ക്രിസ്തുവിലൂടെ സാര്‍വ്വത്രിക പുനരുദ്ധാരണം
. വിവിധ കാലത്തിന്റെയോ സന്ദര്‍ഭത്തിന്റെയോ പ്രത്യേക ആമുഖഗീതികളില്ലാത്ത ദിവ്യപൂജകളില്‍ ഉപയോഗിക്കുന്നത്.
സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ
ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം
യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ
ദിവ്യരക്ഷാകരനേശുവില്‍ സര്‍വവും
നവ്യമാക്കാനങ്ങു ചിത്തമായി
യേശുവിന്‍ സമ്പൂര്‍ണ്ണ ജീവനില്‍ ഞങ്ങളും
ഓഹരി നേടാന്‍ വിളിച്ചുവല്ലോ.
ദൈവതനയനാം ക്രിസ്തുമഹേശ്വരന്‍
ദൈവമായ് തന്നെയിരുന്നു കൊണ്ട്
പ്രാഭവം വിട്ടു സ്വയം ശൂന്യനായ് വന്നു
വാസവും ചെയ്തു ഞങ്ങള്‍ക്കു മധ്യേ
ചെന്നിണം ക്രൂശിലൊഴുക്കിയവിടുന്നു
ശാന്തി പകര്‍ന്നു ജഗത്തിനേകി
യേശുവിന്‍ പിമ്പേ ഗമിക്കുവോര്‍ക്കൊക്കെയും
ശാശ്വത രക്ഷയും തന്നരുളി
ആകയാലാമോദവായ്‌പോടെ നിത്യവും
നാകദൂതന്‍മാരാം ഗായകന്‍മാര്‍
ദിവ്യ പ്രതാപവാനങ്ങയെ വാഴ്ത്തുന്നു
മംഗളംപാടി വണങ്ങിടുന്നു
ആ ദിവ്യ ഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)