പാദസേവകനായ ഭക്തനാം ദാസന്‍ ബ്രഹ്മ
പാദജനജ്ഞാനിനാമാദ്യനായുളേളാരു ഞാന്‍
വേദസമ്മിതമായ് മുമ്പുളള ശ്രീരാമായണം
ബോധഹീനന്മാര്‍ക്കറിയാംവണ്ണം ചൊല്‌ളീടുന്നേന്‍.
വേദവേദാംഗവേദാന്താദിവിദ്യകളെല്‌ളാം
ചേതസി തെളിഞ്ഞുണര്‍ന്നാവോളം തുണയ്‌ക്കേണം.
സുരസംഹതിപതി തദനു സ്വാഹാപതി
വരദന്‍ പിതൃപതി നിരൃതി ജലപതി
തരസാ സദാഗതി സദയം നിധിപതി
കരുണാനിധി പശുപതി നക്ഷത്രപതി
സുരവാഹിനീപതിതനയന്‍ ഗണപതി
സുരവാഹിനീപതി പ്രമഥഭൂതപതി
ശ്രുതിവാക്യാത്മാ ദിനപതി ഖേടാനാംപതി
ജഗതി ചരാചരജാതികളായുളേളാരും
അഗതിയായോരടിയന്നനുഗ്രഹിക്കേണ
മകമേ സുഖമേ ഞാനനിശം വന്ദിക്കുന്നേന്‍.
അഗ്രജന്‍ മമ സതാം വിദുഷാമഗ്രേസരന്‍
മല്‍ഗുരുനാഥനനേകാന്തേവാസികളോടും
ഉള്‍ക്കുരുന്നിങ്കല്‍ വാഴ്ക രാമരാമാചാര്യനും
മുഖ്യന്മാരായ ഗുരുഭൂതന്മാര്‍ മറ്റുളേളാരും.
ശ്രീരാമായണം പുരാ വിരിഞ്ചവിരചിതം
നൂറുകോടി ഗ്രന്ഥമുണ്ടില്‌ളതു ഭൂമിതന്നില്‍.
രാമനാമത്തെജ്ജപിച്ചൊരു കാട്ടാളന്‍ മുന്നം
മാമുനിപ്രവരനായ് വന്നതു കണ്ടു ധാതാ
ഭൂമിയിലുള്ള ജന്തുക്കള്‍ക്കു മോക്ഷാര്‍ത്ഥമിനി
ശ്രീമഹാരാമായണം ചമയ്‌ക്കെന്നരുള്‍ ചെയ്തു
വീണാപാണിയുമുപദേശിച്ചു രാമായണം
വാണിയും വാല്മീകിതന്‍ നാവിന്മേല്‍ വാണീടിനാള്‍
വാണീടുകവ്വണ്ണമെന്‍ നാവിന്മേലേവം ചൊല്‍വാന്‍
നാണമാകുന്നതാനുമതിനെന്താവതിപേ്പാള്‍?
വേദശാസ്ത്രങ്ങള്‍ക്കധികാരിയലെ്‌ളന്നതോര്‍ത്തു
ചേതസ്‌സി സര്‍വ്വം ക്ഷമിച്ചീടുവിന്‍ കൃപയാലേ
അദ്ധ്യാന്മകപ്രദീപകമത്യന്തം രഹസ്യാമി
തദ്ധ്യാന്മരാമായണം മൃത്യുശാസനപ്രോക്തം
അദ്ധ്യയനം ചെയ്തീടും മര്‍ത്ത്യജന്മികള്‍ക്കെല്‌ളാം
മുക്തി സിദ്ധിക്കുമസന്ദിഗ്ധമിജ്ജന്മം കൊണ്ടേ
ഭക്തി കൈക്കൊണ്ടു കേട്ടുകൊള്ളുവിന്‍
ചൊല്‌ളീടുവനെത്രയും ചുരുക്കി ഞാന്‍ രാമമാഹാന്മ്യമെല്‌ളാം.
ബുദ്ധിമത്തുക്കളായോരിക്കഥ കേള്‍ക്കുന്നാകില്‍
ബദ്ധരാകിലുമുടന്‍ മുക്തരായി വന്നു കൂടും.
ധാത്രീഭാരത്തെ തീര്‍പ്പാന്‍ ബ്രഹ്മാദിദേവഗണം
പ്രാര്‍ത്ഥിച്ചു ഭക്തിപൂര്‍വ്വം സ്‌തോത്രം ചെയ്തതുമൂലം
ദുഗ്ദ്ധാബ്ധിമദ്ധ്യേ ഭോഗിസത്തമനായീടുന്ന
മെത്തമേല്‍ യോഗനിന്ദ്ര ചെയ്തിടും നാരായണന്‍
ധാത്രീമണ്ഡലം തന്നില്‍ മാര്‍ത്താണ്ഡകുലത്തിങ്കല്‍
ധാത്രീന്ദ്രവീരന്‍ ദശരഥനു തനയനായ്
രാത്രീചാരികളായ രാവണാദികള്‍ തന്നെ
മാര്‍ത്താണ്ഡാത്മജപുരം പ്രാപിച്ചൊരു ശേഷം
ആദ്യമാം ബ്രഹ്മത്വം പ്രാപിച്ച വേദാന്തവാക്യ
വേദ്യനാം സീതാപതിശ്രീപാദം വന്ദിക്കുന്നേന്‍.