ജി. അശോക് കുമാര്‍ കര്‍ത്താ
‘ഈ കേസില്‍ തെളിയിക്കപെ്പടാനാവുന്ന കാരണങ്ങളൊന്നും പോലീസിനു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്‌ള. കുറ്റവാളിയോ, ഒന്നിലധികം പേരുണ്ടെങ്കില്‍ കുറ്റവാളികളോ ആരെന്ന് നിശ്ചയിക്കുവാനും കഴിഞ്ഞില്‌ള. ലീജ പ്രമോദ് എന്ന ഇരുപത്തിയാറുകാരി ദാരുണമായി കൊല്‌ളപെ്പട്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം മാത്രം നിലനില്‍ക്കുന്നു. പ്രതികളും കുറ്റകൃത്യത്തിനുള്ള പ്രേരണയും മനുഷ്യസാധ്യത്തിനപ്പുറം മറഞ്ഞുനില്‍ക്കുന്നതുകൊണ്ട്, തെളിവുകള്‍ ലഭ്യമല്‌ളാത്ത കേസുകളുടെ പട്ടികയില്‍പെ്പടുത്തി ഇതിവിടെ അവസാനിപ്പിക്കണമെന്ന് ബഹുമാനപെ്പട്ട കോടതിയോട് താഴ്മയായി അപേക്ഷിക്കുന്നു.’
പ്രോസിക്യൂഷന്‍ കോണ്‍സല്‍ അമല്‍ പിള്ള അത് പറഞ്ഞവസാനിപ്പിച്ചപേ്പാള്‍ ജയദീപ് ആശ്വാസത്തോടെ തന്റെ സീറ്റില്‍നിന്നെഴുന്നേറ്റ് കോടതിയെ വണങ്ങി പുറത്തേക്കു നടന്നു. കോടതിയുടെ ധാര്‍മികരോഷവും പരിഹാസവും കേള്‍ക്കാന്‍ തുടര്‍ന്ന് അവിടെയിരിക്കണമെന്ന് അയാള്‍ക്കു തോന്നിയില്‌ള. കേസ് അന്വേഷിച്ചത് താനായതുകൊണ്ട് കോടതിയുടെ അരോചകമായേക്കാവുന്ന വാക്കുകള്‍ കേള്‍ക്കുന്നതിനുള്ള അനിഷ്ടം കൊണ്ടല്‌ള അയാള്‍ പുറത്തുപോയത്. മനസ്‌സില്‍, പറഞ്ഞറിയിക്കാനാവാത്ത ഒരു ശൂന്യത നിറഞ്ഞിരിക്കുന്നു. നിയമങ്ങള്‍ക്കും കോടതികള്‍ക്കുമപ്പുറത്തേക്കു വളര്‍ന്നുകഴിഞ്ഞ കുറ്റകൃത്യങ്ങള്‍ക്കു ശിക്ഷാകാലാവധികള്‍ സാന്ത്വനമായി മാറുന്ന സമൂഹകാഴ്ചകളാണ് ജയദീപിനെ ദുഃഖിപ്പിച്ചത്. വീഷാദത്തില്‍ കുതിര്‍ന്ന ഒരു മന്ദഹാസം അയാളുടെ ചുണ്ടില്‍ പറ്റിപ്പിടിച്ചു. അതിനെ തൂത്തുകളയാനെന്നതുപോലെ ജയദീപ് ഒരു സിഗരറ്റെടുത്തു കത്തിച്ചു.
ലീജാപ്രമോദ് കൊലക്കേസ് ഒരു ശൂന്യതയില്‍ അവസാനിപ്പിക്കേണ്ടിവന്നതില്‍ അമല്‍ പിള്ളക്ക് അമര്‍ഷമുണ്ടായിരുന്നു. അതയാള്‍ പലവട്ടം ജയദീപിനോട് പ്രകടിപ്പിച്ചതാണ്. ശാന്തമായ ഒരു ഭാവനയില്‍ മുഴുകിയിരുന്ന് ദീപ് അതൊക്കെ കേള്‍ക്കുക മാത്രം ചെയ്തു. പ്രതി ആരാണെന്ന് അയാള്‍ക്കു നല്‌ള നിശ്ചയമുണ്ടെന്ന് അമലിനറിയാം. പക്ഷേ, തെളിവുകള്‍ നിരത്താന്‍ അയാള്‍ തയ്യാറായില്‌ള. അതായിരുന്നു അമലിനെ അദ്ഭുതപെ്പടുത്തിയത്. കേസ് എങ്ങുമെത്താതെ അവസാനിപ്പിക്കുന്നതിലെ ജയദീപിന്റെ മോട്ടീവ് അമലിനു മനസ്‌സിലാകുന്നില്‌ള. ഭയമാണോ? മാന്യനും ധീരമുമായ ഒരു പോലീസ് ഓഫീസറാണ് ജയദീപ്. രാഷ്ട്രീയക്കാരുള്‍പെ്പട്ട നിരവധി കേസുകള്‍ അയാള്‍ തെളിയിച്ചിട്ടുണ്ട്. പണം? അത് അയാള്‍ക്ക് ആസ്വാദ്യകരമായ വസ്തുവലെ്‌ളന്ന് ജയദീപിനെ അടുത്തുപരിചയമുള്ള അമലിനു വളരെ നന്നായറിയാം. സ്ത്രീ, താനറിയാത്ത, അയാളുടെ ദൗര്‍ബല്യമായിരുന്നോ? ഒരു പോലീസ് ഓഫീസറുടെ ചുമതലകള്‍ നിര്‍വഹിക്കുക മാത്രമായിരുന്നു ജയദീപിന്റെ കാമം എന്നാണ് അമല്‍ മനസ്‌സിലാക്കിയിട്ടുള്ളത്. എന്നിട്ടും ലീജാപ്രമോദ് വധക്കേസ് എന്തുകൊണ്ട് ഇങ്ങനെ അവസാനിച്ചു?
വിധി പ്രസ്താവിച്ചുകഴിഞ്ഞപേ്പാള്‍ മുതല്‍ ചാനലില്‍ വാര്‍ത്തകള്‍ വന്നുതുടങ്ങി. കേസ് വിശകലനം ചെയ്തുകൊണ്ടുള്ള ചര്‍ച്ചകള്‍. പോലീസിന്റെ കെടുകാര്യസ്ഥതയെ കുറ്റപെ്പടുത്താനാണ് അതില്‍ കൂടുതല്‍ സമയവും വിനിയോഗിച്ചത്. ഇതുമായി സാമ്യമില്‌ളാത്ത കേസുകള്‍ ചേര്‍ത്തുവച്ച് ആരോപണങ്ങളുടെ പാലം പണിയുവാന്‍ അവതാരകര്‍ മിടുക്കു കാണിച്ചു.
മാധ്യമം, പണമുണ്ടാക്കാനുള്ള ഒരു ഉപാധി മാത്രമാണെന്ന് നാണമില്‌ളാതെ പറഞ്ഞുനടക്കുന്ന മുതലാളിയുടെ ചാനല്‍, കേസിന്റെ വൈകാരികതയിലൂടെ മുന്നേറുവാനാണ് ആവേശം കാണിച്ചത്. ചാനല്‍ ഡിറക്ടര്‍ സണ്ണി കുര്യാക്കോസ് തന്നെ ക്യാമറക്കു മുന്നില്‍ വന്നു. കൊല്‌ളപെ്പട്ട ലീജയുടെ മാതാപിതാക്കളെ ക്യാമറക്കു മുന്നിലിരുത്തി കരയിപ്പിക്കാനും ജയദീപിനെതിരെ ശാപവാക്കുകള്‍ ഉരുവിടുവിക്കാനും അവര്‍ ശ്രമിച്ചത് ഒരു സാമൂഹികതരംഗം ഉണര്‍ത്തിവിട്ടു. അതിനിടയില്‍ കൊല്‌ളപെ്പട്ട ലീജയുടെ ഭര്‍ത്താവ് പ്രമോദിന്റെ കാമുകിയുടെ ചിത്രങ്ങളും നിരന്നു. അതിനെ ജയദീപിലേക്കു കണക്ട് ചെയ്യാനുള്ള ശ്രമം അയാളെ ചിരിപ്പിച്ചു. പള്ളിവക സ്ഥലം കൈയേറിയത്, താനിടപെട്ട് ഒഴിപ്പിച്ചുകൊടുത്തതിന്റെ പ്രതികാരം തീര്‍ക്കുന്ന ചാനല്‍ വിദ്യയില്‍ ജയദീപിന് പൊട്ടിച്ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്‌ള.
ഒന്‍പതു മാസങ്ങള്‍ക്കു മുമ്പാണ് ജയദീപ്, പ്രമോദിന്റെ ഫ്‌ളാറ്റില്‍ ആദ്യമായി ചെല്‌ളുന്നത്. ലീജ മരണപെ്പട്ട് രണ്ടാഴ്ചക്കു ശേഷം. കൊലപാതകം നടക്കുമ്പോള്‍ അയാള്‍ ഹൈദരാബാദില്‍ ട്രെയിനിംഗിലായിരുന്നു. പ്രാഥമികാന്വേഷണങ്ങള്‍ നടത്തിയത് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സത്യപാലായിരുന്നു. അയാള്‍ ശേഖരിച്ച തെളിവുകളും രേഖകളും പരിശോധിച്ചിട്ടാണ് പ്രമോദിനെ കാണാന്‍ ചെന്നത്.
ലോകപ്രശസ്തമായ ഒരിന്ത്യന്‍ കമ്പനിയുടെ തൊഴില്‍ക്ഷേമം കൈകാര്യം ചെയ്യുന്ന മാനേജരായിരുന്നു പ്രമോദ്. അഹമ്മദാബാദില്‍ നിന്ന്, എം.ബി.എ സ്‌കോളര്‍ഷിപേ്പാടെ വിദേശത്തു പരിശീലനം. കോടികളുടെ വില പറഞ്ഞുറപ്പിച്ച ഉദ്യോഗം. ലോകോത്തരകമ്പനികള്‍ വലവീശിപ്പിടിക്കാന്‍ ശ്രമിച്ചിട്ടും കൈവിട്ടുപോയ ലെജന്‍ഡിനെയാണ് സീസ്മാസ് കൈക്കലാക്കിയത്.
പ്രമോദിന്റെ കമ്പനിക്കു ചേര്‍ന്ന ആഡംബരത്തോടുകൂടിയതായിരുന്നു, അയാളുടെ ഫ്‌ളാറ്റ്. ലെതര്‍ അപേ്പാള്‍സ്റ്ററി ചെയ്ത സോഫകള്‍. ഇറ്റാലിയന്‍ മാര്‍ബിള്‍ പാകിയ തറ. സെന്‍ട്രലൈസ്ഡ് എ.സി. തണുത്തൊഴുകുന്ന സംഗീതം. അക്ഷോഭ്യനായി ഇരിക്കുന്ന പ്രമോദ്.
ജയദീപ് സംസാരിച്ചു തുടങ്ങുവാന്‍വേണ്ടി അയാള്‍ കാത്തിരുന്നു.
ചൂടുചായയും വറുത്ത അണ്ടിപ്പരിപ്പും ഉപചാരമായി എത്തി.
ബെലിനോണിയന്‍ ട്രേയില്‍ നിരത്തിവച്ച, ആനക്കൊമ്പിന്റെ ബേസ് മാസ്‌കുള്ള കപ്പിലേക്ക്, പ്രമോദ് ചായ പകര്‍ന്നു.
സമം പാലും ഏലക്കായും ചേര്‍ത്ത്, അതിളക്കി.
-ഷുഗര്‍?
-തീര്‍ച്ചയായും.
ഷുഗര്‍ ബൗള്‍ തുറന്ന്, ചതുരക്കട്ടികള്‍ ഓരോന്നായി കപ്പിലേക്ക് എടുത്തിട്ടുകൊണ്ട് പ്രമോദ് ജയദീപിനെ നോക്കി.
-മതി.
ജയദീപ് കൈയുയര്‍ത്തി പറഞ്ഞു.
ചായ മൊത്തുമ്പോള്‍, പ്രമോദിന്റെ ടേസ്റ്റിനെക്കുറിച്ച് അയാള്‍ക്കു മതിപ്പു തോന്നി.
ജയദീപ് അത് തുറന്നു പറഞ്ഞു.
പ്രമോദ് നന്ദി രേഖപെ്പടുത്തി.
ഒരു മണിക്കൂര്‍ ജയദീപ് അയാള്‍ക്കൊപ്പം ചെലവഴിച്ചു. കൂടുതല്‍ നേരവും അവര്‍ സംസാരിച്ചത് സീസ്മാസിനെക്കുറിച്ചായിരുന്നു. വളരെ ചെറിയ മുതല്‍മുടക്കില്‍ തുടങ്ങിയ കമ്പനി. സ്‌നേഹിതന്‍മാരുടെ കൂട്ടായ്മയായിരുന്നു അതിന്റെ പ്രത്യേകത. വിശ്വസിക്കാനാവാത്ത രൂപത്തിലേക്ക് അതു വളര്‍ന്നു. ഇന്ന് ലോകത്തിലെ ഒന്നാംകിട കമ്പനിയാണ് സീസ്മാസ്.
-എന്തായിരുന്നു അതിന്റെ ഊര്‍ജ്ജം?
ജയദീപ് ചോദിച്ചു.
-ഹാര്‍ഡ് വര്‍ക്ക്. അവസരങ്ങള്‍ ചൂഷണം ചെയ്യുന്നതിലുള്ള മിടുക്ക്. ആഗ്രഹിച്ചത് നേടാനുള്ള ത്വര. ദാറ്റ്‌സ് ആള്‍!
വികാരഭേദമില്‌ളാതെ പ്രമോദ് പറഞ്ഞു.
എല്‌ളാംകൊണ്ടും പുതുയുഗത്തിനു ചേര്‍ന്ന ഒരാളായിരുന്നു പ്രമോദ്. സംഭാഷണം വിരസമാകാന്‍ തുടങ്ങുന്നു എന്നു കണ്ടപേ്പാള്‍ ജയദീപ് എഴുന്നേറ്റു.
-ഞാനിതൊക്കെ ഒന്നു കാണട്ടെ?
അനുവാദത്തിനായി കാത്തുകൊണ്ട് ജയദീപ് അയാളുടെ മുഖത്തേക്കു നോക്കി.
-വൈനോട്ട്?
ഇടതുവശം നിരത്തിവച്ചിരിക്കുന്ന ക്യൂരിയോകളിലേക്കു തിരിഞ്ഞപേ്പാള്‍ പ്രമോദ് പറഞ്ഞു:
-നോട്ട് ദാറ്റ് വേ. ഇതിലാണ് സംഭവം നടന്നത്.
അടച്ചിട്ടിരിക്കുന്ന റൂം പ്രമോദ് ചൂണ്ടിക്കാണിച്ചു.
-സോറി പ്രമോദ്. ഞാനതു കാണുന്നില്‌ള. ഇരുപത്തിയാറു വയസ്‌സുള്ള ഒരു യുവതി. ഇന്ത്യന്‍പൗര. കര്‍ണാട്ടിക് വോക്കലിലെ സ്റ്റേജ് ആര്‍ടിസ്റ്റ്. സുന്ദരിയായിരിക്കാം, അല്‌ളായിരിക്കാം. അത് ആപേക്ഷികമാണ്. അവള്‍ക്ക് അവളുടേതായ ആഗ്രഹങ്ങള്‍, ഭാവനകള്‍, സ്വപ്നങ്ങള്‍…. അതിനനുസരിച്ച് ഒരു ജീവിതം സ്വപ്നം കണ്ടുകൊണ്ട് മുന്നോട്ടുപോകുമ്പോള്‍ ഒരു ദിവസം ഈ ഭൂമിയില്‍നിന്ന് ഇല്‌ളാതായിത്തീരുന്നു. മരണം. അത് ആവശ്യപെ്പടാതെതന്നെ കയറിവരുന്ന ഒന്നാണ്. ചിലപേ്പാഴത് പഴുതുകള്‍ ഉണ്ടാക്കി കടന്നുകൂടും. അവള്‍ ഇല്‌ളാതിരിക്കണം എന്ന് ആരുടെയോ ആശയുടെ കുതിരപ്പുറത്തേറി. പ്രകൃതി അതിനൊരു വിടവു കൊടുക്കുന്നു. നിയമത്തിന്റെ ഭാഷയില്‍ നാമവരെ കുറ്റവാളികള്‍ എന്നു വിളിക്കും. അവര്‍ കടന്നുവരുമ്പോള്‍ ലീജ പോയേ തീരൂ, കര്‍ണാടകസംഗീതം ഒഴുകിയിറങ്ങിയ കൊരവള്ളി മുറിച്ചുമാറ്റപെ്പട്ട്.. അതില്‍ ഒരു പോലീസ് ഓഫീസറുടെ ചുമതല, നമ്മള്‍തന്നെ ഉണ്ടാക്കുന്ന നിയമങ്ങളുടെ ചട്ടക്കൂടുകളില്‍ ഒതുങ്ങിനിന്നു കാണുക എന്നതാണ്. ഞാനത് എപേ്പാഴേ കണ്ടിരിക്കുന്നു. കൂടുതലൊന്നും അറിയാന്‍ എനിക്കില്‌ള.
പ്രമോദ് വിളറി.
ജയദീപ് അയാളെ ശ്രദ്ധിക്കാതെ ക്യൂരിയോകളിലേക്കു തിരിഞ്ഞു. കൂടുതലും പുറത്തുനിന്നു കൊണ്ടുവന്നവയാണ്. വിലപിടിപ്പുള്ളവ. ഇതുതന്നെ മതിയാകും, പ്രമോദിന് കോടികളുടെ ആസ്തിയുണ്ടെന്നു വിളിച്ചുപറയുവാന്‍.
അടുത്ത റോയില്‍, സിനിമകളുടെ കളക്ഷന്‍. ക്‌ളാസ്‌സിക്കല്‍ മൂവികളായിരുന്നു കൂടുതലും. തുറന്നുകിടന്ന ഒരു കവര്‍, ഒരു ചാപ്‌ളിന്‍ ചിത്രത്തിന്‍േറതായിരുന്നു.
-പ്രമോദിന് സിനിമകളില്‍ കമ്പമുണ്ട്, അലേ്‌ള?
ജയദീപ് തിരിഞ്ഞ് അയാള്‍ക്കുനേരേ നോക്കി.
-അഫ്‌കോഴ്‌സ്.
ആ മറുപടി പറയുമ്പോള്‍ അയാള്‍ സ്വയം നഷ്ടപെ്പട്ടിരിക്കുകയാണോ എന്ന് ജയദീപിനു സംശയം തോന്നി.
-പ്രമോദ് എന്താണ് ആലോചിക്കുന്നത്?
-ഹേയ്, ഒന്നുമില്‌ള. ആ മെമെന്‍േറാകളൊക്കെ എന്റെ സോഷ്യല്‍ സര്‍വീസിന്റെ ക്രെഡിറ്റുകളാണ്. ജയദീപ്, നമ്മളൊക്കെ സൊസൈറ്റിക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണം. അലെ്‌ളങ്കില്‍ ജീവിതത്തിന്തര്‍ത്ഥം?.
ജയദീപ് പുഞ്ചിരിച്ചു.
-ശരിയാണ്. നമ്മെ താങ്ങിനിര്‍ത്തുന്ന ഈ സൊസൈറ്റിക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യുന്നത് നല്‌ളതാണ്. പക്ഷേ രണ്ട് അന്ധര്‍ക്കു കണ്ണട വാങ്ങിക്കൊടുക്കുന്നതും സെക്‌സ് വര്‍ക്കേഴ്‌സിനു മെഡിക്കല്‍ ക്യാമ്പു നടത്തുന്നതും കൊണ്ട് സൊസൈറ്റിക്ക് എന്തെങ്കിലും ചേഞ്ച് ഉണ്ടാകുമോ?
-അതു പോരാ എന്നെനിക്കറിയാം. വീ ഹാവ് ഗ്രേറ്റ് പ്‌ളാന്‍സ്.. താമസിയാതെ അതിന്റെ ഒരു പ്രസന്‍േറഷന്‍, മീഡിയയില്‍ ഉണ്ടാകും.
-വെല്‍കം. എങ്കില്‍ ഇനി ഞാന്‍ താങ്കളുടെ സമയം കളയുന്നില്‌ള. കേരളത്തിലെ ഒരു ചെറുഗ്രാമത്തില്‍നിന്നും അശ്രാന്തപരിശ്രമം കൊണ്ട് ഈ നിലയിലെത്തി രാജ്യത്തെ സേവിക്കുന്ന താങ്കള്‍ക്കുണ്ടായ വ്യക്തിപരമായ ദുഃഖത്തില്‍ ഞാന്‍ പങ്കുചേരുന്നു. പ്രമോദിന് നല്‌ള തിരക്കുണ്ടെന്നറിയാം. ഒരു വലിയ സ്ഥാപനത്തിന്റെ തൊഴില്‍ക്ഷേമം നോക്കേണ്ടതലേ്‌ള? അതു നടക്കട്ടെ. ബൈ ദ ബൈ, പുതിയ കുട്ടികളെ പ്രമോദ് എന്താണ് പരിശീലിപ്പിക്കുന്നത്?
പ്രമോദ് അതു കേട്ടിലെ്‌ളന്നു തോന്നി. അതിനുള്ള ഉത്തരം കാക്കാതെ ജയദീപ് ഫ്‌ളാറ്റിനു പുറത്തേക്കു നടന്നു. വലിയൊരു ശബ്ദത്തോടെ ജയദീപിനു പിന്നില്‍ ഡോറടഞ്ഞു.
കേസിന്റെ ചുമതലകള്‍ സത്യപാലില്‍ത്തന്നെ ഒതുക്കിനിര്‍ത്തിയിരിക്കുന്നതില്‍ സത്യപാലിന് അദ്ഭുതം തോന്നി. അങ്ങനെ ഒരിക്കലും സംഭവിക്കാറില്‌ള. നിഗമനങ്ങളും തെളിവുകള്‍ കൂട്ടിയിണക്കുന്നതും ജയദീപ് തനിച്ചായിരിക്കും ചെയ്യുക. അറസ്റ്റ് നടക്കുമ്പോഴാണ് കുറ്റവാളികള്‍ പോലും ജയദീപ് കുടുക്കിയ, നിയമത്തിന്റെ കടുംകെട്ട് കാണുക. ലീജാപ്രമോദ് കൊലക്കേസില്‍ അയാള്‍ തീര്‍ത്തും നിസ്‌സംഗനായിരുന്നു. അതൊരാവലാതിയായി, തന്നെത്തന്നെ മഥിക്കാന്‍ തുടങ്ങിയപേ്പാള്‍ സത്യപാല്‍ ജയദീപിനെക്കണ്ട്, തന്റെ വിഷമം പറഞ്ഞു.
ദീപ് ചിരിച്ചതല്‌ളാതെ പെട്ടെന്നൊരു മറുപടി പറഞ്ഞില്‌ള.
-സാര്‍, ഒരു കൊലപാതകമാണ് നടന്നിരിക്കുന്നത്. പ്രതികളെ അറസ്റ്റ് ചെയ്യണ്ടേ?
ജയദീപ് പിന്നെയും ചിരിച്ചു.
-പ്രതികള്‍ ആരായിരിക്കുമെന്നാണ് സത്യന്‍ വിചാരിക്കുന്നത്?
അയാള്‍ സംശയമുള്ളവരുടെ പേരുകള്‍ പറഞ്ഞു.
-തെളിവ്?
-കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്താല്‍ കിട്ടിലേ്‌ള?
-സത്യന്‍ ഒന്നു ശ്രമിക്കൂ. പിന്നെ, ഒരുകാര്യം, ഭേദ്യം ചെയ്യരുത്.
-ശരി സര്‍.
രണ്ടാഴ്ചക്കുശേഷം കേസിന്റെ റിവ്യൂവിനുവേണ്ടി സത്യപാലിനെ വിളിച്ചപേ്പാള്‍ അയാള്‍ നിശ്ശബ്ദനായിരുന്നു.
-എന്തായി?
സത്യപാല്‍ ജയദീപിന്റെ മുഖത്തുനോക്കാന്‍ വിഷമിച്ചു.
-പ്രതികള്‍ മാഞ്ഞുപോയി, തെളിവുകള്‍ മരീചികപോലെ അകന്നുമാറി, അലേ്‌ള? സാരമില്‌ള സത്യപാല്‍. ഈ കേസ് ഇങ്ങനെയാണ്. ഒരു വ്യക്തിയല്‌ള ലീജാ കൊലക്കേസില്‍ പ്രതി.
ജയദീപ് പറയുന്നതൊന്നും സത്യപാലിനു മനസ്‌സിലാകുന്നുണ്ടായിരുന്നില്‌ള.
-നിങ്ങള്‍ ഒരു കാര്യം ചെയ്യൂ. സംശയിക്കുന്നവരുടെ പേരെഴുതി ഫാസ്റ്റ് ട്രാക്കില്‍ സി.ഡി കൊടുക്കൂ. പ്രമോദിനെ സാക്ഷിയാക്കിയാല്‍ മതി. ബാക്കിയൊക്കെ കോടതി തീരുമാനിക്കട്ടെ.
ജയദീപ് പറഞ്ഞത് സത്യപാല്‍ ചെയ്തു.
കേസ് ഫയല്‍ മേശപ്പുറത്ത് ആഞ്ഞടിച്ചുകൊണ്ട് അമല്‍പിള്ള ജ്വലിച്ചു:
-നിങ്ങളെന്താ നിയമവാഴ്ചയെ പരിഹസിക്കുകയാണോ?
സത്യപാല്‍ മറുപടിയൊന്നും പറയാതെ തിരിച്ചുപോയി.
കേസ,് ഫയല്‍ ചെയ്തതിന്റെ അടുത്ത ദിവസം പ്രമോദ് ജയദീപിനെ വിളിച്ചു. അയാളുടെ ശബ്ദത്തില്‍ ഊര്‍ജ്ജം നിറഞ്ഞിരുന്നു.
-താങ്കള്‍ക്കൊരു ഡിന്നര്‍ ഓഫര്‍ ചെയ്താല്‍ നിരസിക്കുമോ?
-തീര്‍ച്ചയായും ഇല്‌ള.
-എങ്കില്‍ സെനിത് പ്‌ളാസയില്‍ നാളെ ഏഴുമണിക്ക്.
-പോസിറ്റീവ്‌ലി ആം ദേര്‍.
-നന്ദി മിസ്റ്റര്‍ ജയദീപ്.
കടലിന് അഭിമുഖമായുള്ള സെലിബ്രിറ്റീസ് കോര്‍ണറില്‍ അവരിരുന്നു. അല്‍പസമയത്തിനുള്ളില്‍ മൂന്നാമതൊരാള്‍ കൂടി അവിടെ എത്തിച്ചേര്‍ന്നു.
-ഇതെന്റെ സ്‌നേഹിത ശിഖ.
പ്രമോദ് പരിചയപെ്പടുത്തി.
-അറിയാം. ആല്‍ബങ്ങളില്‍ കണ്ടിട്ടുണ്ട്. സ്വാഗതം.
-നമസ്‌തേ.
കൃത്രിമമായ ഭവപ്രകടനങ്ങളോടെ അവള്‍ കൈകൂപ്പി. അവര്‍ക്കിടയിലായി അവളിരുന്നു. മ്യൂസിക് സിസ്റ്റത്തില്‍ നിന്നൊഴുകിയെത്തുന്ന ഖവാലി ആസ്വദിക്കുന്നതുപോലെ അവള്‍ കണ്ണുകളടച്ച് മെലെ്‌ള താളം പിടിച്ചു.
-സംഗീതം ഇവള്‍ക്കൊരു ക്രേസാണ്.
ശിഖയ്ക്ക് ഒരാമുഖം പോലെ പ്രമോദ് പറഞ്ഞു.
-വെസ്റ്റേണ്‍ ക്‌ളാസ്‌സിക്കലും ഹിന്ദുസ്ഥാനിയും നന്നായി കൈകാര്യം ചെയ്യും. കര്‍ണാട്ടിക് ട്രൈ ചെയ്യാനായി ലീജയെ കണക്ട് ചെയ്തിരുന്നു.
പെട്ടെന്ന് പ്രമോദ് നിര്‍ത്തി.
പൊടുന്നനെ കണ്ണു തുറന്ന ശിഖയാണ് തുടര്‍ന്നത്:
-ഷീ വാസ് നൈസ്. ബട്ട് ഐ വാസ് അണ്‍ലക്കി.
പ്രമോദ് വിതുമ്പുന്നതുപോലെ തോന്നി.
-ഹേയ്, വാട്ടീസ് ദിസ്?
ശിഖ, സ്‌നേഹപൂര്‍വ്വം ശാസിച്ചു. ടേബിള്‍ സെറ്റു ചെയ്യുന്നതുവരെ പിന്നെ ആരും ഒന്നും പറഞ്ഞില്‌ള.
ജയദീപ് സ്വാദോടെ ഭകഷണത്തിലേക്കു പ്രവേശിച്ചു. പ്രമോദും ശിഖയും എറ്റിക്കെറ്റുകള്‍ പിന്‍തുടരാന്‍ അല്‍പസമയമെടുത്തു. ആദ്യം ആപ്പിറ്റൈസര്‍. പിന്നെ സൂപ്പ്… ഫോര്‍ക്കും നൈഫും നിശ്ശബ്ദമായി ചലിച്ചു. ശ്വാസോച്ഛ്വാസത്തിന്റെ ശബ്ദംപോലും അവരില്‍ നിന്നുയര്‍ന്നില്‌ള.
പെട്ടെന്ന്, പ്രമോദ് തലയുയര്‍ത്തി ജയദീപിനെ നോക്കി. ഒരു ഫ്‌ളോര്‍ മാനേജരെപേ്പാലെ, ശിഖ ഇരുവരെയും മാറിമാറി നോക്കി.
-എന്താ പ്രമോദ്?
-ജയദീപ്, നിങ്ങളൊരു ചോദ്യം എന്റെ മുഖത്തേക്കെറിഞ്ഞിട്ട് ഫ്‌ളാറ്റില്‍ നിന്നിറങ്ങിപേ്പായത് ഓര്‍ക്കുന്നുണ്ടോ?
-മറന്നിട്ടില്‌ള. പുതിയ കുട്ടികളെ നിങ്ങള്‍ എന്താണ് പരിശീലിപ്പിക്കുന്നത്- അതലേ്‌ള ചോദ്യം?
-എക്‌സാറ്റ്‌ലി.
ശിഖ പുഞ്ചിരിച്ചു.
-അതിനുള്ള ഉത്തരം പറയണമോ വേണ്ടയോ എന്ന് ഞാന്‍ ഇത്ര ദിവസവും ചിന്തിക്കുകയായിരുന്നു.
-ങും.
-നിങ്ങള്‍ ചോദിച്ചേക്കാം, അതത്ര വലുതായ ഒരു കാര്യമാണോ എന്ന്. എങ്കിലാണ്. ഞാന്‍ വാങ്ങുന്ന പ്രീമിയത്തിന്റെ രഹസ്യത്തിലേക്കാണ് താങ്കള്‍ കണ്ണയച്ചത്.
ജയദീപ്, നൈഫും ഫോര്‍ക്കും താഴെവച്ച്, പ്രമോദില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
-നമ്മുടെ നാടിന്റെ ആവശ്യങ്ങളെന്തൊക്കെയാണ്?
പ്രമോദ്, ജയദീപിന്റെ കണ്ണുകളിലേക്കു തറച്ചു നോക്കി.
-ആഹാരം, വെള്ളം, വീട്, വൈദ്യുതി.. അത്രയൊക്കെയേ ഉള്ളു.
-അതൊക്കെ ബ്‌ളഡി പൊളിറ്റീഷ്യന്‍സിന്റെ വാചകക്കസര്‍ത്തുകള്‍. ഓ, നിങ്ങള്‍ അവരുടെ കാവല്‍ നായാണലേ്‌ളാ, എ ബ്യൂറോക്രാറ്റ്!
കര്‍ച്ചീഫ് കൊണ്ട് വായ പൊത്തി, ശിഖ ചിരിച്ചു.
-അഫ്‌കോഴ്‌സ്. എങ്കില്‍ ശരിയായുള്ള ആവശ്യം നിങ്ങള്‍ക്കു പറയാം.
-സമ്പത്തിന്റെ ധാരാളിത്തം. ഐ മീന്‍ ഷവര്‍ ഓഫ് മണി. പണമിങ്ങനെ ഒഴുകണം. പണമുണ്ടായാല്‍ നമുക്കെന്തും നേടാം. എന്റെ കുട്ടികള്‍ക്കു ഞാന്‍ പറഞ്ഞുകൊടുക്കുന്നത് അതാണ്. അതാണെന്റെ ഭ്രാന്ത്. എന്റെയൊപ്പമുള്ള ഓരോ ജീവനും അതിലേക്കു കണക്ട് ചെയ്യപെ്പടണം. സീസ്മാസുമായുള്ള എന്റെ പാരസ്പര്യം അതാണ്. അതിനു വിഘാതമായി ഒന്നും നില്‍ക്കാന്‍ പാടില്‌ള. ആരെങ്കിലും നിന്നാല്‍ കട്ട് ത്രോട്ട്. അതൊരു കാരക്ടറാണ് ജയദീപ്. എനിക്കുവേണ്ടി കോടികള്‍ മുടക്കുന്ന സീസ്മാസിനോടുപോലും ഞാനിതു പങ്കുവച്ചിട്ടില്‌ള.
പെട്ടെന്ന് ശിഖ നിശ്ശബ്ദമായി കൈയടിച്ചു.
കാര്‍ ഡ്രൈവു ചെയ്തുവരുമ്പോള്‍, നൈറ്റ് പട്രോളിനൊപ്പം സത്യപാലിനെ കണ്ടു. ജയദീപ് കാര്‍ നിര്‍ത്തി.
-എന്താ വിശേഷം?
-ചാരായലോറി കടന്നുവരുന്നുണ്ടെന്ന് ഒരിന്‍ഫര്‍മേഷനുണ്ടു സര്‍.
-ശരി, നടക്കട്ടെ.
അയാള്‍ കാര്‍ മുന്നോട്ടെടുക്കാനാഞ്ഞപേ്പാള്‍ സത്യപാലിന് എന്തോകൂടി പറയാനുണ്ടെന്നു തോന്നി, ഗിയര്‍ ന്യൂട്രലിലേക്കു ഷിഫ്റ്റ് ചെയ്തു.
ഐഡിലില്‍ തിളക്കുന്ന സംഗീതത്തിനുമീതെ ജയദീപ് ചോദിച്ചു:
-എന്താ സത്യപാല്‍?
-ലീജാ കൊലക്കേസ് പുനരന്വേഷണത്തിനു സി.ബി.ഐക്കു വിടാന്‍ പോകുന്നു എന്ന് ചാനലില്‍ എഴുതിക്കാണിക്കുന്നുണ്ടു സര്‍.
അയാള്‍ പൊട്ടിച്ചിരിച്ചു.
ഡ്രൈവിംഗിനിടയില്‍, ജയദീപ് ഓര്‍ത്തു-
നിരങ്കുശനായ കുറ്റവാളിയെ ഏതു നിയമവാഴ്ചക്കു ശിക്ഷിക്കാനാകും, കുറ്റം ഒരു സാമൂഹികസ്വഭാവമായിത്തീരുമ്പോള്‍? പ്രതിയെ അയാളുടെ ഏകാന്തതയുടെ തടവറയില്‍ വെറുതെ വിടുക.
ashokkartha@gmail.com