Keralaliterature.com

ശകുന്തളയുടെ ദൂരങ്ങള്‍: പ്രകൃതിയില്‍ നിന്ന് വിഹായസ

ശകുന്തളയുടെ ദൂരങ്ങള്‍: പ്രകൃതിയില്‍ നിന്ന് വിഹായസ്‌സിലേക്ക്

ഡോ. ആര്‍. മനോജ്

എ.ആര്‍. രാജരാജവര്‍മ്മയുടെ ‘മലയാള ശാകുന്തളം’ പരിഭാഷയ്ക്ക് നൂറുവര്‍ഷം തികയുമ്പോള്‍, മഹാകവി കാളിദാസന്റെ ‘അഭിജ്ഞാന ശാകുന്തളം’ നാടകത്തെ ഹരിതനിര്‍ഭരമാക്കുന്ന ജൈവപ്രകൃതിയെക്കുറിച്ചാണ് ഈ ലേഖനം.

കാളിദാസന്റെ അറിയപെ്പടുന്ന ആദ്യകൃതി ‘ഋതുസംഹാര’മാണ്. ഋതുവര്‍ണ്ണനയാണ് വിഷയം. ഇതൊരു നിദര്‍ശനമാണ്. ഭാവികൃതികളിലെല്‌ളാം പ്രകൃതി മാധ്യമവും ആധാരവുമാണ്. അഭിജ്ഞാന ശാകുന്തളത്തില്‍ നാലാമങ്കം പ്രത്യേകം വാഴ്ത്തപെ്പടുന്നത് പ്രകൃതി വൃത്താന്തങ്ങളുടെ പേരിലാണ്. അങ്കാരംഭത്തില്‍, തേജോദ്വയ(സൂര്യനും ചന്ദ്രനും)ത്തിന് ഉണ്ടാകുന്ന ഉദയക്ഷയങ്ങളെ മുന്‍നിര്‍ത്തി ലോകജീവിതത്തിന്റെ ചാക്രികത, ക്ഷണികത, നശ്വരാ-നശ്വരത എന്നിവ കണ്ടെത്തുന്നു:
പറ്റുന്നിതസ്തഗിരിമോലൊരിടത്തു ചന്ദ്രന്‍
മറ്റേപ്പുറത്തരുണനൊത്തിനനെത്തിടുന്നു
തേജോദ്വയത്തിനൊരുമിച്ചുദയക്ഷയങ്ങ-
ളിജ്ജീവികള്‍ക്കൊരു നിദര്‍ശനമെന്നുതോന്നും
(ശേ്‌ളാകം-2 നാലാമങ്കം- മലയാളശാകുന്തളം- എ.ആര്‍. രാജരാജവര്‍മ്മ)

മനുഷ്യ-പ്രകൃതി ബന്ധം, ശകുന്തള ആശ്രമം വിട്ടുപോകുന്നതിലെ ഉചിതാനുചിതങ്ങള്‍, കഥയിലെ വിരഹസൂചനകള്‍, ഭാവിപ്രവചനങ്ങള്‍- തുടങ്ങയിവയിലെല്‌ളാം ഒരു പ്രപഞ്ചനാടക പരിവേഷം നിര്‍മ്മിക്കാന്‍ നാലാമങ്കത്തില്‍ കഴിഞ്ഞിട്ടുണ്ട്. ഇഷ്ടപ്രവാസം മൂലമുണ്ടാകുന്ന വിരഹാവസ്ഥ സ്ത്രീജനങ്ങള്‍ക്ക് താങ്ങാന്‍ പ്രയാസമാണെന്ന് പറയാന്‍ വേണ്ടി പ്രകൃതി നാടകത്തില്‍ സാദൃശ്യം കണ്ടെത്തുന്നു (ശേ്‌ളാകം-3). അഗ്നിഹോത്രഗൃഹത്തില്‍ പ്രവേശിച്ച കണ്വമഹര്‍ഷി ശകുന്തളാവിവാഹം അശരീരിയിലൂടെ അറിഞ്ഞ വര്‍ത്തമാനവും പ്രകൃതിലീലയിലേക്ക് കെട്ടപെ്പടുന്നു (ശേ്‌ളാകം-4). യാത്രയാകുന്ന ശകുന്തളയ്ക്ക് ഉടയാടയും അലങ്കാരങ്ങളും ആശ്രമവൃക്ഷങ്ങള്‍ നല്‍കുന്നു (ശേ്‌ളാകം-5). ശകുന്തളയ്ക്ക് അവയോടുള്ള പ്രിയം കണ്വന്റെ വാക്കുകളിലുണ്ട്:
താനേ തൊണ്ടനനയ്ക്കയിലെ്‌ളവള്‍ നനച്ചീടാതെയീ നിങ്ങളെ-
ത്താവും കൗതുകമെങ്കിലും കരുണയാല്‍ പൊട്ടിച്ചിടാ പല്‌ളവം
പൂരിക്കുന്നിതെവള്‍ക്കു നിങ്ങള്‍ പുതുതായ് പൂക്കുന്ന നാളുത്സവം… (ശേ്‌ളാകം-9)

വൃക്ഷങ്ങള്‍ മാത്രമല്‌ള കിളികളും കുയില്‍ നാദത്താല്‍ ശകുന്തളയ്ക്കു യാത്രാനുമതി കൊടുക്കുന്നു (ശേ്‌ളാകം-10) ശകുന്തളയുടെ യാത്ര സുഖമായിരിക്കാന്‍ ദേവാനുഗ്രഹം അശിരീരിയായി എത്തുന്നു (ശേ്‌ളാകം-11). മാനും മയിലും വല്‌ളികളും ശകുന്തളയുടെ പിരിഞ്ഞുപോക്കില്‍ ഖേദിക്കുന്നു (ശേ്‌ളാകം 12). കണ്വമുനി ചൂത-നവമാലികങ്ങളുടെ ചേര്‍ച്ച പോലെയാണ് ശകുന്തളാദൂഷ്യന്ത ബന്ധത്തെ കണ്ടെത്തുന്നത് (ശേ്‌ളാകം-13). ശകുന്തള പിതാവിനോട് തന്നെപ്പറ്റിക്കൂടി കേ്‌ളശിച്ച്് ശരീരം ക്ഷീണിപ്പിക്കരുതെന്ന് അപേക്ഷിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ആശ്രമമുറ്റത്തെ, നീവാരം മുളച്ച ഞാറില്‍ ചെന്നെത്തുന്നു. ആ നീവാരം വിതച്ചത് മകളായ ശകുന്തള ആയിരുന്നു. ഓര്‍മ്മകള്‍ കൊണ്ടുവരുന്ന പ്രകൃതിയായി ശകുന്തള മാറുന്നു. അത് മനഃപൂര്‍വ്വുമല്‌ള, കവിതയില്‍ സ്വാഭാവികമായി സംഭവിക്കുകയാണ്:
മാലിന്നെന്തവസാനം
ബാലേ, നീ ബലി പൊഴിച്ച നീവാരം
ഞാറായ് മുളച്ചതുടജ-
ദ്വാരാങ്കണമാര്‍ന്നു കാണുമ്പോള്‍? (ശേ്‌ളാകം 21)

ദീര്‍ഘാപാംഗന്‍ ശകുന്തളയെ പിന്‍തുടരാന്‍ ശ്രമിക്കുന്നത് വനഭൂമിയും ശകുന്തളയുമായുള്ള നിത്യബന്ധം കൊണ്ടുകൂടിയാണ്. അത് ഒരു ജീവിതരീതിയായി മാറുന്നു, അതൊന്നും ആരും അറിഞ്ഞുകൊണ്ടലെ്‌ളങ്കിലും.

രണ്ട്

അഷ്ടമൂര്‍ത്തി (ജലം, ഹോതാവ്, അഗ്നി, സൂര്യന്‍, ചന്ദ്രന്‍, ആകാശം, ഭൂമി, വായു) ആയ പരമശിവനെയാണ് നാടകത്തിന്റെ പ്രസ്താവനയില്‍ സ്തുതിക്കുന്നത്. തുടര്‍ന്ന് സൂത്രധാരനും നടിയുമായുള്ള സംഭാഷണത്തില്‍ ഗ്രീഷ്മത്തിലെ പ്രകൃതി നല്‍കുന്ന സൗഖ്യം കാവ്യസൗന്ദര്യമായി മാറുന്നു. പരിസരപ്രകൃതി ഗാനമായിത്തീരുന്നു. ദുഷ്യന്താഗമത്തില്‍ ആശ്രമമൃഗത്തിനെ കൊല്‌ളരുതെന്ന താക്കീത്, ആശ്രമാന്തരീക്ഷത്തിലേക്ക്് അധിനിവേശം പാടില്‌ളാ എന്ന മുന്നറിയിപ്പാണ്. ഈ മുന്നറിയിപ്പിന്റെ ലംഘനം ശകുന്തള വഴി നടത്തുന്നത് അറിയാതെയാണ്. രാജാക്കന്മാര്‍ക്കു മാത്രമിണങ്ങുന്ന രീതിയില്‍, ബന്ധുക്കള്‍ അറിയാതെ ശകുന്തളയും ദുഷ്യന്തനും ഗാന്ധര്‍വ വിവാഹം കഴിക്കുന്നു. അതിന്റെ ഭവിഷ്യത്തും അറിയാതെ തന്നെ അനുഭവിക്കുന്നു. പ്രകൃതിപ്രാണനെ മറന്നുകൊണ്ട് നഗരജീവിതത്തിലേക്ക് ചെന്നുകയറാന്‍ പോയ ശകുന്തളയ്ക്ക് അഞ്ചാം അങ്കത്തിലുണ്ടാകുന്ന തിരിച്ചടി ദുരന്തഭൂമികയിലെത്തുന്നു. നാലാമങ്കത്തില്‍ തന്നെ അതിന്റെ സൂചനകളാരംഭിക്കുന്നു:

അനസൂയ: ഈയുള്ളവര്‍ക്കു ലൗകിക വിഷയങ്ങളില്‍ പ്രവേശനമില്‌ളാത്തതുകൊണ്ട് ഈവക സംഗതികളില്‍ പരിജ്ഞാനം ഇല്‌ള; എങ്കിലും ഇത്ര ഒക്കെ എനിക്കും അറിയാം. ആ രാജാവ് ശകുന്തളയുടെ നേരെ കാണിച്ചതു മര്യാദയായില്‌ള… ആ നേരുകെട്ട രാജാവുമായി ശുദ്ധാത്മാവായ പ്രിയസഖിയെ ഇങ്ങനെ കൊണ്ടുചെന്ന് ഇടപെടുത്തിയലേ്‌ളാ…

അഞ്ചാമങ്കത്തില്‍ ശകുന്തളയും ശാര്‍ങ്ഗരവനും നാഗരികന്റെ അനാര്യത്വത്തെ അപലപിക്കുന്നു:

ശകുന്തള: അനാര്യ, ശേഷം പേരും അങ്ങയെപേ്പാലെയെന്നാണ് അങ്ങേയ്ക്കു ഭാവം. പുല്‌ളുകൊണ്ടു മറഞ്ഞ കിണറുപോലെ ധര്‍മ്മച്ചട്ടയിട്ടു മുറുക്കിയ അങ്ങേടെ മട്ട് മറ്റാരെങ്കിലും കാട്ടുമോ?

ശാര്‍ങ്ഗരവന്‍ ശകുന്തളയുടെ, ഒരുപക്ഷെ നാഗരികര്‍ക്കു മാത്രമിണങ്ങിയ ഒളിബന്ധ(ഗാന്ധര്‍വ്വം)ത്തെ രൂക്ഷമായിത്തന്നെ കുറ്റപെ്പടുത്തുന്നു:
സ്വയംകൃതമായ ചാപല്യം ഇങ്ങനെയാണ് തിരഞ്ഞടിക്കുന്നത്…. രഹസ്‌സിലുള്ള വേഴ്ചസ്ഥിതിയൊന്നുമറിഞ്ഞിടാതെ ചെയ്താലിതുപോല്‍ ബന്ധുത ബദ്ധവൈരമാകും.
എന്നുതന്നെയല്‌ള, രാജാവ് വസ്തുതകള്‍ മുഴുവന്‍ കീഴ്‌മേലാക്കിപ്പറയുകയാണെന്നും ഗ്രാമ്യജീവിതത്തെ അപ്രമാണമായി എഴുതിത്തള്ളുകയാണെന്നും ശാര്‍ങ്ഗരവന്‍ പറയുന്നുണ്ട്:
പാരില്‍പ്പിറന്നതുമുതല്‍ ചതിയെന്നതുള്ളില്‍
ക്കേറാത്തൊരാള്‍ പറവതൊക്കെയുമപ്രമാണം
നേരസ്ഥരായി വിലസട്ടെ പഠിത്തമെന്ന
പേരും പറഞ്ഞു പരവഞ്ചനയഭ്യസിപേ്പാര്‍.

പഠിത്തമെന്ന പേരും പറഞ്ഞുനടക്കുന്ന നാഗരികര്‍-ഭരണകര്‍ത്താക്കള്‍- പറയുന്നതെല്‌ളാം പ്രമാണവും വനവാസി പറയുന്ന സത്യമെല്‌ളാം അപ്രമാണവുമാകുന്ന മിഥ്യ അന്നും എന്നും ഒരുപോലെയുണ്ട്; എവിടെയുമുണ്ട്.

രാജാവ് ഈ അങ്കത്തില്‍ വച്ചുതന്നെ സ്വയം ന്യായീകരിക്കുന്നതിനിടയില്‍,
കുമുദമേ ശിശിരാംശു വിടര്‍ത്തിടൂ
കമലമേ ദിനനാഥനുമങ്ങനെ
എന്നൊരു ലോകതത്വത്തില്‍ എത്തുന്നുണ്ട്. ലോകക്രമം നടക്കും; അതേ നടക്കൂ എന്ന യുക്തി ഈ പ്രസ്താവത്തിലുണ്ട്. അങ്കത്തിന്റെ അന്ത്യത്തില്‍ ശകുന്തളയുടെ സങ്കടം അപ്‌സരസ്ത്രീയായിട്ടും മാതാവായ മേനക കേള്‍ക്കുന്നുണ്ട്. പ്രകൃതി പ്രകൃതിയെ രക്ഷിക്കുന്നു. മറ്റെല്‌ളാം മറവിയാണ്. ദുര്‍വ്വാസാവിന്റെ ശാപവും കളഞ്ഞുപോകുന്ന മോതിരവും മറവികളാണ്.

മറവികള്‍ ഉണര്‍ത്തുലുകളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഓര്‍മ്മയെ പ്രസക്തമാക്കുന്നതില്‍ (ഒരുപക്ഷെ അതില്‍ മാത്രമാണ്) മറവിക്ക് പങ്കുണ്ട്. അതാണ് പ്രകൃതിയുടെ സ്ഥാനം- സംസ്ഥാപനം. വിരുദ്ധങ്ങളുടെ തീരകോടികളാണ് പ്രകൃതി. അവിടെ ശക്തിയെന്നോ അശക്തിയെന്നോ കാണില്‌ള. ശുദ്ധിയെന്നോ അശുദ്ധിയെന്നോ ഇല്‌ള. തിന്മ-നന്മകള്‍ ഇല്‌ള. കേവലതകള്‍ ഇല്‌ള; അവ തോന്നല്‍ മാത്രം. വെറും ഒരു മറവിയിലൂടെ ശാകുന്തളം നാടകം ആയി -നാടകം തന്നെയായി- മാറുന്നത് പ്രകൃതിയുടെ, പ്രകൃത്യാവസ്ഥയുടെ കേന്ദ്രജീവിതം അതില്‍ അടക്കിയിരിക്കുന്നതുകൊണ്ടാണ്.

പ്രകൃതിയുടെ കാഴ്ചജീവിതം ‘ഋതുസംഹാര’ത്തിലുണ്ട്. അതിന്റെ അഗാധജീവിതവുമുണ്ട്. ‘മേഘസന്ദേശ’ത്തില്‍ ഭൂഭാഗവര്‍ണനകള്‍ നിരന്തരമുണ്ട്. ശാകുന്തളത്തിലെ ഓരോ നിയതാര്‍ത്ഥങ്ങള്‍ക്കും പ്രകൃതി വിതാനമാകുന്നു.

മൂന്ന്

രാജാവിന്റെ വേട്ടക്കൊതിമൂലമുള്ള വൈഷമ്യത്തെക്കുറിച്ച് രണ്ടാം അങ്കത്തിന്റെ തുടക്കത്തില്‍ വീദൂഷകന്‍ പതിവു ശൈലിയില്‍ ചിലതു പറയുന്നുണ്ട്. പറയുന്നത് തമാശരൂപേണയാണെങ്കിലും മാംസക്കൊതിപൂണ്ട് കാടിളക്കുന്ന നാഗരികന്റെ അത്യാര്‍ത്തിക്ക്, അതൊരു വിമര്‍ശനമാവുന്നുണ്ട്. കാടിന്റെ ശ്രേഷ്ഠതയെ മാനിക്കാത്ത ഒരു പ്രേരണ ഈ കാടിളക്കലിലുണ്ട്. ഈ അക്രമത്തിന് അറുതിയുണ്ടാവാന്‍ കാരണം, നാടകത്തില്‍ ദുഷ്യന്തന് ശകുന്തളയോട് അനുരാഗം വളരുന്നതാണ്. ഇവിടെ വേട്ടയ്‌ക്കെതിരായി സ്ത്രീപുരുഷാനുരാഗമെന്ന പ്രകൃതിസ്വഭാവം കടന്നുവരികയാണ്.
തന്റെ വില്‌ള് വിശ്രമം പൂണ്ടാലേ കാടിന്, കാട്ടിലെ ജീവജാലങ്ങള്‍ക്ക് സൈ്വരമുള്ളു എന്ന് ദുഷ്യന്തന്‍ മനസ്‌സിലാക്കുന്നത് യാദൃച്ഛികമാകണമെന്നില്‌ള:
നീരില്‍ പോത്തുകള്‍ കൊമ്പുകുലച്ചു കളിയാടീടട്ടേ കേടെന്നിയേ
സാരംഗം തണലില്‍ക്കിടന്നയവിറക്കീടട്ടെ കൂട്ടത്തോടെ
സൈ്വരം സുകരപംക്തി മുസ്തകള്‍ കുഴിക്കട്ടേ തടാകങ്ങളില്‍
ചേരാതേ ഗുണബന്ധനം നടുനിവര്‍ത്തീടട്ടെയെന്‍ വില്‌ളിതും.

ശകുന്തളയെ ഓര്‍ക്കുമ്പോള്‍ ദുഷ്യന്തനുണ്ടാകുന്ന ഉല്‍ക്കണ്ഠയില്‍, കാടിന്റെ കന്യകാത്വത്തെക്കുറിക്കുന്ന ഗൂഢമായ ഒരു ആനന്ദം അടങ്ങിയിരിപ്പുണ്ട് (ശേ്‌ളാകം10-രണ്ടാമങ്കം). അവിടെയും വിധി/പ്രകൃതിഹിതം കടന്നുവരുന്നു: …പാര്‍ത്തില്‌ളീ ഞാനെവന്നോ വിധിയിതനുഭവിക്കുന്നതിന്നേകിടുന്നു!

സത്ത വിധിയും പ്രകൃതിയുമാണ്. വിധി ധനവുമാണ്. വിഭവങ്ങളേക്കാള്‍ വലിയ ധനം തപത്തിന്റെ ജ്ഞാനമാണ്. നാട്ടുകാര്‍ വെറും പണം തരുമ്പോള്‍ കാട്ടിലെ മുനിമാര്‍ തപോപുണ്യമാണ് രാജ്യത്തിന് നല്‍കുന്നത്. ത്യാഗിയായ കണ്വന്റെ തപോജീവിതത്തിന്റെ ഭാഗമാണ് ശകുന്തളയും. മുല്‌ളവള്ളിയും തേന്മാവും മാന്‍കുട്ടിയും അനസൂയയും പ്രിയംവദയുമെല്‌ളാം കണ്വന്റെ തപോനിഷ്ഠയുടെ ഭാഗമാണ്. അവരുടെയെല്‌ളാം സാന്നിദ്ധ്യം നല്‍കുന്ന സുഖത്തെക്കുറിച്ച്് ദുഷ്യന്തന്‍ പല പ്രവാശ്യം പറയുന്നുമുണ്ട്. കൊട്ടാരത്തിലേക്ക് തിരിച്ചുപോകാന്‍ കഴിയാതെ, മനസ്‌സ് രണ്ടായ് പിരിഞ്ഞ ദുഷ്യന്തന്റെ അവസ്ഥ, കുന്നില്‍ത്തടഞ്ഞ പുഴയുടേതുപോലെയാണെന്ന് കാളിദാസന്‍ പറയുന്നു. ഉപമയിലും പ്രകൃതിദൃശ്യം കടന്നുവരുന്നു. ഈ സാന്നിദ്ധ്യം ശാകുന്തളത്തില്‍ നിത്യമാണ്, മറ്റു പല കാളിദാസകൃതികളിലേയും പോലെ.

സ്വാഭാവിക പ്രകൃതിയാണ് കാളിദാസന്റെ പ്രേരണ. മോഹന്‍ രാകേശിന്റെ ‘ആഷ്ാഡ് കാ ഏക് ദിന്‍’ല്‍ ചക്രവര്‍ത്തി സഭയിലേക്ക് ക്ഷണിച്ചിട്ടും വന്യപ്രകൃതി വിട്ടുപോകാന്‍ കൂട്ടാക്കാത്ത ഒരു കാളിദാസനുണ്ട്. പിന്നീട് മല്‌ളിക (കാമുകി) യുടെ പ്രേരണമൂലം പോയെങ്കിലും ഉജ്ജയിനിയിലെ കാളിദാസന്റെ ഉള്ളുമുഴുവന്‍ തന്റെ നിത്യപ്രകൃതിയായിരുന്നു. സ്വാഭാവിക പ്രകൃതിക്ക് ക്ഷീണമേറ്റാലും ഭംഗിക്കുറവില്‌ള. ശരിയായ സൗന്ദര്യത്തിന്് ഈ പ്രകൃതിസ്വഭാവമുണ്ട്:
…കോട്ടം മന്മഥനാലണഞ്ഞിടുകിലും
തന്വംഗി രമ്യാംഗിതാന്‍
കോടക്കാറ്റടിയേറ്റു വെള്ളില കൊഴി-
ഞ്ഞിട്ടുള്ള വാസന്തിപോല്‍
വിരഹാവസ്ഥയിലും ശകുന്തളയുടെ സൗന്ദര്യത്തിന് കുറവില്‌ള, വെള്ളില കൊഴിഞ്ഞിട്ടും മുല്‌ളവള്ളിക്കു സൗന്ദര്യം കുറയാത്തതുപോലെ (കാളിദാസന്റെ ഉപമകെളല്‌ളാം പ്രകൃതിയില്‍ നിന്ന് നേരിട്ടാണ്. പില്‍ക്കാല കവികളെ ഈ സ്വഭാവം സ്വാധീനിച്ചിട്ടുണ്ട്). ഇനിയുമുണ്ട് ഉദാഹരണങ്ങള്‍. ശകുന്തളയില്‍ നിന്നുതന്നെ തന്നോടുള്ള അനുരാഗം ദുഷ്യന്തന് നേരിട്ടറിയാന്‍ കഴിഞ്ഞപേ്പാള്‍ അദ്ദേഹത്തിന്റെ വിചാരം:
സന്താപമേകാനുമകറ്റുവാനും
ചെന്താര്‍ശരന്‍താനൊരു ഹേതുവായി
ഇക്കണ്ടലോകത്തിനു വര്‍ഷമേകാന്‍
കാര്‍കൊണ്ടേഴും വാസരമെന്നപോലെ.

മന്നവന്റെ കര്‍മ്മയോഗത്തെക്കുറിച്ച് പറയുമ്പോള്‍ രണ്ട് ഊന്നുകള്‍ പറയുന്നു: ഒന്നബ്ദികാഞ്ചിയാമൂഴി, മറ്റേത് ശകുന്തള. ഭൂമി പോലെ പത്‌നി. രണ്ടും രണ്ട് രക്ഷകള്‍. ലൗകികജീവിതം പോലെ ഇവിടെ ഭൂമിയെക്കാണുന്നു. മഹാകവിത്വത്തിന്റെ ദര്‍ശനചാരുത അങ്ങനെയാണ്.

നാല്

രാഷ്ര്ടവല്‍ക്കരണത്തിന്റെ പരമോന്നതിയാണ് നഗരവല്‍ക്കരണം. അടിസ്ഥാനപ്രകൃതിക്ക് വിരുദ്ധമായ ഒരവസ്ഥ അതിലുണ്ട്. രാഷ്ര്ടാധികാരം ലഭിക്കുന്നതുവരെയുള്ള സംതൃപ്തിയേ അതിലുള്ളു. അതു കഴിഞ്ഞാല്‍ പിന്നെ അശാന്തിയാണ്. അധികാരത്തിന്റെ അശാന്തി. അത് സ്ഥലജലഭ്രമം സൃഷ്ടിക്കുന്നു. മാനവും മൂല്യവും നഷ്ടപെ്പടുത്തുന്നു. രാജശ്രീ കുടയെന്നപോലെ പിടിക്കാമെന്നേയുള്ളു, അശാന്തിമാത്രമാണ് അത് നല്‍കുന്നതെന്ന് ദുഷ്യന്തനെക്കൊണ്ടുതന്നെ (അഞ്ചാം അങ്കം ശേ്‌ളാകം 6) കാളിദാസന്‍ പറയിപ്പിക്കുന്നുണ്ട്. കൊട്ടാരത്തില്‍ വന്നുകയറുന്ന ആശ്രമവാസികളുടെ മനോവ്യവസ്ഥ ശാര്‍ങ്ഗരവന്റെ വാക്കുകളില്‍ തീവ്രമായി എഴുതിയിരിക്കുന്നു. ഈ വേദിയില്‍ ജനസങ്കുലം തീജ്ജ്വാലയില്‍പെട്ടപോലെ കാണുന്നത്രെ.

തനിക്കറിയാന്‍, ഓര്‍ക്കാന്‍ കഴിയാതെ പോയ ഉത്തമബാന്ധവത്തെക്കുറിച്ച് അഭിജ്ഞാനശേഷം ദുഷ്യന്തന്‍ വിലയിരുത്തുന്നതിങ്ങനെ:
നേരെ സമക്ഷമിഹ വന്നൊരു കാന്തയാളെ
ദൂരെ ത്യജിച്ചു പടമേറ്റു രസിക്കുമീ ഞാന്‍
നീരോട്ടമുള്ള പുഴയൊന്നു കടന്നുവന്നി-
ട്ടാരാഞ്ഞിടുന്നു ബത, കാനല്‍ജലം കുടിപ്പാന്‍.

നാഗരികജീവിതത്തിന്റെ സാഹചര്യവശാലെങ്കിലുമുള്ള മലിനാവസ്ഥ വ്യംഗ്യപ്പെടുത്താനെങ്കിലും ഈ വരികള്‍ ഉപകരിക്കാതിരിക്കുകയില്‌ള. കാലദേശാതീതമായ ഒരു സമകാലികവര്‍ത്തമാനം ഇവിടെയുണ്ട്. ‘നിനയ്ക്കണം പ്രകൃതിഹിതം പ്രജേശ്വരന്‍’ എന്നാണ് ഏഴാമങ്കത്തില്‍ ഭരതവാക്യം തുടങ്ങുന്നത്. പ്രകൃതിയില്‍ ചരാചരങ്ങളും മനുഷ്യകോടികളും അടങ്ങുന്നു. ജൈവികമായത്, സ്വാഭാവികമായത് ആണ് പ്രകൃതി. അവയെ നോക്കേണ്ട, നിലനിര്‍ത്തേണ്ട ആളാണ് പ്രജേശ്വരന്‍. നിയതിയുടെ പ്രതിനിധികൂടിയാണ് ചക്രവര്‍ത്തി; അഥവാ അങ്ങനെ ആകേണ്ടതാണ്.

അഞ്ച്

ഔചിത്യങ്ങളെ തള്ളുന്ന ശ്രദ്ധക്കേടുകളും അത്യാര്‍ത്തികളും ലോകജനസഞ്ചയത്തെ അപായവഴികളില്‍ എത്തിക്കുമെന്ന് ശ്രദ്ധാലുക്കള്‍ പലവഴികളിലായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കൃതികളെ ഏതു കാലത്തും സമകാലികമാക്കുന്ന അടിസ്ഥാനാംശങ്ങളുടെ വിശകലനവും ഏകോപനവും രചനാപരമായ പ്രധാനസാദ്ധ്യതയാണ്. ഈ സാദ്ധ്യത പല ബാദ്ധ്യതകളിലും നിറവേറ്റുന്നുണ്ട് ശാകുന്തളം. ആദ്യവസാനം നീളുന്ന പ്രകൃതിവിതാനവും അതിലുള്ള ആസക്തിയും അവയില്‍ ഒന്നുമാത്രമാണ്. എന്നാല്‍ അതു വളരെ പ്രധാനവുമാണ്. ‘തൂണിലും തുരുമ്പിലു’മെന്നപോലെ വരിയിലും വാഴ്‌വിലും ജൈവപ്രകൃതിയുടെ സൂക്ഷ്മ-സ്ഥൂലരൂപങ്ങള്‍ ശാകുന്തളത്തെ ഹരിതനിര്‍ഭരമാക്കുന്നു.

ഇതിവൃത്തവും ആഖ്യാനവും കഥാപരിസരങ്ങളും പ്രത്യേകനിര്‍ദേശമേറ്റെടുത്തതുപോലെ ഈ കൃതിയില്‍ പ്രവര്‍ത്തിക്കുന്നു. കര്‍ത്താവ് അറിഞ്ഞും അറിയാതെയും കൃതിയിലുടനീളം ഇത് സംഭവിക്കുന്നു. ഉദയത്തിലും അസ്തമയത്തിലും രാപ്പകലുകളിലും, തറയിലും പുഴയിലും ആകാശത്തിലും ഉണര്‍വുകള്‍ സംസാരിക്കുന്നു. കുന്നുകുഴികളെ നേരിടുക, നയനഗതി തടയുന്ന കണ്ണീരിനെ മാറ്റിവയ്ക്കുക; വഴികള്‍ സ്ഖലിക്കാതിരിക്കുവാന്‍. കണ്വനിര്‍ദേശം ഒാര്‍ത്താല്‍, പ്രകൃത്യുപദേശം തന്നെയാണ്:
ഉയരുമിമയിലാര്‍ന്നു വാര്‍ന്നിടാതേ
നയനഗതിപ്രതിബന്ധിയായ ബാഷ്പം
തടയുക ധൃതി പൂണ്ടു കണ്ടു കുന്നോ-
ടിടപെടുമീ വഴിയില്‍ സ്ഖലിച്ചിടായ്‌വാന്‍.

 

Exit mobile version