Keralaliterature.com

യുദ്ധകാണ്ഡംപേജ് 31

രാവണഗാത്രദഹനം

അഗ്രജന്‍ വീണതു കണ്ടു വിഭീഷണന്‍
വ്യഗ്രിച്ചരികത്തു ചെന്നിരുന്നകുലാല്‍
ദുഃഖം കലര്‍ന്നു വിലാപം തുടങ്ങിനാ
‘നൊക്കെ വിധിബലമലേ്‌ളാ വരുന്നതും
ഞാനിതൊക്കെപ്പറഞ്ഞീടിനേന്‍ മുന്നമേ
മാനം നടിച്ചെന്നെയും വെടിഞ്ഞീടിന
വീര! മഹാശയനോചിതനായ നീ
പാരിലീവണ്ണം കിടക്കുമാറായതും
കണ്ടിതെല്‌ളാം ഞാനനുഭവിക്കേണമെ
ന്നുണ്ടു ദൈവത്തിനതാര്‍ക്കൊഴിക്കാവതും?
ഏവം കരയും വിഭീഷണന്‍തന്നോടു
ദേവദേവേശനരുള്‍ചെയ്തിതാദരാല്‍
‘എന്നോടഭിമുഖനായ്‌നിന്നു പോര്‍ചെയ്തു
നന്നായ് മരിച്ച മഹാശൂരനാമിവന്‍
തന്നെക്കുറിച്ചു കരയരുതേതുമേ
നന്നല്‌ളതുപരലോകത്തിനു സഖേ!
വീരരായുള്ള രാജാക്കള്‍ധര്‍മ്മം നല്‌ള
പോരില്‍ മരിയ്ക്കുന്നതെന്നറിയേണമേ!
പോരില്‍ മരിച്ചു വീരസ്വര്‍ഗ്ഗസിദ്ധിയ്ക്കു
പാരം സുകൃതികള്‍ക്കെന്നി യോഗം വരാ
ദോഷങ്ങളെല്‌ളമൊടുങ്ങീതിവന്നിനി
ശേ്ശഷക്രിയയ്ക്കു തുടങ്ങുക വൈകാതെ’
ഇത്ഥമരുള്‍ ചെയ്തു നിന്നരുളുന്നേരം
തത്ര മണ്ഡോദരി കേണു വന്നീടിനാള്‍
ലങ്കാധിപന്‍മാറില്‍ വീണു കരഞ്ഞുമാ
തങ്കമുള്‍ക്കൊണ്ടു മോഹിച്ചു പുനരുടന്‍
ഓരോതരം പറഞ്ഞും പിന്നെ മറ്റുള്ള
നാരീജനങ്ങളും കേണുതുടങ്ങിനാര്‍
പംക്തിരഥാത്മജനപേ്പാളരുള്‍ചെയ്തു
പംക്തിമുഖാനുജന്‍ തന്നോടു സാദരം
‘രാവണന്‍ തന്നുടല്‍ സംസ്‌കരിച്ചീടുക
പാവകനെജ്ജ്വലിപ്പിച്ചിനിസ്‌സത്വരം’
തത്ര വിഭീഷണന്‍ ചൊന്നാ’നിവനോള
മിത്ര പാപം ചെയ്തവരില്‌ള ഭൂതലേ
യോഗ്യമലേ്‌ളതുമടിയനിവനുടല്‍
സംസ്‌കരിച്ചീടുനാ’നെന്നു കേട്ടേറ്റവും
വന്ന ബഹുമാനമോടെ രഘൂത്തമന്‍
പിന്നെയും ചൊന്നാന്‍ വിഭീഷണന്‍ തന്നോടു
‘മദ്ബാണമേറ്റു രണാന്തേ മരിച്ചൊരു
കര്‍ബ്ബുരാധീശ്വരനറ്റിതു പാപങ്ങള്‍
വൈരവുമാമരണാന്തമെന്നാകുന്നി
തേറിയ സദ്ഗതിയുണ്ടാവതിന്നു നീ
ശേഷക്രിയകള്‍ വഴിയേ കഴിക്കൊരു
ദോഷം നിനക്കതിനേതുമകപെ്പടാ’
ചന്ദനഗന്ധാദികൊണ്ടു ചിതയുമാ
നന്ദേന കൂട്ടി മുനിവരന്മാരുമായ്
വസ്ത്രാഭരണമാല്യങ്ങള്‍കൊണ്ടും തദാ
നക്തഞ്ചരാധിപദേഹമലങ്കരി
ച്ചാര്‍ത്തു വാദ്യങ്ങളും ഘോഷിച്ചുകൊണ്ടഗ്‌നി
ഹോത്രികളെസ്‌സംസ്‌കരിയ്ക്കുന്നവണ്ണമേ
രാവണദേഹം ദഹിപ്പിച്ചു തന്നുടെ
പൂര്‍വ്വജനായുദകക്രിയയും ചെയ്തു
നാരികള്‍ ദുഃഖം പറഞ്ഞു പോക്കിച്ചെന്നു
ശ്രീരാമപാദം നമസ്‌കരിച്ചീടിനാന്‍
മാതലിയും രഘുനാഥനെ വന്ദിച്ചു
ജാതമോദം പോയ് സുരാലയം മേവിനാന്‍
ചെന്നു നിജനിജ മന്ദിരം പുക്കിതു
ജന്യാവലോകനം ചെയ്തു നിന്നോര്‍കളും
വിഭീഷണരാജ്യാഭിഷേകം
ലക്ഷ്മണനോടരുള്‍ചെയ്തിതു രാമനും
‘രക്ഷോവരനാം വിഭീഷണായ് മയാ
ദത്തമായോരു ലങ്കാരാജ്യമുള്‍പുക്കു
ചിത്തമോദാലഭിഷേകം കഴിക്ക നീ’
എന്നതുകേട്ടു കപിവരന്മാരൊടും
ചെന്നു ശേഷിച്ച നിശാചരന്മാരുമായ്
അര്‍ണ്ണവതോയാദി തീത്ഥജലങ്ങളാല്‍
സ്വര്‍ണ്ണകലശങ്ങള്‍ പൂജിച്ചു ഘോഷിച്ചു
വാദ്യഘോഷത്തോടു താപസന്മാരുമാ
യാര്‍ത്തുവിളിച്ചഭിഷേകവും ചെയ്തിതു
ഭൂമിയും ചന്ദ്രദിവാകരരാദിയും
രാകമഥയുമുള്ളന്നു വിഭീഷണന്‍
ലങ്കേശനായ് വാഴുകെന്നു കിരീടാദ്യ
ലങ്കാരവു ചെയ്തു ദാനപുരസ്‌കൃതം
പൂജ്യനായോരു വിഭീഷണനായ്‌ക്കൊണ്ടു
രാജ്യനിവാസികള്‍ കാഴ്ചയും വച്ചിതു
വാച്ച കുതൂഹലം പൂണ്ടു വിഭീഷനന്‍
കാഴ്ചയുമെല്‌ളാമെടുപ്പിച്ചു കൊണ്ടുവ
ന്നാസ്ത്ഥയാ രാഘവന്‍ തൃക്കാല്‍ക്കല്‍ വച്ചഭി
വാദ്യവും ചെയ്തു വിഭീഷണനാദരാല്‍
നക്തഞ്ചരേന്ദ്രപ്രസാദത്തിനായ് രാമ
ഭദ്രനതെല്‌ളാം പരിഗ്രഹിച്ചീടിനാന്‍
‘ഇപേ്പാള്‍ കൃതകൃത്യനായേനഹ’മെന്നു
ചില്‍പുരുഷന്‍ പ്രസാദിച്ചരുളീടിനാന്‍
അഗ്രേ വിനീതനായ് വന്ദിച്ചു നില്‍ക്കുന്ന
സുഗ്രീവനെപ്പുനരാലിംഗനം ചെയ്തു
സന്തുഷ്ടനായരുള്‍ചെയ്തിതു രാഘവന്‍
‘ചിന്തിച്ചതെല്‌ളാം ലഭിച്ചു നമുക്കെടോ!
ത്വത്സാഹയത്വേന രാവണന്‍ തന്നെ ഞാ
നുത്സാഹമോടു വധിച്ചിതു നിശ്ചയം
ലങ്കേശ്വരനായ് വിഭീഷണന്‍ തന്നെയും
ശങ്കാവിഹീനമഭിഷേകവും ചെയ്തു.’

Exit mobile version