Keralaliterature.com

മഹാന്മാരാക്കപെ്പട്ടവരുടെ പിന്നാലെ പോകുന്ന മാധ്യമങ്ങള്‍

സക്കറിയ

 

തൈശേ്ശരി രചിച്ച കുരിശമ്പകം, കട്ടപ്പന, തോബിയാസ് എന്നീ മൂന്നു നോവലുകളുടെ പ്രകാശനം നിര്‍വഹിച്ചുകൊണ്ട് സക്കറിയ നടത്തിയ പ്രസംഗം.

 

ഇപേ്പാള്‍ 85 വയസേ്‌സാളമായ കുരുന്നപ്പന്‍ എന്ന തൈശേ്ശരി എഴുപത് വയസ്‌സിനുശേഷമാണ് സാഹിത്യപ്രവര്‍ത്തനത്തിലേക്ക് കടന്നത്. ഞാനിതിനെ കാണുന്നത് അസാധാരണമായൊരു പ്രതിഭാസമായാണ്. എന്നെപേ്പാലുള്ളവര്‍ എഴുത്തുകാരനാകുക എന്ന കൃത്യം തുടങ്ങിവച്ചത് 19 വയസ്‌സിലാണ്. അന്‍പത്തഞ്ചുവയസ്‌സില്‍ അവനവന്‍ ഇരിക്കുന്ന കസേര ഒഴിഞ്ഞ് ജോലിയില്‍നിന്ന് വിരമിക്കുന്നതോടെ ജീവിതം അവസാനിച്ചു എന്ന കരുതുന്ന ഒരു രീതി ഇവിടെയുണ്ട്. കാരണം, ഉദ്യോഗവും ജീവിതവും ഒന്നായിക്കാണുക, എന്ന് കസേര ഒഴിയുന്നുവോ അന്ന് നാമവശേഷമായി എന്ന് വിശ്വസിക്കുക എന്നൊരു ശൈലി നമുക്കിവിടെയുണ്ട്. അതിനുശേഷം ശൂന്യത…

പക്ഷെ തൈശേ്ശരി എഴുപതിനുശേഷമാണ് എഴുതിത്തുടങ്ങിയത്. അതിന് സമാനതകള്‍ എനിക്കറിയാം. സരമാഗോ എന്ന ലോകപ്രശസ്തനായ, നോബല്‍ സമ്മാനജേതാവായ, എഴുത്തുകാരന്‍ എഴുപതുവയസ്‌സിനുശേഷമാണ് എഴുത്ത് തുടങ്ങിയത്. കാലം മുന്നോട്ടുപോകുമ്പോള്‍ ജീവിതത്തില്‍ ഒന്നിനൊന്ന് ഉണര്‍വ് നേടുന്ന ഒരു വ്യക്തിയാകുന്നതിന് ശരീരത്തിന്റെ യൗവനവും മനസ്‌സിന്റെ യൗവനവും വേണം. അന്‍പതറുപത് വയസ്‌സായാല്‍ ചിന്ത അധഃപതിക്കുന്നൊരു കാലമുണ്ട്. വിപ്‌ളവകാരികള്‍ മുഴുവന്‍ ഏതെങ്കിലും ‘അമ്മ’മാരുടെ മടിയില്‍പേ്പായി ആലിംഗനം വാങ്ങുക തുടങ്ങിയ പരിപാടികളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇങ്ങനെയൊരു അധഃപതനമില്‌ളാത്ത, മനസ്‌സിനെയും ഭാവനയെയും ഊര്‍ജസ്വലമാക്കിവച്ചുകൊണ്ടിരിക്കുന്ന, ഒരു എഴുത്തുകാരനാണ് തൈശേ്ശരി. മനസ്‌സിന്റെയും ഭാവനയുടെയും വളര്‍ച്ച അതിന്റെ പാരമ്യത്തിലെത്തിയശേഷം അദ്ദേഹം. എഴുതിയ ഗ്രന്ഥങ്ങള്‍ അങ്ങേയറ്റം വായനാപരതയുള്ളവയാണ്; ഓരോ പുസ്തകവും ഓരോ വ്യത്യസ്ത വിഷയം കൈകാര്യം ചെയ്യുന്ന, വ്യക്തതയുള്ള, സുതാര്യമായ എഴുത്താണ്. സാഹിത്യപരമായ ആലങ്കാരിക ഭാഷകളൊന്നുമില്‌ള. കഥയെ ആദിമധ്യാന്തത്തോടുകൂടി വ്യക്തമായി നറേറ്റ് ചെയ്ത് പോകുന്ന, താഴെവയ്ക്കാന്‍ അനുവദിക്കാത്ത രീതിയില്‍ നല്‌ള ഭംഗിയായി എഴുതുന്ന, നമ്മെ മടുപ്പിക്കാത്ത ചെറിയ പുസ്തകങ്ങള്‍… ഇങ്ങനെയുള്ള 13 പുസ്തകങ്ങള്‍ -ഒരു കവിതാസമാഹാരവും ബാക്കി നോവലുകളും- എഴുതിയ ഒരാളെ നമ്മളാരും അറിഞ്ഞിട്ടിലെ്‌ളന്നതാണ് ഒരു വിരോധാഭാസം. എന്തുകൊണ്ട്? എത്രയോ പേര്‍ ഇതുപോലെ അറിയാതെ പോയിട്ടുണ്ട്, ഇപേ്പാഴും അറിയാതെ പൊയ്‌ക്കൊണ്ടിരിക്കുന്നു എന്നുള്ളത് എന്നെ അത്ഭുതപെ്പടുത്തുന്ന കാര്യമാണ്. എനിക്കു തോന്നുന്നത്, ഇതിന്റെ പ്രശ്‌നം, എഴുത്തിനു ചുറ്റുപാടും വിമര്‍ശനത്തിന്റെയും നിരൂപണത്തിന്റെയും എഴുത്തിനെപ്പറ്റി അവബോധങ്ങളുണ്ടാക്കുന്നതിന്റെയും ഒരു മാധ്യമാന്തരീക്ഷം ഉണ്ടാകേണ്ടതുണ്ട് എന്നാണ്. അതാണ് സാഹിത്യത്തെ ആളുകള്‍ക്കുമുമ്പില്‍ വീണ്ടും വീണ്ടും അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു സപേ്പാര്‍ട്ട്. ഇവരൊക്കെ എഴുതുന്നുണ്ട്, അത് ഇങ്ങനെയൊക്കെയാണ് എന്നു പറയുന്ന ഒരു ക്രിട്ടിക്കല്‍ മില്യു മലയാളത്തിലില്‌ള. അത് മാധ്യമങ്ങളുടെ ചുമതലയാണ്. പണ്ട്-എണ്‍പതുകള്‍ വരെ-പ്രധാന മാധ്യമങ്ങളിലൊക്കെ പുസ്തകനിരൂപണങ്ങള്‍ വരുമായിരുന്നു, പുതിയ പുസ്തകങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ വരുമായിരുന്നു. ഇന്ന് അതെല്‌ളാം മറ്റു പല കാര്യങ്ങള്‍കൊണ്ട് തമസ്‌കരിക്കപെ്പട്ടു. മഹാന്മാരാക്കപെ്പട്ടവരെ വീണ്ടുംവീണ്ടും പിന്തുടര്‍ന്നുചെന്ന് ആരാധിക്കുക എന്നുള്ളതാണ് ഇവിടെ നടക്കുന്ന ചടങ്ങ്. ഒരു ഒ.എന്‍.വി.കുറുപ്പ്, ഒരു എം.ടി. വാസുദേവന്‍ നായര്‍, ഒരു ഒ.വി. വിജയന്‍, ഒരു എം. മുകുന്ദന്‍ എന്നിങ്ങനെ കുറേപേ്പരുടെ -ആദ്യംതന്നെ മഹാന്മാരാക്കപെ്പട്ടവരുടെ-പിന്നാലെ പോകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. പുതുതായി എന്തെങ്കിലും ചെയ്യുന്ന വ്യകതികളെ ആളുകള്‍ തിരിച്ചറിയാന്‍ ഒരു വ്യവസ്ഥയുമില്‌ള. അത് നിര്‍ഭാഗ്യകരമായ ഒരു കാര്യമായി എനിക്കു തോന്നുന്നു.

ഇന്നിവിടെ പ്രകാശനം ചെയ്യപെ്പടുന്ന മൂന്നു നോവലുകളില്‍ എന്നെ ഏറെ ആകര്‍ഷിച്ചത് ‘കട്ടപ്പന’യാണ്. ഞാന്‍ ബാലനായിരിക്കുന്ന കാലത്താണ് മലബാറിലേക്കും മലകളിലേക്കുമുള്ള കുടിയേറ്റം ഉണ്ടായത്. ഈ നോവലിലെ കഥാനായികയുടെ അപ്പന്‍ ശവം മോഷ്ടിക്കുന്ന ആളാണ്. ശവങ്ങളെ മോഷ്ടിച്ചുവിറ്റ് ജീവിക്കുന്ന അസാധാരണ കഥാപാത്രം. കേരളത്തില്‍ ശവങ്ങളെ അപമാനിക്കുന്ന ആള്‍ക്കാരുണ്ടെന്നറിയാം, മറ്റു കാര്യങ്ങള്‍ക്കുവേണ്ടി. പക്ഷെ ശവം മോഷ്ടിച്ചുകൊണ്ടുപോയി വില്‍ക്കുന്നത് ഒരു വിചിത്ര കഥാപാത്രം തന്നെയാണ്. അങ്ങനെയൊക്കെയുള്ള ആളുകളെയാണ്, സാധാരണ നാം ഉദ്ദേശിക്കാത്ത രീതിയിലുള്ള മനഷ്യരെയാണ്, അദ്ദേഹം അവതരിപ്പിക്കുന്നത്. കുടിയേറ്റക്കാരുടെ ജീവിതം, വന്യമൃഗങ്ങളുമായുള്ള അവരുടെ അഭിമുഖീകരണം (അദ്ദേഹം വളെരെക്കാലം ഫോറസ്റ്റ് റേഞ്ചറായിരുന്നതുകൊണ്ട് അതിന്റെയെല്‌ളാം ഉള്ളുകള്ളികള്‍ അദ്ദേഹത്തിനറിയാം.), പരിസ്ഥിതിയുടെ പ്രശ്‌നങ്ങള്‍ ഒക്കെ നോവലില്‍ കൊണ്ടുവരുന്നുണ്ട്. അന്ന് കുടിയേറാന്‍ പോയിരുന്നവര്‍ പരിസ്ഥിതി എന്ന വാക്കുപോലും കേട്ടിരുന്നില്‌ള. റേച്ചല്‍ കാഴ്‌സന്റെ ‘സൈലന്റ് സ്പ്രിങ്’ എന്ന പുസ്തകം തന്നെ പ്രസിദ്ധീകരിക്കുന്നത് 1960 കളിലാണ്. അതിനെക്കാള്‍ മുന്‍പ് കുടിയേറിയ നിരക്ഷരകുക്ഷികളായ കൃഷിക്കാര്‍ക്ക് പരിസ്ഥിതിബോധമുണ്ടായിരിക്കേണ്ടത് ആവശ്യമാണെന്ന് വാദിക്കുന്നതില്‍ത്തന്നെ അര്‍ത്ഥമില്‌ള. അലെ്‌ളങ്കില്‍ ആരെങ്കിലും അവര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ ഉണ്ടായിരിക്കണമായിരുന്നു; പരിസ്ഥിതി നശിപ്പിക്കാതെ കൃഷിചെയ്യണം എന്ന് ആരെങ്കിലും ഉപദേശിക്കണമായിരുന്നു. പിന്നീട് പരിസ്ഥിതിവാദം ഒരു പ്രസ്ഥാനമായപേ്പാള്‍ സംഭവിച്ചത് ഇതല്‌ള. പരിസ്ഥിതിവാദം മോശമാണെന്നല്‌ള ഞാന്‍ പറയുന്നത്, കേരളത്തിന് ഏറ്റവുമധികം നന്മ ചെയ്തിട്ടുള്ള പ്രസ്ഥാനങ്ങളിലൊന്നാണത്. സുഗതകുമാരിയൊക്കെ അതിന് നേതൃത്വം കൊടുത്ത് സൈലന്റ്‌വാലി പോലുള്ള ഇടങ്ങള്‍ നമുക്ക് സംരക്ഷിക്കാന്‍ പറ്റി. പക്ഷെ ഈ പരിസ്ഥിതിവാദത്തിന്റെ മറ്റൊരു മുഖം, ഇതു മുഴുവന്‍ കാടുകളിലേക്ക് കുടിയേറിയവരെ എതിര്‍ത്തുകൊണ്ടുള്ളതായിരുന്നു എന്നതാണ്. അവര്‍ കുടിയേറിയത് പട്ടിണി മാറ്റാന്‍വേണ്ടിയായിരുന്നു; അല്‌ളാതെ കാട് പിടിച്ചടക്കാനോ തോട്ടം സൃഷ്ടിക്കാനോ വേണ്ടി പോയവരായിരുന്നില്‌ള. അത് നമ്മളെപേ്പാലുള്ള ആള്‍ക്കാര്‍ അന്ന് മനസ്‌സിലാക്കിയില്‌ള, ഇന്നും മനസ്‌സിലാക്കുന്നില്‌ള എന്ന് എനിക്കു തോന്നുന്നു. ഇതിനകത്ത് കൃഷിക്കാരോടുള്ള ഒരു വൈരാഗ്യം മാത്രമല്‌ള, അവജ്ഞ പോലും ഉണ്ടോ എന്ന് ഞാന്‍ പലപേ്പാഴും സംശയിച്ചിട്ടുണ്ട്. ഇതെന്തുകൊണ്ട് മനസ്‌സിലാകാതെ പോകുന്നു? കൃഷിക്കാര്‍ നിവൃത്തിയില്‌ളാതെയാണ് മലകയറിയത്. രണ്ടാംലോകയുദ്ധത്തിനുശേഷം സാമ്പത്തികവ്യവസ്ഥ പൂര്‍ണമായി തകര്‍ന്നപേ്പാള്‍ ഞങ്ങളുടെയൊക്കെ നാട്ടില്‍ അരിയും കപ്പയും ഇല്‌ളാഞ്ഞിട്ട് കടപ്പന വെട്ടി അതിനള്ളിലെ ചോറ് കുറുക്കിയായിരുന്നു കഴിച്ചിരുന്നത്. അങ്ങനെയുള്ള പട്ടിണിയില്‍ നിന്നാണ് മലകളിലേക്കുള്ള കുടിയേറ്റം നടക്കുന്നത്. അത്തരം കുടിയേറ്റക്കാരുടെ കഥയാണ് ‘കട്ടപ്പന’.

യേശുവിനെ കുരിശിലേറ്റാന്‍ ഉപയോഗിച്ച മരം ഏതായിരുന്നിരിക്കണം എന്നതിനെ ചുറ്റിപ്പറ്റിയുള്ള കഥയാണ് ‘കുരിശമ്പകം’. ക്രിസ്തുമതം യൂറോപ്പിലേക്ക് വന്നപേ്പാള്‍, മധ്യകാലഘട്ടത്തില്‍, ക്രിസ്തുവിനെസംബന്ധിച്ച എല്‌ളാം -ക്രിസ്തുവിന്റെ തലമുടി, മുഖംതുടച്ച തൂവാല, ക്രൂശിച്ച കുരിശ് തുടങ്ങി എല്‌ളാം-തിരുശേഷിപ്പുകളായി. യൂറോപ്പിലിത് ഏറ്റവും വലിയ വ്യവസായങ്ങളിലൊന്നായി മാറി. യൂറോപ്പിലാകമാനം പ്രചരിക്കപെ്പടുന്ന, ക്രിസ്തുവിനെ കുരിശിലേറ്റിയതെന്നു കരുതപെ്പടുന്ന, കുരിശിന്റെ കഷണങ്ങള്‍ ചേര്‍ത്തുവച്ചാല്‍ ഭൂമിയെ രണ്ടുതവണ ചുറ്റാനുള്ള നീളമുണ്ടാകം. ആ കുരിശിനെക്കുറിച്ചുള്ള യഥാര്‍ത്ഥമെന്ന് വിശ്വസിക്കാവുന്ന കഥയാണ് തൈശേ്ശരി പറയുന്നത്.

ക്രിസ്തു വിപ്‌ളവകാരിയാണോ എന്നൊക്കെ ചര്‍ച്ചയുള്ള കാലമാണലേ്‌ളാ ഇത്. ക്രിസ്തു വിപ്‌ളവകാരിയാണെന്നത് ഏതു കൊച്ചുകുട്ടിക്കും സ്വാഭാവികമായിട്ട് അറിയാവുന്നൊരു കാര്യമായിരുന്നു. കാരണം, മാറ്റം ചോദിക്കുകയും ചോദിച്ചുവാങ്ങുകയും ചെയ്തയാളാണ്. അതാണ് പുതിയനിയമം, പഴയനിയമം എന്ന് രണ്ടുവിഭാഗങ്ങള്‍ ബൈബിളിലുള്ളത്. പഴയനിയമത്തെ ചോദ്യംചെയ്ത്, അതിലെ ദൈവത്തിനുപകരം സ്‌നേഹവാനായ ഒരു ദൈവത്തെ പ്രതിഷ്ഠിച്ച്, ആ ദൈവത്തിന്റെ നാട്ടില്‍ അധ്വാനിക്കുന്നവരും ഭാരംചുമക്കുന്നവരും കണ്ണീരൊഴുക്കുന്നവരും കഷ്ടപ്പടുന്നവരും അധഃകൃതരായവരും ആയവര്‍ക്കാണ് സ്ഥാനം എന്നു പറഞ്ഞവനാണ് യേശു. അദ്ദേഹം വിപ്‌ളവകാരിയലെ്‌ളങ്കില്‍ പിന്നെയെന്താണ് ആ മനുഷ്യനെന്ന് എനിക്ക് മനസ്‌സിലായിട്ടില്‌ള… പക്ഷെ സി.പി.എം. പറയുമ്പോള്‍ അതിനകത്തൊരു വിശ്വാസ്യതയില്‌ളായ്മയുണ്ട്, അവസരത്തിനുവേണ്ടിമാത്രം പറഞ്ഞതെന്ന തോന്നലുണ്ട്. അതൊഴികെ ആ മനുഷ്യന്റെ വിപ്‌ളവസ്വഭാവത്തെക്കുറിച്ച് നമുക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ട കാര്യമില്‌ള. ബുദ്ധന്‍, മുഹമ്മദ് എന്നിങ്ങനെയുള്ള നമ്മുടെ ആധ്യാത്മികഗുരുക്കന്മാര്‍ക്കിടയില്‍ ഒരു യഥാര്‍ത്ഥ വിപ്‌ളവകാരിയായിരുന്നു യേശു. തെരുവുവിപ്‌ളവകാരിയായിരുന്നു അദ്ദേഹം. കാരണം, ക്ഷേത്രത്തില്‍ചെന്ന് അവിടെ കച്ചവടം നടത്തിക്കൊണ്ടിരുന്നവരെ ചാട്ടവാറുകൊണ്ട് അടിച്ചുപുറത്താക്കിക്കുന്നത്, നക്‌സലൈറ്റുകളുടെ പരസ്യവിചാരണ പോലെ ഒരു സംഭവമാണ്; ആരും ചെയ്യാന്‍ മടിക്കുന്നൊരു കാര്യമാണ്. അത്രമാത്രം ശകതനായിരുന്ന ആ മനുഷ്യനെ കുരിശിലേറ്റിയ മരം ഏതായിരിക്കാം എന്ന അന്വേഷണമാണ് ‘കുരിശമ്പകം’ എന്ന നോവല്‍.

‘തോബിയാസിന്റെ ജീവിതത്തിലൂടെ, രണ്ടായിരം വര്‍ഷം മുന്‍പുള്ള ഒരു സമൂഹം ദൈവത്തിന്റെ പേരില്‍ നടത്തിയ കലാപത്തിന്റെയും ജീവിതസമരത്തിന്റെയും കഥയാണ്” പുസ്തകത്തിന്റെ പുറംചട്ടയില്‍ പറയുന്നതുപോലെ ‘തോബിയാസ്’ എന്ന നോവല്‍. ദൈവത്തിന്റെ പേരില്‍ കലാപങ്ങളും യുദ്ധങ്ങളും തുടങ്ങിയിട്ട് എത്രയോ കാലമായി. എന്തുമാത്രം മനുഷ്യരാണ് ദൈവങ്ങളുടെ പേരില്‍ മരിച്ചുവീണത്. ലോകത്തിലെ യുദ്ധങ്ങളെല്‌ളാംകൂടി എടുത്തുചേര്‍ത്താലും ദൈവങ്ങളുടെയും മതത്തിന്റെയും പേരില്‍ മരിച്ചുവീണവരാണ് കൂടുതലുണ്ടാകുക. ഒരു അവിശ്വാസിയായ ഞാന്‍ ഇപേ്പാഴും ചോദിക്കുന്ന ചോദ്യം, പിന്നെന്തായിരുന്നു ഇതിന്റെയൊക്കെ ആവശ്യം? മനുഷ്യനെ നന്നാക്കാനായിരുന്നെങ്കില്‍, സമാധാനവും സ്‌നേഹവുമാണ് ഇവര്‍ ആവശ്യപെ്പടുന്നതെങ്കില്‍, എന്തുകൊണ്ട് ഈ ദൈവങ്ങളുടെ അനുയായികള്‍ക്ക് പരസ്പരം സ്‌നേഹിച്ചും സമാധാനത്തോടെയും ജീവിക്കാന്‍ കഴിഞ്ഞില്‌ള? എന്തുകൊണ്ട് നീ അതാണ് ഞാന്‍ അതല്‌ള, നീ തെറ്റാണ് ഞാന്‍ ശരിയാണ് എന്നുപറഞ്ഞുപോയി കഴുത്തുവെട്ടുന്നു? നരേന്ദ്രമോഡിയുടെ ഗുജറാത്തില്‍ ഗര്‍ഭിണിയുടെ വയര്‍ കുത്തിത്തുറന്ന് ഭ്രൂണമെടുത്ത് കഴുത്തുവെട്ടിയിലേ്‌ള? ഇന്ത്യയില്‍ മാത്രമല്‌ള, ലോകമെങ്ങും ഇത് നടന്നിട്ടുണ്ട്. മതത്തെപ്പറ്റി ആലങ്കാരികഭാഷയില്‍ നമ്മോട് സംസാരിക്കുന്നവരോട് നമുക്ക് ചോദിക്കാവുന്ന അത്യാവശ്യ ചോദ്യമാണ്, നിങ്ങളെങ്ങനെ ഇതിനെ ന്യായീകരിക്കും, ഇപേ്പാഴും നടന്നുകൊണ്ടിരിക്കുന്ന ഈ രക്തച്ചൊരിച്ചിലിനെ? നിങ്ങളുടെ അനുയായികളുടെമേല്‍ നിങ്ങള്‍ക്കിത്രമാത്രം സ്വാധീനമുണ്ടെങ്കില്‍ എന്തുകൊണ്ട് നിങ്ങള്‍ക്കവരോട് പറഞ്ഞുകൂടാ, നീ കൊല്‌ളരുത് എന്ന്. ക്രിസ്ത്യാനികളെ സംബന്ധിച്ച് പത്തുപ്രമാണങ്ങളിലൊന്നാണത്, നീ കൊല്‌ളരുത്. ആരു കേള്‍ക്കാന്‍? കൊല്‌ളരുത് എന്ന വാക്കിന്റെ അര്‍ത്ഥം പോലും ക്രിസ്ത്യാനിക്കറിയില്‌ള. ഇവിടെയാണ് മതങ്ങളുടെ വിശ്വാസ്യതയ്ക്ക്-സി.പി.എമ്മിന്റെ വിശ്വാസ്യതയുടെ കാര്യം പറഞ്ഞതുപോലെ- ഉടവുതട്ടുന്നത്.

ഈ തരത്തിലുള്ള പ്രധാനപെ്പട്ട കാര്യങ്ങളെല്‌ളാം ചിന്തിച്ച്, ഗവേഷണംചെയ്ത്, ചരിത്രത്തിലേക്ക് പിന്തിരിഞ്ഞുനോക്കി, നന്നായി പഠിച്ച് എഴുതിയവയാണ് തൈശേ്ശരിയുടെ ഈ മൂന്ന് നോവലുകളും.

Exit mobile version