Keralaliterature.com

മാറ് (ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍)

മാറ്
ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍

‘ഹോയി ഹോയ് ഹോയ്’ എന്നൊരാളാട്ടുന്നു വഴിക്കുനി;
ന്നായതു ചെവിക്കൊള്‍വീലാഗമിപ്പവനന്യന്‍.
‘മാറെടാ തീണ്ടാപ്പാടിനപ്പുറം; ചണ്ഡാലന്‍ നീ;
യാരണന്‍ ഞാന്‍’ എന്നവര്‍ പിന്നെയും തകര്‍ക്കുന്നു.
ശ്രീകാശീയാണസ്ഥലം! ഭിക്ഷുവാണതോതുന്നോന്‍!
പോകയാണുഷസ്സിന്കല്‍ ഗംഗയില്‍ സ്‌നാനത്തിനായ് !!
സാമാന്യനല്ലപ്പുമാന്‍, സര്‍വ്വജ്ഞന്‍, ജിതേന്ദ്രിയന്‍,
ശ്രീമച്ഛ്‌ന്കരാചാര്യരദ്വൈതവിദ്യാഗുരു.
ആയവന്‍ തര്‍ജ്ജിപ്പതോ ലോകബാഹ്യനാമൊരു
നായാടി  ധര്‍മ്മാഭാസം നായാടും വനമൃഗം.
ദുസ്ത്യജം കൂടപ്പിറപ്പായിടും ജാതിദ്ദുര്‍ബ്ഭ
ള്ളത്രമേല്‍ തനിക്കുതാന്‍ പോന്നോരാം മഹാന്മാര്‍ക്കും.

പുഞ്ചിരിക്കൊണ്ടാവാക്കിന്നുത്തരം ചൊന്നാന്‍ വന്ന
പഞ്ചമന്‍: ‘ജാതിപ്പിശാചങ്ങെയും വിട്ടീലല്ലോ!
തീണ്ടലോ പരിവ്രാട്ടേ! ജീവിയെജ്ജീവി? ക്കെത്ര
യാണ്ടുപോയ് ഹാ ഹാ! ലോകമജ്ഞാനച്ചളിക്കുണ്ടില്‍!

ഞാനൊന്നും ധരിക്കാത്തോനെന്കിലും ചോദിക്കട്ടെ
മാനുഷന്‍ ദേഹത്തിന്കല്‌ദ്ദേഹിയേപ്പൂണ്മോനല്ലീ?
ഈ രണ്ടില്‍ത്തീണ്ടേതിന്നു? പാഞ്ചഭൗതികം ദേഹ
മാരണന്നൊപ്പം തന്നെയന്ത്യജന്നുള്ളോന്നല്ലീ?
താനൊറ്റക്കുശക്കുഴിമണ്‍കുഴച്ചല്ലീ തീര്‍പ്പൂ
മാനുഷര്‍ക്കശേഷവും ലോകേശന്‍ കളേബരം?
പെറ്റിടും മുന്‌പൊന്നുതാന്‍, ചത്തിടും പിന്‍ചെന്നുതാന്‍
മറ്റുമിമ്മണ്ണോക്കെയും; തീണ്ടലേതിടയ്ക്കിതില്‍
ദേഹിതോ പിന്നെത്തീണ്ടല്‍ ദേഹിയെ? ബ്‌ഭേദാതീത
മേകമദ്വയം ദേഹിയെന്നല്ലീ വേദാന്തോക്തി?
കതിരോന്‍ സുരയിലും സുരനിഗ്‌നഗയിലും
പ്രതിബിംബിക്കുന്നില്ലേ സമമായ് സമദര്‍ശി?
ആരെയാര്‍ക്കപ്പോള്‍ തീണ്ടലേതുപാധിയാല്‍? നമ്മ
ളൗരസാത്മജരല്ലീ ഭൂദേവിക്കഖിലരും?
മൗലികമാമിത്തത്ത്വമോര്‍ക്കാതെയല്ലീ ഭവാന്‍
ബാലിശം ‘മാറെ’ ന്നുള്ള വാക്കെന്നോടുരയ്ക്കുന്നു?
അങ്ങങ്ങേ മറന്നുപോയ്  കാശിയെ ജ്ജാതിഭ്രാന്തില്‍
ഗംഗയെ  സ്സാക്ഷാദ്വിശ്വനാഥനെ  ബ്രഹ്മത്തിനെ.
തഞ്ചത്തിലങ്ങാര്‍ന്നൊരിസ്സന്യാസിവേഷം കണ്ടു
പുഞ്ചിരിക്കൊള്‍വൂ കാലം പുലരിവ്യാജത്തിനാല്‍

വൈമല്യം വാച്ചിടുമാ വ്യാധന്‍ തന്‍ വാക്യം പാഞ്ഞു
വാര്‍മെത്തും ഗങ് ഗയ്‌ക്കൊപ്പം ഭിക്ഷുവിന്‍ മനക്കാമ്പില്‍.
കോപമാം ചെന്തീ കെട്ടു; മോഹമാം ധൂമം നീങ്ങി;
താപസശ്രേഷ്ഠന്‍ വീണ്ടും സ്വസ്ഥനായി ശമാധീനന്‍.
ഓര്‍ക്കയും ചെയ്താന്‍: ‘ഹാ ഞാനെന്തയ്യോ പുലമ്പിനേന്‍
മൗര്‍ഖ്യത്താലിസ്സിദ്ധന്റെ മാഹാത്മ്യം ഗ്രഹിക്കാതെ?
പൊന്‍മേടത്തലയ്ക്കുമേല്‍ കാക്കതന്‍ കാഷ്ഠം വീഴാം:
നിമ്‌നമാം ഖനിക്കകം ഹീരവും വിളഞ്ഞിടാം.
താര്‍മകന്‍ തന്‍കൈക്കളി കണ്ടതാര്‍? പൊഴിക്കുന്നു
നാന്മറപ്പുന്തേന്‍മാരി നാവിനാല്‍ നായാടിയും.
കൗശികദ്വിജാഹന്താഹന്താവാം ധര്‍മ്മവ്യാധന്‍
വ്യാസനാല്‍ പ്രകീര്‍ത്തിതന്‍; തദ്വംശമേതദ്വംശം.
എന്നെയും സമ്പൂര്‍ണ്ണനായ്ത്തീര്‍ക്കുവാനിദ്ദേഹത്തിന്‍
സന്നിധാനത്തെദ്ദൈവം കല്പിച്ചാല്‍ തെറ്റെന്തതില്‍?’
ഇത്തരം ചിന്തിച്ചോതി വീണ്ടുമപ്രജ്ഞാശാലി
‘സത്യം താന്‍ ഭവദ്വാക്യം സര്‍വവും മഹത്മാവേ!
ആവതും യോഗസ്ഥനായ് വാഴ്കിലും കൂടെക്കൂടെ
ദ്ദൈവം ഞാന്‍ സ്ഖലല്‍പദന്‍ മര്‍ത്ത്യനെന്നോര്‍പ്പിക്കുന്നു.

അങ്ങയെദ്ദര്‍ശിച്ചാവാമെന്‍ ശാപവിമോചന
മങ്ങേക്കൈ തൊട്ടിട്ടാവാമെന്‍ തേരിന്‍ പുരോഗതി.
വൈശസം ചെയ്‌തേനല്ലോ ഞാനങ്ങേയ്ക്കന്തേവാസി; ധ1പ
യാചിപ്പന്‍ ക്ഷമാഭിക്ഷ  യായതെന്‍ യതിവ്രതം.
എങ്ങുമിച്ചരാചരബ്രഹ്മാണ്ഡഭാണ്ഡത്തിന്ക
ലങ്ങയെക്കാണ്മോരങ്ങെന്നദ്ധ്യാത്മവിദ്യാചാര്യന്‍.
പൂജ്യപാദനായുള്ള ഗോവിന്ദഗുരുവോടും
പ്രാജ്യമാമീവിദ്യ ഞാന്‍ പാതിയേ പഠിച്ചുള്ളു.
അങ്ങുതാന്‍ തദുല്‍ഗ്രന്ഥശിക്ഷകന്‍  യാവജ്ജീവ
മങ്ങേയ്‌ക്കെന്‍ സഭാജനമദ്വൈതപ്രവക്താവേ !’
എന്നുരച്ചവന്‍ ചൊല്ലി പഞ്ചകം മനീഷാഖ്യം
പിന്നത്തെസ് സൂത്രഭാഷ്യമന്ത്രത്തിന്‍ പ്രണവമായ്.
അന്നമന്ദാനന്ദാശ്രുമഗ്‌നനാമദ്ധന്യന്നു
പുണ്യമാം ഗംഗാസ്‌നാനം പുനരുക്തമായ്ത്തീര്‍ന്നു.

അബ്ദമെത്രയോ പോയി ഭിക്ഷുവും നായാടിയു
മിത്തരം സംഭാഷണം ചെയ്തകന്നതില്‍പ്പിന്നെ.
ധാത്രിയെന്തതിന്‍ പൊരുളെന്നിന്നുംധരിപ്പീല;
ധാത്രിതന്നുറക്കുപാട്ടായതിന്നീവാഗ്വാദം.
പന്കമറ്റുണ്ടായ് പോലും ഭാരതോര്‍വിയില്‍പ്പണ്ടു
ശന്കരാചാര്യര്‍ക്കൊരു ചണ്ഡാലമഹാചാര്യന്‍;
എന്നതാനീയൈതിഹ്യമര്‍ത്ഥവാദാകാരത്തില്‍
പ്പിന്നാളില്‍ സത്യാനൃതമെന്തതില്‍ച്ചേര്‍ന്നീടിലും.
എന്താവാമിതിന്‍ സാരം? സംഭൂതനെന്നായ് വരാം
മന്താവാം മഹാനേകന്‍ മാതംഗവംശത്തിന്കല്‍.
ചേണെഴും ശ്രീകാശിയിലക്കാലമാടിപ്പാടി
തൂണിലും തുരുമ്പിലും ശ്രുത്യന്തരസരസ്വതി;
അദ്ദേശപ്രാന്തത്തിന്കല്‍ വാണിടും വ്യാധന്‍പോലു
മദ്വൈതജ്ഞാനം നേടിജ്ജീവന്മുക്തനായ്ത്തീര്‍ന്നു.
ഉപരിഗ്രന്ഥങ്ങള്‍ തന്‍ പഠനം കൊണ്ടല്ലാതെ
യപരോക്ഷാനുഭൂതി വരികില്ലെന്നില്ലല്ലോ.
ശുദ്ധനാമദ്ദേഹത്തിന്‍ മുന്നില്‍  എന്തോതാം?  ഒരു
പുസ്തകം തിന്നും പുഴ പൂജ്യനാം ജഗല്‍ഗുരു!
ആചാര്യന്‍ തപസ്വിയാമന്നിഷാദനെപ്പറ്റി
രാജാവിന്‍ മുന്നില്‍ക്കടന്നാക്രോശം തുടര്‍ന്നീല;
ജ്ഞാനമെങ്ങങ്ങേ മേന്മ, ജാതിക്കോല്‍ കൊണ്ടല്ലതിന്‍
മാനമെന്നോര്‍ത്തങ്ങോട്ടു കൈ കൂപ്പിയത്രേനിന്നു.

ആത്മജ്ഞനാമാവ്യാധനാചാര്യഗുരുവെങ്കി
ലാത്മജ്ഞാനാപ്തിക്കേതു തദ്വംശ്യര്‍ക്കപാത്രത്വം?

ഞാനറിഞ്ഞീടുന്നുണ്ടു ചണ്ഡാലനല്ലപ്പുമാന്‍
ദീനബാന്ധവന്‍ ശിവന്‍ താനെന്ന ജനശ്രുതി
ശങ്കരന്‍ ബ്രഹ്മജ്ഞാനി കണ്ടിരുന്നിടാം സാക്ഷാല്‍
ശങ്കരന്‍ തന്‍ രൂപത്തിലപ്പോളന്നിഷാദനെ
തന്നെപ്പോല്‍ ചരാചരം സര്‍വവും കാണ്മാനുള്ള
കണ്ണുള്ളോന്‍ ‘ശിവോഹ’ മെന്നോതുവോനാണമ്മഹാന്‍;
അകയാലമ്മട്ടവന്‍ വ്യാധനെഗ്ഗിരീശനാ
യാലോകിച്ചിരുന്നിടാമദ്ദിവ്യക്ഷണത്തിങ്കല്‍.
അല്ലെങ്കില്‍ ഗംഗാധരന്‍ തന്നെ തല്‍ പുരോഭുവി
ലുല്ലസിച്ചതാകട്ടെ, യെങ്കിലും തെറ്റെന്തതില്‍
എന്തിനായ് വിശ്വേശ്വരന്നപ്പരിവ്രാട്ടിന്‍ മുന്നി
ലന്ത്യജന്‍ തന്‍ വേഷത്തിലാഗമിക്കുവാന്‍ തോന്നി?
വര്‍ണ്ണിയായ് വരാം പണ്ടു ഗൗരി തന്‍ സമീപത്തി
ലെന്നമട്ട;തല്ലല്ലോ ചെയ്തതദ്ദയാസിന്ധു
ക്ഷത്രിയന്‍ കിരീടിതന്‍ ദോര്‍മ്മദം ശമിപ്പിച്ച
ലുബ്ധകന്‍ വേണം, വിപ്രന്‍, ‘കൈപ്പള്ളി’ക്കാന്ധ്യം നീക്കാന്‍.
‘ആഢ്യനാമെന്‍ വത്സ! കേള്‍; ലോകമാം നിശ്രേണിതന്‍
ചോട്ടിലുണ്ടൊട്ടേറെപ്പേരെന്‍ രൂപം ധരിപ്പവര്‍.
നിങ്ങള്‍തന്‍ സംവാദത്തിലന്ത്യജര്‍ സാധുക്കളാ
മെന്‍ കടക്കിടാങ്ങള്‍  ഞാന്‍ പ്രത്യേകം പോറ്റേണ്ടവര്‍.
എത്രമേല്‍ ബ്രഹ്മസൂത്രഭാഷ്യം നീ നിര്‍മ്മിക്കിലു
മെത്രമേല്‍ സര്‍വ്വജ്ഞപീഠാരൂഢനായീടിലും
ഇക്കിടാങ്ങളും നിന്റെ സോദരനന്മാരെന്നോര്‍ത്തേ
ശക്യമായ്ത്തീരൂ നിനക്കെന്‍ പദം പ്രാപിക്കുവാന്‍.
ഇക്കാര്യം കഥിക്കുവാനിമ്മട്ടില്‍ വന്നേന്‍’ എന്നാം
ചില്‍ക്കാതലാചാര്യന്നു നല്‍കിയോരുല്‍ബോധനം
തന്‍ നായ്ക്കു തന്നോടൊപ്പം കേറിടാന്‍ പാടില്ലാത്തൊ
രന്നാകമാശിപ്പീല താനെന്നാന്‍ യുധിഷ്ഠിരന്‍.
നമ്മളോ മന്നില്‍തന്നെ നമ്മള്‍തന്‍ ഭ്രാതാക്കളെ
ദ്ധര്‍മ്മത്തിന്‍ പേരില്‍ത്തല്ലിയോടിപ്പോരദ്വൈതികള്‍!
ആകവേ നരബലി ജാതിയാം പിശാചിന്നു
ഹാ! കോടക്കണക്കിന്നു നല്‍കുവോരഹിംസകര്‍ !!
‘മാറെ’ന്നു നാമിന്നോതും വാക്കു നാം നാളെക്കേല്‍ക്കും
നൂറുനൂറിരട്ടിച്ചു നാകത്തിന്‍ ദ്വാരത്തിങ്കല്‍.
മുറ്റുമേ ലോകാചാര്യന്‍ ശങ്കരന്‍ പോലും ചൊല്ലി
തെറ്റേറ്റ വാക്കാണാവാക്കെന്നു നാം മറക്കൊല്ലേ!

മണിമഞ്ജുഷ

Exit mobile version