ജാനകി the cute voice…
ജി. ഹരി നീലഗിരി
അന്നും ജാനകി ഓഫീസില്‍ എത്തിയിരുന്നില്ല. രവിയുടെ ഹൃദയം അസ്വസ്ഥമാകാന്‍ തുടങ്ങി. ജാനകിയുടെ മുറിയോട് ചേര്‍ന്നുള്ള തന്റെ ക്യാബിനില്‍ നിന്ന് അവളുടെ ഇരിപ്പിടത്തിലേയ്ക്ക് അയാള്‍ ഇടയ്ക്കിടെ ഒളിക്കണ്ണിട്ടുനോക്കിക്കൊണ്ടിരുന്നു. കന്യാകുമാരിയില്‍ നിന്ന് അവള്‍ക്ക് സമ്മാനിക്കാനായി വാങ്ങിയ സാളഗ്രാമം മേശമേല്‍ക്കിടന്ന് അയാളെ നോക്കിച്ചിരിച്ചുകൊണ്ടിരുന്നു…
ഇടയ്‌ക്കെപ്പോഴോ ജാനകി ഇരിപ്പിടത്തില്‍ വന്നിരിക്കുന്നതായി അയാള്‍ക്ക് തോന്നി. എന്നാല്‍ അതൊരു വെറും തോന്നല്‍ മാത്രമായിരുന്നു!
ഇത്തരം ഘട്ടങ്ങളില്‍ ഏതൊരു പ്രണയിതാവിനെയും പോലെ മൊബൈലില്‍ ബന്ധപ്പെടുകയോ മെസേജ് അയയ്ക്കുകയോ ചെയ്യാമെങ്കിലും തനിക്ക് അതിനും കഴിയില്ലല്ലോ എന്നോര്‍ത്തപ്പോള്‍ അയാള്‍ കൂടുതല്‍ വിഷണ്ണനായി. ‘If you send anymore messages u had it Ravi', എന്നായിരുന്നു ജാനകി രവിക്ക് അവസാനമായി മെസേജ് ചെയ്തത്. ഇനി മെസേജ് അയച്ചാല്‍ സൈബര്‍ സെല്ലില്‍ കംപൈ്‌ളന്റ് ചെയ്‌തോളൂ എന്ന് രവി മറുപടിയും നല്‍കി.
രവി സാളഗ്രാമം കൈയ്യിലെടുത്തു. അയാള്‍ തന്റെ ക്യാബിനില്‍ നിന്നും ജാനകി ജോലി ചെയ്തിരുന്ന മീഡിയാ ലൈബ്രറിയിലേക്കു പോയി. ജാനകി ഇല്ലെങ്കില്‍ പോകട്ടെ, മറ്റാര്‍ക്കെങ്കിലും നല്‍കാം. വീട്ടിലിരിക്കുന്ന രണ്ടാമത്തെ സാളഗ്രാമം ജാനകി വരുമ്പോള്‍ നല്‍കുകയുമാകാം. ജാനകിക്ക് പകരം ആര്‍ക്കു സാളഗ്രാമം നല്‍കാനുദ്ദേശിച്ചോ അവള്‍, രശ്മി, അറ്റന്‍ഡര്‍ ലോലനുമായി സംസാരിച്ചിരിക്കുന്നു.
രവി രശ്മിക്കും ലോലനും മദ്ധ്യേ നിന്ന് സാളഗ്രാമം പുറത്തെടുത്തു. നിറയെ പൂചൂടി ഒരു ദ്രവീഡിയന്‍ ലുക്കുണ്ടായിരുന്ന രശ്മിയോട് സാളഗ്രാമത്തിന്റെ ഒറിജിനാലിറ്റിയെകുറിച്ച് രവി ചോദിച്ചു. രസച്ചരട് മുറിഞ്ഞതില്‍ ലോലന്‍ കുണ്ഠിതനായി. പിന്നേ പത്ത് രൂപായ്ക്ക് സാളഗ്രാമം! സാറിനു വട്ടാ, രശ്മി രവിയെ കളിയാക്കി. രശ്മിയുടെ കറുത്തു സുന്ദരമായ മുഖത്തു നിന്നും കണ്ണെടുത്ത്, രവി ശോഭയുടേയും വാര്യര്‍ സാറിന്റെയും ഇടയിലേക്ക് കയറി. അയാള്‍ വാര്യര്‍ സാറിനോട് ചോദിച്ചു; സാര്‍ ഇത് ഒറിജിനലാണോ? വാര്യര്‍സാര്‍ സന്ദര്‍ഭോചിതമായി ഒരു ശേ്‌ളാകമുരുവിട്ടു; സങ്കല്പ കര്‍മ്മമാനസം.
രവി മീഡിയാ ലൈബ്രറിയില്‍ നിന്നും തന്റെ ക്യാബിനിലേക്ക് മടങ്ങി. അയാള്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ 'എന്റെ കാമുകിമാരും മറ്റു കഥകളും' എടുത്തു വായിക്കാനാരംഭിച്ചു.
കുഞ്ഞിക്ക അസാധാരണനായ ഒരു റൊമാന്റിക് ഔട്ട് സൈഡര്‍ തന്നെ, രവി ഓര്‍ത്തു. എത്രയെത്ര കിടിലന്‍ പീസുകളെയാണ് ഇക്ക അറ്റന്‍ഡു ചെയ്തിരിക്കുന്നത്!. പുളുവാണെങ്കില്‍, ഇങ്ങനെ എഴുതാന്‍ ഒരിക്കലും പറ്റില്ല തന്നെ! അങ്ങേരുടെ ഒരു…. ഭാഗ്യമെന്നേ പറയേണ്ടൂ, രവി മനസില്‍ ചിരിച്ചു.
കുഞ്ഞബ്ദുള്ളയുടെ പുസ്തകത്തില്‍ അപ്പോള്‍ ജാനകിയുടെ രൂപം തെളിഞ്ഞു, പുസ്തകം വായിക്കും മുമ്പു തന്നെ അത് ഒരാള്‍ക്കു സമ്മാനിക്കാന്‍ തുനിഞ്ഞു, രവി. :In memmorium of an unconditional friendship എന്നെഴുതി അതയാള്‍ ഹസീനയ്ക്കു സമ്മാനിക്കുകയായിരുന്നു. പുസ്തകത്തിന്റെ കവര്‍തന്നെ ഹസീനയെ ക്ഷുഭിതയാക്കി, പിന്നേ, വായിക്കാന്‍ കണ്ട ഒരു പുസ്തകമേ, സാറിനെത്ര വയസുണ്ട്?!, ഹസീന രവിയെ പരസ്യമായി കളിയാക്കി.. ഊറിച്ചിരിച്ചുകൊണ്ട് ഹസീനയുടെ ക്യാബിനില്‍ നിന്നു രവി പുറത്തിറങ്ങി.
പിന്നീടൊരിക്കല്‍ കൂടി രവി അവള്‍ക്കു പുസ്തകം സമ്മാനിക്കാന്‍ ശ്രമിച്ചു, എവിടുന്നാ മാഷേ സമയം? ആദ്യം കെട്യോന്‍ ഗള്‍ഫില്‍ പോണം. പിന്നെ സൂഫി പറഞ്ഞ കഥ ഒന്നു വായിച്ചു തീര്‍ക്കണം. പിന്നെ വേണമെങ്കില്‍ നോക്കാം, തെല്ലു നിരാശനായെങ്കിലും രവി അതു പുറത്തുകാട്ടിയില്ല…..
എന്നാല്‍ സ്റ്റുഡിയോയില്‍ വെച്ച് പുസ്തകത്തിന്റെ പുറംചട്ട കണ്ടതും ജാനകി തുള്ളിച്ചാടി. ഇതെനിക്ക് തരുമോ സാറേ?, അവള്‍ ചോദിച്ചു. 'ഇതല്ല, ചോദിക്കുന്നതെന്തും ഞാന്‍ നിനക്കു തരും, Not for u, but for ur cute voice! ജാനകി പുസ്തകവുമായി നീങ്ങിയപ്പോള്‍ രവി അവളെ പുന്‍തുടര്‍ന്ന് മീഡിയാ ലൈബ്രറിയിലേക്ക് പോയി. ജാനകിയുടെ തൊട്ടടുത്തിരുന്നിരുന്ന അശ്വതി എന്ന കുട്ടിത്തം മാറാത്ത യുവതിയോട് രവി വൈറ്റ്‌നര്‍ ആവശ്യപ്പെട്ടു. ഹസീനയ്ക്കായി കുറിച്ച വരികള്‍ക്കുമേല്‍ രവി വൈറ്റ്‌നര്‍ ഇടാന്‍ ശ്രമിച്ചു. എത്ര ശ്രമിച്ചിട്ടും അത് മായുന്നില്ല!
അതൊന്നും മായിക്കേണ്ട ഡിയര്‍, ജാനകി പുസ്തകം വാങ്ങി ഡ്രോയിലിട്ടു. രവി കുറച്ചുനേരം കൂടി അവിടെ കറങ്ങി നിന്നു. ജാനകിയുടെ കണ്ണുകള്‍ ലാപ്‌ടോപ്പില്‍ നിന്നും ഉയരാതായതോടെ അയാള്‍ ക്യാബിനിലേക്ക് മടങ്ങി.
ജാനകിയുടെ സൗന്ദര്യം ആദ്യം രവിയില്‍ പരിഭ്രമമാണ് സൃഷ്ടിച്ചത്. അവള്‍ അടുത്തുകൂടി പോകുമ്പോഴെല്ലാം അയാളുടെ ഹൃദമിടിപ്പുയരുമായിരുന്നു.
മാനേജുമെന്റിലും, സ്റ്റാഫിലും വനിതാ പ്രാമുഖ്യമുണ്ടായിരുന്ന ഒരു ദിനപ്പത്രമായിരുന്നു അത്. മിഡില്‍ഈസ്റ്റിലടക്കം പത്ത് എഡിഷനുകള്‍ ഉണ്ടായിരുന്ന പത്രത്തിന്റെ സാരഥി വിധവയും മദ്ധ്യവയസ്‌ക്കയുമായ ശ്രീദേവി നമ്പ്യാരായിരുന്നു. ചൊടിയും ചുണയുമുള്ള വനിതാപത്രപ്രവര്‍ത്തകരായിരുന്നു സ്ഥാപനത്തിലേറെയും. ചില നിര്‍ണ്ണായക സ്ഥാനങ്ങള്‍ പുരുഷന്‍മാരും അലങ്കരിച്ചു പോന്നു. അത്തരത്തില്‍ ഒരാളായിരുന്നു ജിത്‌പ്രേം. രവിക്ക് ജിത്‌പ്രേമിനോട് സഹോദരതുല്യമായ സ്‌നേഹവും വാത്സല്യവും ആയിരുന്നു. പത്രത്തില്‍ ചേരുന്ന കാലത്ത് രവി വളരെ ഡിസ്‌റ്റേര്‍ബ്ഡും ഡിപ്രെസ്‌സ്ഡും ആയിരുന്നു. മാരകമായ ഒരു മാനസിക രോഗമായിരുന്നു അയാള്‍ക്ക്. ബൈപോളാര്‍ സിന്‍ഡ്രം എന്നായിരുന്നു വൈദ്യശാസ്ത്രത്തില്‍ അതിന്റെ പേര്. വിഷാദത്തിന്റെയും ഉന്മാദത്തിന്റേയും നീര്‍ക്കയങ്ങളില്‍ രോഗി മാറി മാറി വീണുപോകുന്ന അവസ്ഥ. പഴകിപ്പോയ രോഗം രവിയുടെ ക്രിയേറ്റിവിറ്റിയെ വല്ലാതെ ചോര്‍ത്തിക്കളഞ്ഞിരുന്നു. കരിയറില്‍ അര്‍ഹമായ ഉയര്‍ച്ച ലഭിക്കാതെ പോയത് അയാളെ ഖിന്നനാക്കി. പഴയൊരു പരിചയത്തിന്റെ പുറത്ത് ജിത്‌പ്രേം അയാളെ ശ്രിദേവി നമ്പ്യാര്‍ക്ക് പരിചയപ്പെടുത്തുകയായിരുന്നു. രവിയുടെ ബന്ധങ്ങളിലും വേറിട്ട കഴിവുകളിലും പല സാദ്ധ്യതകളും കണ്ട ശ്രീദേവിമാം ഫീച്ചര്‍ സെക്ഷനില്‍ മീഡിയാ കണ്‍സള്‍ട്ടന്റായി അയാള്‍ക്ക് ജോലി നല്‍കി. ഊര്‍ജ്ജസ്വലനായ ജിത്‌പ്രേം ആയിരുന്നു ടീം ഹെഡ്. എന്നാല്‍ തുടക്കത്തില്‍ സ്ഥാപനം രവിക്ക് ഒരു ഒരിപ്പിടം പോലും നല്‍കിയില്ല. തന്റെ മേശയ്ക്കരികേ, ജിത്‌പ്രേം അയാളെ ഇരുത്തി. മാനസികമായും, ശാരീരികമായും പരിക്ഷീണിതനായിരുന്ന അയാള്‍ക്ക് ആദ്യമൊന്നും ഒരു ജോലിയും ചെയ്യാനാകുമായിരുന്നില്ല. ജിത്‌പ്രേമിന് അഭിമുഖമായി രവിയുടെ ഇരിപ്പിടത്തിനു പിന്നില്‍ വള്ളുവനാടന്‍ ഭാഷയില്‍ സദാ ചിലച്ചുകൊണ്ടിരുന്ന സുന്ദരിയായ ഹസീനയുടെ ഇരിപ്പിടമായിരുന്നു. ചിരിക്കുമ്പോള്‍ തെളിയുമായിരുന്ന സഹീനയുടെ നുണക്കുഴികള്‍ ഏതൊക്കെയോ ബാല്യകാല സഖിമാരുടെ ഓര്‍മ്മകള്‍ രവിയിലുണര്‍ത്തി. ഹസീനയുടെ സൗന്ദര്യത്തെ ആരാധിച്ചിരുന്നുവെങ്കിലും അവളെക്കുറിച്ച് തെറ്റായ ഒരു ചിന്തപോലും രവിയുടെ മനസ്‌സില്‍ ഉണ്ടായില്ല. തന്റെ ഫീച്ചറുകള്‍ ചെത്തിമിനുക്കുവാന്‍ ഹസീന രവിയെ ഏല്പിക്കുമായിരുന്നു. ജിത്‌പ്രേം നല്കുന്ന മാറ്ററുകള്‍ ട്രാന്‍സിലേറ്റ് ചെയ്യാന്‍ ശ്രമിച്ചും പ്രതിശ്രുത വരനുമായുള്ള ഹസീനയുടെ ചാറ്റിംഗ് ആസ്വദിച്ചും രവി നേരംപോക്കും. മലബാറില്‍ നിന്നെത്തിയ മാനിറമുള്ള ഒരു പെണ്‍കുട്ടി കൂടി ഇടയ്ക്ക് ഫീച്ചര്‍ സെക്ഷനില്‍ ചേര്‍ന്നു. സരസിജ എന്നായിരുന്നു അവളുടെ പേര്. ജിത്‌പ്രേം എത്രത്തോളം ഡൈനാമിക് ആയിരുന്നുവോ അത്രത്തോളം ക്രിയേറ്റീവ് ആയിരുന്നു സരസിജ. എപ്പോഴും ഫോട്ടോ ഷോപ്പില്‍ കളിച്ചു കൊണ്ടിരിക്കുമായിരുന്ന അവള്‍ ആബ്‌സെന്റ്‌മൈന്റഡും തന്റേടക്കാരിയുമായിരുന്നു. ജിത്‌പ്രേമും സരസിജയും അക്കാലത്ത് രവിക്ക് നല്ല മോറല്‍ സപ്പോര്‍ട്ട് നല്‍കി.
ഫീച്ചര്‍ സെക്ഷന്‍ വിട്ട് രവി എങ്ങോട്ടും പോയില്ല. മറ്റു വിങുകളില്‍ പോകാനും അവിടുള്ളവരെ പരിചയപ്പെടുവാനും അയാള്‍ കൊതിച്ചെങ്കിലും രോഗാതുരത അതിനനുവദിച്ചില്ല. ഓഫീസില്‍ പലപ്പോഴും ഒരു ദേശാടനപക്ഷിയായിരുന്നു അയാള്‍. ഓഫീസ് വിട്ടാല്‍ അടുത്തുള്ള പത്മാബാറില്‍ നിന്ന് മൂന്നോ നാലോ ലാര്‍ജ് അടിച്ച് അയാള്‍കട്ടിലില്‍ പോയി വീഴും.
രവിയുടെ സീറ്റിനു പിന്നില്‍, ഹസീനയുടെ ഇരിപ്പിടത്തില്‍ അന്നൊരുദിവസം ജാനകി വന്നിരുന്നു. അന്നു മുഴുവന്‍ എഡിറ്റോറിയല്‍ പേജിന്റെ മാറ്റര്‍ തിരുത്താനാകാതെ അയാള്‍ വള്ളിയുംപുള്ളിയും വരച്ചിരുന്നു. അവള്‍ മുന്നിലായിരുന്നുമെങ്കില്‍ എന്തെങ്കിലുമൊക്കെ ചോദിക്കാമായിരുന്നു. എന്നാല്‍ എപ്പോഴും പിന്നിലോട്ട് കഴുത്തു തിരിച്ച് സുന്ദരിയായ ഒരു പെണ്‍കുട്ടിയോട് സംസാരിച്ചിരിക്കുന്നതെങ്ങനെ?
ജാനകി ആദ്യം മുതലേ രവിയെ സാര്‍ എന്നുതന്നെ വിളിച്ചു. ആരും തന്നെ സാര്‍ എന്നു വിളിക്കുന്നത് രവിക്ക് ഇഷ്ടമായിരുന്നില്ലെങ്കിലും പലരേയുമെന്നപോലെ ജാനകിയേയും അയാള്‍ അതിനനുവദിച്ചു.
അങ്ങനെയിരിക്കെ ജാനകിയുമായി അല്‍പ്പമൊന്നടുക്കാന്‍ രവിക്ക് ഒരവസരം ലഭിച്ചു. ചീഫ് എഡിറ്റര്‍ ശ്രീദേവി നമ്പ്യാര്‍ പരിവാരങ്ങള്‍ക്കൊപ്പം ഒരു മദ്ധ്യാഹ്നത്തില്‍ ഫീച്ചര്‍ വിഭാഗത്തിലേക്ക് ഇരച്ചുകയറി. പതിവുപോലെ സഹപത്രാധിപകളും ഉപദേഷ്ടാക്കളും ഒപ്പമുണ്ടായിരുന്നു. ടേബിളില്‍ നിന്ന് ടേബിളിലേക്ക് ദേവിമാം പറന്നുകൊണ്ടിരുന്നു. സെക്ഷനില്‍ നിന്ന് പുറത്തു കടന്ന അവര്‍ പെട്ടെന്ന് തിരികെ കയറി വന്നു. സരസിജയോട് സംസാരിച്ചുകൊണ്ടു നില്‍ക്കുകയായിരുന്ന ജാനകിയോട് അവരെന്തോ ആംഗ്യം കാട്ടി. ജാനകി ഓടി രവിയുടെ അടുത്തെത്തി അയാള്‍ എഴുതിക്കൊണ്ടിരുന്ന പേന കൈക്കലാക്കി. രവിയുടെ പേനയുമായി ദേവിമാം മുന്നോട്ടു നീങ്ങി. പരിചാരകവൃന്ദത്തിനൊപ്പം ജാനകിയും.
ഈ ഹൈടെക് കാലത്തും പേനയും പേപ്പറും ഉപയോഗിക്കുമായിരുന്നു ഒരപൂര്‍വ്വജീവിയായിരുന്നു രവി. ഓര്‍ക്കാപ്പുറത്ത് പേന നഷ്ടപ്പെട്ടത് അയാളെ അസ്വസ്ഥനാക്കി. അല്‍പ്പനേരം അതുമിതും ആലോചിച്ചിരുന്ന ശേഷം അയാള്‍ ജാനകിയേയും തിരക്കി പോയി. സീറ്റില്‍ ജാനകിയെ കാണാഞ്ഞ് അയാള്‍ ചീഫ് എഡിറ്ററുടെ ലോബിയിലേക്ക് കയറി. ജാനകിക്ക് അവിടെയും ഒരു സീറ്റുണ്ട്. ജാനകി സീറ്റിലുണ്ടായിരുന്നു. രവിയെകണ്ട് ജാനകി പതിവുപോലെ യെസ് ഡിയര്‍ എന്ന് ആരാഞ്ഞു. എന്റെ പേന, രവി ചോദിച്ചു. ജാനകി വല്ലാതെ ഇറിറ്റേറ്റഡ് ആയി. എന്റെ മാഷേ, ഒരു പേന പോയെങ്കില്‍ അടുത്ത പേന കൊണ്ടെഴുതണം!. പോരാ. എനിക്ക് ആ പേന തന്നെ വേണം, രവി പറഞ്ഞു. ശെടാ, ഇതു പൊല്ലാപ്പായല്ലോ. പ്‌ളീസ് ഡോണ്‍ഡ് ഡിസ്റ്റര്‍ബ് മീ. ഐ ആം ക്വയറ്റ് ബിസി, ജാനകി അയാളെ കട്ട് ചെയ്തു. രവി അസ്വസ്ഥസൂചകമായി ജാനകിയുടെ ടേബിളില്‍ ഒരിടിയിടിച്ച് അവിടെ നിന്നു മടങ്ങി. തുടര്‍ന്നുള്ള ദിവസങ്ങളിലും ജാനകിയെ കാണുമ്പോഴെല്ലാം രവി പേന ചോദിച്ചുകൊണ്ടിരുന്നു. ശല്യം കൂടിയപ്പോള്‍ ജാനകി രവിയെ മൈന്‍ഡു ചെയ്യാതായി.
സ്ഥാപനത്തിലെ ചെറുപ്പക്കാരായ ജീവനക്കാരില്‍ നിന്നും തന്നിലേക്ക് ഊര്‍ജ്ജപ്രസരണം സംഭവിക്കുന്നതായി രവിക്ക് അനുഭവപ്പെട്ടു തുടങ്ങി. അയാള്‍ വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിക്കാനും നരച്ചമുടികള്‍ ഡൈ ചെയ്തു മറയ്ക്കാനും തുടങ്ങി. ബയോസ്ഫിയറില്‍ നിന്ന് സൈബര്‍ സ്ഫിയറിലേക്ക് അയാള്‍ കൂടുതല്‍ കൂടുതല്‍ അടുത്തു. മോട്ടറോളയുടെ പഴയ ഹാന്‍ഡ്‌സെറ്റ് മാറ്റി അയാള്‍ എല്‍.ജിയുടെ കൂടുതല്‍ ഫീച്ചേഴ്‌സുള്ള പുതിയൊരെണ്ണം വാങ്ങി. എസ്.എം.എസ്‌സുകളുടെ ലോകത്തെ ഒരു സന്ദേശകാമുകനായി അയാള്‍ മെല്ലെ മാറുകയായിരുന്നു……
എന്നും പ്രഭാതസവാരിക്കിടെ എന്തെങ്കിലുമൊക്കെ രവിയുടെ മനസില്‍ മുളപൊട്ടും. ജിത്‌പ്രേമിനും സരസിജക്കും അയാള്‍ ആദ്യമത് അയയ്ക്കും. പിന്നീട്, ഫോണ്‍ ബുക്കിലെ പരിചിതനാമക്കാര്‍ക്കു ഫോര്‍വേഡ് ചെയ്യും. രവിയുടെ മെസേ്‌സജുകള്‍ ഹൈലീഹ്യൂമറസും ഇന്റലക്ച്ച്വലുമാണെന്ന് ജിത്‌പ്രേം അഭിപ്രായപ്പെട്ടു. ജിത്‌പ്രേം വലിയൊരുവിശാലഹൃദയനായിരുന്നെങ്കിലും അത്രത്തോളം വിശാലഹൃദയയായിരുന്നില്ല സരസിജ. രവിയുടെ ചില മെസേജുകള്‍ സരസിജയെ അസ്വസ്ഥയാക്കി. ഒരിക്കല്‍ സ്ത്രീത്വത്തെക്കുറിച്ച് ഒരു ഗംഭീര സാധനം രവി ജിത്‌പ്രേമിനും സരസിജയ്ക്കുമയച്ചു. woman is the most beautiful creation by God, only unfit for marriage! ഉടനെത്തി സരസിജയുടെ പ്രതികരണം; Sir,what's rong with u?. രവി.My one screw may be loose, jl¢. Sir would appreciate if u could restrict such msgs within urself. All may not like it with the same spirit as a few of us do , സരസിജ.
അച്ഛനീ പണിയേ ഉള്ളോ? നേരം വെളുക്കുമ്പോഴേയ്ക്കും ഓഫീസിലെ പെമ്പിള്ളേര്‍ക്ക് മെസേ്‌സജ് ചെയ്യുക… രവിയുടെ മകള്‍ അയാളെ കളിയാക്കിയത് അടുത്ത കാലത്തായിരുന്നു. ഇത് അച്ഛന്റെ മിനി കംപ്യൂട്ടറാ മോളേ.. എല്ലാം ഒഫീഷ്യലാ, അവളെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും രവി മെസേ്‌സജ് സെന്റ് ചെയ്യുന്ന നിര്‍വൃതിയില്‍ ലയിച്ചിരിക്കുമ്പോഴൊക്കെ ഓരോ മെസേ്‌സജും ഒളികണ്ണിട്ടു പരിശോധിക്കുക കൗമാരക്കാരിയായ കുട്ടി ശീലമാക്കിയിരുന്നു. പണി പോകാനുള്ള പണിയാ അച്ഛന്‍ ചെയ്യുന്നതെന്ന് അവള്‍ ഇടയ്ക്കിടെ രവിയെ താക്കീത് ചെയ്തു കൊണ്ടിരുന്നു. ഉള്ള പണിയും കളഞ്ഞ് വീണ്ടും ബൈപോളാര്‍ അടിക്കുമ്പോള്‍ അച്ഛന് സമാധാനമാകും…
രവിയുടെ മെസേജുകള്‍ ഹസീനയെയും കുപിതയാക്കി. മാഷേ, ഒന്നു മനസിലാകുന്ന ഭാഷയിലയയ്ക്ക്, അവള്‍ പ്രതികരിച്ചു. എന്നാല്‍ സ്ഥലകാല വ്യക്തിസീമകളെയും. അതിജീവിച്ചുകൊണ്ട് രവിയുടെ എസ്.എംഎസ് രോഗം ഗുരുതരമായിക്കൊണ്ടിരുന്നു. ജിത്‌പ്രേം മാത്രം 'വാഹ്, വാഹ്! എന്നു റിപെ്‌ളയ് നല്‍കി അയാളെപ്രോത്സാഹിപ്പിച്ചു.
രവി:' എങ്കിലും പുഷ്‌ക്കരേ നമ്മള്‍കാണും സങ്കല്‍പ്പലോകമല്ലീയുലകം!
ജിത്‌പ്രേം: വാഹ്! വാഹ്!
രവി: മഴ പെയ്തു പെയ്തു മണ്ണു കുതിര്‍ന്നൂ മാന്‍ഹോളു പെട്ടിയെന്‍ മനം തകര്‍ന്നു!
ജിത്‌പ്രേം: വാഹ്! വാഹ്!
എന്നാല്‍, രവിയുടെ മെസേജുകള്‍ ജാനകിയുടെ സെല്‍ഫോണിനെ ലക്ഷ്യമാക്കിയും കുതിച്ചതാണ് ഈ കഥയുടെ പരിണാമഗുപ്തിയെ മാറ്റിമറിക്കുന്നത്…..
ആയിടയ്ക്ക് പത്രസ്ഥാപനത്തില്‍ ചില മാറ്റങ്ങള്‍ സംഭവിച്ചു. ശ്രീദേവി നമ്പ്യാര്‍ തന്റെ മാധ്യമസാമ്രാജ്യം ഒന്നുകൂടി വിശാലമാക്കി. ദൃശ്യമാധ്യമത്തിലേക്കും അവര്‍ ചുവടൂന്നി. ഐശ്വര്യാവിഷന്‍സ് എന്ന ആ പുതിയ സംരംഭത്തിലേക്ക് ജിത്‌പ്രേം രവിയെ പറിച്ചുനട്ടു. പുതിയ തൊഴിലുമായി രവി പെട്ടെന്നു തന്നെ പൊരുത്തപ്പെട്ടു.
വോയ്‌സ് ഓവര്‍, ജീവനക്കാരെ കൊണ്ടുതന്നെ ചെയ്യിക്കാനായിരുന്നു ചീഫ് എഡിറ്ററുടെ ഉത്തരവ്. സ്വാഭാവികമായി നന്നായി പാടുമായിരുന്ന ജാനകിക്കു തന്നെ ആദ്യത്തെ നറുക്കു വീണു. ജാനകിയുമായി കൂടുതല്‍ അടുക്കാന്‍ അവസരമുണ്ടായതില്‍ രവിയും സന്തോഷിച്ചു. റിക്കാര്‍ഡിങ് കഴിഞ്ഞാല്‍ ജാനകിയെകൊണ്ട് രവി പാട്ടു പാടിക്കും. സംഗതികള്‍ നിറഞ്ഞ ആ പാട്ടുകള്‍ കേട്ട് രവി ഉന്മേഷഭരിതരായി. ഒരിക്കല്‍ ഡബ്ബ് സ്യൂട്ടില്‍ നിന്ന് രവി അലറിവിളിച്ചു: ജാനകീ, നിന്റെ ഓരോ രോമകൂപത്തെയും ഞാന്‍ പ്രേമിക്കുന്നു! നിന്റെ ശാരീരം എന്നെ തടവിലാക്കികഴിഞ്ഞു! അതുകേട്ടു നിന്ന സൗണ്ട് എഞ്ചിനീയര്‍ ഉള്‍പ്പെടെയുള്ളവര്‍ അന്തംവിട്ടുപോയി. നമ്മുടെ രവിസാര്‍ കൈവിട്ടുപോയേ!, എസ് ഇ. പ്രതികരിച്ചു.
അന്നു രാത്രി തന്റെ സ്‌പൈറല്‍ ഡയറിയില്‍ രവി രണ്ടു കവിതകള്‍ കുറിച്ചു:
കവിത: ഒന്ന്
40+
പ്രണയമേ…
എന്റെ വഴികളില്‍
എന്നും നീയുണ്ടായിരുന്നു…
7 ലും 17 ലും 37 ലും.
ഇപ്പോള്‍ 40 ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിന്‍കൂടുപോല്‍
എന്നുള്ളിലെഫ്‌ഫെം സംഗീതമായ്,
പ്രണയമേ,
നീ,
കിടന്നു
പിടപിടയ്ക്കുകയാണ്…
കവിത: രണ്ട്
കുട്ടി
(അഥവാ, an emotional outbreak!)
വെണ്ണതോല്‍ക്കും നിന്നുടലിനെയാണു
ഞാന്‍ പ്രണയിക്കുന്നതെന്നു
കരുതിയെങ്കില്‍,
ഗോമേദക കവിളുകളെയാണു
ഞാന്‍ പ്രണയിക്കുന്നതെന്നു
കരുതിയെങ്കില്‍,
നിനക്കു തെറ്റി!
തേനൂറുന്ന നിന്റെ അധരങ്ങളിലേക്കും,
ചേലൊക്കും മുലകളിലേക്കും,
ഞാന്‍ വഴിതെറ്റാറേയില്ല!
നിന്റെ ഹൃദയത്തിന്‍ ഹൃദയത്തിനുള്ളില്‍ കിടന്നു
പിടപിടയ്ക്കും
കുയില്‍കുഞ്ഞിനെയാണു
ഞാന്‍ പ്രണയിക്കുന്നത്!
അതിനെ തേടിപ്പോകാനാണു
ഇനി നിന്റെ ഭാവമെങ്കില്‍
വൈകി!
വഴിമാറിപ്പറന്ന്,
അതെന്നകതാരിലെ പൂഞ്ചില്ലയില്‍
എന്നേ,
ചേക്കേറിക്കഴിഞ്ഞു!
കവിതകള്‍ ജിത്‌പ്രേമിനും സരസിജക്കും രവി അയച്ചു കൊടുത്തു. പിറ്റേന്ന് ഓഫീസില്‍ വെച്ചു കണ്ടപ്പോള്‍ ജാനകി രവിയെ വല്ലാത്ത ഒരു നോട്ടം നോക്കി.
രവി ഒരു യുവാവായി മാറിക്കൊണ്ടിരുന്നു. അയാള്‍ ധാരാളമായി എണ്ണപലഹാരങ്ങള്‍ തിന്നുകയും സദാനേരവും പല ഫ്‌ളേവറുകളിലുള്ള മിഠായികള്‍ പോക്കറ്റില്‍ കരുതുകയും ചെയ്തു.
ജാനകിക്കൊപ്പം വോയ്‌സെടുക്കാന്‍ നില്‍ക്കുമ്പോഴെല്ലാം അയാള്‍ ചിരി നിയന്ത്രിക്കാന്‍ പാടുപെടുകയും ഒരു കൗമാരക്കാരന്റെ ഭാവചേഷ്ടകള്‍ കാട്ടുകയും ചെയ്തു.
അന്നൊരിക്കല്‍ സ്റ്റുഡിയോവില്‍ വെച്ച് എല്ലാവരും കാണ്‍കെ ജാനകി തന്റെ സാരി രവിയുടെ കൈകളില്‍ ചുറ്റി. രവിസാര്‍, എന്നെ വിടൂ, എന്നെ വിടൂ…., അവള്‍ നിലവിളിച്ചു. എല്ലാവരും ചിരിച്ചു. രവി ചെറുതായൊന്നു ചമ്മി!
ഒരു ദിവസം ജാനകി ഓഫീസില്‍ വന്നില്ല. തുടര്‍ന്നുള്ള പല ദിവസങ്ങളിലും.പതിവു പോലെ രവി അസ്വസ്ഥനാകാന്‍ തുടങ്ങി. രവി സരസിജയെ വിളിച്ച് കാര്യം തിരക്കി. മൂപ്പത്തിയാര്‍ക്ക് എന്തോ ഫാമലി പ്രോബ്‌ളമാണെന്നാ തോന്നുന്നത്, അവള്‍ പറഞ്ഞു.
പല ദിവസങ്ങളിലും രവി ജാനകിയെ മൊബൈലില്‍ വിളിച്ചു. റിങ് ചെയ്തതല്ലാതെ ആരും ഫോണെടുത്തില്ല. രവിയുടെ സമാധാനം നഷ്ടപ്പെട്ടു തുടങ്ങി. ആഴ്ച്ചകള്‍ കഴിഞ്ഞപ്പോള്‍ എന്തൊക്കെയോ ബഹളങ്ങള്‍ക്കിടയില്‍ നിന്ന് ഒരു മധ്യവയസ്‌ക ഫോണെടുത്തു. തുടര്‍ന്ന് ജാനകിയുടെ ശബ്ദം: ഞാന്‍ വലിയൊരു ഫാമിലി പ്രോബ്‌ളത്തിലാ സാര്‍, വോയിസിനാണെങ്കില്‍ മറ്റാരെയെങ്കിലും നോക്കിക്കൊള്ളൂ….. പിന്നീടെപ്പോഴോ, അലസമായി വേഷം ധരിച്ച്, വീര്‍ത്തു കെട്ടിയ മുഖവുമായി അവള്‍ ഓഫീസില്‍ വന്നു… രവി, How r u Janaki? എന്നു മൂന്നുവട്ടം ചോദിച്ചിട്ടും അവള്‍ മറുപടി പറഞ്ഞില്ല.
ആരോ പറഞ്ഞു, ജാനകിക്ക് സാമ്പത്തിക പ്രശ്‌നങ്ങളാണെന്ന്. ? How’s ur financial position,? രവി അവള്‍ക്കു മെസേ്‌സജു ചെയ്തു. Pls dnt send any msgs അവള്‍ മറുപടി അയച്ചു.
രവി: ചമത മുറിക്കും കൈവിരലുകളാലേ പ്രണയതമ്പുരു മീട്ടുവതെങ്ങനെ?
(പാര്‍ക്കിലെ ചമതമരത്തെക്കുറിച്ച്!)
ജാനകി: Pls dnt send any msgs
രവി: ' സ്വര്‍ണ്ണഗോപുരനര്‍ത്തകീ ശില്പം
കണ്ണിനുസായൂജ്യം നിന്‍രൂപം!
(ഒരു വിഷുദിനത്തില്‍ വയലാര്‍ പാടിയത്)
ജാനകി: Pls dnt send any msgs
രവി: Friendship without lust and romance is the lifeship!
ജാനകി: Pls dnt send any msgsIf you send my messages I will complaint to the chief!
രവി: അമന്ത്രമക്ഷരം നാസ്തി
അമൂലമനൗഷധം.
അയോഗ്യപുരുഷോനാസ്തി
തത്രകസ്‌തോഭ ദുര്‍ലഭം!
(മന്ത്രമില്ലാത്ത അക്ഷരമില്ല. ഔഷധമല്ലാത്ത മൂലങ്ങളില്ല. യോഗ്യരല്ലാത്ത പുരുഷന്‍മാരില്ല. എന്നാല്‍ ഇതെല്ലാം മനസിലാക്കുന്നവര്‍ എത്രയേു ദുര്‍ലഭം!)
ജാനകി: :If you send my messages I will complaint to the chief!
രവി വിളിച്ചാല്‍ വോയ്‌സെടുക്കാന്‍ ജാനകി വരാതായി. പിറകേ നടന്നു മടുത്ത ഒരു ദിവസം രവി അവള്‍ക്കു മെസേ്‌സജു ചെയ്തു; കണ്ണില്‍ ചോരയില്ലാത്ത ഒരു ബ്രാഹ്മണകന്യക!
Anti Climax-1
പിറ്റേന്നാള്‍ നിറയേ മുല്ലപ്പൂചൂടി ജാനകി ഓഫീസിലെത്തി. ഒരിക്കലുമുണ്ടായിട്ടില്ലാത്തവിധം അവള്‍ രവിയുടെ ക്യാബിനിലെത്തി. താങ്ക്‌സ് പറഞ്ഞ്, രവി ഒരിക്കല്‍ അവള്‍ക്കു വായിക്കാന്‍ നല്‍കിയ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ എന്റെ കാമുകിമാരും മറ്റു കഥകളും തിരികെ നല്‍കി. രവിക്ക് ആകെ പ്രസരിപ്പായി. വാ സാറേ, പെന്റിങായ വോയ്‌സെല്ലാം എടുക്കാം; നിറഞ്ഞ ഉത്സാഹത്തോടെ, അവള്‍ രവിയെ സ്റ്റുഡിയോയിലേക്കു ക്ഷണിച്ചു. സ്റ്റുഡിയോ എഞ്ചിനീയറുടെ അസാന്നിധ്യത്തില്‍ രവി തന്നെ വോയ്‌സെടുത്തു.
ജാനകി വോയ്‌സോവര്‍ വായിച്ചു തുടങ്ങി: പ്രേമം, ആത്മീയമായൊരു തത്വവും അന്വേഷണവുമാണ്. രതി അതിന്റെ ഭൗതികമായ വ്യാഖ്യാനവും. പരസ്പരം പൂരകങ്ങളായ രണ്ടു വികാരങ്ങളത്രേ പ്രേമവും രതിയും. ഒന്ന് അമൂര്‍ത്തവും മറ്റേത് മൂര്‍ത്തവും…..
ഒരു നിമിഷം.. ജാനകി സ്‌ക്രിപ്റ്റ് വലിച്ചെറിഞ്ഞു. അവള്‍ രവിയെ പൂണ്ടടങ്കം കെട്ടിപ്പിടിച്ചു. രവിയുടെ നെഞ്ചിലേക്കു മുലകള്‍ ചേര്‍ത്ത് അയാളുടെ മൂര്‍ദ്ധാവില്‍ ആഞ്ഞ് ആഞ്ഞ് ഉമ്മ വെച്ചു. രവി കുതറി മാറാന്‍ ശ്രമിച്ചു. ജാനകി അയാളെ വീണ്ടും വീണ്ടും ഭിത്തിയോടു ചേര്‍ത്തു ഞെരിച്ചുകൊണ്ടിരുന്നു….രവി നാരായണ ഗുരുവിന്റെ 'ദൈവദശകം' ഉറക്കെ ചൊല്ലി!
അന്നു രാത്രി രവി ബോധം കെടുവോളം കുടിച്ചു.
പിറ്റേന്ന് ഓഫീസിലെത്തിയപ്പോള്‍ ആരും അയാളെ കണ്ടഭാവം പോലും നടിച്ചില്ല.
മേശയോട് കസേര ചേര്‍ത്തിട്ട് അയാള്‍ അതിലിരുന്നു.
മേശമേല്‍ ഒരു കവര്‍ കിടപ്പുണ്ടായിരുന്നു. അയാളെ സര്‍വ്വീസില്‍ നിന്നു പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവായിരുന്നു അത്.
Anti Climax-2
പത്രമാഫീസില്‍ രവിയുടെ ആദ്യകാലങ്ങളെപ്പോലെ, ജാനകിയും ഒരു ദേശാടനപക്ഷിയായി മാറി. മങ്ങിയ ചിരിയും അലസമായ വസ്ത്രങ്ങളുമായി ഇടയ്‌ക്കെപ്പോഴെങ്കിലും അവള്‍ ഓഫീസില്‍ വന്നുപോയി. ഒന്നോ രണ്ടോ മണിവരെ ജാനകിയെയും കാത്തിരുന്നശേഷം അയാളും ഓഫീസില്‍ നിന്നിറങ്ങും. നേരെ പത്മാബാറില്‍ പോയി രണ്ടോ മൂന്നോ ലാര്‍ജ്ജ് കഴിക്കും. കുറെ നേരം പഴയ പാട്ടുകള്‍ കേട്ട് നിന്ന ശേഷം വീട്ടില്‍ പോയി കിടക്കും. വൈകിട്ട് ഭാര്യയും മകളും വരുമ്പോള്‍ സന്തോഷമഭിനയിച്ച് ഐഡിയാ സ്റ്റാര്‍സിംഗറോ മറ്റോ കണ്ട് കിടന്നുറങ്ങും. ഭാര്യ അയാള്‍ക്ക് മാനിസിക രോഗത്തിനുള്ള മരുന്ന് മുടങ്ങാതെ നല്‍കുകയും സ്‌നേഹപൂര്‍വ്വം അയാളെ പരിചരിക്കുകയും ചെയ്തു.
രവിയുടെ താടിയും മുടിയും നീണ്ടു. യൗവനം നിലനിര്‍ത്തുന്നതില്‍ അയാള്‍ തീരെ ശ്രദ്ധിക്കാതായി. ജാനകിയുടെ അസാന്നിദ്ധ്യത്തെക്കുറിച്ച് ഓഫീസില്‍ പലരോടും തിരക്കിയെങ്കിലും ആരും അയാള്‍ക്ക് ഒരുത്തരം നല്‍കിയില്ല. സാറെന്തിനാ കൂടുതല്‍ വറീടാകുന്നത്? ജാനകിച്ചേച്ചിക്ക് എന്തോ ഫാമിലി പ്രോബ്‌ളാന്നാ തോന്നുന്നത്, സരസിജയും അയാളെ കയ്യൊഴിഞ്ഞു. ജാനകി താമസിച്ചേക്കാമായിരുന്ന അഗ്രഹാരങ്ങളില്‍ രവി അവളെക്കുറിച്ച് അന്വേഷിച്ചെങ്കിലും ഒരു തുമ്പും കിട്ടിയില്ല. അങ്ങനെ ഒരാള്‍ അവിടെ ജോലി ചെയ്തിരുന്നതായി ഓഫീസില്‍ ഒരാള്‍ പോലും നടിച്ചില്ല. ജാനകിയോ, അങ്ങിനെ ഒരാള്‍ ഇവിടെ ജോലി ചെയ്തിട്ടേ ഇല്ല. ഇന്റേണ്‍ഷിപ്പിനു വന്ന വല്ല കുട്ടികളുമായിരിക്കും, അഡ്മിനിലെ ബാലചന്ദ്രന്‍ തീര്‍ത്തു പറഞ്ഞു. ജിത്‌പ്രേമിനോട് രവി ജാനകിയെക്കുറിച്ച് ചോദിച്ചെങ്കിലും അങ്ങനെ ഒരാളെക്കുറിച്ച് കേട്ടിട്ടുപോലുമില്ലെന്ന് അയാളും പറഞ്ഞു.
രവിക്ക് ആകെ പരിഭ്രമമായി. എല്ലാം തന്റെ തോന്നലുകള്‍ മാത്രമായിരുന്നോ? അയാള്‍ ഹാലൂസിനേഷനെക്കുറിച്ചുള്ള സൈറ്റുകളെല്ലാം തിരഞ്ഞു. ജാനകി ഇവിടെ ജോലി ചെയ്തിരുന്നില്ലെങ്കില്‍ അവള്‍ ഇരുന്നിരുന്ന സീറ്റ് ഇപ്പോഴും ഒഴിഞ്ഞു കിടക്കാന്‍ കാരണമെന്ത്? അവളുടെ ലാപ്‌ടോപ്പ് അങ്ങനെതന്നെ ഇരിക്കാന്‍ കാരണമെന്ത്? രവിക്ക് ഒരു എത്തുംപിടിയും കിട്ടിയില്ല.
മീനച്ചൂടില്‍ വിയര്‍ത്തു കുളിച്ച ഒരു രാത്രി ടിവി ഓണ്‍ ചെയ്തു. അയാള്‍ ചാനലുകള്‍ മാറിമാറി വച്ചു. സ്‌ക്രീനില്‍ ജാനകിയുടെ രൂപം! അവള്‍ പൂര്‍വ്വാധികം സുന്ദരിയായി ഒരു സ്റ്റേജ്‌ഷോ ആങ്കര്‍ ചെയ്യുകയായിരുന്നു. പുലരുവോളം രവി തിരിഞ്ഞും മറിഞ്ഞും കിടന്നു. രാവിലെ ഉണര്‍ന്ന് രവി ആദ്യം വിളിച്ചത് സ്റ്റേജ്‌ഷോയുടെ ക്രിയേറ്റീവ് കോ–ഓര്‍ഡിനേറ്റര്‍ മൂര്‍ത്തിയെയാണ്. ജാനകിയോ, അങ്ങനെയൊരാള്‍ ഞങ്ങളുടെ ചരിത്രത്തിലേ കടന്നുവരുന്നില്ല. ചാനലുകളായ ചാനലുകളെല്ലാം രവി ജാനകിക്കായി തിരഞ്ഞു. എല്ലാം വൃഥാവിലായി. ഏതെങ്കിലും മാധ്യമസുഹൃത്തുക്കളെ വിളിച്ചാല്‍, ജാനകിയുടെ കാര്യം ചോദിക്കാനല്ലേ എന്നു പറഞ്ഞ് അവര്‍ അയാളെ കളിയാക്കി.
ഒരു ദിവസം രവി തിരക്കിട്ട് ഓഫീസ്‌ലിഫ്റ്റില്‍ കയറുകയായിരുന്നു. പെട്ടെന്ന് കോറിഡോറിലൂടെ ജാനകി നടന്നുപോകുന്നതായി അയാള്‍ക്കു തോന്നി. അയാള്‍ ലിഫ്റ്റില്‍നിന്ന് ചാടിയിറങ്ങാന്‍ ശ്രമിച്ചു. അയാളെയും ഞെരിച്ചമര്‍ത്തിക്കൊണ്ട് ലിഫ്റ്റ് നാലാം നിലയിലേക്ക് കുതിച്ചു.