Keralaliterature.com

പരേതര്‍ക്കു വേണ്ടിയുള്ള തിരുക്കര്‍മ്മങ്ങള്‍

പുരോ: നിസ്തുല നിത്യ സ്‌നേഹത്താല്‍ ജഗദീശന്‍
മര്‍ത്യനെ സൃഷ്ടിച്ചരുളിയല്ലോ
തന്നേക പുത്രന്റെ പാവനോത്ഥാനത്താല്‍
തന്നായുയിര്‍പ്പിന്റെ പ്രത്യാശയും
ആശ്വാസദായകമായ തന്നാത്മാവാല്‍
ആശിസ്‌സരുളുമാറായിടട്ടെ

ജനം: ആമ്മേന്‍

പുരോ: മൃത്യുവരിച്ച വിശ്വാസികള്‍ക്കാത്മീയ
ശക്തിയും ശാന്തിയും സൗഭാഗ്യവും
പാരിലീ നമ്മള്‍ക്ക് പാപ വിമുക്തിയും
പാവനന്‍ നല്‍കുമാറായിടട്ടെ

ജനം: ആമ്മേന്‍

പുരോ: മൃത്യു വരിച്ചോരില്‍നിന്നേശുനായകന്‍
ഉത്ഥാനം ചെയ്തവനെന്ന സത്യം
വിശ്വസിച്ചീടുമീ നിങ്ങളവിടുത്തെ
ശാശ്വതോത്ഥാനത്തില്‍ പങ്കുചേര്‍ന്ന്
സ്വര്‍ഗ്ഗത്തില്‍ നിത്യസന്തോഷം വരിക്കുവാന്‍
ഭാഗ്യമുള്ളോരായ് ഭവിച്ചിടട്ടെ

ജനം: ആമ്മേന്‍

പുരോ: താതനും പുത്രനും പാവനാത്മാവുമാം
നിത്യ കാരുണ്യവാന്‍ സര്‍വ്വശക്തന്‍
തന്‍ ദിവ്യാനുഗ്രഹം നിങ്ങളില്‍ വന്നണ-
ഞ്ഞെന്നെന്നും നിലനില്ക്കുമാറാകട്ടെ

ജനം: ആമ്മേന്‍
അനുബന്ധം
(മൂന്നാമത്തെ ഗാനരൂപത്തിലെ ആമുഖഗീതികളില്‍ ഉപയോഗിക്കേണ്ടത്)

Exit mobile version