കഷ്ടമാഹന്ത! കഷ്ടം! പശ്യ പശ്യ ഹാ!
കഷ്ടമെന്തിങ്ങനെ വന്നതു ദൈവമേ!
സോദരനോടും പ്രണയിനി തന്നോടും
പാദചാരേണസഹായവും കൂടാതെ
ശര്‍ക്കരാകണ്ടക നിമ്‌നോന്നതയുത
ദുര്‍ഘടമായുള്‍ല ദുര്‍ഗ്ഗമാര്‍ഗ്ഗങ്ങളില്‍
രക്തപത്മത്തിനു കാഠിന്യമേകുന്ന
മുഗ്ദ്ധമൃദുതരസ്‌നിഗ്ദ്ധപാദങ്ങളാല്‍
നിത്യം വനാന്തെ നടക്കെന്നു കല്‍പ്പിച്ച
പൃഥ്വീശചിത്തം കഠോരമത്രേ തുലോം
പുത്രവാത്സല്യം ദശരഥന്‍ തന്നോളം
മര്‍ത്ത്യരിലാര്‍ക്കുമില്‌ളിന്നലെയോളവും
ഇന്നിതു തോന്നുവാനെന്തൊരു കാരണ
മെന്നതുകേട്ടുടന്‍ ചൊല്‌ളിനാനന്യനും:
കേകയപുത്രിയ്ക്കു രണ്ടു വരം നൃപ
നേകിനാന്‍പോലതു കാരാണം രാഘവന്‍
പോകുന്നിതു വനത്തിന്നു, ഭരതനും
വാഴ്‌കെന്നു വന്നുകൂടും ധരാമണ്ഡലം
പോക നാമെങ്കില്‍ വനത്തിന്നു കൂടവേ
രാഘവന്‍ തന്നെപ്പിരിഞ്ഞാല്‍ പൊറുക്കുമൊ?
ഇപ്രകാരം പുരവാസികളായുള്ള
വിപ്രാദികള്‍ വാക്കു കേട്ടോരനന്തരം
വാമദേവന്‍ പുരവാസികള്‍ തന്നോടു
സാമോദമേവമരുള്‍ ചെയ്തിതന്നേരം:
രാമസീതാതത്ത്വം
രാമനെച്ചിന്തിച്ചു ദു:ഖിയായ്കാരുമേ
കോമളഗാത്രിയാം ജാനകിമൂലവും
തത്ത്വമായുള്ളതു ചൊല്‌ളുന്നതുണ്ടു ഞാന്‍
ചിത്തം തെളിഞ്ഞുകേട്ടീടുവിനേവരും
രാമനാകുന്നതു സാക്ഷാല്‍ മഹാവിഷ്ണു
താമരസാക്ഷനാമാദിനാരായണന്‍
ലക്ഷമണനായതനന്തന്‍ ജനകജാ
ലക്ഷമീഭഗവതി ലോകമായാ പരാ
മായാഗുണങ്ങളെത്താനവലംബിച്ചു
കായഭേദം ധരിയ്ക്കുന്നിതാത്മാപരന്‍
രാജസമായഗുണത്തോടുകൂടവേ
രാജീവസംഭവനായ് പ്രപഞ്ചദ്വയം
വ്യക്തമായ് സൃഷ്ടിച്ചു, സത്യപ്രധാനനായ്
ഭക്തപാരായണന്‍ വിഷ്ണുരൂപം പൂണ്ടു
നിത്യവും രക്ഷിച്ചുകൊള്ളുന്നതീശ്വര
നാദ്യനജന്‍ പരമാത്മാവു സാദരം
രുദ്രവേഷത്താല്‍ തമോഗുണയുകതനാ
യദ്രിജാവല്‌ളഭന്‍ സംഹരിക്കുന്നതും
വൈവസ്വത മനു ഭക്തിപ്രസന്നനായ്
ദേവന്‍ മകരാവതാരമനുഷ്ഠിച്ചു
വേദങ്ങളെല്‌ളാം ഹയഗ്രീവനെക്കൊന്നു
വേധാവിനാക്കിക്കൊടുത്തതീ രാഘവന്‍
പാഥോനിഥിമധനേ പണ്ടു മന്ദരം
പാതാളലോകം പ്രവേശിച്ചതു നേരം
നിഷ്ഠുരമായോരു കൂര്‍മ്മാകൃതിയും പൂണ്ടു
പൃഷ്‌ഠേ ഗിരീന്ദ്രം ധരിച്ചതീ രാഘവന്‍
ദുഷ്ടനായോരു ഹിരണ്യാക്ഷനെക്കൊന്നു
ഘൃഷ്ടിയായ് തേറ്റമേല്‍ ക്ഷോണിയെപെ്പാങ്ങിച്ചു
കാരണവാരിധി തന്നില്‍ മേളിച്ചതും