തോമസ് കുളത്തൂര്‍
ജീവിക്കാന്‍ ആവശ്യമായത് പ്രാണനാണ്. പ്രാണനാല്‍ ജീവിക്കപ്പെടുന്നതിനെയെല്ലാം ”പ്രാണികള്‍” എന്നു വിളിയ്ക്കാം. പ്രാണന്‍ നഷ്ടപ്പെടുമ്പോള്‍ മരണം സംഭവിച്ചു” എന്നു പറയുന്നു. ജീവിതത്തിന്റെ ആരംഭം ”ജനന”മാണ്. ജനിയക്കുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം ”ജനനം” ഒരു പ്രശ്‌നമാകുന്നില്ല. വൈവിദ്ധ്യമാര്‍ന്ന (മായ) പ്രപഞ്ചത്തില്‍ പഠിച്ചു വളരുകയാണ് ജീവിതം. ജീവിതം മുന്നോട്ട് ഒഴുകികൊണ്ടിരിക്കുന്നു. സുഖദുഃഖസമ്മിശ്രമാണ്. അതുകൊണ്ട് ജീവിതമല്ല ജീവിയെ ഭയപ്പെടുത്തുന്നത്. മരണമാണ്. കാലഭേദങ്ങളും ജരാനരകളുമെല്ലാം അപ്രതീക്ഷിതങ്ങളല്ല. കാലങ്ങളിലൂടെ നാം സംഭരിച്ച ഊര്‍ജ്ജം, ഒരു പ്രായമെത്തുമ്പോള്‍ ചോര്‍ന്നു പോകാന്‍ ആരംഭിയ്ക്കുന്നു. വഷളാകുന്ന ആരോഗ്യം, വേദനകളും ചലനക്കുറവും സമ്മാനിക്കുന്നു. എങ്കിലും മരണത്തെ വളരെ ദൂരെയെവിടെയോ ഒളിപ്പിച്ചു നിര്‍ത്താനാണ് മനസ്സ് വെമ്പല്‍ കൊള്ളുക. കാരണം, മരണത്തെ അത്രയ്ക്ക് ഭയമാണ്. ഏറ്റവും പ്രിയങ്കരമായത് ജീവനും. ജീവിയുടെ എല്ലാ ഭയങ്ങളുടേയും ഉത്ഭവവും വളര്‍ച്ചയും മരണഭയത്തില്‍ നിന്നാണെന്നു പറയാം. മനുഷ്യന്, താന്‍ മരിയ്ക്കാന്‍ പോകുന്നു എന്നറിയാന്‍ സാധിക്കും, എന്നാല്‍ മരിച്ചു കഴിഞ്ഞു എന്നറിവാനാകില്ല. അനിശ്ചിതമായ ഈ പ്രവേശനമാവാം ഭയകാരണം.
പരീക്ഷിത്ത് രാജാവിനെ ”മരിയ്ക്കുമെന്നുള്ള ഭയം” അസ്വസ്ഥനാക്കി. ശുകമഹര്‍ഷി എത്തി, തുടര്‍ച്ചയായി ഏഴു ദിവസങ്ങള്‍ കഥകള്‍ പറഞ്ഞ് അദ്ദേഹത്തിന് സ്വസ്ഥത നല്കി. മരണത്തെ അംഗീകരിയ്ക്കുവാന്‍ മഹാരാജാവ് സന്നദ്ധനായി. മരണം യഥാസമയം അദ്ദേഹത്തെ സ്വീകരിച്ചു, അഥവാ ഭയരഹിതനായി അദ്ദേഹം മരണത്തെ സ്വീകരിച്ചു. ഈ കഥകള്‍ മഹാഭാഗവതമായി. താന്‍ ശരീരമല്ല ദേഹിയാണെന്ന അറിവാണ് ആത്മബോധം. അനേകം ജന്മങ്ങളുള്ള താന്‍ ഒരിക്കലും മരിയ്ക്കുന്നില്ല, തനിക്ക് മൃത്യുഭയം വേണ്ടാ എന്നാണ് മഹാഭാഗവതം കാണിച്ചു തരുന്നത്. ഇത് ബോദ്ധ്യമാവണമെങ്കില്‍ ”അഹം’ മായകളില്‍ നിന്ന് വിടുതല്‍ പ്രാപിയ്ക്കണം. ഭക്ഷണം, അധികാരം, കാമം ഇവ കൊടുക്കുന്ന സുഖം അനുഭവിയ്ക്കുന്നത് ശരീരമാണ്. അതിനാല്‍ താന്‍ ശരീരമാണെന്ന നിഗമനത്തില്‍ എത്തിച്ചേരുന്നു. എന്നാല്‍ ഇതെല്ലാം ‘മായ’ ആണെന്ന അറിവാണ് ‘ജ്ഞാനം’ പരമാത്മാവിന്റെ അംശങ്ങളായ ജീവാത്മാക്കള്‍, പരമാത്മാവിന്റെ തന്നെ രൂപാന്തരങ്ങളാണ്. അവ വീണ്ടും പരമാത്മാവില്‍ ലയിക്കുന്നു എന്നതാണ് ഹിന്ദുമതം വിശ്വസിയ്ക്കുന്നത്
ഊര്‍ജ്ജം നശിയ്ക്കുന്നില്ല, മറ്റു രൂപഭാവങ്ങളായി മാറുക മാത്രമാണ് സംഭവിക്കുന്നത് എന്ന് ശാസ്ത്രവും പറയുന്നു.ക്രിസ്ത്യന്‍ വിശ്വാസങ്ങളില്‍. ദേഹം വിടുന്ന ദേഹി, കര്‍മ്മങ്ങള്‍ക്കും ചില പ്രത്യേക പരിഗണനകള്‍ക്കും അനുസൃതമായി പുനരുത്ഥാനം പ്രാപിച്ച്, ഉയര്‍ന്ന മറ്റൊരു ജീവിതത്തില്‍ വേറൊരു ലോകത്ത് പ്രവേശിക്കുന്നു. മരണഭയം കൂടാതെ സത്കര്‍മ്മങ്ങള്‍ ചെയ്തു ജീവിയി്ക്കാന്‍ ഒരു പ്രചോദനമാണ്. എല്ലാ മതങ്ങളും ഉപദേശിയ്ക്കുന്നത്, മരണം അനിവാര്യമാണ്, സ്വാര്‍ത്ഥം വെടിഞ്ഞ് നന്മ ചെയ്തു ജീവിക്കണമെന്നാണ് . മരിയ്ക്കുമ്പോള്‍ ദേഹി, ദേഹം വെടിയും. ജനിച്ചാല്‍ മരിയ്ക്കുമെന്നു തന്നെ ബുദ്ധഭഗവാനും പറയുന്നു. എന്നാല്‍ ആത്മാവിനേക്കുറിച്ചും ദൈവത്തെക്കുറിച്ചുമുള്ള ശ്രീബുദ്ധന്റെ ഉപദേശം സ്പഷ്ടമല്ല. ദേഹി ഉണ്ടെന്നും ഇല്ലെന്നും അദ്ദേഹം പറയുന്നില്ല. ദൈവത്തിന്റെ അസ്ഥിത്വത്തെപ്പോലും പരാമര്‍ശിക്കുന്നില്ല. അപരിമേയനായ ഒരു ദൈവത്തെ, മനുഷ്യന്റെ പരിമിതമായ മനസ്സുകൊണ്ട് അറിയാന്‍ പറ്റില്ല എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അദ്ദേഹം പറയുന്നത് ‘ദൈവത്തിന്റെ നിഗൂഡതകളെ കണ്ടുപിടിക്കാനല്ല, മനുഷ്യന്റെ ദുരിതങ്ങളെക്കുറിച്ചാണ് -താന്‍-അന്വേഷിക്കുന്നത്” എന്നാണ്. മരണത്തെ ബുദ്ധന്‍ വിലയിരുത്തുന്നത്, ‘എത്ര നന്നായി നീ സ്‌നേഹിച്ചു, എത്രമാത്രം പൂര്‍ണ്ണമായി നീ ജീവിച്ചു, എത്ര മാത്രം ഹൃദയംഗമായി നീ ”പോകട്ടെ” അഥവാ ”വേണ്ടാ” എന്ന് തീരുമാനിച്ചു” ഇവകളെ കൊണ്ടാണ്.
ഭയമില്ലാത്തവന്‍ ഒരുക്കലേ മരിക്കൂ. ജനിക്കുന്നതൊക്കെ മരിക്കുന്നു. ജനനവും മരണവും തമ്മിലുള്ള ഇടവേള മാത്രമാണ് ജീവിതം. ഇവിടെയാണ് നാം ”മായ”യെ കണ്ടുമുട്ടുന്നത്. ശ്രീ ശങ്കരാചാര്യര്‍ ഈ ലോക മായയെ അസംബന്ധമായി കരുതുന്നു. നമ്മുടെ ബോധത്തിലാണ് മായ രൂപം കൊള്ളുന്നത് എന്നാണ് അദ്ദേഹം പഠിപ്പിക്കുന്നത്. ഇത് ജീവിതത്തെപ്പറ്റിയുള്ള നാനാമുഖമായ ദര്‍ശനങ്ങളാണ്. എന്നാല്‍ നാം കടന്നു പോകുന്ന ജനനമരണങ്ങള്‍ അവയ്ക്കു മുമ്പും പിമ്പുള്ള വിവരങ്ങളും മായയായി മറഞ്ഞു നില്കുന്നു. വിശ്വാസങ്ങള്‍ക്കപ്പുറത്തേയ്ക്ക് കടക്കാന്‍ കഴിയുന്നില്ല. നമ്മുടെ വിശ്വാസങ്ങളായ ”ദേഹം, ദേഹി, ആത്മാവ് ഇവയെപ്പറ്റി ശരിയായ ധാരണ ലഭിച്ചാല്‍ ‘മരണഭയം’ അകറ്റാന്‍ സാധിച്ചേക്കും. ഉദാഹരണമായി, കൊച്ചുകുട്ടികള്‍ക്ക് ഇരുളടഞ്ഞ മുറികളില്‍ പ്രവേശിക്കുന്നത് ഭയമാണ്. അവര്‍, ചില പേടിപ്പെടുത്തുന്ന കഥകള്‍ കേട്ടുകഴിഞ്ഞാല്‍ ഈ ഭയം പതിന്മടങ്ങായി തീരുന്നു. മരണത്തെപ്പറ്റിയും അതുകഴിഞ്ഞ് എന്ത് എന്നതിനെപ്പറ്റിയും ഉള്ള അറിവുകള്‍ മതങ്ങള്‍ പകര്‍ന്നു തന്നിട്ടുള്ളതു മാത്രമാകുന്നു. അത് ഭയവും ഒപ്പം ധൈര്യവും നല്കുന്നതാണ്, ആപേക്ഷികമാണെന്നു മാത്രം. അത് ജീവിതത്തെ സ്വാധീനിക്കുന്നു. മരണം സുനിശ്ചിതമാണ്. ‘മരണം’ അവസരബോധമില്ലാതെ രംഗത്തെത്തുന്ന ഒരു കോമാളിയാണ്. എങ്കിലും ജീവിതത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കുന്നത്, മരണത്തിന്റെ ഈ യാദൃശ്ചികതയാണ്, ആകസ്മികതയാണ്. മരണം അവശേഷിപ്പിയ്ക്കുന്നത് ഉത്തരമില്ലാതെ അനേക ചോദ്യങ്ങളാണ്. ഈ ലേഖനം ഉത്തരം തരുന്നതല്ല. ഒന്നിച്ചു ചിന്തിയ്ക്കാന്‍ ശ്രമിക്കുകയാണ്.
പ്രപഞ്ചത്തിന്റെ സ്വഭാവ വിശേഷങ്ങളെ, ദേഹത്തിന്റെ സ്വഭാവത്തിലേക്ക് എത്തിയ്ക്കുന്ന ഒരു ”മിനിയേച്ചര്‍” ലോകശക്തിയായി ആത്മാവിനെ പരിഗണിക്കാമോ? ആത്മാവും ജീവനും ഒന്നാണോ? നചികേതസ്സ് യമദേവനോട് മരണാനന്തരജീവിതത്തെപ്പറ്റിയും ആത്മാവിനെപ്പറ്റിയും അന്വേഷിക്കുന്നതായി ഉപനിഷത്തില്‍ കാണുന്നു. ശൗല്‍ രാജാവ്, മരിച്ചുപോയ ശമുവേല്‍ പ്രവാചകന്റെ ആത്മാവിനെ, വെളിച്ചപ്പാടത്തിയുടെ സഹായത്താല്‍ തിരികെ കൊണ്ടു വന്ന് സംസാരിക്കുന്നതായി ബൈബിളില്‍ കാണുന്നു. അങ്ങനെ ആത്മാവും ചിന്തകളെ കൂടുതല്‍ പ്രശ്‌നവല്‍ക്കരിക്കുന്നു. ജീവന്‍ നഷ്ടപ്പെടുമ്പോള്‍ നാം മരിക്കുന്നു. അതിനാല്‍ ജീവനെപ്പറ്റിയും നമുക്ക് അന്വേഷിയ്ക്കാം. നാം ജീവിയ്ക്കുമ്പോള്‍ ജീവന്റെ സ്ഥാനം ശരീരത്തിനുള്ളിലോ, പുറത്തോ? ശരീരത്തിനുള്ളിലെങ്കില്‍ എവിടെയാണ് ? ആത്മാവ് ശരീരത്തിലോ പുറത്തോ? എപ്പോള്‍ ലഭിയ്ക്കുന്നു ? എപ്പോള്‍ പിരിയുന്നു? ആത്മാവും ജീവനുമായുള്ള ബന്ധം എന്താണ്, എങ്ങനെയാണ് ? മതങ്ങള്‍, ദൈവങ്ങള്‍ക്ക് ”ത്രിത്വം’ കല്പിയ്ക്കുന്നു. മനുഷ്യന്റെ ത്രിത്വമായി ‘ദേഹം, ദേഹി, ആത്മാവ് എന്ന് നിര്‍വ്വചിക്കുന്നു. ഭൂതം, വര്‍ത്തമാനം, ഭാവി എന്നതാണ് കാലത്തിന്റെ ത്രിത്വം.
ആത്മാവ് മനഃശാസ്ത്രപരമായ ഒരാശയമാണെന്നും അതു നമ്മുടെ ചിന്താശക്തിയ്ക്കും കാഴ്ചപ്പാടിനും പ്രപഞ്ചത്തെക്കുറിച്ചുള്ള അറിവിനും വഴികാട്ടിയായി പ്രവര്‍ത്തിയിക്കുന്നു എന്നും ഒരു ചിന്തയുണ്ട്. എന്നാല്‍ ആര്‍ക്കും ദേഹത്തെപ്പറ്റി വിപരീതാഭിപ്രായങ്ങള്‍ ഇല്ല. മരണം സംഭവിച്ചു എന്നറിയുന്നത് ദേഹപരിശോധനയിലൂടെയാണ്. അങ്ങനെയെങ്കില്‍ ദേഹിയാണോ ജീവന്‍ ? ജീവന്‍ തന്നെയാണോ മനസ്സ് ? ‘അച്ഛന്‍ പിറന്ന വീട്’ എന്ന കവിതയില്‍, മധുസൂദനനന്‍ സാറ് ഇപ്രകാരമാണ് വിശകലനം ചെയ്യുന്നത്. ”പൃഥ്വിയില്‍ അഗ്നിയും അന്തരീക്ഷത്തില്‍ വായുവും ദ്യോവില്‍ സൂര്യനും; അതുപോലെ ശരീരത്തില്‍ ഭൗതീക ഊര്‍ജ്ജം, മനസ്സില്‍ പ്രാണന്റെ ഊര്‍ജ്ജം, ആത്മാവ് അതീതവും അമൂര്‍ത്തവുമായ ഊര്‍ജ്ജം,” മേല്‍പ്പറഞ്ഞ നിഗമനങ്ങളേയും വിശ്വാസങ്ങളേയും മാനിച്ചു കൊണ്ടു തന്നെ നമ്മുടേതായ യുക്തി-ചിന്തനം തുടരാം.
”സസ്‌പെന്‍ഡഡ് ആനിമേഷന്‍ സ്റ്റേറ്റ്” ജീവജാലങ്ങള്‍ക്ക് സാധിതപ്രായമാകുന്നതെങ്ങനെ? ഒരു മത്സ്യത്തെ ജീവനോടെ ശീതവല്‍ക്കരിച്ച് ”ഫ്രീസറില്‍” സൂക്ഷിച്ചശേഷം മാസങ്ങള്‍ കഴിഞ്ഞ് മത്സ്യങ്ങള്‍ നീന്തി നടക്കുന്ന ഒരു ”അക്വേറിയ” ത്തിലേക്ക് നിക്ഷേപിച്ചാല്‍ സാവധാനം ജീവന്‍ വീണ്ടെടുക്കുന്നതായി കാണാം. ശൈത്യമേഖലകളില്‍ ജലം മഞ്ഞുകട്ടയായി മാറുന്ന സമയത്ത്, മത്സ്യം , ആമ,തവള മുതലായ ജീവികള്‍ മരിയ്ക്കാതെ മാസങ്ങളോളം സസ്‌പെന്‍ഡഡ് ആനിമേഷന്‍ സ്റ്റേറ്റില്‍ കഴിയുന്നത് സാധാരണമാണ്. ഇന്‍ഡ്യയിലെ ചില സന്യാസിമാര്‍, ഏകാഗ്രവും തീഷ്ണവുമായ ധ്യാനത്തിലൂടെ തങ്ങളുടെ ജീവനെ മറ്റൊരിടത്തേക്ക് മാറ്റുന്നതായി കേട്ടിട്ടുണ്ട്. ഇതിന് ”കൂടുമാറി കൂടുകേറുക, പരകായപ്രവേശം” എന്നൊക്കെ പറയും. ഇവിടെ ശരീരവും പരിസ്ഥിതിയുമായുള്ള സമവായത്തിന് പ്രാധാന്യം അനുഭവപ്പെടുന്നു. മതഗ്രന്ഥങ്ങളില്‍ ”ടെലിപോര്‍ട്ടേഷന്‍”-ന് ഉദാഹരണങ്ങള്‍ ഉണ്ട്. അതുപോലെ ”ടെലിപ്പതി ” എല്ലാ ജീവികളിലും കാണപ്പെടുന്നു.
ഇനി ” ജീവനെ സംബന്ധിച്ച ജീവശാസ്ത്രപരമായ ചില കണ്ടെത്തെലുകളിലേക്ക് കൂടി കടക്കാം, മനുഷ്യശരീരത്തില്‍ എവിടെയാണ് ജീവന്‍ സ്ഥിതി ചെയ്യുന്നത്? ജീവവായു ലഭിച്ചില്ലെങ്കില്‍ മനുഷ്യന്‍ അഥവാ ജീവി മരിയ്ക്കുന്നു. അതുകൊണ്ട് ‘ജീവന്‍’ ജീവവായുവിലാണോ ? രക്ത ചംക്രമണം നിലച്ചാല്‍ മരണം സംഭവിയ്ക്കും. ജീവന്‍ രക്തത്തിലാണോ ? തലച്ചോറിന്റെ പ്രവര്‍ത്തനം ജീവനെ ബാധിക്കില്ലേ ? വെള്ളവും ഭക്ഷണവും ചൂടും ഒക്കെ ജീവനെ നിലനിര്‍ത്താന്‍ ആവശ്യമാണല്ലോ. അന്വേഷണങ്ങള്‍ തുടരേണ്ടിയിരിക്കുന്നു. ജീവിയുടെ പ്രാണനായ ജീവനേപ്പറ്റി അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണല്ലോ. ശാസ്ത്രത്തിന്റെ വളര്‍ച്ചക്കൊപ്പം നമ്മുടെ അറിവുകളെ വികസിപ്പിക്കേണ്ടതുണ്ട്. ചിന്തിയ്ക്കുന്ന സ്വഭാവം സത്യാന്വേഷണങ്ങള്‍ക്ക് സഹായകമാകും. വസ്തുനിഷ്ഠമായ ഒരന്വേഷണത്തിന് തയ്യാറാകണം. ഇന്ന് ഉത്തരമാനുഷികമാനവനുവേണ്ടി ശ്രമം നടക്കുന്നു. ജനിതഘടനയില്‍ ഇടപെടുകയും കേടുപോക്കല്‍ നടത്തുകയും ചെയ്യാന്‍ സാധിക്കുമെന്നും സംവിധാനം ചെയ്യപ്പെട്ട കുഞ്ഞുങ്ങളെ ജനിപ്പിയ്ക്കാമെന്നും കണ്ടു കഴിഞ്ഞു. ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബയോ ഇന്‍ഫര്‍മാറ്റിക്, ചിപ്പ് ടെക്‌നോളജി, ക്വാണ്ടം ഫിസിക്‌സ് മുതലായ മേഖലകളില്‍ പരീക്ഷണങ്ങള്‍ പുരോഗമിയ്ക്കുന്നു. കൃത്രിമജീവന്‍ നിര്‍മ്മിയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നു. അതിനാല്‍ നമ്മുടെ അറിവുകളെ പുനര്‍ചിന്തയ്ക്ക് വിഷയീഭവിപ്പിയ്ക്കണം.
ഒരു ശരീരം മരിച്ചു എന്നു പറയുന്നത്, ഹൃദയമിടിപ്പ് നിന്നതിനുശേഷമാണ്, ഇതിന്റെ അര്‍ത്ഥം, ” ജീവചൈതന്യം” കുടികൊള്ളുന്നത്, ഹൃദയത്തിലാണെന്നാണോ ? വേദോപനിഷത് ഹൃദയത്തെപ്പറ്റി വളരെ വിശദമായ അറിവുകള്‍ നല്കുന്ന നാരായണ സൂക്തത്തില്‍ ”നാഭിയ്ക്കു മുകളിലായി താഴേക്കു നോക്കി നില്കുന്ന ഹൃദയത്തിനു ചുറ്റും (അഗ്നി)ജ്വാലകള്‍ പോലെയുള്ള ഞരമ്പുകള്‍ ജ്വലിച്ചു നില്ക്കുന്നു. അതിന്റെ നടുവിലായി ഹൃദയത്തിന്റെ ഉള്ളില്‍ മഞ്ഞനിറം കലര്‍ന്ന പേശിയെ, നിവാരം എന്ന ധാന്യം കണക്കെ കാണാവുന്നതാണ്. ഇവിടെ നിന്നാണ് ഹൃദയമിടിപ്പിനുള്ള ത്വരണം ഉണ്ടാകുന്നത്. ഇവിടെയാണ്. ”പരമാത്മാവ്” കുടികൊള്ളുന്നത്”. ആധുനിക വൈദ്യശാസ്ത്രം ഹൃദയഘടനയെപ്പറ്റി വളരെ സാദ്യശ്യമുള്ള വിവിരങ്ങള്‍ തന്നെയാണ് നല്കുന്നത്. ‘വലത്തെ ‘ഏഡ്രിയത്തിന്റെ’ മുകള്‍ ഭാഗത്തായി സ്ഥിതി ചെയ്യുന്ന എസ്.ഏ. (സൈനോ ആഡ്രിയല്‍) നോഡ്’ ഹൃദയ ഭിത്തികള്‍ക്ക് സങ്കോചവികാസങ്ങള്‍ ഉണ്ടാകുന്നതിനായി (വൈദ്യുതി) ത്വരണം നടത്തുന്നു. ”എസ്.എ.നോഡിന്റെ’ കോശങ്ങളുടെ ‘നെഗറ്റീവ് പോസിറ്റീവ്’ ഘടന ‘ഡീ പോളറൈസേഷനിലൂടെ’ ത്വരണം സാദ്ധ്യമാക്കുന്നു. തെറ്റാതെയുള്ള ചലനങ്ങള്‍ക്കും സമയക്ലിപ്തതയ്ക്കും പേശികളുടെ കൂട്ടവും’ എ.വി.നോഡും’ ഒക്കെ പ്രവര്‍ത്തിയ്ക്കുന്നതായി ശരീരശാസ്ത്രം പറയുന്നു. എന്നാല്‍ ജീവനെയോ ആത്മാവിന്റെയോ പരിചയപ്പെടുത്താനാവുന്നില്ല.
ഹൃദയമിടിപ്പ് നിന്നു പോയ ചില വ്യക്തികളെ അഥവാ മരിച്ച ഉടനെ, ”കാര്‍ഡിയാക് പള്‍മിനറി റസിസ്റ്റേഷനിലൂടെ” ഹൃദയപ്രവര്‍ത്തനവും ശ്വാസോച്ഛ്വാസവും പുനഃസ്ഥാപിച്ച്, ജീവന്‍ ഉള്ള നിലയിലേക്ക് തിരികെ കൊണ്ടു വരുമ്പോള്‍ ചിന്തിച്ചു പോകുന്നു, ജീവന്‍ എവിടേക്ക് പോയി, യാന്ത്രികമായി തിരികെ വരവിനുമിടയില്‍ ആത്മാവ് എന്തു ചെയ്തു, എവിടെയായിരുന്നു ? പരബ്രഹ്മത്തില്‍ അഥവാ സ്വര്‍ഗ്ഗനരകങ്ങളില്‍ എത്തിപ്പെടുന്നത് ? ആത്മാവോ അതോ പ്രാണന്‍ എന്ന ജീവനോ ? ജീവനും ആത്മാവും ഒന്നു തന്നെയാണോ? നമ്മുടെ ചിന്താധാരയേയും അറിവുകളേയും ആത്മാവിലാണോ നിക്ഷിപ്തമായിരിക്കുന്നത് ? ”ഓക്‌സിജന്‍” രക്തത്തില്‍ കലര്‍ത്തി തലച്ചോറില്‍ എത്തിച്ചില്ലെങ്കില്‍ മരണം സംഭവിയ്ക്കാം. അപ്പോള്‍ ജീവന്‍ മസ്തിഷ്‌കത്തിലാണോ ജീവവായുവിലാണോ സ്ഥിതി ചെയ്യുന്നത്? ജീവന്‍ നിലനിര്‍ത്താന്‍ ഭക്ഷണവും ജലവും ആവശ്യമാണല്ലോ. മസ്തിഷ്‌കവും രക്തചംക്രമണവും എല്ലാം നിലച്ചെങ്കിലേ മരിക്കുകയുള്ളൂ എങ്കില്‍ മരണത്തിന് പൂര്‍ണ്ണതയും അപൂര്‍ണ്ണതയുമുണ്ടോ ? ഉത്തരം കിട്ടാത്ത ചിന്തകള്‍ കാടു കയറുന്നു..
ഹൃദയം ഒരു വാഹനത്തിന്റെ യന്ത്രം പോലെ പ്രവര്‍ത്തിയ്ക്കുന്നു. ‘സൈനോ ആഡ്രിയല്‍ നോഡ്’ ഒരു ‘സ്പാര്‍ക്ക് പ്ലഗ്ശു’ പോലെയും ഹൃദയ അറകള്‍ ‘സിലിണ്ടറുകള്‍’ പോലെയും ഹൃദയ അറകള്‍ ‘സിലിണ്ടറുകള്‍’ പോലെയും പ്രവര്‍ത്തിയ്ക്കുന്നു. അതുകൊണ്ട് മനുഷ്യനെ ഒരു യന്ത്രമായി കാണാനാവില്ല. ഇവിടെയാണ് ആത്മീയതയുടെ അദൃശ്യത അനുഭവിക്കുന്നത്. എല്ലാം നിയന്ത്രിക്കുന്ന ഒരു ശക്തിയുടെ സാന്നിദ്ധ്യം സ്പഷ്ടമാണ്. യന്ത്രത്തിന് ദുഃഖിയ്ക്കാന്‍, സ്‌നേഹിക്കാന്‍ കരുണ കാണിയ്ക്കാന്‍ കഴിയില്ലല്ലോ. ”ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സിനെ” വികസിപ്പിച്ചെടുക്കുന്നുണ്ട് എന്നത് മറക്കുന്നില്ല. യന്ത്രത്തിനെ കൊണ്ട് പലതും ചെയ്യിക്കാന്‍ സാധിക്കുമായിരിക്കും. കണ്ടുപിടിത്തങ്ങളിലൂടെ കഴിയുന്നില്ല എന്നത് ഒരു പരമാര്‍ത്ഥം മാത്രമാണ്. ഈ പ്രപഞ്ചത്തെ പഠിയ്ക്കുക, മനസ്സിലാക്കുക. എല്ലാം തന്നെ ഈ പ്രപഞ്ചം ഉള്‍ക്കൊള്ളുന്നു. ആകാശത്തു പറന്നു നടക്കുന്ന പക്ഷികളെ കണ്ട് ‘വിമാനത്തെ’ പ്പറ്റി ചിന്തിയ്ക്കാം. എന്നാല്‍ ‘വിമാനം’ ആകാശത്തൂടെ സഞ്ചരിയ്ക്കുന്നതു കണ്ടല്ല പക്ഷികള്‍ പറന്നു തുടങ്ങിയത്. മരത്തില്‍ നിന്ന് ആപ്പിള്‍ താഴെ ഭൂമിയിലേക്ക് വീഴുന്നതു കണ്ട് ‘ഭൂഗുരുത്വാകര്‍ഷണം ഉണ്ടെന്നാണ് ഐസക് ന്യൂട്ടന്‍ കണ്ടുപിടിച്ചത്. മിന്നാമിനുങ്ങുകളെ കണ്ടിട്ട് നടത്തിയ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ നിര്‍മ്മിച്ചെടുത്തതാണ് ”ലൈറ്റ് എമിറ്റിങ്ങ് ഡയോഡ്” (എല്‍.ഈ.ഡി).
പ്രകൃതിയെ മനസ്സിലാക്കുക, തന്നെതന്നെയും. പ്രകൃതിയുടെ നിയമങ്ങളെ മാനിച്ചേ പറ്റൂ. ഒരു വലിയ പ്രപഞ്ചത്തിന്റെ ‘മിനിയേച്ചര്‍’ രൂപം മാത്രമാണ് മനുഷ്യന്‍. നോര്‍മന്‍ കൗസിന്‍’ പറയുന്നത് ‘മരണം! ജീവിതത്തിന്റെ ഏറ്റവും വലിയ നഷ്ടമല്ല. ജീവിയ്ക്കുമ്പോള്‍ നമ്മുടെ ഉള്ളില്‍ എന്തു മരിയ്ക്കുന്നുവോ അതാണ് ഏറ്റവും വലിയ നഷ്ടം” എന്നാണ്. ജീവിതം ! ജീവിയിക്കാനുള്ളതാണ്. വിശ്വാസങ്ങളെ ഉറപ്പിക്കേണ്ടത്, അനുഭവത്തിന്റെയും അന്വേഷണത്തിന്റേയും വെളിച്ചത്തിലാവണം. മരണം കണ്ട് അര്‍ത്ഥപൂര്‍ണ്ണമാകുകയാണ് ജീവിതം. ജീവിതം സമയബന്ധിതമാണ്. പൂര്‍ണ്ണസത്യം ഈശ്വരനാണ്. വിശ്വാസങ്ങള്‍ ആപേക്ഷിക സത്യങ്ങള്‍ മാത്രമായി നിലകൊള്ളും. ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചുമുള്ള അനുകരണീയമായ ഒരു കാഴ്ചപ്പാടാണ് ‘വീണപൂവില്‍’ കുമാരനാശാന്‍ നല്കുന്നത്. ”മരണത്തിനും വിലാപത്തിനുമപ്പുറം, ‘പൂവ്’ ജീവിയ്ക്കുന്നു. സൂര്യന്‍ പൂവിന്റെ അവശിഷ്ടകാന്തി ആവാഹിക്കുന്നു. പൂവ് പുറപ്പെടുവിച്ച സുഗന്ധം, അന്തരീക്ഷ വായു ഉള്‍കൊണ്ട്, ലോകത്തിന് സമ്മാനിയ്ക്കുകയാണ”്. നമുക്കും സുഗന്ധവും സന്തോഷവും ലോകത്തിന് നല്കികൊണ്ട്, ഒരു മന്ദസ്മിതത്തോടെ മരണം വരെ ജീവിയ്ക്കാം.