Keralaliterature.com

കാളിദാസകവിയുടെ കാവ്യായനം

കാളിദാസകവിയുടെ കാവ്യായനം


ആമുഖം

    വെണ്‍മേഘത്തേരിലേറിവന്ന് ആസ്വാദക ഹൃദയങ്ങളില്‍ സിംഹാസനസ്ഥനായവനെ നാം ഇന്ത്യന്‍ കവികളുടെ രാജകുമാരനായഭിഷേചിച്ചു. ബാലഭാസ്‌കരശോഭ പരത്തുന്ന ആ കാവ്യങ്ങളില്‍ കവിത്വത്തിന്റെ പൂര്‍ണ്ണത നാം ദര്‍ശിച്ചു. വിലോഭനീയമായ ലാവണ്യത്തികവ് പകരുന്ന കാവ്യങ്ങള്‍ നേടിക്കൊടുത്ത യശസ്സ് കാളിദാസകവിയുടെ കാവ്യായനം സഫലമാക്കിത്തീര്‍ത്തു. വിശ്വപ്രകൃതിയെപ്പോലെ അക്ഷയവും അനശ്വരവും നിത്യനൂതനവുമായ കവിത്വശക്തി കാളിദാസനെ ഇതരകവികളില്‍ നിന്ന്‌വേര്‍തിരിച്ചുനിര്‍ത്തുന്നു. മൂന്നക്ഷരങ്ങള്‍കൊണ്ട് മഴവില്ല് വരയുന്ന മായാവിദ്യകള്‍കൊണ്ട് നൂറ്റാണ്ടുകള്‍ക്ക്‌ശേഷവും കാളിദാസകവിത സഹൃദയലോകത്തെ  വശീകരിക്കുന്നു. പ്രകൃതിയോടും മനുഷ്യജീവിതത്തോടുമുള്ള ഗാഢബന്ധം തെയാണ് ആ വശീകരണത്തിന്റെ രഹസ്യം. അതുകൊണ്ടുതെന്നയാണ് വിദേ്യാത്സുകരായ സാമാന്യജനങ്ങള്‍ക്ക് സുഗമങ്ങളായ സര്‍വ്വകലാശാലകളായും വിഹാരമന്ദിരങ്ങളായും അവ ഇന്നും പരിലസിക്കുന്നത്. എന്നാല്‍ ചരിത്രത്തെക്കുറിച്ചുള്ള നമ്മുടെ കഠിനതമമായ ഉദാസീനതകള്‍ കൊണ്ട് കാളിദാസന്റെ ജീവിതം ഒരു പ്രഹേളികയായിതുടര്‍ന്നു.  അദ്ദേഹത്തിന്റെ പേര് കാളിദാസനെന്നായിരുന്നുവോ? അതോ തൂലികനാമം മാത്രമോ? അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ആരായിരുന്നു? ഏത് നഗരമോ ജനപദമോ ആണ് അദ്ദേഹത്തിന്റെ ജന്മത്താല്‍ അനുഗൃഹീതമായത്? ഏത്കലാശാലയിലാണ് അദ്ദേഹം അഭ്യസിച്ചത്? അദ്ദേഹം വിവാഹം ചെയ്തിരുന്നുവോ? ഏതുവിധത്തിലുള്ളതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം? ഏതെല്ലാം ഉദാരരായ പ്രഭുക്കളെ അദ്ദേഹം ആശ്രയിച്ചുപോന്നു? എന്നാണ് അദ്ദേഹം ജനിച്ചത്? എന്നുമരിച്ചു? ഈ ചോദ്യങ്ങള്‍ക്കും ഇതുപോലെയുള്ള മറ്റനേകം ചോദ്യങ്ങള്‍ക്കും തൃപ്തികരമായ ഒരുത്തരം നല്‍കാന്‍ നമുക്കിതുവരെ സാധിച്ചിട്ടില്ല. എന്‍.വി. കൃഷ്ണവാരിയര്‍ അഭിപ്രായപ്പെട്ടതുപോലെ മറ്റു പല സംഗതികളിലുമെന്നപോലെ ഈ സംഗതിയിലും കാലത്തിനു കുറുകെ ഒരു കറുത്ത വെളിയാട തൂങ്ങിക്കിടക്കുന്നു; അതില്‍ചുവന്നുതിളങ്ങുന്ന ഒരുചോദ്യചിഹ്നം കുത്തിവരച്ചിട്ടുമുണ്ട്! അസൂയപൂണ്ട പരദൂഷണവ്യഗ്രരുടെ ആലസ്യരഹിത കുല്‍സിത മനസ്സ് കാളിദാസന്റെ ധവളയശസ്സിനു മേല്‍കളങ്കം ചാര്‍ത്താന്‍ മാത്രം ഉദ്ദേശിച്ച് മെനഞ്ഞെടുത്ത കെട്ടുകഥകള്‍ മാത്രമാണ് ആ വിശ്വമഹാകവിയുടെജീവിതത്തിന്റെ ബാക്കിപത്രമായി നമ്മുടെ പക്കല്‍ അവശേഷിച്ചിട്ടുള്ളത്. ഇത്തരുണത്തിലാണ് കാളിദാസകൃതികളുടെആത്മാവിലൂടെ സാര്‍ത്ഥകമായൊരു സഞ്ചാരം നിര്‍വ്വഹിക്കുകയും തദ്വിഷയത്തില്‍ നിരന്തര ഗവേഷണങ്ങള്‍ നടത്തുകയും ചെയ്ത കെ.സി. അജയകുമാറിന്റെ കാളിദാസന്‍ എന്ന നോവല്‍ പ്രസക്തമാകുന്നത്.  കാളിദാസകവിയുടെ ജീവിതം പ്രമേയമായിട്ടുള്ള മുന്നാഖ്യാനങ്ങളുടെയെല്ലാം പരിമിതികളെ പരിഹരിക്കുന്ന ഈ നിസ്തുലരചനയില്‍ ആലഭാരങ്ങളുടെ അകമ്പടിയില്ലാതെ തന്നെ കാളിദാസജീവിതം ആവിഷ്‌കരിക്കപ്പെടുന്നു.
'കാളിദാസന്‍' എന്ന നോവല്‍ ഒരു ചരിത്രാഖ്യായികയല്ലെന്നും ചരിത്രപരമായ തെളിവുകളുടെ അഭാവത്തില്‍ ഭാവനാവ്യാപാരത്തെയാണ് മുഖ്യമായാശ്രയിച്ചിട്ടുള്ളതെന്നും നോവലിസ്റ്റ് സാക്ഷ്യപ്പെടുത്തുന്നുണ്ടെങ്കിലും മറ്റൊരു നുണക്കഥയായി ആഖ്യായിക അധഃപതിക്കാത്തതിനു കാരണം സുശിക്ഷിതമായ കാവ്യാനുശീലനത്തില്‍ നിന്നുളവായ യുക്ത്യധിഷ്ഠിത സങ്കല്പശക്തിതന്നെയാണ്. കവിയുടെ ആന്തരാത്മാവിനെ തൊട്ടറിയുന്ന കവിത്വം നുരയുന്നൊരു മനസ്സിനെ 'കാളിദാസന്‍' എന്ന നോവലിലെ ഓരോവരിയും വെളിപ്പെടുത്തുന്നു. സര്‍ഗസ്വത്വത്തിലൂടെ ലൗകികസ്വത്വത്തെ നിര്‍വ്വചിക്കുന്ന കാവ്യനിരൂപണ സമ്പ്രദായത്തിന്റെ സര്‍ഗാത്മകമായ ആഖ്യാനമായി ആഖ്യായികയെ പരിണമിപ്പിക്കുകയാണ് നോവലിസ്റ്റ്. കൃതികളില്‍ നിന്നും ജീവശ്വാസം സ്വീകരിച്ച് തല്‍കര്‍ത്താവിനെ പുനര്‍നിര്‍മ്മിക്കുകയെന്ന സങ്കീര്‍ണ്ണ പ്രക്രിയയെ അനായാസം സാധിതമാക്കിയെതാണ് കെ.സി. അജയകുമാര്‍ എന്ന നോവലിസ്റ്റിന്റെ മഹത്വം. ഊഹങ്ങള്‍ക്കും അനുമാനങ്ങള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കും ഇടവരുത്താതെ കവിയുടെആത്മാവിനെ കാവ്യങ്ങളുടെആത്മാവുമായി പൊരുത്തപ്പെടുത്തുന്നതില്‍ അജയകുമാറിന്റെ കൃതഹസ്തമായ തൂലിക പരിപൂര്‍ണ്ണവിജയം കൈവരിച്ചിരിക്കുന്നു. കൃതികളിലെയും കെട്ടുകഥകളിലെയും സൂചനകള്‍ ചിന്തയും വികാരവും ആര്‍ജിച്ചപ്പോള്‍ കാളിദാസനെന്ന യുഗപുരുഷന്‍ ശംഭു എന്ന ബാലനായി രൂപപ്പെട്ടു. ഇതിഹാസത്തിന്റെ സാമാന്യതയിലേക്കുള്ള ആഖ്യായികയുടെ വളര്‍ച്ചയെയാണ് ഈ ഘട്ടത്തില്‍ കാളിദാസന്‍ അടയാളപ്പെടുത്തുന്നത്. പ്രയാഗയിലൂടെയും കൗശംബിയിലൂടെയും ഹസ്തിനപുരത്തിലൂടെയുമുള്ള ശംഭുവിന്റെ യാത്രകളില്‍ സഞ്ചാരസാഹിത്യത്തിന്റെ സൂക്ഷ്മത നോവല്‍ കൈവരിക്കുന്നു. അനന്തമായി നീളുന്ന താഴ്‌വരകളും മേഘമാലകള്‍ തഴുകുന്ന ഗിരിശൃംഗങ്ങളും അനിര്‍വചനീയമായ മനോഹാരിതകളുടെ സങ്കേതങ്ങള്‍ തെന്നയാണ്. ചംഭയിലെയും ഉജ്ജയിനിയിലെയും പ്രകൃതിസൗന്ദര്യങ്ങളെ അനാവരണം ചെയ്യുമ്പോള്‍ വിശ്വമഹാകവിയുടെ വശ്യമായ അപഗ്രഥനതന്ത്രങ്ങള്‍ തന്നെയാണ് നോവലിസ്റ്റും സ്വീകരിച്ചിരിക്കുന്നത്. പ്രകൃതിയുമായുള്ള അനുപമമായ സഹവര്‍ത്തിത്വമാണ് ശംഭുവിന്റെ പരിണാമങ്ങളുടെ മുഖ്യനിദാനങ്ങളിലൊന്നായി നോവലിസ്റ്റ് ചിത്രീകരിച്ചിരിക്കുന്നത്. അങ്ങനെ പ്രകൃതിഗായകനായ വിശ്വമഹാകവിയുടെ ജീവിതാഖ്യായിക മികച്ചൊരു പാരിസ്ഥിതികരചന കൂടിയായി മാറുന്നു. നായകന്റെയും രചയിതാവിന്റെയും ആസ്വാദകന്റെയും മനസ്സും ശരീരവും പ്രകൃതിയുമായി സംയോജിച്ച് ജ്ഞാനാര്‍ജ്ജന തലത്തിലേക്കുയരുന്നു. പ്രകൃതിയെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുകയും ചരാചരങ്ങള്‍ക്കൊപ്പം മനുഷ്യനെയും അതില്‍ പങ്കാളിയാക്കുകയുംചെയ്യുന്ന ഭാരതദര്‍ശനത്തിന്റെ മനോഹാരിത തന്നെയാണ് 'കാളിദാസന്‍' എന്ന നോവലിന്റെയും അടിസ്ഥാനം.
    സര്‍ഗാത്മകതയ്‌ക്കൊപ്പം തന്നെ അനേ്വഷണത്വരയും ബൗദ്ധികമായ സാഹസിക സഞ്ചാരങ്ങളുമാണ് വരിഷ്ഠകവിയുടെ ജീവിതത്തെ മികച്ചൊരു വായനാനുഭവമാക്കുന്നത്. അഗ്നിയിലാരംഭിച്ച് അഗ്നിയിലവസാനിക്കുന്ന കാളിദാസന്‍, ദര്‍ശന ശക്തികൊണ്ടും രചനാലക്ഷ്യങ്ങള്‍ കൊണ്ടും ആഖ്യാനതന്ത്രങ്ങള്‍കൊണ്ടും അതുല്യമായൊരു സംവിധാനഭംഗിയാണ് പ്രദാനം ചെയ്യുന്നത്.  ഭൂതകാലഭംഗികളെ അനുഭവിപ്പിക്കാന്‍ കഴിയുന്ന മാന്ത്രികാന്തരീക്ഷ സൃഷ്ടിയിലൂടെ സ്മൃതിയിലേക്കും സംസ്‌കാരത്തിന്റെ അടരുകളിലേക്കും ആസ്വാദകനെ അനായാസം ആനയിക്കുന്ന സര്‍ഗാത്മാകതയുടെ ഇന്ദ്രജാലസ്പര്‍ശമുള്ള ആഖ്യാനരീതിയാണ് 'കാളിദാസന്‍' എന്ന നോവലിന്റെ മുഖ്യസവിശേഷത. സാഹിത്യരചന എന്നത് സിദ്ധി മാത്രമല്ല സാധനകൂടിയാണെന്ന് കാളിദാസന്‍ എന്ന നോവല്‍ ആവര്‍ത്തിച്ചുറപ്പിക്കുന്നു. ബാല്യത്തില്‍തന്നെ അച്ഛനമ്മമാര്‍ നഷ്ടപ്പെടുകയാല്‍ അനാഥനായിത്തീര്‍ന്ന ശംഭു എന്ന കുട്ടി ലോകമാദരിക്കുന്ന കാളിദാസകവിയായി തീരുന്നതിനു പിന്നിലെ അനുഭവങ്ങളും ഇടപെടലുകളും വായനക്കാരന് ബൗദ്ധിക വെല്ലുവിളി ഉയര്‍ത്താത്ത യുക്ത്യധിഷ്ഠിതമായ രീതിയില്‍ അവതരിപ്പിക്കാന്‍ സാധിക്കുന്നത് സാധനാവൈഭവം കൊണ്ടുതെയാണ്. ദാക്ഷിണ്യമില്ലാത്ത വിധിയുടെ അലംഘനീയമായ തീര്‍പ്പുകള്‍ക്ക് വിധേയനാകേണ്ടിവരുന്ന ദുരന്തനായകനായി കാളിദാസനെ രൂപപ്പെടുത്തുമ്പോള്‍ നിതാന്ത ജാഗ്രത പുലര്‍ത്തുന്നുണ്ട് നോവലിസ്റ്റ്. കവിയായ കാളിദാസനാവശ്യമായ അനുഭവങ്ങളെ സന്നിവേശിപ്പിക്കുമ്പോള്‍ അജയകുമാറിന്റെ കവിഹൃദയംതന്നെയാണ് വെളിപ്പെട്ടു വരുന്നത്. അത് ഒരേസമയം കാല്പനികവും ധൈഷണികവുമാണ്. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന മന്ദപ്രജ്ഞനായി കാളിദാസനെ ചിത്രീകരിക്കുന്ന കെട്ടുകഥയെ യുക്തി കൊണ്ട് ഖണ്ഡിക്കുന്നു നോവലിസ്റ്റ്.  ഈ യുക്തിവിചാരം രചനയിലുടനീളം പുലര്‍ത്താനും അദ്ദേഹത്തിന് കഴിയുന്നുണ്ട്.  സങ്കല്പവും യുക്തിയും ഈ രചനയുടെ ഊടും പാവുമായി വര്‍ത്തിക്കുന്നു. മനുഷ്യജീവിതത്തിലെ യാദൃശ്ചികതകളെ കാളിദാസന്റെ ജീവിതത്തിലൂടെ നാടകീയമായിതന്നെ ആഖ്യാനം ചെയ്യുന്നുണ്ട് നോവലിസ്റ്റ്. പ്രകൃതിയുടെ മനോഹാരിതയും വന്യതയും ആസ്വദിച്ചുവളര്‍ന്ന ശംഭുവിന്റെ ബാല്യാനുഭവങ്ങളിലാരംഭിക്കുന്ന നാടകീയത അഗ്നിയുടെ സംഹാരതാണ്ഡവത്തിലും അവസാനിക്കാതെ ആസ്വാദകരില്‍ ആകംക്ഷ ജനിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഈ ആസ്വാദ്യതതെന്നയാണ്ക ാളിദാസനെക്കുറിച്ചുള്ള ഈ പഠനങ്ങള്‍ക്കെല്ലാം നിദാനം. നിരന്തരം നവീകരിക്കപ്പെടുന്ന സംവേദനശീലത്തിന്റെ ഉടമകളായ പ്രബന്ധകര്‍ത്താക്കളെ ഒരേപോലെ തൃപ്തിപ്പെടുത്തുന്നു ഈ രചന.  ചരിത്രം വെളിച്ചം പകരാത്ത കവിയുടെ ഉണ്മയിലേക്കുള്ള ഹൃദയമിഴിയുടെ അന്തര്‍ജ്ഞാനങ്ങളെ അറിഞ്ഞാദരിക്കണമെന്ന പണ്ഡിതാഭിപ്രായങ്ങളാണ് ഈ പ്രബന്ധസമാഹാരത്തിനു പിന്നിലെ ചേതോവികാരം.  കാളിദാസകവിയുടെ ജീവിതത്തെയും കൃതികളെയും കാലത്തേയും കാളിദാസന്‍ എന്ന നോവലിന്റെ പശ്ചാത്തലത്തില്‍ പരിശോധിക്കുകയാണ് ഈ കൃതിയിലെ പ്രബന്ധങ്ങള്‍ ഓരോന്നും. കാളിദാസന്റെ ആത്മാവിനെ സ്പര്‍ശിച്ചറിയുന്ന കാളിദാസന്‍ എന്ന നോവല്‍ രചിച്ച കെ.സി. അജയകുമാറിനും ഈ പഠനസമാഹാരത്തിലേക്ക് ലേഖനങ്ങള്‍ അനുവദിച്ചുതന്ന എല്ലാ പ്രിയ പണ്ഡിതശ്രേഷ്ഠര്‍ക്കും നന്ദിയര്‍പ്പിക്കുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേല്‍ ബാഹ്യശക്തികളുടെ മൂര്‍ച്ചയേറിയ ആയുധങ്ങള്‍ തേര്‍വാഴ്ച നടത്തുമ്പോള്‍ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ ആദ്യരക്തസാക്ഷിയായി കാളിദാസനെ ചിത്രീകരിക്കുന്ന കാളിദാസന്‍ എന്ന നോവല്‍ ഇനിയുമേറെ ചര്‍ച്ച ചെയ്യപ്പെടേണ്ടതായതുകൊണ്ട് വായനക്കാരുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും സ്വാഗതംചെയ്തുകൊണ്ട് ഈ പഠനസമാഹാരം സമര്‍പ്പിക്കുന്നു.

റ്റോജി വര്‍ഗീസ് റ്റി.

ഈ പുസ്തകം വാങ്ങാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

http://onlinestore.dcbooks.com/books/kalidasan-avishkaraswathanthryathinte-rakthasakshi
 

Exit mobile version