ഒന്ന്
നീളവേ ചില്ലൊളിപ്പുള്ളികള്‍ മിന്നു, മാ
നീലിച്ചപീലി നിവര്‍ത്തി നിര്‍ത്തി;
കണ്ണഞ്ചിടും സപ്തവര്‍ണ്ണങ്ങളൊത്തു ചേര്‍
ന്നെണ്ണയൊലിക്കും കഴുത്തു നീട്ടി,
പത്തിവലിച്ചുവിരിച്ചു വാലിട്ടടി
ച്ചത്രയ്ക്കവശമായ് വാപിളര്‍ത്തി,
മിന്നല്‍ക്കൊടിപോല്‍ പിടയുമാ നാവുകള്‍
മുന്നോട്ടു മുന്നോട്ടു ചീറ്റി നീട്ടി,
ഉല്‍ക്കടപ്രാണദണ്ഡത്താല്‍പ്പുളയു,മൊ
രുഗ്രസര്‍പ്പത്തെയും കൊക്കിലേന്തി;
തഞ്ചത്തില്‍ തഞ്ചത്തില്‍ തത്തി,ജ്ജ്വലിക്കുന്ന
മഞ്ചാടിച്ചെങ്കനല്‍ക്കണ്ണുരുട്ടി;
ആരാലെന്മുന്നി,ലൊരാണ്‍മയിലായി വ
ന്നാടി നില്‍ക്കുന്നു, ഹാ, പാപമേ, നീ!
ഒട്ടല്ല കൗതുകം മാറോടു ചേര്‍ത്തൊന്നു
കെട്ടിപ്പിടിക്കാനെനിക്കു നിന്നെ.
രക്തമൊലിക്കട്ടെ, കൂര്‍ത്തൊരക്കൊക്കിനാല്‍
കൊത്തുക കൊത്തുകെന്‍ മാനസം നീ!
വീട്ടിലില്ലാനന്ദം, നാട്ടിലില്ലാനന്ദം
വീര്‍പ്പുമുട്ടീടുന്നിതെന്‍ ഹൃദന്തം.
കൊത്തിവലിക്കുകതില്‍നിന്നുമാ ജീവ
രക്തം മുഴുവനും ചോര്‍ന്നുപോട്ടെ.
എങ്കില്‍, ക്കനിഞ്ഞതു ചെയ്കില്‍ നീ, യിന്നെനി
യ്‌ക്കെന്തെന്തൊരാശ്വാസമായിരിക്കും!
എല്ലാരുമെന്നെ വെറുക്കുന്നുഞാനുമി
ന്നെല്ലാറ്റിനേയും വെറുത്തിടുന്നു.
എന്മനോഭാവത്തോടൈക്യത നേടുവാന്‍
സമ്മതമുള്ളവരാരുമില്ല
എന്നപോല്‍, മറ്റുള്ളോര്‍ കൊട്ടിടുംപോലാടി
നിന്നിടാന്‍ ഞാനുമൊരുക്കമില്ല.
ഭീകരമാമീപ്പൊരുത്തമില്ലായ്മയാല്‍
ലോകമെനിക്കു നരകമായി.
ഭീകരമാമീപ്പൊരുത്തമില്ലായ്മയാല്‍
ലോകത്തിനു ഞാന്‍ ചതുര്‍ത്ഥിയായി.
തെല്ലുനാളല്ലാതെ കൂടിക്കഴിഞ്ഞീടു
കില്ലെന്നോടൊത്താരുമെന്നുമെന്നും!
നീ മാത്രമുണ്ടെനിക്കെന്നടുത്തെപ്പൊഴും
നീരസം തോന്നാതെ തങ്ങിനില്‍ക്കാന്‍.
ഇല്ലെനിക്കാരു;മീ ലോകത്തില്‍ നീയല്ലാ
തില്ലെനിക്കാരും, ഞാന്‍ നിസ്സഹായന്‍!
ഇന്നതുകാരണ,മെന്തിലും മീതെയായ്
മന്നില്‍ ഞാനിഷ്ടപ്പെടുന്നു നിന്നെ!
ഉത്തമമിത്രമേ, സങ്കോചമെന്തിനു
കൊത്തിക്കുടിച്ചുകൊള്‍കെന്മനം നീ!!..