ഹൈക്കു കവിത
ഒരു നാണയത്തിന്റി-
രുവശവുമറിയണ്ടേ;
അതിനാലവര്‍
ഒരു പുറം ഗാന്ധിയും
മറുപുറം ഗോഡ്‌സെയു-
മടിച്ചിറക്കി !
ഒക്‌ടോബര്‍ രണ്ട്
ഐ.സി.യുവിലാണ്
ഹൃദയത്തിലുണ്ടകേറ്റിയിട്ടും
ഇന്ത്യമരിച്ചില്ല.
ഒക്‌ടോബര്‍ രണ്ടിപ്പോള്‍
ഓക്‌സിജന്‍ തീര്‍ന്ന
വടക്കുള്ളൊരാശുപത്രിയില്‍
ഐ.സി.യു.വിലാണ്.
ജനുവരി മുപ്പതിന്റെ
ഇരുണ്ട ആകാശച്ചെരുവില്‍ നിന്നുള്ള
ഇടിവാളിന്റെ തിളക്കം
ഭയപ്പെടുത്തുന്നു.
കാശ്മീരിനും ആസ്സാമിനും
വേട്ടേറ്റിരിക്കുന്നു.
തലക്കേറ്റ മുറിവാല്‍
മസ്തിഷ്‌കം കൂടിമരവിച്ചാല്‍
മരണം പൂര്‍ത്തിയാകും ?
തെക്കുനിന്നൊരാമ്പുലന്‍സ്
ഇടതുവലതു വളവുകള്‍ പിന്നിട്ട്
പാതവീണ്ടെടുത്ത്
സിലിണ്ടറുമായി തിരിച്ചുണ്ട്;
അതിനി വടക്കെത്തുന്നതെന്നാണാവോ?
ഒക്‌ടോബര്‍ രണ്ട്
വെന്റിലേറ്ററിലാണ്.
* കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തില്‍ മാതൃഭൂമി പത്രത്തില്‍ വന്ന ലേഖനങ്ങളില്‍ നിന്നുരുവംകൊണ്ട രണ്ടുകവിതകള്‍.