ഖേദം മതി മതി കേളിതു കേവലം
വൃദ്ധന്‍ ദശരഥനാകിയ രാജാധിപന്‍
സത്യപരക്രമന്‍ വിജ്ഞാനവീര്യവാന്‍
മര്‍ത്ത്യസുഖങ്ങളാം രാജഭോഗങ്ങളും
ഭുക്ത്വാ യഥാവിധി യജ്ഞങ്ങളും ബഹു
കൃത്വാ ബഹുധനദക്ഷിണയും മുദാ
ദത്വാ ത്രിവിഷ്ടപം ഗത്വാ യഥാസുഖം
ലബ്ധ്വാ പുരന്ദരാര്‍ദ്ധാസനം ദുര്‍ല്‌ളഭം
വൃത്രാരിമുഖ്യത്രിദശൌഘവന്ദ്യനാ
യാന്ദമോടിരിക്കുന്നതിനെന്തു നീ
യാനനം താഴ്ത്തി നേത്രാംബു തൂകീടുന്നു?
ശുദ്ധാത്മനാ ജന്മനാശാദിവര്‍ജ്ജിതന്‍
നിത്യന്‍ നിരുപമനവ്യയ ദ്വയന്‍
സത്യസ്വരൂപന്‍ സകലജഗത്മയന്‍
മൃത്യുജന്മാദിഹീനന്‍ ജഗല്‍കാരണന്‍.
ദേഹമത്യര്‍ത്ഥം ജഡം ക്ഷണഭംഗുരം
മോഹൈകകാരണം മുക്തിവിരോധകം
ശുദ്ധിവിഹീനം പവിത്രമലെ്‌ളാട്ടുമേ
ചിത്തേ വിചാരിച്ചു കണ്ടാലൊരിക്കലും
ദു:ഖിപ്പതിനവകാശമിലേ്‌ളതുമേ
ദു:ഖേന കിം ഫലം മൃത്യുവശാത്മനാം?
താതെനെന്നാകിലും പുത്രനെന്നാകിലും
പ്രേതരായാലതിമൂഢരായുള്ളവര്‍
മാറത്തലച്ചു തൊഴിച്ചു മുറവിളി
ച്ചേറെത്തളര്‍ന്നു മോഹിച്ചു വീണീടുവോര്‍
നിസ്‌സാരമെത്രയും സംസാരമോര്‍ക്കിലോ
സത്സഗമൊന്നേ ശുഭകരമായുള്ളു
തത്ര സൌഖ്യം വരുത്തീടുവാന്‍ നല്‌ളതു
നിത്യമായുള്ള ശാന്തിയറിക നീ.
ജന്മമുണ്ടാകുകില്‍ മരണവും നിശ്ചയം
ജന്മം മരിച്ചവര്‍ക്കും വരും നിര്‍ണ്ണയം
ആര്‍ക്കും തടുക്കരുതാതൊരവസ്ഥയെ
ന്നോര്‍ക്കണമെല്‌ളാം സ്വകര്‍മ്മവശാഗതം
തത്ത്വമറിഞ്ഞുള്ള വിദ്വാനൊരിക്കലും
പുത്രമിത്രാദി കളത്രാദി വസ്തുനാ
വേര്‍പെടുന്നേരം ദു:ഖമിലേ്‌ളതുമേ
സ്വോപൊതമെന്നാല്‍ സുഖവുമിലേ്‌ളതുമേ.
ബ്രഝാണ്ഡകോടികള്‍ നഷ്ടങ്ങളായതും
ബ്രഝണാ സൃഷ്ടങ്ങളായതും പാര്‍ക്കിലോ
സംഖ്യയില്‌ളാതോളമുണ്ടിതെന്നാല്‍ കഷണ
ഭംഗുരമായുള്ള ജീവിതകാലത്തി
ലെന്തൊരാസ്ഥാ മഹാജ്ഞാനിനാമുള്ളതും?
ബന്ധമെന്തീ ദേഹദേഹികള്‍ക്കെന്നതും
ചിന്തിച്ചു മായാഗുണവൈഭവങ്ങളു
മന്തര്‍മുദാ കണ്ടവര്‍ക്കെന്തു സംഭ്രമം?
കമ്പിതപത്രാഗ്രലഗ്‌നാംബുബിന്ദുവല്‍
സമ്പതിച്ചീടുമായുസ്‌സതി നശ്വരം.
പ്രാക്തനദേഹസ്ഥകര്‍മണാ പിന്നേയും
പ്രാപ്തമാം ദേഹിക്കു ദേഹം പുനരപി.
ജീര്‍ണ്ണവസ്ത്രങ്ങളുപേക്ഷിച്ചു ദേഹികള്‍
പൂര്‍ണശോഭം നവവസ്ത്രങ്ങള്‍ കൊള്ളൂന്നു.