മറിയത്തിന്റെയും തിരുസ്‌സഭയുടെയും രഹസ്യം
ഡിസംബര്‍ 8- പ. കന്യകാമറിയത്തിന്റെ അമലോദ്ഭവ മഹോത്‌സത്തില്‍ ആലപിക്കേണ്ടത്
സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ
ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം
യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ
ജന്മപാപത്തിന്റെ മാലിന്യമേല്‍ക്കാതെ
കന്യയെ നീ കാത്തുരക്ഷിച്ചല്ലോ
നിന്‍ തിരു സ്‌നേഹത്താല്‍ ദിവ്യപ്രസാദത്തിന്‍
പൂര്‍ണ്ണിമയും അവള്‍ക്കേകിയല്ലോ
നിത്യ വിമല മനോജ്ഞയാം കന്യക
രക്ഷകനേശു തന്നമ്മയായും
സത്യസഭയ്ക്കു പ്രതീകമായും വിഭോ
കല്പിച്ചു നല്‍കാന്‍ തിരുമനസ്‌സായ്
ലോകം പാപം തീര്‍ക്കാന്‍ ദിവ്യകുഞ്ഞാടിന്റെ
സ്‌നേഹജനനിയാം കന്യകയേ
ദൈവ പ്രസാദ മാദ്ധ്യസ്ഥയും പുണ്യത്തിന്‍
മാതൃകയുമാക്കി തീര്‍ത്തുവല്ലോ
ആകയാലാമോദവായ്‌പോടെ നിത്യവും
നാകദൂതന്‍മാരാം ഗായകന്‍മാര്‍
ദിവ്യപ്രതാപവാനങ്ങയെ വാഴ്ത്തുന്നു
മംഗളംപാടി വണങ്ങിടുന്നു
ആ ദിവ്യഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)