ഇന്ദ്രജിത്തിന്റെ വിജയം
‘മക്കളും തമ്പിമാരും മരുമക്കളു
മുള്‍ക്കരുത്തേറും പടനായകന്മാരും
മന്ത്രികളും മരിച്ചീടിനാരേറ്റവ
രെന്തിനി നല്‌ളതു ശങ്കര! ദൈവമേ!’
ഇത്ഥം വിലാപിച്ച നേരത്തു ചെന്നിന്ദ്ര
ജിത്തും നമസ്‌കരിച്ചീടിനാന്‍ താതനെ
‘ഖേദമുണ്ടാകരുതേതുമേ മാനസേ
താതനു ഞാനിഹ ജീവിച്ചിരിക്കവേ
ശത്രുക്കളെക്കൊലചെയ്തു വരുന്നതു
ണ്ടത്തലും തീര്‍ത്തിങ്ങിരുന്നരുളേണമേ!
സ്വസ്ഥനായ് വാഴുക ചിന്തയും കൈവിട്ടു
യുദ്ധേ ജയിപ്പാനനുഗ്രഹിക്കേണമേ!’
എന്നതു കേട്ടു തനയനേയും പുണര്‍
‘ന്നെന്നേ സുഖമേ ജയിച്ചു വരിക നീ’
വമ്പനാം പുത്രനും കുമ്പിട്ടു താതനെ
ത്തന്‍പടയോടും നടന്നു തുടങ്ങിനാന്‍
ശംഭുപ്രസാദം വരുത്തുവാനായ്‌ച്ചെന്നു
ജംഭാരിജിത്തും നികുംഭില പുക്കിതു
സംഭാരജാലവും സംപാദ്യ സാദരം
സംഭാവ്യ ഹോമമാരംഭിച്ചിതന്നേരം
രക്തമാല്യാംബര ഗന്ധാനുലേപന
യുക്തനായ്ത്തത്ര ഗുരൂപദേശാന്വിതം
ഭക്തിപൂണ്ടുജ്ജ്വലിപ്പിച്ചഗ്‌നിദേവനെ
ശക്തി തനിയ്ക്കു വര്‍ദ്ധിച്ചുവരുവാനായ്
നക്തഞ്ചരാധിപപുത്രനുമെത്രയും
വ്യകതവര്‍ണ്ണസ്വരമന്ത്രപുരസ്‌കൃതം
കര്‍ത്തവ്യമായുള്ള കര്‍മ്മം കഴിച്ചഥ
ചിത്രഭാനുപ്രസാദത്താലതിദ്രുതം
ശസ്ത്രാസ്ത്രചാപരഥാദികളോടുമ
ന്തര്‍ദ്ധാനവിദ്യയും ലബ്ധ്വാ നിരാകുലം
ഹോമസമാപ്തി വരുത്തിപ്പുറപെ്പട്ടു
രാമാദികളൊടു പോരിനായാശരന്‍
പോര്‍ക്കളം പുക്കോരുനേരം കപികളും
രാക്ഷസരെച്ചെറുത്താര്‍ത്തടുത്തീടിനാന്‍
മേഘജാലം വരിഷിക്കുന്നതുപോലെ
മേഘനാദന്‍ കണ തൂകിത്തുടങ്ങിനാന്‍
പാഷാണപര്‍വ്വതവൃക്ഷാദികള്‍കൊണ്ടു
ഭീഷണന്മാരായ വാനരവീരരും
ദാരുണമായ് പ്രഹരിച്ചുതുടങ്ങിനാര്‍
വാരണവാജിപദാതിരഥികളും
അന്തകന്‍തന്‍ പുരിയില്‍ച്ചെന്നു പുക്കവര്‍
ക്കന്തം വരുന്നതു കണ്ടൊരു രാവണി
സന്താപമോടുമന്തര്‍ദ്ധാനവും ചെയ്തു
സന്തതം തൂകിനാന്‍ ബ്രഝാസ്ത്രസഞ്ചയം
വൃക്ഷങ്ങള്‍ വെന്തു മുറിഞ്ഞു വീഴുംവണ്ണ
മൃക്ഷപ്രവരന്മാര്‍ വീണു തുടങ്ങിനാര്‍
വമ്പരാം മര്‍ക്കടന്മാരുടെ മെയ്യില്‍ വ
ന്നമ്പതും നൂറുമിരുനൂറുമഞ്ഞൂറും
അമ്പുകള്‍ കൊണ്ടു പിളര്‍ന്നു തെരുതെരെ
ക്കമ്പം കലര്‍ന്നു മോഹിച്ചു വീണീടിനാര്‍
അമ്പതുബാണം വിവിദനേറ്റൂ പുന
രൊമ്പതും മൈന്ദനുമഞ്ചുഗജന്‍മേലും
തൊണ്ണൂറുബാണം നളനും തറച്ചിത
വണ്ണമേറ്റു ഗന്ധമാദനന്‍ മെയ്യിലും
ഈരൊമ്പതേറ്റിതു നീലനും മുപ്പതു
മീരഞ്ചു ബാണങ്ങള്‍ ജാംബവാന്‍മെയ്യിലും
ആറു പനസനു, മേഴു വിനത,നീ
രാറു സുഷേണനുമെട്ടു കുമുദനും
ആറഞ്ചു ബാണമൃഷഭനും, കേസരി
ക്കാറുമൊരമ്പതുംകൂടെ വന്നേറ്റിതു
പത്തുശതബലിക്കൊമ്പതു ധൂമ്രനും
പത്തുമൊരെട്ടും പ്രമാഥിയ്ക്കുമേറ്റിതു
പത്തും പുനരിരുപത്തഞ്ചുമേറ്റിതു
ശക്തിയേറും വേഗദര്‍ശി,ക്കതുപോലെ
നാല്‍പതുകൊണ്ടു ദധിമുഖന്‍മെയ്യിലും
നാല്‍പത്തിരണ്ടു ഗവാക്ഷനുമേറ്റിതു
മൂന്നു ഗവയനുമഞ്ചു ശരഭനും
മൂന്നുമൊരു നാലുമേറ്റു സുമുഖനും
ദുര്‍മ്മുഖനേറ്റിതിരുപത്തിനാലമ്പു
സമ്മാനമായറുപത്തഞ്ചു താരനും
ജ്യോതിര്‍മ്മുഖനുമറുപതേറ്റു, പുന
രാതങ്കമോടമ്പതഗ്‌നിവദനനും
അംഗദന്‍മേലെഴുപത്തഞ്ചു കൊണ്ടിതു
തുംഗനാം സുഗ്രീവനേറ്റു ശരശതം
ഇത്ഥം കപികുലനായകന്മാരറു
പത്തേഴു കോടിയും വീണിതു ഭൂതലേ
മര്‍ക്കടന്മാരിരുപത്തൊന്നു വെള്ളവു
മര്‍ക്കതനയനും വീണോരനന്തരം
ആവതിലേ്‌ളതുമിതിന്നു നമുക്കെന്നു
ദേവദേവന്മാരുമന്യോന്യമന്നേരം
വ്യാകുലം പൂണ്ടു പറഞ്ഞുനില്‍ക്കേ, രുഷാ
രാഘവന്മാരെയുമെയ്തു വീഴ്ത്തീടിനാന്‍
മേഘനാദന്‍ മഹാവീര്യവൃതധരന്‍
ശോകവിഷണ്ണമായ് നിശ്ചലമായിതു
ലോകവും കൂണപാധീശജയത്തിനാ
ലാഖണ്ഡലാരിയും ശംഖനാദം ചെയ്തു
വേഗേന ലങ്കയില്‍ പുക്കിരുന്നീടിനാന്‍
ലേഖസമൂഹവും മാഴ്കീ ഗതാശയാ