Keralaliterature.com

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ‘കാറല്‍ മാര്‍ക്‌സിനെപ്പറ്റി’

സി.പി. ജോണ്‍

ഇന്ത്യന്‍ ഭാഷകളില്‍ മാര്‍ക്‌സിനെക്കുറിച്ചുള്ള ആദ്യപുസ്തകമാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള രചിച്ച ‘കാറല്‍ മാര്‍ക്‌സിനെപ്പറ്റി’. 1912 ആഗസ്റ്റില്‍ പുറത്തിറങ്ങിയ ഈ ഗ്രന്ഥത്തിന്റെ നൂറാം വാര്‍ഷികമാണിപ്പോള്‍.

കേരളത്തില്‍ രാഷ്ര്ടീയപ്പാര്‍ട്ടികള്‍ മറ്റു സംസ്ഥാനങ്ങളെക്കാള്‍ വൈകിയാണ് രൂപംകൊണ്ടത്. 1885ല്‍ തന്നെ കോണ്‍ഗ്രസ് സ്ഥാപിതമായി. 1920 ആകുമ്പോഴേക്കാണ് കേരളത്തില്‍ കോണ്‍ഗ്രസ് സജീവമായി പ്രവര്‍ത്തിച്ചുതുടങ്ങുന്നത്. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 1920ല്‍ സ്ഥാപിതമായെങ്കിലും കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഘടകമുണ്ടാകുന്നത് 1939ല്‍ ആണ്. പക്ഷെ രാഷ്ര്ടീയപ്പാര്‍ട്ടികള്‍ രൂപീകരിക്കപ്പെടുന്നതിനുമുമ്പുതന്നെ ആധുനിക രാഷ്ര്ടീയം ഉരുത്തിരിയാന്‍ തുടങ്ങിയിരുന്നു. നമുക്കത്ഭുതം തോന്നും, ഇതിന് നേതൃത്വം കൊടുത്തത് പത്രപ്രവര്‍ത്തകരായിരുന്നു; മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള തന്നെയായിരുന്നു. രാഷ്ര്ടീയപ്പാര്‍ട്ടികള്‍ ഉദയംകൊള്ളുന്നതിനു മുമ്പുതന്നെ കാറല്‍ മാര്‍ക്‌സിനെക്കുറിച്ചും ഗാന്ധിയെക്കുറിച്ചും സുവ്യക്തമായ ധാരണകള്‍ കേരളത്തിലെ ജനങ്ങള്‍ക്കുണ്ടാക്കുന്നതിനു വേണ്ടി നീണ്ട ലേഖനങ്ങള്‍ എഴുതിയ ആളാണ് സ്വദേശാഭിമാനി.

1912ല്‍ മാര്‍ക്‌സിനെക്കുറിച്ച് സ്വദേശാഭിമാനി എഴുതിയ പുസ്തകത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുകയാണ് കേരളം. മാര്‍ക്‌സിനെക്കുറിച്ച് അതിനുശേഷം നിരവധി ലേഖനങ്ങളും പുസ്തകങ്ങളും മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട് എങ്കിലും ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍, ഏറ്റവും കൃത്യമായി മാര്‍ക്‌സിനെയും മാര്‍ക്‌സിസത്തെയും കുറിച്ച് വിശകലനം ചെയ്ത് എഴുതിയത് സ്വദേശാഭിമാനി തന്നെയാണ് എന്നുപറയാം. മാര്‍ക്‌സിസത്തെക്കുറിച്ച് മലയാളത്തില്‍ ഏറ്റവും ആധികാരികമായെഴുതിയ ഇ.എം.എസ്., ടി. ദാമോദരന്‍, ഉണ്ണിരാജ, എന്‍.ഇ. ബലറാം തുടങ്ങിയവരുടെയെല്ലാം ലേഖനങ്ങള്‍ അല്ലെങ്കില്‍ പുസ്തകങ്ങള്‍ മോശമായിരുന്നു എന്നല്ല ഇതിനര്‍ത്ഥം. രാമകൃഷ്ണപിള്ള എഴുതുമ്പോള്‍ മാര്‍ക്‌സിസത്തോടൊപ്പം മാര്‍ക്‌സിനെയും അവതരിപ്പിച്ചിരുന്നു. മാര്‍ക്‌സ് എന്ന മനുഷ്യനെയും മാര്‍ക്‌സിസമെന്ന രാഷ്ര്ടീയ തത്ത്വശാസ്ര്തത്തെയും ഒരുമിച്ച് ഗവേഷകര്‍ക്കായി വ്യക്തതയോടെ അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് രാമകൃഷ്ണപിള്ളയുടെ നേട്ടം.

മാര്‍ക്‌സിന്റെ ജീവിതത്തില്‍ അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകള്‍ ഒരു നോവലിലെ കഥാപാത്രത്തിന്റെ ജീവിതമെന്നതുപോലെ മലയാളിക്ക് വരച്ചു കാണിച്ചുകൊടുക്കുകയാണ് രാമകൃഷ്ണപിള്ള ചെയ്തത്. മാര്‍ക്‌സിനെ നാടുകടത്തിയതും കുട്ടികള്‍ പട്ടിണികിടന്നു മരിച്ചതും മാര്‍ക്‌സിന്റെ ഭാര്യ ഈ വ്യഥകള്‍ക്ക് സാക്ഷിയായതും അദ്ദേഹം വിവരിക്കുന്നുണ്ട്. അതിലുമുപരി രാമകൃഷ്ണപിളയുടെ ഈ കൊച്ചു ഗ്രന്ഥം എന്നെ ആകര്‍ഷിച്ചത്, അതിലെ മാര്‍ക്‌സിസത്തിന്റെ തന്നെ ഏറ്റവും ബുദ്ധിമുട്ടുപിടിച്ച മാര്‍ക്‌സിയന്‍ തത്ത്വശാസ്ര്തം വിവരിക്കുന്നതിലാണ്. മാര്‍ക്‌സിയന്‍ തത്ത്വശാസ്ര്തത്തിന്റെ ആകെത്തുക മിച്ചമൂല്യത്തെ സംബന്ധിച്ച മാര്‍ക്‌സിന്റെ സംഭാവനയാണ് എന്നുപറയാം. മനുഷ്യാദ്ധ്വാനം എന്ന ചരക്ക് മാത്രമാണ് തുല്യമായ മൂല്യത്തിന് വിനിമയം ചെയ്യപ്പെടാതിരിക്കുന്നത് എന്നതാണ് മാര്‍ക്‌സിസ്റ്റ് തത്ത്വശാസ്ര്തത്തിന്റെ കാതല്‍. ഒരു കിലോ സ്വര്‍ണത്തിന് തുല്യമായ മൂല്യത്തില്‍ ഒരു കിലോ ഇരുമ്പ് വിനിമയം ചെയ്യപ്പെടാറുണ്ട്. ഒരു കിലോ തുരുമ്പുപിടിച്ച ഇരുമ്പും നല്ല ഇരുമ്പും തമ്മിലും വിനിമയം ചെയ്യപ്പെടാവുന്നതാണ്. അവിടെയൊന്നും മൂല്യം ചോര്‍ന്നുപോകാറില്ല; അളവില്‍ മാറ്റമുണ്ടാകും എന്നുമാത്രം. പക്ഷെ മനുഷ്യാദ്ധ്വാനം എന്ന ചരക്കിന് നൂറു രൂപ മൂല്യമുണ്ട് എങ്കില്‍ ആ മൂല്യം ഒരിക്കലും വിനിമയ മാര്‍ക്കറ്റില്‍ ലഭിക്കുകയില്ല. നൂറു രൂപയുടെ മൂല്യമുള്ള അദ്ധ്വാനത്തില്‍ നിന്ന് ഇരുപത് രൂപയെങ്കിലും എടുത്താല്‍ മാത്രമേ മുതലാളിത്തം എന്ന വ്യവസ്ഥയ്ക്ക് മുന്നോട്ടുപോകാന്‍ സാധിക്കൂ. മുതലാളിത്തം എന്ന യന്ത്രത്തിന്റെ ഇത്തരം മനുഷ്യാദ്ധ്വാനത്തില്‍ നിന്നു കിട്ടുന്ന മിച്ചമൂല്യമാണ്, അല്ലെങ്കില്‍ മനുഷ്യാദ്ധ്വാനത്തിന് ശരിയായ വില കൊടുക്കാതെ ലഭിക്കുന്ന മിച്ചമാണ് എന്നതാണ് മാര്‍ക്‌സ് കണ്ടെത്തിയ ഏറ്റവും വലിയ കാര്യം. ഇക്കാര്യത്തെ ഇന്നും മലയാളികള്‍ മാത്രമല്ല, ലോകത്തിലെ മഹാ പണ്ഡിതന്മാര്‍ പോലും വ്യക്തതയോടുകൂടിയല്ല പലപ്പോഴും മനസ്‌സിലാക്കാറുള്ളത്. എന്നാല്‍ മാര്‍ക്‌സിനെക്കുറിച്ചെഴുതിയ ഗ്രന്ഥത്തില്‍ രാമകൃഷ്ണപിള്ളയ്ക്ക് ഇക്കാര്യം സുവ്യക്തമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് നമുക്ക് മനസ്‌സിലാക്കാന്‍ സാധിക്കും.*

കമ്യൂണിസ്റ്റ് പാര്‍ട്ടിയോ ഇടതുപക്ഷപ്രസ്ഥാനമോ തൊഴിലാളിവര്‍ഗ പ്രസ്ഥാനമോ ഉദയംചെയ്യാതിരുന്ന ഒരുകാലഘട്ടത്തില്‍, ഒരു പത്രപ്രവര്‍ത്തകന്‍ മാത്രമായിരുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ ആശയങ്ങളെ സ്വാംശീകരിച്ചുവന്നതില്‍ എന്തുമാത്രം കൃത്യതയാണ് കാണിച്ചിരുന്നത് എന്നതാണ് ഈ ഗ്രന്ഥത്തിലൂടെ നമുക്ക് വെളിവാക്കുന്നത്. മാര്‍ക്‌സിസത്തിന്റെ കാതല്‍ ഇനിയും മാര്‍ക്‌സിസ്റ്റുകള്‍ എന്നു പറയുന്നവര്‍ക്കും അഭിമാനിക്കുന്നവര്‍ക്കും പോലും വേണ്ടവിധത്തില്‍ മനസ്‌സിലാക്കാനോ മനസ്‌സിലായിട്ടുണ്ടെങ്കില്‍തന്നെ അത് പ്രായോഗികതലത്തില്‍ പ്രയോഗിക്കുവാനോ സാധിക്കാറില്ല.

ഇന്ന് സജീവമായിരിക്കുന്ന ഐ.ടി. വ്യവസായം പോലുള്ള ആധുനിക വ്യവസായങ്ങളില്‍ പോലും നമ്മുടെ ചെറുപ്പക്കാരുടെ അദ്ധ്വാനത്തെ സമര്‍ത്ഥമായി ചൂഷണം ചെയ്തുകൊണ്ട്, പലപ്പോഴും മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി അത് സമര്‍ത്ഥമായി മറച്ചുവച്ചുകൊണ്ട്, മിച്ചമൂല്യമുണ്ടാക്കുന്നതിനെ കാണുന്നതിന് പലപ്പോഴും പല വിദഗ്ദ്ധന്മാര്‍ക്കുപോലും സാധിക്കാറില്ല. തൊഴിലാളിയുടെ അദ്ധ്വാനസമയം വര്‍ദ്ധിപ്പിച്ചുകൊണ്ട്, അവരുടെ അദ്ധ്വാനത്തെ പരമാവധി ഊറ്റിയെടുക്കുക എന്നതല്ലാതെ മുതലാളിത്തത്തിന് മറ്റു മാര്‍ഗങ്ങള്‍ അവശേഷിക്കുന്നും ഇല്ല.

ഈ ആധുനിക കാലത്തുപോലും മിച്ചമൂല്യത്തെക്കുറിച്ചും മനുഷ്യാദ്ധ്വാനത്തിന്റെ വിലകുറച്ച വിനിമയത്തെക്കുറിച്ചും തര്‍ക്കങ്ങള്‍ നടക്കുമ്പോഴും ഒരു നൂറ്റാണ്ടുമുമ്പുതന്നെ അത് സ്ഫടികംപോലെ വ്യക്തമായ തരത്തില്‍ മനസ്‌സിലാക്കുകയും എഴുതുകയും ചെയ്തിരുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയ്ക്ക് നമോവാകങ്ങള്‍ അര്‍പ്പിക്കുക മാത്രമാണ് ഒരു രാഷ്ര്ടീയവിദ്യാര്‍ത്ഥി മാത്രമായ ഞാന്‍.

* “എന്താണ്, ഒരുവന്‍ കുറെ മൂലധനം മുടക്കി ഒരു തൊഴില്‍ നടത്തുമ്പോള്‍ അതില്‍നിന്ന് ലഭിക്കുന്ന ആദായം എത്ര വലുതായിരുന്നാലും അതുണ്ടാക്കുവാന്‍ പണിയെടുക്കുന്ന വേലക്കാര്‍ക്ക് ദാരിദ്ര്യം കുറയാതെയും, മുതലാളിയായ യജമാനന് ധനം വര്‍ദ്ധിച്ചും ഇരിപ്പാന്‍ കാരണം? ഒരു സാധനത്തിന്റെ വിലയെ വര്‍ദ്ധിപ്പിക്കാന്‍ തക്കവണ്ണം അതിന്മേല്‍ വേല ചെയ്യുന്നവനായ കൂലിവേലക്കാരന്
കിട്ടേണ്ടുന്ന ന്യായമായ ആദായം ലഭിക്കുന്നില്ലെന്നും, വേലക്കാരന്റെ ഓഹരി കൂടെ മുതലാളി ഏറെക്കുറെ
കൈയടക്കിക്കൊള്ളുന്നുവെന്നും ആണ് മാര്‍ക്‌സിന്റെ അഭിപ്രായഗതി. ഈ അഭിപ്രായം സോഷ്യലിസത്തിന്റെ അധിഷ്ഠാനങ്ങളില്‍
മുഖ്യമായുള്ളത് അല്ലെങ്കില്‍ ഒന്നാമത്തേത് ആകുന്നു എന്ന് പറയാം… വേലക്കാരന്റെ പണിക്ക് കൂലി കൊടുപ്പാന്‍ മുതലാളി തന്റെ കൈയില്‍ നിന്നുതന്നെ ആദ്യം പണമെടുത്ത് ചിലവാക്കുന്നുണ്ടെങ്കിലെന്ത്? അതിനു പകരമായി വേലക്കാരന്‍ തന്റെ പണികൊണ്ട്
മുതലാളിക്ക് മുതല്‍ക്കൂടുതല്‍ ഉണ്ടാക്കിക്കൊടുത്തിരിക്കുന്നുവല്ലോ. അപ്പോള്‍ കൂലിയുടെ ഉല്‍പത്തിസ്ഥാനം വേലക്കാരന്റെ വേല ആണെന്നല്ലാതെ, മുതലാളിയുടെ മൂലധനമാണെന്ന് എങ്ങനെ സാധിക്കും? അതിനാല്‍, മൂലധനക്കാരന്‍ തൊഴിലിലെ ആദായത്തെ
അതുണ്ടാക്കുന്ന വേലക്കാര്‍ക്ക് കൊടുക്കാതെ താന്‍തന്നെ കൈയടക്കുന്നത് ന്യായമല്ല എന്ന് സ്പഷ്ടമാകുന്നു. ഇതാണ് സോഷ്യലിസക്കാരുടെ അര്‍ത്ഥശാസ്ര്തത്തില്‍ പ്രധാനമായ തത്ത്വം. മാര്‍ക്‌സ് ഈ തത്ത്വത്തെ വിശദപ്പെടുത്തി കാണിക്കുകയാല്‍,
വ്യവസായികളുടെയിടയില്‍ അതേവരെ ഉണ്ടായിട്ടില്ലാത്ത ക്ഷോഭം ഉണ്ടാകയും, ഈ തത്ത്വം അനേകരുടെ മനസ്‌സിനെ ആവര്‍ജ്ജിച്ച് ക്രമേണ ലോകമൊട്ടുക്കു പരന്നുപിടിക്കയും ചെയ്തു.”
(ഗ്രന്ഥത്തിലെ ഭാഗം 22 ല്‍ നിന്ന്)

Exit mobile version