Keralaliterature.com

അറിയാത്തവള്‍ക്കൊരു ക്ഷണക്കത്ത്

എസ്.എന്‍. ഭട്ടതിരി

പെണ്ണേ…
നിന്‍ കണ്ണിലിന്ദ്രനീലങ്ങളുറഞ്ഞു പെരുകുന്നുവോ?
നീ വരൂ…
അതിലുറ്റുനോക്കിയലിയിച്ചലയാഴിയാക്കിടാന്‍
ക്ഷണിക്കുന്നു നിന്നെ ഞാന്‍…!

അലിവിന്റെയാഴിയലിയുന്നതാണലയാഴി
അതിലീ ജര്‍ജ്ജരജന്മക്കടകോലുകൊണ്ട്
കടഞ്ഞെടുക്കാമമൃതകുംഭം.
ദര്‍ഭവിരിച്ചതില്‍വച്ചു പൂജിച്ചു
ദര്‍പ്പണമാകാം നമുക്കു പരസ്പരം.
മുന്‍പിലുണ്ടിപ്പോള്‍ ഋഷ്യമൂകാചലം.
വ്രതമെടുക്കാ,മിനി ക്രമാല്‍ കര്‍മ്മബന്ധങ്ങളെ
പിന്നിടാനമൃതം ഭുജിക്കാം.
ദുര്‍ജ്ജയരായി ഗമിക്കാമൊരാള്‍ക്കുമറ്റാ-
ളൊരൂന്നുവടിയെന്നപോല്‍…!
നീ വരൂ…

അഴകിന്റെയാഴിയലിയുന്നതാണലയാഴി
അതില്‍ നിന്നെ ഞാന്‍ കണ്ടുവോ പണ്ടൊരിക്കല്‍…!
ഒരു കരിവണ്ടു വന്നില്ല,യെങ്കിലെന്തുണ്ടായിരുന്നു ഹാ…
രാമതുളസീ സുഗന്ധമഴിച്ചിട്ട കസവുതിര.
അക്ഷരമെണ്ണുവാന്‍ മത്സ്യം വിഴുങ്ങുവാന്‍
മുദ്രിതമോതിരമെന്തിന്…?
വിസ്താരപീഠത്തിലേറ്റുവാനാവില്ല നിന്നെ.
കസവിതിര മുറിച്ചുടുത്തേറാമൃഷ്യമൂകാചലം
ഹവ്യഗന്ധത്തിലൂടൂളിയിട്ടാവാമിനിയുള്ള ചുവടുകള്‍.
നമുക്കു പിന്നിലായ് പക്ഷം വിരിച്ചതു ചാമരമാക്കി
നടത്തിടും ലക്ഷം ശകുന്തങ്ങള്‍ നമ്മേ…
നമുക്ക് ചമതവനങ്ങള്‍ കടന്നുപോകാം… നീ വരൂ…!

അഴലിന്റെയാഴിയലിയുന്നതാണലയാഴി
അതില്‍ വീണു താഴുമ്പൊഴും
മോതിരവിരല്‍ കോര്‍ത്തുനിന്നാല്‍ മോചനം വാങ്ങാതെ നീങ്ങാം
അതിനായിന്നീ ക്ഷണം…!
ഇക്ഷണം നീയിങ്ങുവന്നെത്തിയാല്‍ നുകര്‍ന്നും പകര്‍ന്നു-
മക്ഷയപാത്രങ്ങളാക്കിടാമീ കണ്ണന്‍ചിരട്ടകള്‍.
നമുക്കെന്തിനു നാടും നഗരവും വീടും കിടാങ്ങളും
നമുക്കു നാമേ കിടാവും കടങ്ങളും
മോഹങ്ങള്‍ കത്രികച്ചുണ്ടുള്ള പക്ഷികള്‍
പിടിക്കാനൊരുങ്ങാ,തെറിഞ്ഞുകൊടുക്കാ-
മുള്ളിലെ പൊന്നണിവസ്ര്തം.
നിദ്രയിലാകെ നിന്‍ നിഷ്‌കളങ്കച്ചേല കീറുവാനാകില്ലെനിക്ക്
നാണം മറയ്ക്കലാണെന്റെ നാണം
ദിഗംബരരാകാം നമുക്കിനി
കാട്ടുതീയില്ലാത്ത കാട്ടാളനില്ലാത്ത
നാട്ടിലേക്കെത്തുവാന്‍ ഹംസപക്ഷങ്ങളിലുയര്‍ന്നു പാറാം
ചെംപട്ടു കിട്ടുന്നതും കാത്തുകാത്തിരിക്കാം, നീ വരൂ…!

അറിവിന്റെയാഴിയലിയുന്നതാണലയാഴി
അവിടെയാ രാമഗിര്യാശ്രമ തടങ്ങള്‍
പൂഴിയിലൂഴിപെറ്റുണ്ടായ നൈര്‍മല്യമുദ്രകള്‍
പെണ്ണേ… തറ്റുടുക്കാ,മെണ്ണാതെ ശയനപ്രദക്ഷിണം ചെയ്യാം
ധൂളിയിലൂടെയീ ഭൂമിയറിയട്ടെ നമ്മളെ…!

Mob: 9446400817

 

Exit mobile version