ആകയാല്‍ മോക്ഷാര്‍ത്ഥിയാകില്‍ വിദ്യാഭ്യാസ
മേകാന്ത ചേതസാ ചെയ്ക വേണ്ടുന്നതും
തത്ര കാമക്രോധലോഭമോഹാദികള്‍
ശത്രുക്കളാകുന്നതെന്നുമറിക നീ
മുക്തിക്കു വിഘ്‌നം വരുത്തുവാനെത്രയും
ശക്തിയുള്ളൊന്നതില്‍ ക്രോധമറികെടോ
മതാപിത്രുഭ്രാത്രുമിത്രസഖികളെ
ക്രോധം നിമിത്തം ഹനിക്കുന്നിതു പുമാന്‍
ക്രോധമൂലം മനസ്താപമുണ്ടായ് വരും
ക്രോധമൂലം നൃണാം സംസാരബന്ധനം
ക്രോധമലേ്‌ളാ നിജ ധര്‍മ്മക്ഷയകരം
ക്രോധം പരിത്യജിക്കേണം ബുധജനം
ക്രോധമലേ്‌ളാ യമനായതു നിര്‍ണ്ണയം
വൈതരണ്യാഖ്യയാകുന്നതു തൃഷ്ണയും
സന്തോഷമാകുന്നതു നന്ദനം വനം
സന്തതം ശാന്തിയേ കാമസുരഭി കേള്‍
ചിന്തിച്ചു ശാന്തിയെത്തന്നെ ഭജിയ്ക്ക നീ
സന്താപമെന്നാലൊരു ജാതിയും വരാ
ദേഹേന്ദ്രിയപ്രാണബുദ്ധ്യാദികള്‍ക്കെല്‌ളാ
മാഹന്ത മേലേ വസിപ്പതാത്മാവു കേള്‍
ശുദ്ധസ്വയംജ്യോതിരാനന്ദപൂര്‍ണ്ണമായ്
തത്വാര്‍ത്ഥമായ് നിരാകാരമായ് നിത്യമായ്
നിര്‍വ്വികല്പം പരം നിര്‍വ്വികാരം ഘനം
സര്‍വ്വൈകകാരണം സര്‍വജഗന്മയം
സര്‍വ്വൈകസാക്ഷിണം സര്‍വജ്ഞമീശ്വരം
സര്‍വദാ ചേതസീ ഭാവിച്ചു കൊള്‍ക നീ
സാരജ്ഞനായ നീ കേള്‍ സുഖദു:ഖദം
പ്രാരാബ്ധമെല്‌ളാമനുഭവിച്ചീടണം
കര്‍മ്മേന്ദ്രിയങ്ങളാല്‍ കര്‍ത്തവ്യമൊക്കവേ
നിര്‍മ്മായമാചരിച്ചീടുകെന്നേവരൂ
കര്‍മ്മങ്ങള്‍ സംഗങ്ങളൊന്നിലും കൂടാതെ
കര്‍മ്മഫലങ്ങളില്‍ കാക്ഷയും കൂടാതെ
കര്‍മ്മങ്ങളെല്‌ളാം വിധിച്ചവണ്ണം പര
ബ്രഝണി നിത്യേ സമര്‍പ്പിച്ചു കൊള്ളണം
നിര്‍മ്മലമായുള്ളോരാത്മാവു തന്നോടു
കര്‍മ്മങ്ങളൊന്നുമേ പറ്റുകയിലെ്‌ളന്നാല്‍
ഞാനിപ്പറഞ്ഞതെല്‌ളാമേ ധരിച്ചു തത്
ജ്ഞാനസ്വരൂപം വിചാരിച്ചു സന്തതം
മാനത്തെയൊക്കെ ത്യജിച്ചു നിത്യം പര
മാനന്ദമുള്‍ക്കൊണ്ടു മായാവിമോഹങ്ങള്‍
മാനസത്തിങ്കല്‍ നിന്നാശു കളക നീ
മാനമലേ്‌ളാ പരമാപദാമാസ്പദം
സൌമിത്രി തന്നോടിവണ്ണമരുള്‍ ചെയ്തു
സൌമുഖ്യമോടു മാതാവോടു ചൊല്‌ളിനാന്‍: