Keralaliterature.com

അയോദ്ധ്യാകാണ്ഡം പേജ് 55

ശത്രുഘ്‌നസംയുക്തനായ ഭരതനെ
ത്തത്ര വരുത്തിയനേരമവര്‍കളും
മന്ത്രികളോടും പുരവാസികളോടു
മന്ദരാനന്ദം വളര്‍ന്നുമരുവിനാര്‍.
കുമ്പിട്ടു നിന്ന ഭരതകുമാരനോ
ടംഭോജസംഭവനന്ദനന്‍ ചൊല്‌ളിനാന്‍
ദേശകാലോചിതമായുള്ള വാക്കുകള്‍
ദേശികനായ ഞാനാശു ചൊല്‌ളീടുവന്‍
സത്യസന്ധന്‍ തവ താതന്‍ ദശരഥന്‍
പൃത്ഥീതലം നിനക്കദ്യ നല്കീടിനാന്‍
പുത്രാഭ്യുദയാര്‍ത്ഥമേഷ കൈകേയിക്കു
ദത്തമായോരു വരദ്വയം കാരണം.
മന്ത്രപൂര്‍വ്വമഭിഷേകം നിനക്കു ഞാന്‍
മന്ത്രികളോടുമന്‍പോടു ചെയ്തീടുവന്‍.
രാജ്യമരാജകമാം, ഭവാനാലിനി
ത്യാജ്യമലെ്‌ളന്നു ധരിക്കകുമാര! നീ
താതനിയോഗമനുഷ്ഠിക്കയും വേണം
പാതകമുണ്ടാമതല്‌ളായ്കിലേവനും.
ഒന്നൊഴിയാത ഗുണങ്ങള്‍ നരന്മാര്‍ക്കു
വന്നുകൂടുന്നു ഗുരുപ്രസാദത്തിനാല്‍
എന്നരുള്‍ ചെയ്തവസിഷ്ഠമുനിയോടു
നന്നായ് തൊഴുതുണര്‍ത്തിച്ചു ഭരതനും:
ഇന്നടിയനു രാജ്യം കൊണ്ടു കിം ഫലം?
മന്നവനാകുന്നതും മമ പൂര്‍വജന്‍.
ഞങ്ങളവനുടെ കിങ്കരന്മാരത്രെ
നിങ്ങളിതെല്‌ളാമറിഞ്ഞലെ്‌ളാ മേവുന്നു.
നാളെപ്പുലര്‍കാലേ പോകുന്നതുണ്ടു ഞാന്‍
നാളീകനേത്രനെക്കൊണ്ടിങ്ങു പോരുവാന്‍
ഞാനും ഭവാനുമരുന്ധതീദേവിയും
നാനാപുരവാസികളുമമാത്യരും
ആന തേര്‍ കാലാള്‍ കുതിരപ്പടയോടു
മാനക ശംഖ പടഹവാദ്യത്തൊടും
സോദരഭൂസുരതാപസസാമന്ത
മേദിനീപാലകവൈശ്യശൂദ്രാദിയും
സാദരമാശു കൈകേയിയൊഴിഞ്ഞുള്ള
മാതൃജനങ്ങളുമായിട്ടു പോകണം.
രാമനിങ്ങാഗമിച്ചീടുവോളം ഞങ്ങള്‍
ഭൂമിയില്‍ത്തന്നെ ശയിക്കുന്നതേയുള്ളു.
മൂലഫലങ്ങള്‍ ഭുജിച്ചു ഭസിതവു
മാലേപനം ചെയ്തു വല്‍കലവും പൂണ്ടു
താപസവേഷം ധരിച്ചു ജട പൂണ്ടു
താപം കലര്‍ന്നു വസിക്കുന്നതേയ്യുള്ളു.
ഇത്ഥം ഭരതന്‍ പറഞ്ഞതു കേട്ടവ
രെത്രയും നന്നുനന്നെന്നു ചൊല്‌ളീടിനാര്‍.

Exit mobile version