ചെന്നതു ബാലിതന്‍മാറില്‍ തറച്ചള
വൊന്നങ്ങലറി വീണീടിനാന്‍ ബാലിയും.
ഭൂമിയുമൊന്നു വിറച്ചിതന്നേരത്തു
രാമനെക്കൂപ്പിസ്തുതിച്ചു മരുല്‍സുതന്‍.
മോഹം കലര്‍ന്നു മുഹൂര്‍ത്തമാത്രം പിന്നെ
മോഹവും തീര്‍ന്നു നോക്കീടിനാന്‍ ബാലിയും.
കാണായിതഗ്രേ രഘൂത്തമനെത്തദാ
ബാണവും ദക്ഷിണഹസ്‌തേ ധരിച്ചന്യ
പാണിയില്‍ ചാപവും ചീരവസനവും
തൂണീരവും മൃദുസ്‌മേരവദനവും
ചാരുജടാമകുടംപൂണ്ടിടംപെട്ട
മാറിടത്തിങ്കല്‍ വനമാലയും പൂണ്ടു
ചാര്‍വ്വായതങ്ങളായുളള ഭുജങ്ങളും
ദുര്‍വ്വാദളച്ഛവി പൂണ്ട ശരീ്‌രവും
പക്ഷഭാഗേ പരിസേവിതന്മാരായ
ലക്ഷമണസുഗ്രീവന്മാരെയുമഞ്ജസാ
കണ്ടു ഗര്‍ഹിച്ചുപറഞ്ഞിതു ബാലിയു
മുണ്ടായ കോപഖേദാകുലചേതസാ:
”എന്തു ഞാനൊന്നു നിന്നോടു പിഴച്ചതു
മെന്തിനെന്നെക്കൊലചെയ്തു വെറുതേ നീ?
വ്യാജേന ചോരധര്‍മ്മത്തെയും കൈക്കൊണ്ടു
രാജധര്‍മ്മത്തെ വെടിഞ്ഞതെന്തിങ്ങനെ?
എന്തൊരു കീര്‍ത്തി ലഭിച്ചതിതുകൊണ്ടു
ചിന്തിക്ക രാജകുലോത്ഭവനലേ്‌ളാ നീ.
വീരധര്‍മ്മം നിരൂപിച്ചു കീര്‍ത്തിക്കെങ്കില്‍
നേരെ പൊരുതു ജയിക്കേണമേവനും.
എന്തോന്നു സുഗ്രീവനാല്‍ കൃതമായതു
മെന്തു മേറ്റ്ന്നാല്‍ കൃതമല്‌ളയാഞ്ഞതും?
രക്ഷോവരന്‍ തവ പത്‌നിയെക്കട്ടതി
നര്‍ക്കാത്മജനെശ്ശരണമായ് പ്രാപിച്ചു
നിഗ്രഹിച്ചു ഭവാനെന്നെയെന്നാകിലോ
വിക്രമം മാമകം കേട്ടറിയുന്നീലേ?
ആരറിയാത്തതു മൂന്നു ലോകത്തിലും
വീരനാമെന്നുടെ ബാഹുപരാക്രമം?
ലങ്കാപുരത്തെ ത്രികൂടമൂലത്തൊടും
ശങ്കാവിഹീനം ദശാസ്യനോടുംകൂടെ
ബന്ധിച്ചു ഞാനരനാഴികകൊണ്ടു നി
ന്നന്തികേവെച്ചു തൊഴുതേനുമാദരാല്‍.
ധര്‍മ്മിഷ്ഠനെന്നു ഭവാനെ ലോകത്തിങ്കല്‍
നിര്‍മ്മലന്മാര്‍ പറയുന്നു രഘുപതേ!
ധര്‍മ്മമെന്തോന്നു ലഭിച്ചതിതുകൊണ്ടു
നിര്‍മ്മൂലമിങ്ങനെ കാട്ടാളനെപേ്പാലെ
വാനരത്തെച്ചതിചെയ്തു കോന്നിട്ടൊരു
മാനമുണ്ടായതെന്തെന്നു പറക നീ?
വാനരമാംസമഭക്ഷ്യമത്രേ ബത,
മാനസേ തോന്നിയതെന്തിതു ഭൂപതേ!”
ഇത്ഥം ബഹുഭാഷണം ചെയ്ത ബാലിയോ
ടുത്തരമായരുള്‍ചെയ്തു രഘൂത്തമന്‍;
”ധര്‍മ്മത്തെ രക്ഷിപ്പതിന്നായുധവുമായ്
നിര്‍മ്മത്സരം നടക്കുന്നിതു നീളെ ഞാന്‍.
പാപിയായോരധര്‍മ്മിഷ്ഠനാം നിന്നുടെ
പാപം കളഞ്ഞു ധര്‍മ്മത്തെ നടത്തുവാന്‍
നിന്നെ വധിച്ചിതു ഞാന്‍ മോഹബദ്ധനായ്
നിന്നെ നീയേതുമറിയാഞ്ഞതുമെടോ.
പുത്രി ഭഗിനി സഹോദരഭാര്യയും
പുത്രകളത്രവും മാതാവുമേതുമേ
ഭേദമിലെ്‌ളന്നലേ്‌ളാ വേദവാക്യ,മതു
ചേതസി മോഹാല്‍ പരിഗ്രഹിക്കുന്നവന്‍
പാപികളില്‍വച്ചുമേറ്റം മഹാപാപി;
താപമവര്‍ക്കതിനാലെ വരുമലേ്‌ളാ.
മര്യാദ നീക്കി നടക്കുന്നവര്‍കളെ
ശ്ശൗര്യമേറും നൃപന്മാര്‍ നിഗ്രഹിച്ചഥ
ധര്‍മ്മസ്ഥിതി വരുത്തും ധരണീതലേ
നിര്‍മ്മലാത്മ നീ നിരൂപിക്ക മാനസേ.
ലോകവിശുദ്ധി വരുത്തുവാനായ്‌ക്കൊണ്ടു
ലോകപാലകന്മാര്‍ നടക്കുമെല്‌ളാടവും.
ഏറെപ്പറഞ്ഞുപോകായ്കവരോ,ടതും
പാപത്തിനായ്‌വരും പാപികള്‍ക്കേറ്റവും.”