Keralaliterature.com

സമാപന കര്‍മ്മം

പുരോഹിതന്‍ കൈകള്‍ വിരിച്ചുകൊണ്ട് പാടുന്നു.

പുരോ :  കര്‍ത്താവു നിങ്ങളോടുകൂടെ.
ജനം :    അങ്ങയോടും കൂടെ.

അനന്തരം പുരോഹിതന്‍ ജനങ്ങളുടെ നേര്‍ക്ക് കൈ നീട്ടിപിടിച്ചുകൊണ്ട് പാടുന്നു.
(കര്‍ത്താവിന്റെ പിറവിത്തിരുനാള്‍)

പുരോ : ദൈവകുമാരന്റെ മര്‍ത്ത്യാവതാരത്താല്‍
        പാപാന്ധകാരമകറ്റി മാറ്റി
        പുത്രന്റെ ജന്മത്താലിന്നത്തെ നാളിനെ
        ദീപ്തമാക്കിത്തീര്‍ത്ത സര്‍വ്വശക്തന്‍
        പാപങ്ങള്‍ മായിച്ചു നിങ്ങള്‍തന്‍ ചിത്തത്തില്‍
        പാവന ദീപ്തി നിറച്ചിടട്ടെ

ജനം :     ആമ്മേന്‍
പുരോ :   രക്ഷാകരമായ ദൈവപ്പിറവിതന്‍
          അക്ഷയമോദം തരുന്ന വാര്‍ത്ത
          വാനവദൂതനാല്‍ പ്രഖ്യാപനം ചെയ്യാന്‍
          മാനസത്തിങ്കല്‍ കനിഞ്ഞ ദൈവം
          നിങ്ങള്‍ തന്നുള്ളത്തില്‍ തന്റെയാഹ്‌ളാദമാം
          മംഗള ചൈതന്യം പൂരിക്കാനും
          ആ നല്ല വാര്‍ത്ത പ്രഘോഷണം ചെയ്യാനും
          ഏകട്ടെ നിങ്ങള്‍ക്കനുഗ്രഹങ്ങള്‍.

ജനം :     ആമ്മേന്‍.

പുരോ :   മര്‍ത്യാവതാരത്താല്‍ സ്വര്‍ഗ്ഗവും ഭൂമിയും
          കൂട്ടിയിണക്കിയ ദൈവതാതന്‍
          പാവന ശാന്തിയും നിസ്തുല സൗഹൃദ
          ഭാവവും നിങ്ങള്‍ക്കു നല്‍കുവാനും
          സ്വര്‍ഗ്ഗീയ കുട്ടായ്മ തന്നിലെ യംഗങ്ങ-
          ളാകുവാനും കൃപയേകിടട്ടെ.

ജനം : ആമ്മേന്‍.

പുരോ : താതനും പുത്രനും പാവനാത്മാവുമാം
        നിത്യ കാരുണ്യവാന്‍ സര്‍വ്വശക്തന്‍
        തന്‍ ദിവ്യാനുഗ്രഹം നിങ്ങളില്‍ വന്നണ-
        ഞ്ഞെന്നെന്നും നിലനില്ക്കുമാറാകട്ടെ

ജനം : ആമ്മേന്‍.

ഡീക്കന്‍/പുരോ: ദിവ്യപൂജ സമാപിച്ചു

ജനം : ദൈവത്തിനു സ്തുതി.

Exit mobile version