പ്രത്യക്ഷീകരണം കഴിഞ്ഞുവരുന്ന ഞായറാഴ്ച അഥവാ തിങ്കള്‍ ജനു.8/9
സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ
ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം
യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ.
താവക സൂനുവാമേശു യോര്‍ദ്ദാനിലെ
പാവനതീര്‍ത്ഥത്തില്‍ സ്‌നാനമേല്‌ക്കേ
ശാശ്വത സത്യങ്ങള്‍ ഞങ്ങള്‍ക്കവിടുന്നു
വിസ്മയമായി വെളിപ്പെടുത്തി
മന്നില്‍ മനുജര്‍ തന്‍ മദ്ധ്യത്തില്‍ മര്‍ത്യനായ്
നിന്നേകജാതന്‍ വസിച്ചിടുന്നു.
സ്വര്‍ഗ്ഗത്തില്‍നിന്നു മുഴങ്ങിയ നിന്‍ സ്വരം
വ്യക്തമാക്കീ മന്നിനീ രഹസ്യം
പാവനാത്മാവൊരു പ്രാവിന്റെ രൂപത്തില്‍
പാരിന്നു ക്രിസ്തുവിന്‍ സാക്ഷ്യമേകി.
ആ ദിവ്യപുത്രനെ ആനന്ദമോടങ്ങു
സ്‌നേഹാഭിഷേകവും ചെയ്തുവല്ലോ.
പാരാകെ തന്‍ സുവിശേഷം പ്രഘോഷിക്കാന്‍
മേരികുമാരനെ നീയയച്ചു.
ആകയാലാമോദവായ്‌പോടെ നിത്യവും
നാക ദൂതന്‍മാരാം ഗായകന്‍മാര്‍
ദിവ്യ പ്രതാപവാനങ്ങയെ വാഴ്ത്തുന്നു
മംഗളംപാടി വണങ്ങിടുന്നു.
ആ ദിവ്യഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)