പരിശുദ്ധ ത്രിത്വത്തിന്റെ രഹസ്യം
പരിശുദ്ധ ത്രിത്വത്തിന്റെ ദിവ്യപൂജയില്‍ ഉപയോഗിക്കുന്നത്
സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ
ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം
യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ
താതനും പുത്രനും പാവനാത്മാവുമാം
ത്രൈയേക രൂപാ മഹോന്നതനേ
ഏകനാം ദൈവവും നാഥനുമാമങ്ങേ
ത്രിത്വ പ്രകൃതിയവര്‍ണ്ണനീയം
ആളത്തമിങ്ങനെ മൂന്നാകിലും ത്രിത്വം
ഏക പ്രകൃതിയിലദ്ഭുതം താന്‍
വിസ്മനീയമാമങ്ങേ മഹിമയില്‍
വിശ്വസിക്കുന്നിവര്‍ പൂര്‍ണ്ണമായി
അങ്ങേയ്ക്കും പുത്രനും ആത്മാവിനുമുള്ള
തുല്യ പ്രതാപവും വിശ്വസിപ്പു
സത്യ ദൈവത്വവും ഭാവസമത്വവും
ഒത്തേകമായ മൂന്നാളുകളില്‍
ആ നിത്യ സത്യത്തിന്‍ സത്തയിലൈക്യവും
ദിവ്യപ്രഭാവത്തിന്‍ തുല്യതയും
പൂര്‍ണ്ണമായ് വിശ്വസിച്ചങ്ങേ മഹിമയെ
വന്ദിച്ചു ഞങ്ങള്‍ സ്തുതിച്ചിടുന്നു
ആകയാലാമോദവായ്‌പോടെ നിത്യവും
നാകദൂതന്‍മാരാം ഗായകന്‍മാര്‍
ദിവ്യപ്രതാപവാനങ്ങയെ വാഴ്ത്തുന്നു
മംഗളംപാടി വണങ്ങിടുന്നു
ആ ദിവ്യഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)