Keralaliterature.com

അയോദ്ധ്യാകാണ്ഡം പേജ് 44

 

എന്നരുള്‍ചെയ്‌തെഴുന്നെള്ളി മുനികളു
മന്നു തുടങ്ങിഞാനിങ്ങനെ വന്നതും.
രാ!മനാമത്തിന്‍ പ്രഭാവം നിമിത്തമായ്
രാമ! ഞാനിങ്ങനെയായ് ചമഞ്ഞീടിനേന്‍.
ഇന്നു സീതാസുമിത്രാത്മജന്മാരോടും
നിന്നെ മുദാ! കാണ്‍മതിന്നവകാശവും
വന്നിതെനിക്കു,മുന്നം ചെയ്തപുണ്യവും
നന്നായ് ഫലിച്ചു കരുണാജലനിധേ!
രാജീവ ലോചനം രാമം ദയാപരം
രാജേന്ദ്രശേഖരം രാഘവം ചക്ഷുഷാ
കാണായമൂലം വിമുക്തനായേനഹം
ത്രാണനിപുണ! ത്രിദശകുലപതേ!
സീതയാ സാര്‍ദ്ധം വസിപ്പതിനായൊരു
മോദകരസ്ഥലം കാട്ടിത്തരുവന്‍ ഞാന്‍
പോന്നാലുമെന്നെഴുന്നള്ളിനാനന്തികേ
ചേര്‍ന്നുള്ള ശീഷ്യപരിവൃതനാം മുനി.
ചിത്രകൂടാചലഗംഗയോരന്തരാ
ചിത്രമായോരുടജം തീര്‍ത്തു മാമുനി
തെക്കും വടക്കും കിഴക്കും പടിഞ്ഞാറു
മിക്ഷവിമോഹനമായ് രണ്ടു ശാലയും
നിര്‍മ്മിച്ചിവിടെയിരിക്കെന്നരുള്‍ ചെയ്തു;
മന്മഥതുല്യന്‍ ജനകജതന്നോടും
നിര്‍മ്മലനാകിയ ലക്ഷമണന്‍ തന്നോടും
ബ്രഝാത്മനാ മരുവീടിനന്‍,രാമനും
വാല്‍മീകിയാല്‍ നിത്യപൂജിതനായ് സദാ.
കാമ്യാംഗിയായുള്ള ജാനകി തന്നോടും
സാദരമാനന്ദമുള്‍ക്കൊണ്ടു മേവിനാന്‍.
ദേവമുനീവരസേവിതനാകിയ
ദേവരാജന്‍ ദിവി വാഴുന്നതുപോലെ.

ദശരഥന്റെ ചരമം

മന്ത്രിവരനാം സുമന്ത്രരുമേറിയോ
രന്തശ്ശുചാ ചെന്നയൊദ്ധ്യ പുക്കീടിനാന്‍.
വസ്‌ത്രേണ വക്രതവുമാച്ഛാദ്യ കണ്ണു നീ
രത്യര്‍ത്ഥമിറ്റിറ്റു വീണും തുടച്ചുമ
ത്തേരും പുറത്തുഭാഗത്തു നിര്‍ത്തിച്ചെന്നു
ധീരതയോടു നൃപനെ വണങ്ങിനാന്‍.
ധാത്രീപതെ! ജയ വീര മൌലേ ജയ
ശാസ്ത്രമതേ!ജയ ശൌര്യാംബുധേ! ജയ
കീര്‍ത്തി നിധേ! ജയ സ്വാമിന്‍!ജയ ജയ
മാര്‍ത്താണ്ഡഗോത്രജാതോത്തംസമേ! ജയ.
ഇത്തരം ചൊല്‌ളി സ്തുതിച്ചു വണങ്ങിയ
ഭൃത്യനോടാശു ചോദിച്ചു നൃപോത്തമന്‍:

Exit mobile version