(എ. അയ്യപ്പന്‍ കൃതികളിലെ കീഴാള സമീപനത്തെ മുന്‍നിര്‍ത്തി)
ആര്‍. മനോജ്
കരിവാരിത്തേക്കപെ്പട്ട ഒരു വര്‍ഗ്ഗത്തിന്
കളിപ്പാട്ടങ്ങളില്‌ള
കളിവള്ളങ്ങള്‍ക്ക്
ഇറവെള്ളമില്‌ള.
(കല്‌ളുവച്ച സത്യം)
തെരുവിലേക്ക് നയിക്കപെ്പടുന്ന ജീവിതങ്ങളെക്കുറിച്ചുള്ള ഉല്‍ക്കണ്്ഠകള്‍ എ. അയ്യപ്പന്റെ കവിതയില്‍ തുടക്കം മുതലേ ഉണ്ട്.
ഞങ്ങള്‍ പാവങ്ങളുടെ കൊടിക്കൂറകള്‍
…………………………………………………………….
ഞങ്ങളുടെ പേരുകളെഴുതിയ കോതമ്പുമണികള്‍
കിട്ടാതെപോയവര്‍
എന്ന് ‘ദില്‌ളിയിലെ മഞ്ഞുകാലം’ (ചിത്തരോഗാശുപത്രിയിലെ ദിവസങ്ങള്‍) എന്ന കവിതയില്‍ കവി ചേരിജീവിതത്തെ സ്വഭാവോക്തിയില്‍ രേഖപെ്പടുത്തുന്നുണ്ട്:
അവള്‍ കല്പനാദത്ത
അവള്‍ക്ക് കിട്ടിയത്
പിതാവിന്റെ പിളര്‍ന്ന ഹൃദയത്തില്‍
കൈക്കുഞ്ഞിനെ അടക്കംചെയ്ത
ഘാതകന്റെ പരിഹാസനീതി
അവന്‍ അച്ഛനും വീടും നഷ്ടപെ്പട്ട അമര്‍സിംഗ്.
അവള്‍ ബബ്‌ളി;
പ്രതാപ് കിഷോറിന്റെ മകള്‍
അണയാത്ത തീയുടെ മുന്നില്‍നിന്ന്
അവളുടെ വില പറയുന്നവന്‍
ജി.ബി.റോഡിന്റെ ചങ്ങാതി
അറ്റ തലയെ മാറത്തടക്കിക്കരയുന്നവള്‍
ബച്ചന്‍ ലാലിന്റെ അമ്മ.
ചേരികളിലെയും തെരുവുകളിലെയും പാവപെ്പട്ട ജീവിതങ്ങളെക്കുറിച്ചുള്ള വ്യാകുലതകള്‍ അയ്യപ്പന്റെ കാവ്യജീവിതത്തിലുടനീളം ദൃശ്യമാണ്; അത് വളരെ പ്രത്യക്ഷവുമാണ്. ‘കല്‌ളുവച്ച സത്യം’ (മാളമില്‌ളാത്ത പാമ്പ്) എന്ന കവിതയില്‍ ദുര്‍ഗുണ പാഠശാലയില്‍ ഒന്നാം തരത്തില്‍ പഠിക്കുന്ന മകനെ കാണാന്‍ പോകുന്നത് തെണ്ടിയായ അച്ഛനും ഗണികയായ അമ്മയുമാണ്. അവിടെ മകന്റെ കാതുകളും കണ്ണുകളും വായയും കെട്ടപെ്പട്ടിരുന്നു. ഈ കവിതയില്‍ അയ്യപ്പന്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്:
കരിവാരിത്തേക്കപെ്പട്ട ഒരു വര്‍ഗ്ഗത്തിന്
കളിപ്പാട്ടങ്ങളില്‌ള
കളിവള്ളങ്ങള്‍ക്ക്
ഇറവെള്ളമില്‌ള.
കറുത്തവനും ദളിതനുമായ ദ്രാവിഡന്റെ ആത്മബോധം ഉള്‍ക്കരുത്താകുന്ന നിരവധി രചനകള്‍ അയ്യപ്പന്‍േറതായിട്ടുണ്ട്. കീഴാളരായ ആണും പെണ്ണും അയ്യപ്പന്‍ കവിതയില്‍ ആവര്‍ത്തിച്ച് പ്രത്യക്ഷപെ്പടുന്നു. സൂക്ഷ്മത്തിലും സ്ഥൂലത്തിലും കീഴാളമുദ്രകള്‍ പതിപ്പിച്ചുകൊണ്ടാണ് അയ്യപ്പന്‍ കവിതകള്‍ പലതും ഉള്‍വായനയിലേക്ക് വരുന്നത്. ‘സൈറണ്‍’ (മുക്തഛന്ദസ്‌സ്) എന്ന കവിതയില്‍ കാണാതായ ചന്ദ്രചൂഡനെ വിവരിക്കുന്നു:
അഞ്ചടി അഞ്ചിഞ്ച് പൊക്കം
നിറം കറുപ്പ്
ഗോത്രം ദ്രാവിഡം
വരേണ്യവര്‍ഗ്ഗശത്രു
മുഖത്തൊരു കറുത്ത കല
നെഞ്ചില്‍ അമ്പുകൊണ്ട അടയാളം
കഴുത്തില്‍ കല്യാണമറുക്
മുതുകിലൊരു പുലിനഖപ്പാട്.
ഒളിപേ്പാരാളിയായതിനാല്‍
അവന്‍ ഒരു പേരുകാരനല്‌ള;
നന്ദന്‍ അലെ്‌ളങ്കില്‍ ശശിധരന്‍ അഥവാ
ബാലഗോപാലമേനോന്‍,
കാലത്തിന്റെ നെഞ്ചളന്ന്് അവന്‍
കതിന പൊട്ടിച്ചു.
രക്തത്തിലെ ഇത്തിള്‍ക്കണ്ണികള്‍
ചുവപ്പ് ചോര്‍ത്തി
അവനെ വിധ്വംസകനാക്കി
ചന്ദ്രചൂഡന്റെ അപ്പൂപ്പന്‍ അണക്കെട്ടു നിര്‍മ്മിച്ചവനായിരുന്നു. അച്ഛന്‍ പേനകൊണ്ട്്’ഭൂമിയുഴുന്നവനായിരുന്നു. എന്നാല്‍ ഇന്ന് അന്നവും അക്ഷരവും അച്ഛനു കാണാന്‍ വയ്യ. ചന്ദ്രചൂഡനെ കാണാനില്‌ള. നാടിന്റെ ‘ഭൂതകാലം’ ഭൂപടത്തില്‍ നിന്ന് മാഞ്ഞിരിക്കുന്നു.
ചൂഷണത്തിന്റെ ക്രൂര-ബീഭത്സ മുഖങ്ങളെക്കുറിച്ച്് ‘മാളമില്‌ളാത്ത പാമ്പി’ലും, ‘നീല’ത്തിലും, ‘ചുരത്തിലെ ചുവടുകളി’ലും, ‘കള്ളനും പോലീസി’ലും, ‘വാസ്തുഹാര’യിലും, ‘കുട്ടികളും രക്തസാക്ഷികളി’ലും, ‘കല്‍ക്കരിയുടെ നിറമുള്ളവരി’ലും ‘ഴാങ് വാന്‍ ഴാങി’ ലുമെല്‌ളാം ആവര്‍ത്തിക്കുന്നുണ്ട്. കുരുടിയും രക്തസാക്ഷിയും തെണ്ടിയും വേശ്യയും തൊഴിലാളികളും – ദമിതരും ദളിതരുമായ മനുഷ്യജന്മങ്ങളുടെ ഒരു സ്ഥിരലോകമില്‌ളാതെ എ. അയ്യപ്പന്റെ കവിത തന്നെ ഇല്‌ള എന്നതാണ് വാസ്തവം.
‘വാസ്തുഹാര” (മുക്തഛന്ദസ്‌സ്) യില്‍ എഴുതുന്നു:
അവള്‍ വസ്തു അപഹരിക്കപെ്പട്ടവള്‍
രാത്രിയാല്‍ കീറപെ്പട്ട ഉടുതുണിയുള്ളവള്‍
…………………………….
ഒരുവള്‍ക്കമ്മ
ഒരുവനനുജത്തി
ഒരുവനവള്‍ വെപ്പാട്ടി
ഇന്നവള്‍ വേശ്യ
ഇടനെഞ്ചവള്‍ക്കൊരു കരിങ്കുയില്‍.
സ്വന്തമായുള്ളതെല്‌ളാം നഷ്ടപെ്പട്ട അലെ്‌ളങ്കില്‍ അപഹരിക്കപെ്പട്ട ആളുകള്‍ ഒറ്റയ്ക്കും കൂട്ടമായും അയ്യപ്പന്‍ കവിതകളിലുണ്ട്. വ്യവസ്ഥിതിയാല്‍ നിര്‍മ്മിക്കപെ്പട്ട ഇരകള്‍ മണ്ണിലും മനസ്‌സിലും ഇഴഞ്ഞുനടക്കുന്നു. ‘ഗോത്രവഞ്ചകരായ ശത്രുക്കള്‍ക്കെതിരെ എന്റെ വര്‍ഗ്ഗം വരു’മെന്നും ‘എല്‌ളാം കരിനീലമാക്കു’മെന്നും (മാളമില്‌ളാത്ത പാമ്പ്) അവര്‍ പ്രഖ്യാപിക്കുന്ന ചട്ടങ്ങളാണ്. പുറത്തു പറയാത്ത ദാര്‍ഢ്യവും വീര്യവും അവരുടെ ഉള്ളിലുണ്ട്:
വേടത്തിയൊരുത്തിക്കേയറിയൂ പ്രേമത്തിന്റെ
നീലച്ചെന്നായയുടെ പല്‌ളിന്റെ മുറിവുണ്ടോ
കെട്ടുപോയ്തീരുംമുമ്പേ ചെരാതിന്‍ സൂര്യാംശത്തെ
കെട്ടുതാലിയായികിട്ടി; രക്തചന്ദനത്തുള്ളി.
(നീലം)
‘കല്‍ക്കരിയുടെ നിറമുള്ളവര്‍’ എന്ന കവിതയില്‍ ഒരുപക്ഷേ മനപ്പൂര്‍വ്വമല്‌ളാതെ തന്നെ ‘വണ്ടിയില്‍നിന്നും വേര്‍പെട്ട ഒരു ബോഗിയാണു ഞാന്‍’ എന്ന ഒരുപദര്‍ശനം വന്നുചേരുന്നുണ്ട്. പരമ്പരയായി ചൂഷണം ചെയ്യപെ്പടുകയും മുഖ്യധാരാസമൂഹത്തില്‍ നിന്നും പുറത്താക്കപെ്പടുകയും ചെയ്യുന്ന അടിമകള്‍ അഥവാ അടിമകളായിത്തീര്‍ന്ന വര്‍ഗ്ഗങ്ങള്‍ പരാതികളും പരിഭവങ്ങളും ചോദ്യങ്ങളും ഉന്നയിച്ചുകൊണ്ട് അയ്യപ്പന്റെ കവിതയില്‍ മുഖ്യകഥാപാത്രങ്ങളായി മാറുന്നു. അവര്‍തന്നെ തങ്ങളുടെ ചരിത്രം പറയുന്നു, അതിനെ വ്യാഖ്യാനിക്കുന്നു.
ഞങ്ങള്‍ ഖനിത്തൊഴിലാളികള്‍
കല്‍ക്കരിയുടെ നിറമുള്ളവര്‍
കാപ്പിരിത്തൊലി തോറ്റുപോവുന്ന
കറുപ്പാണ് കല്‍ക്കരിക്ക്.
………………………………………
………………………………………..
മുത്തച്ഛനും
മകനുമിപേ്പാള്‍ ഖനിയിലാണ്.
………………………………………
…………………………………….
പുര നിറഞ്ഞുനില്‍ക്കുന്ന
പെങ്ങളെക്കാണാന്‍
വന്നില്‌ളാരും.
……………………………..
യൗവനത്തിന്റെ
പീഡനത്താലൊരു ദിവസം
പാളത്തില്‍ തലവച്ചവള്‍
……………………………………….
ഖനി തകര്‍ത്ത് മുത്തച്ഛനും
മകനും മരിച്ചു.
ഞങ്ങളുടെ കല്‍ക്കരി ശരീരങ്ങള്‍ കണ്ട്
തീ ചിരിക്കുന്നു.
‘ചുരത്തിലെ ചുവടുകള്‍’ (മാളമില്‌ളാത്ത പാമ്പ്) അയ്യപ്പന്റെ കാവ്യനയപ്രഖ്യാപനമാണ്. ഈ പ്രഖ്യാപനത്തില്‍ കൃത്യമായ ദ്രാവിഡ-കീഴാളബോധം സന്നിഹിതമാണ്.
‘എന്തിനാണ് നിന്റെ കവിതയില്‍ കാഞ്ഞിരം വളര്‍ത്തുന്നത്?’ എന്നാണ് കവിയോട് കവിത ചോദിക്കുന്നത്. കറുപ്പിന്റെയും കയ്പിന്റെയും കാഞ്ഞിരം അയ്യപ്പന്റെ കവിതകളില്‍ ആവര്‍ത്തിക്കുന്നത്. യാദൃച്ഛികമല്‌ള. കവിയുടെ കാവ്യജീവിതം മുഴുവന്‍ ഇവിടെ ചുരങ്ങളിലൂടെയാണ്. ബാല്യവും യൗവനവും കൗമാരവും ഇനി വാര്‍ദ്ധക്യമുണ്ടെങ്കില്‍ അതും ചുരങ്ങളിലൂടെയാണ്. ചുവടുകള്‍ എല്‌ളാം ചുരങ്ങളിലാണ്. അതുകൊണ്ട് കവി ചിന്തിച്ചുപോകുന്നു.
‘നരകത്തിലേക്കുള്ള മൂന്നു പാതകളാണോ കവിതകള്‍.’
അയ്യപ്പന്റെ കാവ്യദര്‍ശനവും രാഷ്ട്രീയ ദര്‍ശനവും ‘ചുരത്തിലെ ചുവടുകളി’ലുണ്ട്. അതിലടങ്ങിയിട്ടുള്ള കീഴാളസ്വരം വാച്യത്തിലും ധ്വനിയിലും വ്യകതവുമാണ്. ഈ കീഴാളബോധത്തെ പുറത്തുവിടുന്ന തെളിവുകള്‍ ‘ബലിക്കുറിപ്പുകളി’ലെ കവിതകള്‍ മുതലുണ്ട്. അവസാനമെത്തുമ്പോള്‍ ‘കല്‍ക്കരിയുടെ നിറമുള്ളവര്‍’ എന്ന് കാവ്യഗ്രന്ഥനാമമായി അത് സ്ഥലം പിടിക്കുന്നു.
അയ്യപ്പന്റെ ദൈവം ശാപവാക്കുകളേറ്റ് കറുത്തിരിക്കുന്നു (വായ്ക്കരിപ്പാട്ട് – ബലിക്കുറിപ്പുകള്‍). മഴയ്ക്ക് പാമ്പിന്റെ ഭാവവും ഉടുക്കിന്റെ മേളവും താണ്ഡവത്തിന്റെ താളവും (മഴ – ബലിക്കുറിപ്പുകള്‍). ശരീരം നിറയെ മണ്ണും മണ്ണ് നിറയെ രക്തവും രക്തം നിറയെ കവിതയും കവിത നിറയെ കാല്പാടുകളുമുള്ളവനാണ് അയ്യപ്പന്റെ രകഷകന്‍ (ജ്ഞാനസ്‌നാനം – ബലിക്കുറിപ്പുകള്‍). ആ രക്ഷകന്‍ കറുത്ത ഗോത്രക്കാരനാണ്. ‘കറുത്ത തലച്ചോറിലുദിക്കൂ സൂര്യന്‍! കഴുത്തിലണിയിക്കൂ ഫണിയേ!’ എന്നാണ് ‘വൃകഷഗീത’ (ബലിക്കുറിപ്പുകള്‍) ത്തിലെ പ്രാര്‍ത്ഥന. കോടതികള്‍വരെ ദരിദ്രനെതിരാകുന്ന ദാരുണാവസ്ഥ ‘കാഴ്ച’ (ബലിക്കുറിപ്പുകള്‍) എന്ന കവിതയിലുണ്ട്. (ഞങ്ങളുടെ കണ്ണുകള്‍ കുത്തിപെ്പാട്ടിക്കുവാനുള്ള കമ്പി ഉലയില്‍ വച്ചൂതിപ്പഴുപ്പിച്ചത് കൊല്‌ളനല്‌ള കോടതിയാണ്). ”പ്രവാസിയുടെ ഗീത’ത്തിലെ പ്രവാസി നനയുന്നത് കര്‍ക്കിടകത്തിലെ മഴയാണ്. ‘വരദാന’ (ബലിക്കുറിപ്പുകള്‍) ത്തിലെ നദിക്ക് നീല നാഭി. ‘രാത്രിയുടെ ഘടികാര’ (ചിത്തരോഗാശുപത്രിയിലെ ദിവസങ്ങള്‍) ത്തില്‍ കവിക്കൊപ്പം സത്രത്തില്‍ ഉറക്കം പങ്കിടുന്ന പെണ്‍കുട്ടി സര്‍പ്പദംശം കൊണ്ട് നീലിച്ചവളാകുന്നു. ‘ശത്രുവിന്റെ പാല’ (ചിത്തരോഗാശുപത്രിയിലെ ദിവസങ്ങള്‍) ത്തില്‍ കവി നിര്‍മ്മിച്ച ശില്പം കരിങ്കല്‌ളുകൊണ്ടുതന്നെയായിരുന്നു. അവിടെത്തെളിഞ്ഞത് കറുത്ത റാന്തല്‍. ‘ശിരോലിഖിതത്തിന്റെ കാര്‍ബണ്‍ പതിപ്പുകളി’ല്‍ (ചിത്തരോഗാശുപത്രിയിലെ ദിവസങ്ങള്‍) ‘നീലയായ് പെയ്യുന്ന നിലാവ്, നീല പര്‍വതങ്ങള്‍, ഇരുട്ടുമരങ്ങള്‍, കറുത്ത പകഷികള്‍’ -നീലയുടെയും കറുപ്പിന്റെയും ആഘോഷങ്ങള്‍ തിരഞ്ഞാല്‍ അയ്യപ്പന്റെ കൃതികളില്‍ എവിടെയുമുണ്ട്.
മുകളില്‍ സൂചിപ്പിച്ചതുപോലെ കറുത്ത തലച്ചോറ്, കര്‍ക്കിടകം, നീലനദി, നീല ലിറ്റ്മസ്, കറുത്ത വിത്ത്, കറുത്ത മറുക്, നീലിച്ച പെണ്‍കുട്ടി, കറുത്ത നെറ്റി, കരിങ്കല്‌ള്, കറുത്ത റാന്തല്‍, കാര്‍ബണ്‍ പതിപ്പ്, ഇരുട്ടുമരങ്ങള്‍, നീല നിലാവ്, നീല പര്‍വ്വതം, കരിക്കട്ട, കല്‍ക്കരിഖനി, ദ്രാവിഡ സമസ്യ, കറുത്ത ധാതു, കറുത്ത പുത്രന്‍, കറുത്ത തടാകം, കാട്ടാറ്, കാട്ടുകിളി, കറുത്ത രാജ്യഭാരം, നീലിച്ച തയമ്പ്, നീലമഷി, കറുത്ത ചുരം, കാഞ്ഞിരം, കറുത്ത സസ്യം, കാടിന്റെ ഗായകന്‍, കറുത്ത കൂട്ടുകാരി.. എന്നിങ്ങനെയുള്ള പ്രയോഗങ്ങളുടെയും പ്രവേഗങ്ങളുടെയും സാന്നിധ്യം അയ്യപ്പന്‍ കവിതകളുടെ ദ്രാവിഡസ്വത്വനിര്‍മ്മാണത്തില്‍ ചാലകശക്തിയായി വര്‍ത്തിക്കുന്നു. സ്വയം അധഃകൃതനെപേ്പാലെ ജീവിക്കാന്‍ ശ്രമിക്കുകയും, താനൊരു ദ്രാവിഡനാണ്, കീഴാളനാണ് എന്ന് സ്വകാര്യസംഭാഷണങ്ങളിലും അഭിമുഖങ്ങളിലും ആവര്‍ത്തിക്കുകയും ചെയ്ത കവിയാണ് അയ്യപ്പന്‍.
അയ്യപ്പന്റെ കവിതകളില്‍ കൃത്യമായ ഒരു രാഷ്ട്രീയ ദര്‍ശനമുണ്ട്. അത് ജീവിതവുമായി ആഴത്തില്‍ ബന്ധപെ്പട്ടുനില്‍ക്കുന്നു. അയ്യപ്പന്‍ കവിതകളില്‍ തെളിയുന്ന സൗന്ദര്യസങ്കല്പവും മറ്റൊന്നല്‌ള. കടമ്മനിട്ട, ഡി. വിനയചന്ദ്രന്‍ എന്നിവര്‍ നവീനതയുടെ കാലത്ത് കേരളീയവും നാടോടിയുമായ സൗന്ദര്യസങ്കല്പം കവിതയില്‍ വിതാനിച്ചവരാണ്. അവര്‍ നാടോടി ഈണങ്ങളും താളവും നേരിട്ട് സ്വീകരിച്ചു. എന്നാല്‍ അയ്യപ്പന്റെ കവിതയിലെ കീഴാള-നാടോടി സ്വത്വം ഉള്ളുറപ്പിന്റെ ഗദ്യത്തിലാണ് സംസാരിച്ചത്. അതിസൂക്ഷ്മവും തീവ്രവുമായ ആകാരരചനാഭംഗി അയ്യപ്പന്റെ ബിംബങ്ങള്‍ നേടിയെടുക്കാനുള്ള കാരണം ആ കവിതയില്‍ നിലീനമായ ദ്രാവിഡ രക്തബോധമാണ്.