മനുഷ്യാവതാരത്താല്‍ സംജാതമായ സാര്‍വ്വത്രിക പുനരുദ്ധാരണം
ഈ ആമുഖഗീതി തിരുപ്പിറവിദിനത്തിലും അതിന്റെ അഷ്ടദിനങ്ങളിലും ചൊല്ലേണ്ടതാണ്. അഷ്ടദിനങ്ങളിലെ പൂജകള്‍ക്കും പ്രത്യേക ആമുഖഗീതി ഉണ്ടായിരുന്നാലും ഈ ആമുഖഗീതി ഉപയോഗിക്കണം. എന്നാല്‍, ദൈവികരഹസ്യത്തെക്കുറിച്ചോ ദൈവിക ആളുകളെക്കുറിച്ചോ പ്രത്യേക ആമുഖഗീതി ഉള്ള പക്ഷം അതുപയോഗിക്കുന്നു.
സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ
ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം
യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍ പിതാവേ.
ദൈവഭാവത്തിലദൃശ്യനാണെങ്കിലും
മര്‍ത്ത്യസ്വഭാവത്തില്‍ ദൃശ്യനായി
കാലത്തിന്‍മുന്നമേ ജാതനായുള്ളവന്‍
കാലത്തികവില്‍ ജനിച്ചു പാരില്‍
മന്നില്‍ത്തകര്‍ന്നു കിടന്നവ വീണ്ടെടു-
ത്തൊന്നായിത്തന്നില്‍ നിറുത്തുവാനും
നാശത്തിലാണ്ട മനുജരെ സ്വര്‍ഗ്ഗീയ
ദേശത്തു ചേര്‍ക്കാനും ചിത്തമായി.
ആകയാലാമോദവായ്‌പോടെ നിത്യവും
നാകദൂതന്‍മാരാം ഗായകന്‍മാര്‍
ദിവ്യപ്രതാപവാനങ്ങയെ വാഴ്ത്തുന്നു
മംഗളംപാടി വണങ്ങീടുന്നു.
ആ ദിവ്യഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)