Keralaliterature.com

പേജ് 13

 

ചന്ദ്രിക

(എഴുന്നേറ്റിരുന്ന് ഭാനുമതിയുടെ കൈക്കുപിടിച്ചുകൊണ്ട്)
എന്നെയുംകൂടി വിസ്മരിച്ചിതാ
വിണ്ണിലേക്കുയരുന്നു ഞാന്‍!

 

ഭാനുമതി

വിസ്മയനീയംതന്നെയാണാത്മ
വിസ്മൃതിതന്‍ കിനാവുകള്‍.

ചന്ദ്രിക

(മതിമറന്ന് ഭാനുമതിയുടെ കൈകോര്‍ത്ത് നൃത്തംചെയ്തുകൊണ്ട്)
എങ്ങെ,വിടെ നീ മാമകപ്രേമ
രംഗസംഗീതസാരമേ?
എങ്ങു, ഹാ! മന്മനം കവര്‍ന്ന നീ
യെങ്ങു ഗന്ധര്‍വ്വരത്‌നമേ?
ദേഹമല്‌ള മജ്ജീവനുംകൂടി,
ദേവ, നിന്‍ തൃപ്പദങ്ങളില്‍
ഉള്‍പ്പുളകമാര്‍ന്നര്‍പ്പണംചെയ്‌വൂ
സസ്പൃഹം ഭക്തദാസി ഞാന്‍!

(അണിയറയില്‍)
മണി പതിനൊന്നു കഴിഞ്ഞുവലേ്‌ളാ;
മകളേ, നിനക്കിന്നുറക്കമിലേ്‌ള?

ചന്ദ്രിക

ഞാനുറങ്ങുവാന്‍ പോകയാണമ്മേ,
ഭാനൂ, ദീപമണച്ചേക്കൂ!

 

രമണന്‍/ഭാഗം ഒന്ന്/രംഗം നാല്

(വനം. ഒരു മരച്ചുവട്ടില്‍ രമണനും മദനനും ഇരിക്കുന്നു. ഇടതു ഭാഗത്തായി കളകളാരവത്തോടെ പുളഞ്ഞൊഴുകുന്ന ഒരു കൊച്ചരുവി. ചുറ്റുപാടും പുഷ്പനിബിഡങ്ങളായ വല്‌ളിപ്പടര്‍പ്പുകള്‍. അരുവിക്കരയില്‍ ആടുകള്‍ പുല്‌ളുമേഞ്ഞുകൊണ്ട് സ്വച്ഛന്ദം വിഹരിക്കുന്നു. സമയം മദ്ധ്യാഹ്നത്തോടടുത്തിട്ടുണ്ട്. രമണന്റെ മുഖം അവ്യക്തമായ എന്തോ ഒരു ശങ്കയെ ദ്യോതിപ്പിക്കുന്നതെങ്കിലും പ്രസന്നവും സുസ്‌മേരസുന്ദരവുമായി കാണപെ്പടുന്നു.

രമണന്‍

ആനന്ദത്തിന്റെ വെളിച്ചത്തിലിങ്ങനെ
ഞാനെന്നുമെന്നും കഴിഞ്ഞുവെങ്കില്‍!
സങ്കല്പലോകത്തിലെങ്കിലുമിങ്ങനെ
സംഗീതമായിട്ടലഞ്ഞുവെങ്കില്‍!
എന്നോടു ചൊല്‌ളു, മദന, നീയിസ്വര്‍ഗ്ഗ
നെന്നെന്നുമെന്‍ മുന്നില്‍ നില്പതാണോ?
വഞ്ചിതനാകുകയിലേ്‌ള ഞാനിന്നിതിന്‍
പുഞ്ചിരി നോക്കി മദിച്ചു നിന്നാല്‍?

Exit mobile version