ആഗസ്റ്റ് 6 : രൂപാന്തരീകരണത്തിന്റെ രഹസ്യം

കര്‍ത്താവിന്റെ രൂപാന്തരീകരണത്തിരുനാളില്‍ ആലപിക്കേണ്ടത്.

സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ

ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം

യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ.

മര്‍ത്ത്യ പ്രകൃതിയണിഞ്ഞ തന്‍ മേനിയെ
ക്രിസ്തുനാഥന്‍ തേജോ പൂര്‍ണ്ണമാക്കി

തന്നെയറിയുവാന്‍ വത്സല ശിഷ്യര്‍ക്കു
തന്റെ മഹത്വം വെളിപ്പെടുത്തി

ക്രൂശിതില്‍ തോന്നുമിടര്‍ച്ചയെ നീക്കുവാന്‍
ശിഷ്യര്‍ തന്‍ മാനസം സജ്ജമാക്കി

മൗതികഗാത്രശിരസ്‌സായ ക്രിസ്തുവില്‍
കൈവരും ദിവ്യ മഹത്വഭാവം

തന്നുടലായ സഭയ്ക്കുമതേവിധം
വന്നുഭവിക്കുമെന്നോതിയല്ലോ.

ആകയാലാമോദവായ്‌പോടെ നിത്യവും
നാകദൂതന്‍മാരാം ഗായകന്‍മാര്‍

ദിവ്യപ്രതാപവാനങ്ങയെ വാഴ്ത്തുന്നും
മംഗളംപാടി വണങ്ങിടുന്നു

ആ ദിവ്യഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)