയും കുലുങ്ങി, മാനും
കലയും നടുങ്ങി, തമ്മിൽ കലഹം മുഴുത്തനേരം
മലമകളതുനേരം തലയുമഴിഞ്ഞു കുത്തു-
മുലയും തുളുമ്പിച്ചെന്നു കലഹം ശമിപ്പിപ്പാനായ്
പലവാക്കുമരുൾ ചെയ്തു ഫലമില്ലെന്നോർത്തു മാറി
പരിചോടേ പാർവ്വതിയും, കലശൽ പിന്നെയുമേറി.
മലമകൾ ഭഗവതി പുനരതുനേരം
വലരിപുസുതനുടെ ബാണമശേഷം
മലർസമമാകെന്നരുളിച്ചെയ്തു
മലർശരനായി മഹേന്ദ്രതനൂജൻ;
ശരധിയിലൊരു ശരമില്ലാതാകെ-
ന്നരുൾ ചെയ്തു ഗിരിനന്ദിനിയപ്പോൾ
ഇല്ലെന്നാകിൽ ശരവും വേണ്ടാ
നല്ല തരം പുനരെന്നു കിരീടി
വില്ലുവലിച്ചഥ തല്ലു തുടങ്ങി
മുല്ലശരാരിയെ വിരവൊടു പാർത്ഥൻ;
ഹരനുടെ ജടയിൽ കുടികൊണ്ടീടിന
സുരനദിയാകിയ ഭഗവതിയപ്പോൾ
വലരിപുസുതനുടെ വില്ലു പിടുങ്ങി-
ത്തരസാ തന്നുടെ തിരയിലൊളിച്ചു
ചാപം പോയൊരു സമയേ വിജയൻ
കോപം പൂണ്ടു മരങ്ങൾ പറിച്ചു
താപസവന്ദിതനാകിയ ശിവനെ
ത്താഡനപീഡനമങ്ങു തുടങ്ങി;
ത്രീക്ഷണനും ഹരിസുതനും തമ്മിൽ
വൃക്ഷം കൊണ്ടുമടിച്ചു പിടിച്ചും
വട്ടം തിരിക ചവിട്ടുക മുട്ടുക
കട്ടയിലിട്ടു ചവിട്ടിയുരുട്ടുക
തള്ളുക കിള്ളുക തങ്ങളിലിങ്ങനെ
തുള്ളിയുലഞ്ഞു വലഞ്ഞു കിരീടി.

തല്ലും ചവിട്ടും കൊണ്ടങ്ങെല്ലും പൊടിഞ്ഞു പിന്നെ
പല്ലും കൊഴിഞ്ഞു മദമെല്ലാം ശമിച്ചു പാർത്ഥൻ
വല്ലാതെ ഭൂമൌ വീണാൻ വില്ലാളിമാരിൽ മുമ്പൻ
അല്ലൽ മുഴുത്തു പാർത്ഥൻ ഉള്ളിൽ വിചാരം പൂണ്ടു

പദം: ദ്വിജാവതി – ആദി

പല്ലവി

ചാരുമൂർത്തേ ഗൌരീനാഥാ! കാരുണ്യാംബുരാശേ നാഥാ!
കാരുണ്യം കുറവാനെന്തു കാരണം! ശംഭോ!

ചരണങ്ങൾ

എത്രനാളുണ്ടയ്യോ ഞാനും സേവിച്ചുകൊണ്ടിരിക്കുന്നു
ഇത്രനാളുമെൻറെ കാമം പൂരിച്ചില്ലയ്യോ!

കേടനേകമണ്ടെന്നാലും കേവലം നീ ശിക്ഷിയാതെ
വേടനെക്കൊണ്ടെന്നെത്തല്ലിക്കൊല്ലിക്കുന്നെന്തേ?

അത്രയല്ല കാട്ടാളൻറെ തല്ലുകൊണ്ടും കുത്തുകൊണ്ടും
എത്രയും തളർന്നു ദേഹം ധാത്രിയിൽ വീണു

നാൽവർ കൂടും സഭതന്നിൽ വാലെടുപ്പാനുള്ള മൂലം
ബാലചന്ദ്രചൂഡാ! നീ താൻ കാരണം ശംഭോ!

കർണ്ണനും ശകുനിയുമാകർണ്ണനം ചെയ്യുന്നേരം
കർണ്ണസൌഖ്യം വന്നുകൂടും കൌരവൻമാർക്ക്

ഊറ്റക്കാരൻ പാർത്ഥൻ പോരിൽ തോറ്റുപോൽ വേടനോടെന്ന-
തേറ്റവും കുറവായ് വന്നൂ നൂറ്റുവർ കേട്ടാൽ.

കൃത്വാ മൃത്തികയാ കഥഞ്ചന പൃഥാ-
പുത്രസ്ത്രിണേത്രാകൃതിം
ഭക്ത്യാ യോതി സമർച്ചനന്തു കൃതവാൻ
പത്രാണി തത്രാദരാൽ
ചിത്രം തത്ര കിരാതപുംഗവശിരോ
ഭ്രഷ്ടാനി സംദൃഷ്ടവാൻ
തത്രൈവേന്ദു കലാജടോപി ച മൃഡോ-
നോരണ്യചര്യാർച്ചനാൽ.

മൃത്തികകൊണ്ടൊരു ശിവലിംഗത്തെ
തത്ര ധരിത്രിയിളങ്ങുളവാക്കി;
തത്ര പഴുത്തു കൊഴിഞ്ഞുകിടക്കും
പത്രമെടുത്തുടനർച്ചന ചെയ്തു;

മൃത്തികലിംഗം തങ്കൽ വണങ്ങി
മൃത്യുഞ്ജയനെ സേവ തുടങ്ങി;
മൃത്യുഞ്ജയ ജയ ശങ്കര ശംഭോ

ഇത്ഥം തൊഴുതു വണങ്ങിന പാർത്ഥനു
പത്രമതെല്ലാം വേടൻ തന്നുടെ
മസ്തകസീമനി കാണ്മാറായി .
എന്തൊരു വിസ്മയമെന്നു വിചാരി-
ച്ചന്തികസീമനി മേവും വേടനെ
മുഴുവൻ നോക്കിക്കാണുന്നേരം
മഴുവും മാനും പുരിജടമുടിയതി-
ലൊഴുകും സുരനദി തന്നുടെ തിരയിൽ
മുഴുകും ചന്ദ്രക്കലയും തുമ്പയു-
മളികതടേ തിരുമിഴിയുടെ വടിവും
തിരുനാസികയും തൃക്കണ്ണിണയും
തിരുമുഖവും മൃദുമന്ദസ്മിതവും
ഗളരുചിതലവും തിരുമാറിടവും
ഉദരം നാഭീകുഹരം കടിതട-
മതി രമണീയം ഫണികാഞ്ചിഗുണം
കരിചർമ്മാംബരമൂരുദ്വയവും
പരിമൃദുജാനുക ജംഘായുഗവും
തിരുവടി മലരും നഖപംക്തികളും
ഗിരിമകൾ താനും കരിമുഖനറുമുഖ-
നുടനേ ഹരിഹരസുതനും വേട്ട-
യ്ക്കൊരുമകനും ബഹുഭൂതഗണങ്ങളു-
മൊരുമിച്ചങ്ങനെ കാണ്മാറായി;
പങ്കജശരനുടെ ഹുംകൃതി തീർത്തൊരു
ശങ്കര ജയജയ! സങ്കടമദഹര!

ഏതും ഗ്രഹിയാതെ ഞാൻ ചെയ്തോരപരാധങ്ങൾ
എല്ലാം ക്ഷമിച്ചുകൊൾക കല്യാണാകര ശംഭോ!
അംഗങ്ങളടിയത്തിന്നെങ്ങുമിളക്കാവല്;
അങ്ങു വന്നു വന്ദിപ്പാനിങ്ങു ശക്തിയുമില്ലാ
മഞ്ജുളനേത്ര! വന്ദേ ഗംഗാഭൂഷണാ! വന്ദേ
തുംഗാനുഭാവാ വന്ദേ! മംഗല്യാകാരാ വന്ദേ!

അതിശയഭക്ത്യാ വിവശനതാകിയ
ഹരിസുതവചനം കേട്ടു ഗിരീശൻ
മതിതളിർതെളിവൊടു ചെന്നു കരംകൊ-
ണ്ടതിമോദേന പിടിച്ചെഴുന്നേൽപ്പി-
ച്ചംഗമശേഷം തൊട്ടുതലോടി
തുംഗപരാക്രമപുഷ്ടി വരുത്തി
പുംഗവകേതനനാകിയ ഭഗവാ-
നംഗജനാശനനിദമരുൾ ചെയ്തു:

“വത്സ! ധനഞ്ജയ! തുംഗകളേബര!
വത്സരമനവധി ജീവിച്ചീടുക!
മത്സരമുള്ള രിപുക്കളെയെല്ലാം
ഭസ്മമതാക്കാൻ നീ മതിയാകും;
ഭീമസഹോദരനാകിയ നിന്നുടെ
ഭീമപരാക്രമമറിവാനായി
ഭീമകിരാതശരീരം പൂണ്ടു
ഭീമതരം ബഹു യുദ്ധം ചെയ്തു;
സോമകുലോത്തമനാകിയ നിങ്കൽ
പ്രേമപ്രീതി വരുന്നു നമുക്ക്
കാമാധികസുകുമാരാ നിന്നെ-
ക്കാണ്മാനിത്തൊഴിലൊക്കെയെടുത്തു;
പാശുപതാസ്ത്രം വാങ്ങുക തവ ഹിത-
മാശുലഭിക്കും ഫൽഗുനവീരാ!
കർണ്ണസുയോധനഭീഷ്മാദികളാ-
മർണ്ണവമാശു കടപ്പാൻ നല്ലൊരു
കപ്പൽ മരക്കലമെന്നുടെ ബാണം
കെൽപ്പൊടു കൊണ്ടു ഗമിക്ക ധനഞ്ജയ!”

പുരരിപുഭഗവാനിദമരുൾ ചെയ്തു
ശരവും വരവും ദാനം ചെയ്തു;
ഗിരിമകളോടും പ്രമഥാദികളൊടു-
മങ്ങുഗമിച്ചു മറഞ്ഞ ദശായാം
തിരയിൽ മറച്ചൊരു വില്ലു ലഭിപ്പാൻ
സുരനിമഗ്നയെസ്സേവ തുടങ്ങി.

പദം. രാഗം – പുറനീര് താളം – ചെമ്പട

നമസ്തേ ഗംഗായൈ തുഭ്യം രണത്തിൽ മയാ കൃതമാം
സമസ്താപരാധമെല്ലാം ക്ഷമിച്ചു വരം നൽകേണം
അരികളെ വെൽവതിന്നായ് പരമശിവൻ നൽകിയ
ശരമിതു പാശുപതം പഴുതേയാം വില്ലില്ലാഞ്ഞാൽ.
ഇത്തരം സ്തുതി കേട്ടു സത്വരം പ്രസാദിച്ചു
ഉത്തമനാമവനോടുത്തരമരുൾ ചെയ്തു:
വില്ലാളിവീരാ! പാർത്ഥാ! വില്ലിതാ ധരിച്ചാലും
മല്ലീശരാന്തകനെസ്സേവിച്ചു വസിച്ചാലും
ഇത്തരം വരം നൽകി സത്വരം മറഞ്ഞവൾ.

സുരവരനരുളാൽ രഥവുംകൊണ്ടു
സുരവരസൂതൻ മാതലി വന്നു
പെരുകിന മോദം കൈക്കൊണ്ടുടനെ
സുരവരസൂനു രഥമതിലേറി
സുരലോകംപ്രതി യാത്ര തുടങ്ങി
കുരുകുലകമലദിനേശൻ പാർത്ഥൻ
മംഗലമിക്കഥ കേൾക്കുന്നോർക്കും
മംഗലമനവധി വന്നു ഭവിക്കും.

കിരാതം ഓട്ടൻ തുള്ളൽ സമാപ്തം

Exit mobile version