ജെയിംസ് സണ്ണി
എന്തേയെനിക്കു നീയിന്നും
അപരിചിതയാകുന്നു
വിശേഷങ്ങള്‍, സ്വകാര്യങ്ങള്‍
പങ്കുവയ്ക്കുമ്പോഴും
യൗവനത്തിന്റെ
തീക്ഷ്ണതകളിലൂടെ
ഇന്ദ്രിയങ്ങളിലുയരുന്ന
ജ്വാലകളിലൂടെ
നാമിരുവരും
കടന്നുപോയപ്പോള്‍
ആത്മസ്പര്‍ശങ്ങളുടെ
കൊടുങ്കാറ്റിലൊന്നിച്ചു
പറന്നലഞ്ഞീടുമ്പോള്‍
തീരം കവിഞ്ഞിളകി
മറിഞ്ഞൊഴുകീടും
വൈകാരികതയുടെ
പുഴയിലൂടൊഴുകുമ്പോള്‍
എന്തേ നീയപരിചിത.
ഒടുവിലായൊരു കടുത്ത
കടുത്ത സമസ്യയുടെ
ഉത്തരം കിട്ടും പരിസമാപ്തിയായി
എന്റെ നിശ്ചേതനയിലൊരിറ്റു
കണ്ണുനീര്‍ത്തുള്ളിയായി
നിന്റെ പരിചിതത്വം
ആദ്യമായിയടയാളമിടും.